പ്രധാനമന്ത്രിയുടെ ഓഫീസ്‌

ടെലികോം മേഖലയിൽ ഇന്ത്യ കൈവരിച്ച വലിയ പുരോഗതിയെക്കുറിച്ച് 77-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളുടെ പ്രസക്തഭാഗങ്ങൾ

Posted On: 15 AUG 2023 12:09PM by PIB Thiruvananthpuram

77-ാം സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രപരമായ വേളയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു. സാങ്കേതികരംഗത്തു രാജ്യം കൈവരിച്ച ശ്രദ്ധേയ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടിയ അദ്ദേഹം ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട ഇന്ത്യയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകുകയും ചെയ്തു.

1.       ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിലെ ശ്രദ്ധേയ പരിവർത്തനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. രാജ്യത്തിന്റെ വിദൂര കോണുകളിലേക്ക് ഇന്റർനെറ്റ് സൗകര്യം കൊണ്ടുവരുന്നതിൽ കൈവരിച്ച ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഇന്റർനെറ്റ് എല്ലാ ഗ്രാമങ്ങളിലും എത്തുന്നുണ്ട്. അത് ഡിജിറ്റൽ വിപ്ലവത്തിന്റെ നേട്ടങ്ങൾ എല്ലാ പൗരന്മാരിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നു.

2.     2014നു മുമ്പ് ഇന്റർനെറ്റ് ഡാറ്റാ നിരക്കു വളരെ ചെലവേറിയതായിരുന്ന ദിവസങ്ങൾ പ്രധാനമന്ത്രി പരാമർശിച്ചു. ലോകത്തിലെ ഏറ്റവും താങ്ങാനാവുന്ന നിരക്കിലാണ് ഇന്റർനെറ്റ് ഡാറ്റ ഇന്ത്യയിൽ ഇപ്പോൾ ലഭ്യമാകുന്നതെന്ന താരതമ്യവും പ്രധാനമന്ത്രി നടത്തി. ചെലവിലെ ഈ കുറവു രാജ്യത്തുടനീളമുള്ള എല്ലാ കുടുംബങ്ങൾക്കും ഗണ്യമായ ലാഭം സൃഷ്ടിക്കാൻ കാരണമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

3.     5ജി സംവിധാനം കൊണ്ടുവരുന്നതിൽ രാഷ്ട്രത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതിയെക്കുറിച്ചും ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഏറ്റവും വേഗത്തിലാണ് 5ജി സംവിധാനം കൊണ്ടുവന്നതെന്നും 700ലധികം ജില്ലകളെ ഇതിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

4.     കൂടാതെ, 6ജി സാങ്കേതികവിദ്യയിലേക്കു മുന്നേറുക എന്ന വികസനാത്മക ലക്ഷ്യത്തെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഈ സംരംഭം മുന്നോട്ടുകൊണ്ടുപോകുന്നതിനു സമർപ്പിത ദൗത്യസംഘത്തിനു രൂപംനൽകുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

പശ്ചാത്തലം

§  ലോകത്തിലെ ഏറ്റവും വേഗത്തിൽ 5ജി സേവനങ്ങൾ ലഭ്യമാക്കി. 700ലധികം ജില്ലകളിൽ 5ജി സേവനം ലഭ്യമാണ്. 2014 മുതൽ പ്രതിദിനം 500 ബിടിഎസുകളാണ് (3ജി/4ജി) സ്ഥാപിച്ചിരുന്നത്. അതേസമയം 5ജി പ്രദേശങ്ങൾ പ്രതിദിനം 1000 എന്ന നിരക്കിൽ സ്ഥാപിക്കുന്നു.

§  അതിവേഗ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ പ്രാപ്തമാക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യയായ 5ജി ശൃംഖലകൾ അതിവേഗത്തിൽ വികസിപ്പിച്ചെടുത്തു.

