പ്രധാനമന്ത്രിയുടെ ഓഫീസ്‌

മദ്ധ്യപ്രദേശിലെ സാഗറില്‍ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു


100 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സന്ത് ശിരോമണി ഗുരുദേവ് ശ്രീ രവിദാസ് ജി സ്മാരകത്തിന് തറക്കല്ലിട്ടു

1580 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന രണ്ട് റോഡ് പദ്ധതികള്‍ക്ക് തറക്കല്ലിട്ടു

2475 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഇരട്ടിപ്പിച്ച കോട്ട-ബിന റെയില്‍ പാത രാജ്യത്തിന് സമര്‍പ്പിച്ചു

''സന്ത് ശിരോമണി ഗുരുദേവ് ശ്രീ രവിദാസ് ജി സ്മാരകത്തിന് ഗാംഭീര്യത്തോടൊപ്പം ദിവ്യത്വവും ഉണ്ടായിരിക്കും''

'' അടിച്ചമര്‍ത്തലിനെതിരെ പോരാടാന്‍ സമൂഹത്തിന് സന്ത് രവിദാസ് ജി കരുത്തു നല്‍കി''

''രാഷ്ട്രം ഇന്ന് അടിമത്തത്തിന്റെ മാനസികാവസ്ഥയെ നിരാകരിച്ച് വിമോചനത്തിന്റെ ചൈതന്യത്തോടെ മുന്നേറുകയാണ്''

''അമൃത് കാലില്‍, രാജ്യത്ത് നിന്ന് ദാരിദ്ര്യവും പട്ടിണിയും തുടച്ചുനീക്കാനാണ് നാം ശ്രമിക്കുന്നത് ''

''പട്ടിണിയുടെ വേദനയും പാവപ്പെട്ടവരുടെ ആത്മാഭിമാനവും എനിക്കറിയാം. ഞാന്‍ നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണ്, അതിനാല്‍ നിങ്ങളുടെ വേദന മനസ്സിലാക്കാന്‍ എനിക്ക് പുസ്തകങ്ങളിലേക്ക് നോക്കേണ്ടതില്ല''

''പാവപ്പെട്ടവരുടെ ക്ഷേമത്തിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ശാക്തീകരണത്തിലുമാണ് ഞങ്ങളുടെ ശ്രദ്ധ''

''ഇന്ന്, ദലിതരോ, ദാരിദ്ര്യരുതിമനുഭവിക്കുന്നവരോ, പിന്നോക്കക്കാരോ അല്ലെങ്കില്‍ ഗോത്രവര്‍ഗ്ഗക്കാരോ ആരോ ആകട്ടെ, ഞങ്ങളുടെ ഗവണ്‍മെന്റ് അവര്‍ക്ക് അര്‍ഹമായ ബഹുമാനവും പുതിയ അവസരങ്ങളും നല്‍കുന്നു''

