രാസവസ്തു, രാസവളം മന്ത്രാലയം
azadi ka amrit mahotsav g20-india-2023

മെഡിക്കല്‍ ഉപകരണ മേഖലാ നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ഈ മേഖലയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആറ് തന്ത്രങ്ങളും ഒപ്പം കര്‍മ്മപദ്ധതി നടപ്പാക്കലും ആസൂത്രണം ചെയ്തു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലവിലെ 11 ബില്യണ്‍ ഡോളറില്‍ നിന്ന് 50 ബില്യണ്‍ ഡോളറായി വളരാന്‍ ഈ നയം മെഡിക്കല്‍ ഉപകരണ മേഖലയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Posted On: 26 APR 2023 7:35PM by PIB Thiruvananthpuram

ദേശീയ മെഡിക്കല്‍ ഉപകരണ നയം 2023 ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കി.


ഇന്ത്യന്‍ ആരോഗ്യമേഖലയുടെ അനിവാര്യവും അവിഭാജ്യവുമായ ഘടകമാണ് ഇന്ത്യയിലെ മെഡിക്കല്‍ ഉപകരണ മേഖല. വെന്റിലേറ്ററുകള്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍, റിയല്‍-റൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍.ടി-പി.സി.ആര്‍) കിറ്റുകള്‍, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകള്‍, വ്യക്തിഗത സുരക്ഷാ ഉപകരണ (പി.പി.ഇ) കിറ്റുകള്‍, എന്‍-95 മാസ്‌കുക്കള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളുടെയും രോഗനിര്‍ണ്ണയ കിറ്റുകളുടെയും വലിയ തോതിലുള്ള ഉല്‍പ്പാദനത്തിലൂടെ കോവിഡ്-19 മഹാമാരിക്കെതിരായ ആഭ്യന്തര, ആഗോള പോരാട്ടത്തെ ഇന്ത്യ പിന്തുണച്ചതോടെ ഇന്ത്യന്‍ മെഡിക്കല്‍ ഉപകരണ മേഖലയുടെ സംഭാവന കൂടുതല്‍ ശ്രദ്ധേയമായി.


അതിവേഗം വളരുന്ന ഒരു സൂര്യോദയ മേഖലയാണ് ഇന്ത്യയിലെ മെഡിക്കല്‍ ഉപകരണ മേഖല. 2020-ല്‍ ഇന്ത്യയിലെ മെഡിക്കല്‍ ഉപകരണ മേഖലയുടെ വിപണി വലുപ്പം 11 ബില്യണ്‍ ഡോളറും (ഏകദേശം 90,000 കോടി) ആഗോള മെഡിക്കല്‍ ഉപകരണ വിപണിയിലെ അതിന്റെ വിഹിതം 1.5% ആയിരിക്കുമെന്നുമാണ് കണക്കാക്കയിരുന്നത്. വളര്‍ച്ചയുടെ പാതയിലുള്ള ഇന്ത്യന്‍ മെഡിക്കല്‍ ഉപകരണ മേഖലയ്ക്ക്, സ്വാശ്രയത്വം കൈവരിക്കാനും സാര്‍വത്രിക ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തിലേക്ക് സംഭാവന നല്‍കാനുമുള്ള അതിബൃഹത്തായ ശേഷിയുമുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഉല്‍പ്പാദ ബന്ധിത ആനുകൂല്യ (പി.എല്‍.ഐ) പദ്ധതി ഇതിനകം തന്നെ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്, കൂടാതെ ഹിമാചല്‍ പ്രദേശ്, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 4 മെഡിക്കല്‍ ഉപകരണ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പിന്തുണയും നല്‍കുന്നുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായുള്ള പി.എല്‍.ഐ പദ്ധതിക്ക് കീഴില്‍, ഇതുവരെ, 1206 കോടി രൂപയുടെ നിക്ഷേപ പ്രതിബദ്ധതയുള്ള, മൊത്തം 26 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയും ഇതില്‍ ഇതുവരെ 714 കോടി രൂപയുടെ നിക്ഷേപം നേടുകയും ചെയ്തിട്ടുണ്ട്. പി.എല്‍.ഐ പദ്ധതിക്ക് കീഴില്‍, 37 ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മൊത്തം 14 പദ്ധതികള്‍ കമ്മീഷന്‍ ചെയ്തു കഴിഞ്ഞു. ലീനിയര്‍ ആക്‌സിലറേറ്റര്‍, എം.ആര്‍.ഐ സ്‌കാന്‍, സി.ടി-സ്‌കാന്‍, മാമോഗ്രാം, സി-ആം (സി-എആര്‍എം), എം.ആര്‍.ഐ കോയിലുകള്‍, ഹൈ എന്‍ഡ് എക്‌സ് റേ ട്യൂബുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഉയര്‍ന്ന നിലവാരമുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ ആഭ്യന്തര നിര്‍മ്മാണം ആരംഭിച്ചിട്ടുമുണ്ട്. അവശേഷിക്കുന്ന 12 പദ്ധതികള്‍ സമീപഭാവിയില്‍ തന്നെ കമ്മീഷന്‍ ചെയ്യും. മൊത്തം 26 പദ്ധതികളില്‍ അഞ്ച് പദ്ധതികള്‍ക്ക്, കാറ്റഗറി ബി പ്രകാരം, 87 ഉല്‍പ്പന്നങ്ങള്‍/ഉല്‍പ്പന്ന ഘടകങ്ങള്‍ ആഭ്യന്തരമായി നിര്‍മ്മിക്കുന്നതിനായി അടുത്തിടെ അംഗീകാരം നല്‍കിയിട്ടുമുണ്ട്.


