ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023ന് മുന്നോടിയായുള്ള 'കർട്ടൻ റൈസർ' ശ്രീ സർബാനന്ദ സോനോവാൾ ഉദ്ഘാടനം ചെയ്തു

Posted On: 18 JUL 2023 3:33PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂലൈ 18, 2023

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ഇന്ന് മുംബൈയിൽ ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ (GIMS) കർട്ടൻ റൈസർ ഉദ്ഘാടനം ചെയ്തു. വ്യാപാരത്തിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ലളിതമായ ബിസിനസ്സ് നടപടിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി അറിവിന്റെയും സാങ്കേതികവിദ്യയുടെയും സഹകരണo, പുതിയ നിക്ഷേപ അവസരങ്ങൾക്കുള്ള സാധ്യതകൾ തുറക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത സഹമന്ത്രി ശ്രീ ശ്രീപദ് നായിക് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.



ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയിൽ സമുദ്രമേഖലയുടെ സുപ്രധാന പങ്കിനെയും ഏഷ്യ-പസഫിക് മേഖലയിൽ അതിനുള്ള സാധ്യതകളെയും കുറിച്ച് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ സോനോവാൾ സംസാരിച്ചു. തുറമുഖങ്ങൾ, കപ്പൽ ഗതാഗതം, ഉൾനാടൻ ജലപാതകൾ എന്നിവയുമായി ബന്ധപ്പെട്ട ഗവൺമെന്റ് നയങ്ങളിലൂടെ ഇന്ത്യയുടെ സമുദ്രമേഖല വേഗത്തിലുള്ള വളർച്ചയ്ക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



സമുദ്രമേഖലയിൽ 10 ലക്ഷം കോടി രൂപയിലധികം നിക്ഷേപ സാധ്യതകൾ കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി 15 ലക്ഷത്തിലധികം യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു വലിയ സാമ്പത്തിക മുന്നേറ്റത്തിന്റെ പാതയിലാണ് രാജ്യം സ്ഥിതി ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.



മേഖലയിലുടനീളമുള്ള വ്യാപാരവും ഗതാഗതവും ഫലപ്രദമായി സുഗമമാക്കുന്ന സുപ്രധാന സംരംഭമായ 5,000 കിലോമീറ്റർ ബഹുരാജ്യ ജലപാതകൾ സ്ഥാപിക്കുന്നതിന് ഇന്ത്യ സജീവമായി നേതൃത്വം നൽകുകയാണെന്നും ശ്രീ സോനോവാൾ കൂട്ടിച്ചേർത്തു.

ഇന്ത്യയെ ഒരു ആഗോള സമുദ്ര കേന്ദ്രമായി സ്ഥാപിക്കാനുള്ള ഗവൺമെന്റ് ശ്രമങ്ങളിലെ നിർണായക നാഴികക്കല്ലാണ് ഉച്ചകോടിയെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ശ്രീപദ് നായിക് പറഞ്ഞു. സഹകരണപരമായ ചർച്ചകളിലൂടെയും തന്ത്രപരമായ പങ്കാളിത്തത്തിലൂടെയും, നൂതനാശയങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് സുസ്ഥിരമായ വളർച്ചയിലേക്ക് നമ്മുടെ സമുദ്രമേഖലയെ മുന്നോട്ട് നയിക്കാൻ ഗവൺമെന്റ് ലക്ഷ്യമിടുന്നു.

ഉച്ചകോടിയുടെ അജണ്ടയുടെയും ചർച്ചാ സെഷനുകളുടെയും സമഗ്രമായ വിവരങ്ങൾ നൽകുന്ന ജിഎംഐഎസ് ഉച്ചകോടിയുടെ ഔദ്യോഗിക ബ്രോഷറിന്റെ അനാച്ഛാദനവും വെബ്‌സൈറ്റിന്റെയും മൊബൈൽ ആപ്പിന്റെയും ഉദ്ഘാടനവും കർട്ടൻ റൈസർ പരിപാടിയുടെ ഭാഗമായി നടന്നു.

2023 ഒക്‌ടോബർ 17 മുതൽ 19 വരെ ന്യൂ ഡൽഹിയിലെ പ്രഗതി മൈതാനത്താണ് ഉച്ചകോടി നടക്കുന്നത്. ഫിക്കി (FICCI) യുടെ വ്യവസായ പങ്കാളിത്തത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: http://www.maritimeindiasummit.com
***



(Release ID: 1940506) Visitor Counter : 175