മന്ത്രിസഭ
azadi ka amrit mahotsav g20-india-2023

നവീകരണത്തിനും സമന്വയിപ്പിക്കലിനും സുസ്ഥിരമാക്കലിനുമുള്ള നഗരനിക്ഷേപങ്ങൾ 2.0ന് (സിഐടിഐഐഎസ് 2.0) കേന്ദ്ര മന്ത്രിസഭാംഗീകാരം; അംഗീകാരം 2023 മുതൽ 2027 വരെ

Posted On: 31 MAY 2023 3:32PM by PIB Thiruvananthpuram

നവീകരണത്തിനും സമന്വയിപ്പിക്കലിനും സുസ്ഥിരമാക്കലിനുമുള്ള നഗര നിക്ഷേപങ്ങൾ 2.0ന് (സിറ്റി ഇൻവെസ്റ്റ്മെന്റ്സ് ടു ഇന്നൊവേറ്റ്, ഇന്റഗ്രേറ്റ് ആൻഡ് സസ്റ്റൈൻ 2.0 - സിഐടിഐഐഎസ് 2.0) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഇതിന് അംഗീകാരം നൽകിയത്. ഫ്രഞ്ച് വികസന ഏജൻസി (എഎഫ്‌ഡി), ക്രെഡിറ്റൻസ്റ്റാൾട്ട് ഫർ വീഡെറൗഫ്ബൗ (കെഎഫ്‌ഡബ്ല്യു), യൂറോപ്യൻ യൂണിയൻ (ഇയു), നഗരകാര്യ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് (എൻഐയുഎ) എന്നിവയുമായി സഹകരിച്ചു ഭവന - നഗരകാര്യ മന്ത്രാലയം (എംഒഎച്ച്‌യുഎ) വിഭാവനംചെയ്ത പദ്ധതിയാണു സിഐടിഐഐഎസ് 2.0. പദ്ധതി നടപ്പാക്കുന്നത് 2023 മുതൽ 2027 വരെ നാലുവർഷത്തേയ്ക്കാണ്.

നഗരതലത്തിൽ സംയോജിത മാലിന്യസംസ്കരണം, സംസ്ഥാന തലത്തിൽ കാലാവസ്ഥാധിഷ്ഠിത പരിഷ്കരണ നടപടികൾ, ദേശീയതലത്തിൽ സ്ഥാപനപരമായ ശക്തിപ്പെടുത്തൽ, വിജ്ഞാനവ്യാപനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വർത്തുള സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന, മത്സരാധിഷ്ഠിതമായി തിരഞ്ഞെടുത്ത പ്രോജക്ടുകളെ പിന്തുണയ്ക്കുന്നതിനാണു പരിപാടി വിഭാവനം ചെയ്യുന്നത്.

എഎഫ്‌ഡി, കെഎഫ്‌ഡബ്ല്യു (100 ദശലക്ഷം യൂറോ വീതം) എന്നിവയിൽനിന്ന് 1760 കോടി രൂപ (200 ദശലക്ഷം യൂറോ) വായ്പയും യൂറോപ്യൻ യൂണിയനിൽനിന്ന് 106 കോടി രൂപ (12 ദശലക്ഷം യൂറോ) സാങ്കേതിക സഹായധനവും സിഐടിഐഐഎസ് 2.0നു നൽകും.

സിഐടിഐഐഎസ് 1.0ന്റെ പഠനങ്ങളും വിജയങ്ങളും പ്രയോജനപ്പെടുത്താനും വർധിപ്പിക്കാനും സിഐടിഐഐഎസ് 2.0 ലക്ഷ്യമിടുന്നു. 933 കോടി രൂപ (106 ദശലക്ഷം യൂറോ) മുതൽമുടക്കിൽ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം, എഎഫ്‌ഡി, യൂറോപ്യൻ യൂണിയൻ, എൻഐയുഎ എന്നിവ സംയുക്തമായാണ് 2018ൽ സിഐടിഐഐഎസ് 1.0 സമാരംഭിച്ചത്. സിഐടിഐഐഎസ് 1.0 ഉൾക്കൊള്ളുന്ന മൂന്നു ഘടകങ്ങൾ ഇനിപറയുന്നു:

·      ഘടകം 1: മത്സരപ്രക്രിയയിലൂടെ തിരഞ്ഞെടുത്ത 12 നഗര-തല പ്രോജക്റ്റുകൾ.

·      ഘടകം 2: ഒഡിഷ സംസ്ഥാനത്തെ ശേഷി-വികസന പ്രവർത്തനങ്ങൾ.