Posted On: 12 AUG 2023 4:53PM by PIB Thiruvananthpuram

മദ്ധ്യപ്രദേശിലെ സാഗറില്‍ വികസനപദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് നിര്‍വഹിച്ചു. 100 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സന്ത് ശിരോമണി ഗുരുദേവ് ശ്രീ രവിദാസ് ജി സ്മാരകത്തിന്റെയും 1580 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന രണ്ട് റോഡ് പദ്ധതികളുടെയും തറക്കല്ലിടലും, 2475 കോടിയിലധികം രൂപ ചെലവില്‍ ഇരട്ടിപ്പിച്ച കോട്ട-ബിന റെയില്‍ പാതയുടെ രാജ്യത്തിന് സമര്‍പ്പിക്കലും ഇവയില്‍ ഉള്‍പ്പെടുന്നു.
സന്യാസിമാരുടെ സാന്നിദ്ധ്യവും വിശുദ്ധ രവിദാസിന്റെ അനുഗ്രഹവും സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ അടങ്ങുന്ന വന്‍ ജനക്കൂട്ടവും കൊണ്ട് ഐക്യത്തിന്റെ സാഗറിന് (സമുദ്രം) സാഗറിന്റെ ഈ ഭൂമി ഇന്ന് സാക്ഷ്യംവഹിക്കുകയാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് തറക്കല്ലിട്ട സന്ത് ശിരോമണി ഗുരുദേവ് ശ്രീ രവിദാസ് ജി സ്മാരകം രാജ്യത്തിന്റെ പങ്കാളിത്ത അഭിവൃദ്ധി വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. സന്യാസിമാരുടെ അനുഗ്രഹങ്ങളോടെ നേരത്തെ ഈ ദിവ്യസ്മാരകത്തിന്റെ ഭൂമി പൂജയില്‍ പങ്കെടുത്തത് അനുസ്മരിച്ച പ്രധാനമന്ത്രി, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ക്ഷേത്രം പൂര്‍ത്തിയാകുമ്പോള്‍ അത് ഉദ്ഘാടനം ചെയ്യാന്‍ താന്‍ എത്തുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. വരാണസിയില്‍ നിന്നുള്ള ഒരു പാര്‍ലമെന്റംഗം എന്ന നിലയില്‍, വിശുദ്ധ രവിദാസ് ജിയുടെ ജന്മസ്ഥലം പലതവണ സന്ദര്‍ശിച്ചതിനെക്കുറിച്ച് അറിയിച്ച പ്രധാനമന്ത്രി ഇന്ന് മദ്ധ്യപ്രദേശിലെ സാഗറില്‍ നിന്ന് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
സന്ത് ശിരോമണി ഗുരുദേവ് ശ്രീ രവിദാസ് ജി സ്മാരകത്തിന് ഗാംഭീര്യത്തോടൊപ്പം സന്ത് രവിദാസ് ജിയുടെ ഉപദേശങ്ങളില്‍ നിന്ന് ഒഴുകുന്ന ദിവ്യത്വവും ഉണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 20,000-ത്തിലധികം ഗ്രാമങ്ങളുടെയും 300-ലധികം നദികളുടെയും മണ്ണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ സ്മാരകം 'സമ്രസ്തയു'ടെ ചൈതന്യത്തില്‍ മുഴുകിയതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 'സമ്രാസ്ത ഭോജി'ന് മദ്ധ്യപ്രദേശില്‍ നിന്നുള്ള കുടുംബങ്ങള്‍ ധാന്യങ്ങള്‍ അയച്ച അഞ്ച് യാത്രകളും ഇന്ന് സാഗറില്‍ സമാപിച്ചു. ''ഈ യാത്രകള്‍ സാമൂഹിക ഐക്യത്തിന്റെ ഒരു പുതിയ യുഗത്തെ അടയാളപ്പെടുത്തുന്നു'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രചോദനവും പുരോഗതിയും (പ്രേരണ ഔര്‍ പ്രഗതി) ഒരുമിക്കുമ്പോള്‍ ഒരു പുതിയ യുഗത്തിന്റെ വിളംബരമുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ട് റോഡ് പദ്ധതികളും, കോട്ട-ബിന റെയില്‍ പാത ഇരട്ടിപ്പിക്കലുമായ ആ രണ്ടുപദ്ധതികളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുകയും ഈ വികസന പദ്ധതികള്‍ സാഗറിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുമെന്ന് പറയുകയും