ഇത്തരം നടപടികളെ അടിസ്ഥാനമാക്കി, ഈ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും ഈ മേഖലയുടെ സാദ്ധ്യതകള്‍ സാക്ഷാത്കരിക്കുന്നതിനുമായി ഒരു സമഗ്ര നയ ചട്ടക്കൂട് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകള്‍ ഈ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിപാടികളുടെ അടിസ്ഥാനത്തിലുള്ള ഇടപെടലുകള്‍ ഏറ്റെടുക്കുന്നുണ്ടെങ്കിലും, ഈ മേഖലയുടെ വളര്‍ച്ചയ്ക്കായി കേന്ദ്രീകൃതമായ മേഖലകളെ ഏകോപിപ്പിച്ച് സമഗ്രമായി നടപ്പിലാക്കുകയാണ് നിലവിലെ നയം ലക്ഷ്യമിടുന്നത്. രണ്ടാമതായി, ഈ മേഖലയുടെ വൈവിദ്ധ്യവും ബഹുവിഷയ സ്വഭാവവും കണക്കിലെടുമ്പോള്‍, മെഡിക്കല്‍ ഉപകരണ വ്യവസായത്തിന്റെ നിയന്ത്രണങ്ങളും നൈപുണ്യ, വ്യാപാര പ്രോത്സാഹനവും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് തലങ്ങളിലെ നിരവധി വകുപ്പുകളില്‍ വ്യാപിച്ചിരിക്കുകയുമാണ്. ഇടപെടലിന്റെ ശ്രേണിയെ അനുരൂപമായ രീതിയില്‍ ഒന്നിച്ചുകൊണ്ടുവരുന്നത് ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്ന് മേഖലയ്ക്കുള്ള കേന്ദ്രീകൃതവും കാര്യക്ഷമായ പിന്തുണയും സുലഭവും സുഗമവുമാക്കുന്നതിന് ആവശ്യമാണ്.
ദേശീയ മെഡിക്കല്‍ ഉപകരണ നയം, 2023, പൊതുജനാരോഗ്യ ലക്ഷ്യങ്ങളായ പ്രാപ്ത്യത, താങ്ങാനാവുന്ന വില, ഗുണനിലവാരം, നൂതനാശയത്വം എന്നിവ നിറവേറ്റുന്നതിന് മെഡിക്കല്‍ ഉപകരണ മേഖലയുടെ ക്രമാനുഗതമായ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. നൂതനാശയം, കരുത്തുറ്റതും കാര്യക്ഷമവുമായ ഒരു നിയന്ത്രണ ചട്ടക്കൂട് സൃഷ്ടിക്കുക, പരിശീലനത്തിനും കാര്യശേഷി നിര്‍മ്മാണ പരിപാടികള്‍ക്കും പിന്തുണ നല്‍കുക, വ്യവസായ ആവശ്യകതകള്‍ക്ക് അനുസൃതമായി കഴിവുകളും നൈപുണ്യമുള്ള വിഭവങ്ങളും
വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നതിനോടൊപ്പം ഉല്‍പ്പാദനത്തിന് സഹായകരമാകുന്ന ഒരു പരിസ്ഥിതി ഉണ്ടാക്കുന്നതിലൂടെ മേഖലയ്ക്ക് അതിന്റെ പൂര്‍ണ്ണ ശേഷി പ്രയോജനപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര നിക്ഷേപങ്ങളും മെഡിക്കല്‍ ഉപകരണങ്ങളുടെ ഉല്‍പ്പാദനവും പ്രോത്സാഹിപ്പിക്കുന്നത് ഗവണ്‍മെന്റിന്റെ 'ആത്മനിര്‍ഭര്‍ ഭാരത്', 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതികള്‍ക്ക് പരസ്പര പൂരകമാകും.