·   ഘടകം 3: സിഐടിഐഐഎസ് 1.0-നുള്ള പദ്ധതിനിർവഹണ യൂണിറ്റ് (പിഎംയു) ആയിരുന്ന എൻഐയുഎ ഏറ്റെടുത്ത പ്രവർത്തനങ്ങളിലൂടെ ദേശീയതലത്തിൽ സംയോജിത നഗര പരിപാലനം പ്രോത്സാഹിപ്പിക്കൽ

ആഭ്യന്തര വിദഗ്ധർ, അന്താരാഷ്ട്ര വിദഗ്ധർ ട്രാൻസ്‌വേഴ്സൽ വിദഗ്ധർ എന്നിവരിലൂടെ മൂന്നു തലങ്ങളിലും പരിപാടിക്കു കീഴിൽ സാങ്കേതിക സഹായം ലഭ്യമാക്കി. മത്സരാധിഷ്ഠിതവും സഹകരണപരവുമായ ഫെഡറലിസത്തിന്റെ തത്വങ്ങളുടെ അടിസ്ഥാനത്തിൽ വെല്ലുവിളികളുമായി ബന്ധപ്പെടുത്തിയുള്ള  സവിശേഷമായ ധനസഹായ മാതൃകയിലൂടെ നൂതനവും സംയോജിതവും സുസ്ഥിരവുമായ നഗരവികസന സമ്പ്രദായങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ ഇതു കാരണമായി.

സിഐടിഐഐഎസ് 1.0 മാതൃക പോലെ സിഐടിഐഐഎസ് 2.0നും മൂന്നു ഘടകങ്ങളുണ്ട്:

·      ഘടകം 1: സംയോജിത മാലിന്യ സംസ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വർത്തുള സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന, മത്സരാധിഷ്ഠിതമായി തിരഞ്ഞെടുത്ത പ്രോജക്ടുകളിലൂടെ 18 സ്മാർട്ട് സിറ്റികളിൽ കാലാവസ്ഥാ പ്രതിരോധം, പൊരുത്തപ്പെടുത്തൽ, ലഘൂകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ.

·      ഘടകം 2: എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ആവശ്യകതയുടെ അടിസ്ഥാനത്തിൽ പിന്തുണയ്ക്ക് അർഹതയുണ്ട്. ഇനി പറയുന്നവയ്ക്ക് സംസ്ഥാനങ്ങൾക്കു പിന്തുണ നൽകും. (എ) നിലവിലുള്ള സംസ്ഥാന കാലാവസ്ഥാ കേന്ദ്രങ്ങൾ/കാലാവസ്ഥാ സെല്ലുകൾ/തത്തുല്യമായവ സ്ഥാപിക്കൽ/ശക്തിപ്പെടുത്തൽ (ബി) സംസ്ഥാനതലത്തിലും നഗരതലത്തിലും കാലാവസ്ഥാ വിവര നിരീക്ഷണാലയങ്ങൾ സജ്ജമാക്കൽ (സി) കാലാവസ്ഥാ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ആസൂത്രണം സുഗമമാക്കൽ, കാലാവസ്ഥാ പ്രവർത്തന പദ്ധതികൾ വികസിപ്പിക്കൽ (ഡി) മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ ശേഷി വർധിപ്പിക്കൽ. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, സംസ്ഥാന ഗവണ്മെന്റുകൾക്ക് സാങ്കേതിക സഹായവും തന്ത്രപരമായ പിന്തുണയും നൽകാൻ എൻഐയുഎ-യിലെ പിഎംയു ഏകോപിപ്പിക്കും.

·     ഘടകം 3: എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും പിന്തുണ വർധിപ്പിക്കുന്നതിന് സ്ഥാപനപരമായ ശക്തിപ്പെടുത്തൽ, വിജ്ഞാനവ്യാപനം, പങ്കാളിത്തം, ശേഷി വർധിപ്പിക്കൽ, ഗവേഷണം, വികസനം എന്നിവയിലൂടെ ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ കാലാവസ്ഥ പരിപാലനം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രം, സംസ്ഥാനം, നഗരം എന്നിങ്ങനെ മൂന്നു തലങ്ങളിലും ഇടപെടലുകൾ.

നിലവിലുള്ള ദേശീയ പരിപാടികളിലൂടെയുള്ള (സുസ്ഥിര ആവാസ വ്യവസ്ഥയെക്കുറിച്ചുള്ള ദേശീയ ദൗത്യം, അമൃത് 2.0, ശുചിത്വ ഭാരത യജ്ഞം 2.0, സ്മാർട്ട് സിറ്റി ദൗത്യം) ഇന്ത്യാഗവണ്മെന്റിന്റെ കാലാവസ്ഥാ പ്രവർത്തനങ്ങൾക്ക് സിഐടിഐഐഎസ് 2.0 അനുബന്ധമാകും. ഇന്ത്യയുടെ ദേശീയമായി ആസൂത്രണംചെയ്തു നിർണയിക്കപ്പെട്ട പ്രതിബദ്ധതകൾ (ഐഎൻഡിസി), കക്ഷികളുടെ സമ്മേളന (സ‌ിഒപി 26) പ്രതിബദ്ധതകൾ എന്നിവയ്ക്കു ക്രിയാത്മകമായി സംഭാവനയേകും.

--ND--(Release ID: 1928672) Visitor Counter : 102