ചെയ്തു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയും അടുത്ത 25 വര്‍ഷത്തെ അമൃത് കാല്‍ നമ്മുക്ക് മുന്നില്‍ കിടക്കുകയും ചെയ്യുന്ന സമയത്താണ് സന്ത് രവിദാസ് ജി സ്മാരകത്തിന്റെയും മ്യൂസിയത്തിന്റെയും ശിലാസ്ഥാപനം നടക്കുന്നതെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. നമ്മുടെ ഭൂതകാലത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനൊപ്പം നാടിന്റെ പൈതൃകവും മുന്നോട്ട് കൊണ്ടുപോകണമെന്നതിന് അദ്ദേഹം ഊന്നല്‍ നല്‍കി. രാജ്യം ആയിരം വര്‍ഷത്തെ യാത്ര പൂര്‍ത്തിയാക്കിയതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സമൂഹത്തില്‍ തിന്മകള്‍ പ്രത്യക്ഷപ്പെടുന്നത് സ്വാഭാവിക സംഭവമാണെന്നും പറഞ്ഞു. ഇത്തരം തിന്മകളെ തുരത്താന്‍ രവിദാസ് ജിയെപ്പോലുള്ള ഒരു സന്യാസിവര്യനോ മഹാത്മാവോ വീണ്ടും വീണ്ടും ഉയര്‍ന്നുവരുന്നത് ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തിയാണെന്നതിനും അദ്ദേഹം അടിവരയിട്ടു. സമൂഹം അസന്തുലിതാവസ്ഥയിലും അടിച്ചമര്‍ത്തലിലും സ്വേച്ഛാധിപത്യത്തിലും പോരടിച്ചിരുന്ന മുഗളന്മാര്‍ നാട് ഭരിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് വിശുദ്ധ രവിദാസ് ജി ജനിച്ചതെന്ന് അദ്ദേഹം അറിയിച്ചു. അത്തരമൊരു കാലത്ത് സമൂഹത്തിലെ തിന്മകളെ തുരത്താനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ധര്‍മ്മോപദേശം നടത്തുകയും ബോധവല്‍ക്കരിക്കുകയും ചെയ്തത് സന്ത് രവിദാസ് ജിയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഒരു വശത്ത്, ജനങ്ങള്‍ ജാതിയേയും മതത്തേയും കൈകാര്യം ചെയ്യുമ്പോള്‍, മറുവശത്ത്, തിന്മ ക്രമേണ മാനവികതയെ ഇല്ലാതാക്കുന്നുവെന്ന് സന്ത് രവിദാസ് ജിയെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുന്നതോടൊപ്പം സമൂഹത്തില്‍ നിലനിനിന്നിരുന്ന ദുരാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയായിരുന്നു വിശുദ്ധ രവിദാസ് ജിയെന്നും പ്രധാനമന്ത്രി ഉദ്‌ബോധിപ്പിച്ചു. മുഗള്‍ ഭരണകാലത്ത് സന്ത് രവിദാസ് ജി പ്രകടിപ്പിച്ച ധീരതയും ദേശസ്‌നേഹവും ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ആശ്രിതത്വമാണ് ഏറ്റവും വലിയ പാപമെന്നും അത് അംഗീകരിക്കുകയും അതിനെതിരെ നിലപാട് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരെ ആരും സ്‌നേഹിക്കുകയില്ലെന്നും സന്ത് രവിദാസ് ജിയെ ഉദ്ധരിച്ചുകൊണ്ട് പറയുകയും ചെയ്തു. ഒരു തരത്തില്‍ അടിച്ചമര്‍ത്തലിനെതിരെ പോരാടാന്‍ സന്ത് രവിദാസ് ജി സമൂഹത്തിന് ശക്തി നല്‍കുകയും, ഹൈന്ദാവി സ്വരാജ്യത്തിന്റെ അടിത്തറ പാകാന്‍ ഛത്രപതി ശിവജി അത് പ്രചോദനമായി ഉപയോഗിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര കാലത്ത് ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ഹൃദയത്തില്‍ ഈ വികാരമാണ് ഇടംപിടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ''ഇന്നും വിമോചനത്തിന്റെ അതേ മനോഭാവത്തോടെ അടിമത്തത്തിന്റെ മാനസികാവസ്ഥയെ നിരാകരിച്ചുമാണ് രാജ്യം മുന്നോട്ട് നീങ്ങുന്നത്'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് നിന്ന് ദാരിദ്ര്യവും പട്ടിണിയും തുടച്ചുനീക്കാനാണ് അമൃത് കാലത്തു്  ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് സാമൂഹിക സമത്വത്തെക്കുറിച്ചും സൗകര്യങ്ങളുടെ ലഭ്യത എല്ലാവര്‍ക്കും ലഭിക്കുന്നതിനെക്കുറിച്ചുമുള്ള സന്ത് രവിദാസിന്റെ ഉദ്ധരണികള്‍ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവര്‍ക്കും ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്കും ഭക്ഷണം നല്‍കാനുള്ള തന്റെ ദൃഢനിശ്ചയത്തെയും അദ്ദേഹം അനുസ്മരിച്ചു. ''പട്ടിണിയുടെ വേദനയും പാവപ്പെട്ടവരുടെ ആത്മാഭിമാനവും എനിക്കറിയാം. ഞാന്‍ നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്, നിങ്ങളുടെ വേദന മനസ്സിലാക്കാന്‍ എനിക്ക് പുസ്തകങ്ങളിലേക്ക് നോക്കേണ്ടതില്ല'', ശ്രീ മോദി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്ക് കീഴില്‍ 80 കോടിയിലധികം ആളുകള്‍ക്ക് സൗജന്യ റേഷന്‍ ഉറപ്പാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇത് ആഗോളതലത്തില്‍ പ്രശംസിക്കപ്പെട്ടുവെന്നും വ്യക്തമാക്കി.
രാജ്യത്ത് നടപ്പാക്കുന്ന ഗരീബ് കല്യാണ്‍ പദ്ധതികളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ദളിതര്‍, ദരിദ്രര്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവര്‍ക്കൊപ്പം ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും രാജ്യം ഒപ്പം നില്‍ക്കുന്നുവെന്നും പറഞ്ഞു. നവജാത ശിശുക്കളുടെ സമഗ്ര വാക്‌സിന്‍ സുരക്ഷയായ ജനനസമയത്തുള്ള മാതൃ വന്ദന യോജനയിലും മിഷന്‍ ഇന്ദ്രധനുസിലും കൂടി 5.5 കോടിയിലധികം അമ്മമാര്‍ക്കും കുട്ടികള്‍ക്കും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 7 കോടി ഇന്ത്യക്കാരെ അരിവാള്‍ കോശ രോഗത്തില്‍ നിന്ന് രക്ഷിക്കാനുള്ള സംഘടിതപ്രവര്‍ത്തനത്തിനൊപ്പം 2025-ഓടെ ഇന്ത്യയെ ക്ഷയരോഗത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള കൂട്ടായപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കാലാ അസര്‍ (കരിമ്പനി), മസ്തിഷ്‌കജ്വരം (എന്‍സിഫാലിറ്റിസ്) എന്നിവ കുറയുന്നതും ശ്രീ മോദി ചൂണ്ടിക്കാട്ടി. ''തങ്ങള്‍ക്ക് മോദി കാര്‍ഡ് ലഭിച്ചുവെന്നാണ് ജനങ്ങള്‍ പറയുന്നത്. 5 ലക്ഷം വരെയുള്ള ചികിത്സയ്ക്ക് നിങ്ങളുടെ മകന്‍ (പ്രധാനമന്ത്രി) അവിടെയുണ്ട്'' ആയുഷ്മാന്‍ കാര്‍ഡിനെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
ജീവിതത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിന് അടിവരയിടിക്കൊണ്ട്, പുസ്തകങ്ങളും സ്‌കോളര്‍ഷിപ്പുകളും നല്ല പുഷ്ടിയായ ഉച്ചഭക്ഷണ സമ്പ്രദായവുമുള്ള ആദിവാസി മേഖലയിലെ 700 ഏകലവ്യ സ്‌കൂളുകളെകുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി യോജന, പട്ടിക ജാതി(എസ്.സി), പട്ടിക വര്‍ഗ്ഗ (എസ്.ടി), മറ്റ് പിന്നോക്ക വിഭാഗ (ഒ.ബി.സി) വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, മുദ്ര വായ്പയ്ക്ക് കീഴില്‍ ധാരാളം എസ്.സി, എസ്. ടി സമുദായ അംഗങ്ങള്‍ക്കുള്ള വായ്പകള്‍ തുടങ്ങിയ നടപടികളുടെ പട്ടികയും അദ്ദേഹം വിശദീകരിച്ചു. സ്റ്റാന്‍ഡപ്പ് ഇന്ത്യയ്ക്ക് കീഴില്‍ എസ്.സി, എസ്.