ദേശീയ മെഡിക്കല്‍ ഉപകരണ നയത്തിന്റെ പ്രധാന സവിശേഷതകള്‍, 2023:

കാഴ്ചപ്പാട്: രോഗി കേന്ദ്രീകൃത സമീപനത്തോടെ ത്വരിതഗതിയിലുള്ള വളര്‍ച്ചാ പാതയും, അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസിക്കുന്ന ആഗോള വിപണിയില്‍ 10-12% വിഹിതം കൈവരിച്ച് മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും നൂതനാശയത്തിലും ആഗോള നേതാവായി ഉയര്‍ന്നുവരുക. 2030-ഓടെ മെഡിക്കല്‍ ഉപകരണ മേഖല നിലവിലെ 11 ബില്യണ്‍ ഡോളറില്‍ നിന്ന് 50 ബില്യണ്‍ ഡോളറായി വളരാന്‍ നയം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ദൗത്യം: മെഡിക്കല്‍ ഉപകരണ മേഖലയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് താഴെപ്പറയുന്ന ദൗത്യങ്ങള്‍ കൈവരിക്കുന്നതിന് നയം ഒരുരേൂപരേഖ നല്‍കുന്നു. അതായത് പ്രാപ്ത്യതയും സാര്‍വത്രികതയും, താങ്ങാനാവുന്നത്, ഗുണനിലവാരം, രോഗി കേന്ദ്രീകൃതവും ഗുണനിലവാര പരിരക്ഷയും, പ്രതിരോധവും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതും, സുരക്ഷിതത്വം, ഗവേഷണവും നൂതനാശയവും, നൈപുണ്യമുള്ള മനുഷ്യശക്തി എന്നിവ.