§  6ജ‌‌ി സംവിധാനം വികസിപ്പിക്കുന്നതിനു നേതൃത്വം നൽകാൻ മുൻകൈയെടുത്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഭാരത് 6 ജി വീക്ഷണ’ രേഖ പ്രകാശനംചെയ്തു. ടെലികോം വകുപ്പ് (ഡിഒടി) ‘ഭാരത് 6ജി സഖ്യം’ എന്ന പേരിൽ ദൗത്യസംഘത്തിനു രൂപംനൽകി.

§  ഇന്ത്യ 4ജി-യിൽ ലോകത്തെ പിന്തുടർന്നു. 5ജി-യിൽ ലോകത്തോടൊപ്പം മുന്നേറി. ഇപ്പോൾ 6ജി-യിൽ ലോകത്തെ നയിക്കാൻ ലക്ഷ്യമിടുന്നു

§  മൊബൈൽ ഡാറ്റ നിരക്ക് 2014ൽ ഒരു ജിബി-ക്ക് 269 രൂപയായിരുന്നത് 2023ൽ 10.1 രൂപയായി കുറഞ്ഞു. മൊബൈൽ സേവനങ്ങളുടെ നിരക്കും ഗണ്യമായി കുറച്ചു.

§  ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ശരാശരി ഡാറ്റ നിരക്ക് (ഒരു ജിബി-ക്ക്) ഇന്ത്യയിലാണ്.

§  വടക്ക്-കിഴക്കൻ മേഖല, അതിർത്തി പ്രദേശങ്ങൾ, എൽഡബ്ല്യുഇ ബാധിത പ്രദേശങ്ങൾ, വികസനം കാംക്ഷിക്കുന്ന ജില്ലകൾ, മറ്റു വിദൂര മേഖലകൾ എന്നിവയ്ക്കായി ഗുണനിലവാരമുള്ള ടെല‌ികോം സമ്പർക്കസൗകര്യം നൽകുന്നതിനും ദ്വീപുകളിലെ അടിസ്ഥാനസൗകര്യങ്ങൾക്കുമായി പ്രത്യേക ശ്രമങ്ങൾ നടത്തി.

§  1224 കോടി രൂപ ചെലവിൽ നിർമിച്ച കടലിനടിയിലൂടെയുള്ള കേബിൾ അധിഷ്ഠിത ചെന്നൈ-ആൻഡമാൻ നിക്കോബാർ (CANI) പദ്ധതി 2020 ഓഗസ്റ്റ് 10നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കമ്മീഷൻ ചെയ്തു രാഷ്ട്രത്തിനു സമർപ്പിച്ചു.

§  ഉപഗ്രഹ ബാൻഡ്‌വിഡ്ത്ത് വർധന ഉൾപ്പെടെ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ടെലികോം ശൃംഖലയുടെ കൂടുതൽ വിപുലീകരണവും നടത്തി.

§  1,072 കോടി രൂപ ചെലവിൽ കടലിനടിയിലൂടെയുള്ള കൊച്ചി-ലക്ഷദ്വീപ് ഒഎഫ്‌സി ലിങ്കും പൂർത്തിയാക്കി പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. പൂർത്തിയാകുമ്പോൾ, കൊച്ചിക്കും പതിനൊന്ന് ദ്വീപുകൾക്കുമിടയിൽ ഇത് 100 ജിബിപിഎസ് വേഗത നൽകും.

§  രാജ്യത്തുടനീളം ഇതുവരെയും സേവനം ലഭിക്കാത്ത ഗ്രാമങ്ങളിൽ 26,316 കോടി രൂപ ചെലവിൽ 4ജി മൊബൈൽ സേവനങ്ങൾ പൂർണമായും ലഭ്യമാക്കും. 

§  വിദൂരവും എത്തിപ്പെടാൻ ബുദ്ധിമുട്ടേറിയതുമായ പ്രദേശങ്ങളിലെ 24,680 ഗ്രാമങ്ങളിൽ ഈ പദ്ധതി 4ജി മൊബൈൽ സേവനങ്ങൾ ലഭ്യമാക്കും.

 

ND



(Release ID: 1948897) Visitor Counter : 98