പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അസം തൊഴില്‍മേളയില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

प्रविष्टि तिथि: 25 MAY 2023 5:28PM by PIB Thiruvananthpuram

നമസ്‌കാരം!

അസം ഗവണ്‍മെന്റില്‍ ജോലി ലഭിച്ച എല്ലാ യുവാക്കളെയും അവരുടെ കുടുംബങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. കഴിഞ്ഞ മാസം ബിഹു ദിനത്തില്‍ ഞാന്‍ അസമില്‍ വന്നിരുന്നു. ആ ഉജ്ജ്വല സന്ദര്‍ഭത്തിന്റെ ഓര്‍മ്മ ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു. അസമീസ് സംസ്‌കാരത്തിന്റെ മഹത്വവല്‍ക്കരണത്തിന്റെ പ്രതീകമായിരുന്നു അന്നത്തെ ആ വേള. ഇന്നത്തെ 'റോസ്ഗര്‍ മേള' (തൊഴില്‍ മേള) അസമിലെ ബി.ജെ.പി ഗവണ്‍മെന്റ് യുവാക്കളുടെ ഭാവിയെക്കുറിച്ചു വളരെ ഗൗരവത്തോടെയാണ് കാണുന്നത് എന്നതിന്റെ പ്രതീകമാണ്. അസമിലെ തൊഴില്‍ മേളയിലൂടെ 40,000 യുവാക്കള്‍ക്ക് ഇതിനകം ഗവണ്‍മെന്റ് ജോലി ലഭിച്ചു. ഇന്ന് ഏകദേശം 45,000 യുവാക്കള്‍ക്ക് നിയമന കത്തുകള്‍ കൈമാറി. എല്ലാ യുവജനങ്ങള്‍ക്കും ശോഭനമായ ഭാവി ആശംസിക്കുന്നു.