മെഡിക്കല്‍ ഉപകരണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍:
നയപരമായ ഇടപെടലുകളുടെ ആറ് വിശാലമായ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കൂട്ടം തന്ത്രങ്ങളിലൂടെ മെഡിക്കല്‍ ഉപകരണ മേഖലയെ നയിക്കുകയും വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്യും

കാര്യനിര്‍വഹണം സുസംഘടിതമാക്കും: ഗവേഷണവും വ്യാപാരവും സുഗമമാക്കുന്നതിനും രോഗികളുടെ സുരക്ഷ സന്തുലിതമാക്കുന്നതിനും ഏകജാലക ക്ലിയറന്‍സ് സംവിധാനം സൃഷ്ടിക്കുന്നത് പോലെയുള്ള ഉല്‍പ്പന്ന നൂതനാശയ നടപടികളിലൂടെയും ബി.ഐ.എസ് പോലുള്ള ഇന്ത്യന്‍ മാനദണ്ഡങ്ങളുടെ പങ്ക് വര്‍ധിപ്പിക്കുന്നതിനും യോജിച്ച വിലനിയന്ത്രണം രൂപപ്പെടുത്തുന്നതിനും മെഡിക്കല്‍ ഉപകരണങ്ങളുടെ ലൈസന്‍സിംഗിനായി എ.ഇ.ആര്‍.ബി,മെയ്റ്റി, ദാഹദ് തുടങ്ങിയ എല്ലാ ഓഹരി ഉടമകളെയും / സ്ഥാപനങ്ങളെയും സഹകരിപ്പിക്കും.

അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കല്‍: മെഡിക്കല്‍ ഉപകരണ വ്യവസായത്തിന്റെ പിന്നോക്ക സംയോജനത്തിനും ഒത്തുചേരലിനുമായി ദേശീയ വ്യാവസായിക ഇടനാഴി പരിപാടിക്കും പി.എം. ഗതിശക്തിക്ക് പരിധിയിലെ നിര്‍ദിഷ്ട ദേശീയ ലോജിസ്റ്റിക്‌സ് നയം 2021 ന് കീഴില്‍ വിഭാവനം ചെയ്തിട്ടുള്ള, സാമ്പത്തിക മേഖലകള്‍ക്ക് സമീപം സംസ്ഥാന ഗവണ്‍മെന്റുകളും വ്യവസായവും ആഗ്രഹിക്കുന്നിടത്ത് ലോകോത്തര പൊതു അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ വലിയ മെഡിക്കല്‍ ഉപകരണ പാര്‍ക്കുകള്‍, ക്ലസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.
ഗവേഷണ-വികസന നൂതനാശയ സൗകര്യമൊരുക്കല്‍: ഇന്ത്യയില്‍ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിലെ ഫാര്‍മ-മെഡ്‌ടെക് മേഖലയിലെ ഗവേഷണ-വികസനത്തിനും നൂതനാശയത്തിനുമുള്ള വകുപ്പിന്റെ നിര്‍ദ്ദിഷ്ട ദേശീയ നയത്തിന് പരസ്പരപൂരകമാക്കുന്നതിനും നയം വിഭാവനം ചെയ്യുന്നു. അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളില്‍ മികവിന്റെ കേന്ദ്രങ്ങള്‍, നൂതനാശയ ഹബ്ബുകള്‍, പ്ലഗ് ആന്‍ഡ് പ്ലേ അടിസ്ഥാന സൗകര്യങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ എന്നിവയും ഇത് ലക്ഷ്യമിടുന്നു.

മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കല്‍: മെയ്ക്ക് ഇന്‍ ഇന്ത്യ, ആയുഷ്മാന്‍ ഭാരത് പ്രോഗ്രാം, ഹീല്‍-ഇന്‍-ഇന്ത്യ, സ്റ്റാര്‍ട്ട്-അപ്പ് മിഷന്‍ തുടങ്ങിയ സമീപകാല പദ്ധതികള്‍ക്കും ഇടപെടലുകള്‍ക്കുമൊപ്പം, സ്വകാര്യ നിക്ഷേപങ്ങളും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളില്‍ നിന്നുള്ള ധനസഹായത്തിന്റെ ശൃംഖലയും പൊതു- പൊതു- സ്വകാര്യ പങ്കാളിത്തവും (പിപിപി).
മാനവ വിഭവശേഷി വികസനം: ശാസ്ത്രജ്ഞര്‍, നിയന്ത്രിതാക്കള്‍, ആരോഗ്യ വിദഗ്ധര്‍, മാനേജര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങി മൂല്യ ശൃംഖലയില്‍ ഉടനീളം വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ സ്ഥിരമായ വിതരണത്തിനായി, നയം വിഭാവനം ചെയ്യുന്നത്:
-മെഡിക്കല്‍ ഉപകരണ മേഖലയിലെ പ്രൊഫഷണലുകളുടെ നൈപുണ്യത്തിനും പുനര്‍ നൈപുണ്യത്തിനും നൈപുണ്യമുയര്‍ത്തുന്നതിനും വേണ്ടി , നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തില്‍ ലഭ്യമായ വിഭവങ്ങള്‍ പ്രയോജനപ്പെടുത്താം.