ടി യുവജനങ്ങള്‍ക്ക് 8,000 കോടിയുടെ സഞ്ചിത ധനസഹായം, വൈദ്യുതി, വെള്ളം, ഗ്യാസ് കണക്ഷനുകള്‍ക്കൊപ്പം പ്രധാനമന്ത്രി ആവാസ്, 90 വന ഉല്‍പ്പന്നങ്ങളെ എം.എസ്.പിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയത് എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ''എസ്.സി-എസ്.ടി സമൂഹത്തിലെ ജനങ്ങള്‍ ഇന്ന് അവരുടെ സ്വന്തം കാലില്‍ നില്‍ക്കുകയാണ്. സമൂഹത്തില്‍ അവര്‍ക്ക് സമത്വത്തോടെ ശരിയായ സ്ഥാനം ലഭിക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''പേരില്‍ സാഗര്‍ ഉണ്ടായിരിക്കുകയും അത്, 400 ഏക്കര്‍ വിസ്തൃതിയുള്ള ലഖ ബഞ്ചാര തടാകമായി തിരിച്ചറിയപ്പെട്ടിരിക്കുകയും ചെയ്യുന്ന ഒരു ജില്ലയാണ് സാഗര്‍'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്ന ലഖ ബഞ്ചാരയെ സ്പര്‍ശിച്ച അദ്ദേഹം, ജലത്തിന്റെ പ്രാധാന്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മനസ്സിലാക്കിയിരുന്നതായും പ്രസ്താവിച്ചു. മുന്‍ ഗവണ്‍മെന്റുകള്‍ പാവപ്പെട്ടവര്‍ക്ക് കുടിവെള്ളം നല്‍കിയിരുന്നെന്ന് പരിദേവനപ്പെട്ട പ്രധാനമന്ത്രി, ഇന്ന് ഈ ദൗത്യം പൂര്‍ത്തിയാക്കുന്ന ജല്‍ ജീവന്‍ മിഷനെ പരാമര്‍ശിച്ചു. ദളിത് ജനവാസ കേന്ദ്രങ്ങളിലും പിന്നോക്ക മേഖലകളിലും ഗോത്രവര്‍ഗ്ഗ മേഖലകളിലും പൈപ്പ് വെള്ളമെത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ലഖ ബഞ്ചാരയുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോയികൊണ്ട് ഓരോ ജില്ലയിലും 75 അമൃത് സരോവറുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ''ഈ തടാകങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ ആത്മാവിന്റെ പ്രതീകവും സാമൂഹിക ഐക്യത്തിന്റെ കേന്ദ്രവുമായും മാറും'', ശ്രീ മോദി പറഞ്ഞു.
രാജ്യത്തെ ദളിതര്‍ക്കും ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്കും പിന്നോക്കക്കാര്‍ക്കും ഗോത്രവര്‍ഗ്ഗക്കാര്‍ക്കും അര്‍ഹമായ ആദരവും പുതിയ അവസരങ്ങളും ഗവണ്‍മെന്റ് നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''ഈ സമൂഹത്തിലെ ജനങ്ങളോ അവരുടെ ചരിത്രമോ ദുര്‍ബലമല്ല'', രാഷ്ട്രനിര്‍മ്മാണത്തില്‍ അസാധാരണമായ പങ്കുവഹിച്ച മഹത്തായ വ്യക്തിത്വങ്ങള്‍ സമൂഹത്തിന്റെ ഈ വിഭാഗങ്ങളില്‍ നിന്ന് ഒന്നിനുപുറകെ ഒന്നായി ഉയര്‍ന്നുവന്നത് ഉയര്‍ത്തിക്കാട്ടികൊണ്ട് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് രാജ്യം അഭിമാനത്തോടെ അവരുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബനാറസിലെ സന്ത് രവിദാസ് ജിയുടെ ജന്മസ്ഥലത്തെ ക്ഷേത്രം മോടിപിടിപ്പിച്ചതിന്റെയും ഭോപ്പാലിലെ ഗോവിന്ദ്പുരയില്‍ വിശുദ്ധ രവിദാസിന്റെ പേരില്‍ നിര്‍മ്മിച്ച ഗ്ലോബല്‍ സ്‌കില്‍ പാര്‍ക്കിന്റെയും ബാബാ സാഹിബിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍ പഞ്ചതീര്‍ത്ഥമായി വികസിപ്പിച്ചതിന്റെയും ഗോത്ര സമൂഹത്തിന്റെ മഹത്തായ ചരിത്രത്തെ അനശ്വരമാക്കാന്‍ പല സംസ്ഥാനങ്ങളിലും മ്യൂസിയങ്ങള്‍ വികസിപ്പിച്ചതിന്റെയും ഉദാഹരണങ്ങളും അദ്ദേഹം നല്‍കി. ബിര്‍സ മുണ്ട ഭഗവാന്റെ ജന്മദിനം ജനജാതീയ ഗൗരവ് ദിവസായി രാജ്യം ആഘോഷിക്കാന്‍ തുടങ്ങിയതായും പ്രധാനമന്ത്രി അറിയിച്ചു. മദ്ധ്യപ്രദേശിലെ ഹബീബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷന് ഗോണ്ട് സമുദായത്തിലെ രാജ്ഞി കമലാപതിയുടെ പേരും പതല്‍പാനി സ്‌റ്റേഷന് താന്ത്യ മാമയുടെ പേരും നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദളിത്, പിന്നോക്ക, ഗോത്ര പാരമ്പര്യങ്ങള്‍ക്ക് രാജ്യത്ത് ആദ്യമായി അര്‍ഹമായ ബഹുമാനം ലഭിക്കുന്നുവെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' (എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികാസം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം) എന്ന ഈ പ്രതിജ്ഞയുമായി മുന്നോട്ട് പോകാന്‍ അദ്ദേഹം രാജ്യത്തോട് അഭ്യര്‍ത്ഥിക്കുകയും സന്ത് രവിദാസ് ജിയുടെ ഉപദേശങ്ങള്‍ അതിന്റെ യാത്രയില്‍ ഇന്ത്യയിലെ പൗരന്മാരെ തുടര്‍ന്നും ഒന്നിപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്ര മന്ത്രിമാരായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, ശ്രീ വീരേന്ദര്‍ കുമാര്‍, കേന്ദ്ര സഹമന്ത്രി ശ്രീ പ്രഹ്ളാദ്  സിംഗ് പട്ടേല്‍, പാര്‍ലമെന്റ് അംഗം ശ്രീ വി.ഡി ശര്‍മ്മ, മധ്യപ്രദേശ് സംസ്ഥാന  മന്ത്രി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
പ്രമുഖരായ സന്യാസിമാരെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും ആദരിക്കുകയെന്നത് പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളിലെ ഒരു പ്രത്യേക മുഖമുദ്രയാണ്. അദ്ദേഹത്തിന്റെ വിക്ഷണത്താല്‍ നയിക്കപ്പെടുന്ന സന്ത് ശിരോമണി ഗുരുദേവ് ശ്രീ രവിദാസ് ജി സ്മാരകം 11.25 ഏക്കറിലധികം വിസ്തൃതിയില്‍ 100 കോടിയിലധികം രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്. 100 കോടി. മഹത്തായ സ്മാരകത്തില്‍ സന്ത് ശിരോമണി ഗുരുദേവ് ശ്രീ രവിദാസ് ജിയുടെ ജീവിതവും തത്ത്വചിന്തയും ഉപദേശങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് ആകര്‍ഷകമായ ആര്‍ട്ട് മ്യൂസിയവും ഗാലറിയും ഉണ്ടായിരിക്കും. സ്മാരകം സന്ദര്‍ശിക്കുന്ന ഭക്തര്‍ക്ക് വേണ്ട ഭക്ത് നിവാസ്, ഭോജനാലയ് തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ടാകും.
പാത ഇരട്ടിപ്പിക്കലിന്റെ പൂര്‍ത്തീകരണം അടയാളപ്പെടുത്തികൊണ്ട് കോട്ട-ബിന റെയില്‍ പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 2475 കോടിയിലധികം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ പദ്ധതി രാജസ്ഥാനിലെ കോട്ട, ബാരന്‍ ജില്ലകളിലൂടെയും മദ്ധ്യപ്രദേശിലെ ഗുണ, അശോക്‌നഗര്‍, സാഗര്‍ ജില്ലകളിലൂടെയും കടന്നുപോകുന്നതാണ്. ഈ അധിക റെയില്‍ ലൈന്‍ ചലനക്ഷമതാ ശേഷി മികച്ചരീതിയില്‍ വര്‍ദ്ധിപ്പിക്കുകയും ഈ പാതയിലെ ട്രെയിന്‍ വേഗത മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.
1580 കോടിയിലധികം രൂപ ചെലവ് വരുന്ന രണ്ട് റോഡ് പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. മോറികോരി - വിദിഷ - ഹിനോതിയ എന്നിവയെ ബന്ധിപ്പിക്കുന്ന നാലുവരി റോഡ് പദ്ധതിയും ഹിനോതിയയെ മെഹ്‌ലുവയുമായി ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു.

ND

(Release ID: 1948182) Visitor Counter : 99