സുഹൃത്തുക്കളേ,


ബിജെപി ഗവണ്‍മെന്റിനു കീഴില്‍ സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ യുഗത്തിനാണ് അസം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. വികസനത്തിന്റെ ഈ വേഗത അസമില്‍ പ്രസാദാത്മകതയും പ്രചോദനവും പടര്‍ത്തി. ഗവണ്‍മെന്റ് റിക്രൂട്ട്മെന്റ് കൂടുതല്‍ സുതാര്യമാക്കാന്‍ അസം ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എനിക്കു മനസ്സിലാക്കാന്‍ സാധിച്ചു. വിവിധ വകുപ്പുകളിലെ റിക്രൂട്ട്മെന്റ് നടപടികള്‍ക്കായി 'അസം ഡയറക്ട് റിക്രൂട്ട്മെന്റ് കമ്മീഷന്‍' രൂപീകരിച്ചു. മുമ്പത്തെ പ്രക്രിയയില്‍, ഓരോ വകുപ്പിനും വ്യത്യസ്ത നിയമങ്ങള്‍ ഉണ്ടായിരുന്നു. ഇതുമൂലം പലതവണ റിക്രൂട്ട്മെന്റുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായില്ല. വിവിധ വകുപ്പുകളിലെ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത പരീക്ഷകളും എഴുതേണ്ടി വന്നു. ഇപ്പോള്‍ ഈ പ്രക്രിയകളെല്ലാം ലളിതമാക്കിയിരിക്കുന്നു. അസം ഗവണ്‍മെന്റ് ശരിക്കും വളരെയധികം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യത്തിന്റെ 'അമൃതകാലത്ത്'  നമ്മുടെ രാജ്യത്തെ വികസിത രാഷ്ട്രമാക്കാന്‍ നാമെല്ലാവരും പ്രതിജ്ഞയെടുത്തു. 'അമൃതകാലത്തിന്റെ' അടുത്ത 25 വര്‍ഷവും നിങ്ങളുടെ സേവന കാലാവധി പോലെ പ്രധാനമാണ്. നിങ്ങള്‍ ഇപ്പോള്‍ ഓരോ സാധാരണ പൗരന്റെയും മുന്നില്‍ അസം ഗവണ്‍മെന്റിന്റെ മുഖമായിരിക്കും. ഇപ്പോള്‍ നിങ്ങളുടെ പെരുമാറ്റം, ചിന്ത, ജോലിയോടുള്ള സമീപനം, പൊതുജനങ്ങളോടുള്ള നിങ്ങളുടെ സേവനബോധം എന്നിവയുടെ സ്വാധീനം വളരെ വലുതായിരിക്കും. അതിനാല്‍, നിങ്ങള്‍ ചില പ്രശ്‌നങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് നമ്മുടെ സമൂഹം അതിവേഗം പുരോഗതി ആഗ്രഹിക്കുന്നവരായി മാറുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്കുപോലും പതിറ്റാണ്ടുകളോളം കാത്തുനിന്നിരുന്ന കാലം കഴിഞ്ഞു. ഇക്കാലത്ത്, ഒരു പൗരനും വികസനത്തിനായി ഇത്രയധികം കാത്തിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ട്വന്റി 20 ക്രിക്കറ്റിന്റെ ഈ കാലഘട്ടത്തില്‍, രാജ്യത്തെ ജനങ്ങള്‍ ഉടന്‍ ഫലം ആഗ്രഹിക്കുന്നു. അതിനാല്‍, ഗവണ്‍മെന്റ് സംവിധാനങ്ങളും അതിനനുസരിച്ച് മാറേണ്ടിവരും. രാജ്യത്തെ പൗരന്മാരുടെ അഭിലാഷങ്ങള്‍ നിറവേറ്റാനുള്ള വലിയ ഉത്തരവാദിത്തം ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും ഉണ്ട്. നിങ്ങളെ ഈ നിലയിലേക്ക് എത്തിച്ച അതേ കഠിനാധ്വാനവും അര്‍പ്പണബോധവും പിന്തുടര്‍ന്ന് നിങ്ങള്‍ മുന്നോട്ട് പോകേണ്ടതുണ്ട്. നിങ്ങള്‍ എപ്പോഴും പഠിച്ചുകൊണ്ടിരിക്കണം. എങ്കില്‍ മാത്രമേ സമൂഹത്തെയും വ്യവസ്ഥിതിയെയും ഒരുപോലെ മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ കഴിയൂ.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യ അതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം നവീകരിക്കുകയാണ്. പുതിയ ഹൈവേകളും എക്സ്പ്രസ് വേകളും പുതിയ റെയില്‍വേ ലൈനുകളും പുതിയ തുറമുഖങ്ങളും വിമാനത്താവളങ്ങളും ജലപാതകളും നിര്‍മിക്കുന്ന പദ്ധതികള്‍ക്കായി ലക്ഷക്കണക്കിന് കോടി രൂപയാണ് ചെലവഴിക്കുന്നത്. ഓരോ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കും ഗവണ്‍മെന്റ് ചെലവഴിക്കുന്ന തുക തൊഴിലും സ്വയം തൊഴിലും വര്‍ധിപ്പിക്കുകയാണ്. ഉദാഹരണത്തിന്, ഒരു വിമാനത്താവളം നിര്‍മ്മിക്കണമെങ്കില്‍ എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, അക്കൗണ്ടന്റുമാര്‍, തൊഴിലാളികള്‍, വിവിധ തരം ഉപകരണങ്ങള്‍, സ്റ്റീല്‍, സിമന്റ് എന്നിവ ആവശ്യമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു പദ്ധതികൊണ്ട് പല മേഖലകളിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. റെയില്‍പ്പാതകളുടെ വിപുലീകരണത്തിലൂടെയും അവയുടെ വൈദ്യുതീകരണത്തിലൂടെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.