-ഭാവിയിലെ മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ക്കും, ഉയര്‍ന്ന നിലവാരത്തിലുള്ള ഉല്‍പ്പാദനം, ഗവേഷണം, ഭാവിയില്‍ തയ്യാറെടുക്കുന്ന മെഡ്‌ടെക് മാനവ വിഭവശേഷി ഉല്‍പ്പാദനം, നിലവില്‍ മേഖലയില്‍ ഉരുത്തിരിഞ്ഞുവരുന്ന ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നതിനായി നിലവിലുള്ള സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായുള്ള സമര്‍പ്പിത ബഹുവിഷയ കോഴ്‌സുകളെ ഈ നയം പിന്തുണയ്ക്കും.
ലോകവിപണിക്ക് തുല്യമായ വേഗതയില്‍ മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് വിദേശ അക്കാദമിക്/വ്യവസായ സംഘടനകളുമായി പങ്കാളിത്തം വികസിപ്പിക്കുക.


ബ്രാന്‍ഡ് സ്ഥാപിക്കലും അവബോധ സൃഷ്ടിയും: വകുപ്പിന് കീഴില്‍ മേഖലയ്ക്കായി ഒരു സമര്‍പ്പിത എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ സൃഷ്ടിക്കുന്നത് നയം വിഭാവനം ചെയ്യുന്നു, ഇത് വിവിധ വിപണി പ്രവേശന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കും:
ഇന്ത്യയില്‍ അത്തരം വിജയകരമായ മാതൃകകള്‍ സ്വീകരിക്കുന്നതിനുള്ള സാദ്ധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി ഉല്‍പ്പാദനത്തിന്റെയും നൈപുണ്യ സംവിധാനത്തിന്റെയും മികച്ച ആഗോള സമ്പ്രദായങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ക്കും പദ്ധതികള്‍ക്കും തുടക്കം കുറിയ്ക്കുക.
അറിവ് പങ്കിടുന്നതിനും മേഖലയിലുടനീളം ശക്തമായ ശൃംഖലകള്‍ കെട്ടിപ്പടുക്കുന്നതിനും വിവിധ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്നതിന് കൂടുതല്‍ വേദികള്‍ പ്രോത്സാഹിപ്പിക്കുക.


ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുന്ന, മത്സരാധിഷ്ഠിതവും, സ്വാശ്രയപരവും, പ്രതിരോധശേഷിയുള്ളതും, നൂതനാശയപരവുമായ ഒരു വ്യവസായമായി മെഡിക്കല്‍ ഉപകരണ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ പിന്തുണയും നിര്‍ദ്ദേശങ്ങളും നയം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. രോഗികളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള രോഗി കേന്ദ്രീകൃത സമീപനത്തിലൂടെ മെഡിക്കല്‍ ഉപകരണ മേഖലയെ വളര്‍ച്ചയുടെ ത്വരിതഗതിയിലുള്ള പാതയില്‍ എത്തിക്കാന്‍ ദേശീയ മെഡിക്കല്‍ ഉപകരണ നയം, 2023, ലക്ഷ്യമിടുന്നു.

-ND-(Release ID: 1920058) Visitor Counter : 87