അടിസ്ഥാന സൗകര്യങ്ങളിലും ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഇന്ത്യ ഊന്നല്‍ നല്‍കുന്നതും രാജ്യത്തിന്റെ മുക്കിലും മൂലയിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 2014 മുതല്‍ നമ്മുടെ ഗവണ്‍മെന്റ്‌രാജ്യത്തെ പാവപ്പെട്ടവര്‍ക്കായി നാല് കോടിയോളം അടച്ചുറപ്പുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഈ വീടുകള്‍ക്ക് കക്കൂസ്, ഗ്യാസ് കണക്ഷന്‍, പൈപ്പ് വെള്ളം, വൈദ്യുതി എന്നിവ നല്‍കിയിട്ടുണ്ട്. ഈ വീടുകള്‍ നിര്‍മ്മിക്കുന്നതിലും ഈ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിലും നിര്‍മ്മാണ മേഖല, ചരക്കുഗതാഗത മേഖല, വിദഗ്ധ ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതായത്, വിവിധ ഘട്ടങ്ങളില്‍ വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ആയുഷ്മാന്‍ ഭാരത് യോജന വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് യോജനയ്ക്ക് കീഴില്‍ രാജ്യത്ത് നിരവധി പുതിയ ആശുപത്രികളും ക്ലിനിക്കുകളും നിര്‍മ്മിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, എയിംസ് ഗുവാഹത്തിയും മറ്റ് മൂന്ന് മെഡിക്കല്‍ കോളേജുകളും സമര്‍പ്പിക്കാനുള്ള പദവി എനിക്ക് ലഭിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആസാമിലും ഡെന്റല്‍ കോളേജുകള്‍ വികസിച്ചു. തല്‍ഫലമായി, മെഡിക്കല്‍ പ്രൊഫഷനുമായി ബന്ധപ്പെട്ട യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

സുഹൃത്തുക്കളേ,

10 വര്‍ഷം മുമ്പ് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഇത്തരം നിരവധി മേഖലകളില്‍ ഇന്ന് യുവാക്കള്‍ മുന്നേറുകയാണ്. സ്റ്റാര്‍ട്ടപ്പ് അനുകൂല അന്തരീക്ഷം രാജ്യത്ത് പ്രത്യക്ഷമായും പരോക്ഷമായും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. കൃഷി, സാമൂഹിക പരിപാടികള്‍, സര്‍വേകള്‍, പ്രതിരോധ മേഖലകള്‍ എന്നിവയില്‍ ഡ്രോണുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് കാമ്പയിന്‍ നിരവധി പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇന്ന് ഇന്ത്യയില്‍ കോടിക്കണക്കിന് മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കപ്പെടുകയും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി എല്ലാ ഗ്രാമങ്ങളിലും എത്തുകയും ചെയ്യുന്നു. ഇത് വലിയ തോതിലുള്ള തൊഴിലും സ്വയം തൊഴിലും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഗവണ്‍മെന്ററിലായിരിക്കുമ്പോള്‍, ഒരു പദ്ധതിയുടെ അല്ലെങ്കില്‍ ഒരു തീരുമാനത്തിന്റെ ഫലപ്രാപ്തി ആളുകളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് നിങ്ങള്‍ എപ്പോഴും ഓര്‍ക്കണം.

സുഹൃത്തുക്കളേ,

ബി.ജെ.പി ഗവണ്‍മെന്റിന്റെ നയങ്ങള്‍ കാരണം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയൊരു വിഭാഗം യുവാക്കള്‍ ഇന്ന് വികസനത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നു. യുവാക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ബിജെപി ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. തൊഴിലിനും സ്വയം തൊഴിലിനും പുതിയ അവസരങ്ങള്‍ നല്‍കിക്കൊണ്ട് പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള ചുവടുവെപ്പുകളും ഞങ്ങള്‍ നടത്തുകയാണ്. ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും വളരെയധികം അഭിനന്ദനങ്ങള്‍.

നന്ദി!

-ND-


(रिलीज़ आईडी: 1927615) आगंतुक पटल : 142
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , हिन्दी , Marathi , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada