വാണിജ്യ വ്യവസായ മന്ത്രാലയം
പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ സംബന്ധിച്ച ദ്വിദിന ദക്ഷിണ മേഖലാ ശിൽപശാലയ്ക്ക് കൊച്ചിയിൽ സമാപനം
Posted On:
11 MAR 2023 4:05PM by PIB Thiruvananthpuram
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ശിൽപശാലയിൽ പങ്കെടുത്തു
കൊച്ചി : മാർച്ച് 11, 2023
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (Department for Promotion of Industry and Internal Trade -DPIIT) പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് (NMP) ദക്ഷിണ മേഖലയ്ക്കായി കൊച്ചിയിലെ മെറിഡിയനിൽ സംഘടിപ്പിച്ച ദ്വിദിന പ്രാദേശിക ശില്പശാല സമാപിച്ചു . കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്ര, നഗർ ഹവേലി, ദാമൻ ദിയു എന്നിവയുൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികളും വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ശില്പശാലയിൽ പങ്കെടുത്തു.
പിഎം ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാൻ (എൻഎംപി) പ്ലാറ്റ്‌ഫോം സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാന ഉദ്യോഗസ്ഥരെ ബോധവത്കരിക്കുന്നതിനാണ് വിപുലമായ രീതിയിൽ പ്രാദേശിക ശിൽപശാലകളുടെ ഒരു പരമ്പര സംഘടിപ്പിച്ചു വരുന്നത് .രാജ്യത്തുടനീളം ആസൂത്രണം ചെയ്യുന്ന അഞ്ച് മേഖലാ ശില്പശാലകളിൽ രണ്ടാമത്തേതാണ് കൊച്ചിയിലെ ശില്പശാല.2023 ഫെബ്രുവരി 20 ന് ഗോവയിലാണ് ആദ്യത്തെ പ്രാദേശിക ശിൽപശാല നടന്നത്.
ശിൽപശാലയുടെ രണ്ടാം ദിവസം ദേശീയ ചരക്ക് നീക്ക നയം, സംസ്ഥാന ചരക്ക് നീക്ക നയങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ ചരക്ക് നീക്കം (ലീഡ്‌സ്), നഗരത്തിലെ ചരക്ക് നീക്ക പദ്ധതി എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ അവതരിപ്പിച്ചു.
PMGS വഴി തുറമുഖ കണക്റ്റിവിറ്റിയും ബഹു മാതൃക കണക്ടിവിറ്റിയും വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച്, കൊച്ചിൻ പോർട്ട് അതോറിറ്റി ഒരു അവതരണം നടത്തി. തുടർന്ന്,കൊച്ചി, കാമരാജർ വിശാഖപട്ടണം, ന്യൂ മംഗളൂരു തുറമുഖം എന്നിവയുമായി പാനൽ ചർച്ച നടത്തി. തുറമുഖ കണക്റ്റിവിറ്റിയും തീരദേശ പദ്ധതികളും പഠിക്കുന്നതിനായി കൊച്ചി തുറമുഖം സന്ദർശിക്കുന്നതും ഈ ദിവസത്തെ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു .
ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതും കാര്യക്ഷമത കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിയുന്നതിന് ബിസിനസ്സ് അസോസിയേഷനുകളുമായും ഓഹരി ഉടമകളുമായും പതിവായി ഇടപഴകണമെന്ന് കേന്ദ്ര ഗവൺമെന്റ് വകുപ്പായ ഡിപിഐഐടിയിലെ ലോജിസ്റ്റിക്‌സ് സ്‌പെഷ്യൽ സെക്രട്ടറി ശ്രീമതി സുമിത ദവ്‌റ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സമാപന ചടങ്ങിൽ അഭ്യർത്ഥിച്ചു. ചരക്ക് നീക്കവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് വകുപ്പുകൾക്കിടയിൽ ഒരു സേവന മെച്ചപ്പെടുത്തൽ ഗ്രൂപ്പ് രൂപീകരിക്കാമെന്നും ബഹു മാതൃക കണക്ടിവിറ്റിയ്ക്കുള്ള അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട മുൻഗണനാ മേഖലകൾ കൃത്യമായി തിരിച്ചറിഞ്ഞ്, ഇടപെടലുകൾ നടത്തി, ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനുള്ള കർമപദ്ധതികൾ രൂപപ്പെടുത്തണമെന്നും അവർ ശുപാർശ ചെയ്തു .
അടുത്ത 5-10 വർഷത്തേക്ക് ആവശ്യകത അടിസ്ഥാനമാക്കിയുള്ള ലോജിസ്റ്റിക്‌സ് കാര്യക്ഷമത സംബന്ധിച്ച സമീപനം ലഭിക്കുന്നതിന്, ചരക്ക് വരവിന്റെ മാപ്പിംഗ് തയ്യാറാക്കുക, ലോജിസ്റ്റിക്‌സുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുക , ലോജിസ്റ്റിക് കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പുകളെ ഉൾപ്പെടുത്തൽ എന്നിവയെക്കുറിച്ചും അവർ പരാമർശിച്ചു.
ചരക്ക് നീക്ക ആവാസ വ്യവസ്ഥ ആസൂത്രണം ചെയ്യുമ്പോൾ സാങ്കേതികവിദ്യയുടെയും ഹരിത സംരംഭങ്ങളുടെയും ഉപയോഗത്തെകുറിച്ചും അവർ ഊന്നിപ്പറഞ്ഞു .അതിൽ (i) നവ ഇന്ത്യയ്‌ക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ആസൂത്രണവും (ii) കാര്യക്ഷമമായ ലോജിസ്റ്റിക്‌സ് ഇക്കോസിസ്റ്റം വികസിപ്പിക്കലും ഉൾപ്പെടുന്നു.
അടിസ്ഥാന സൗകര്യ വികസനവും സാമൂഹിക മേഖലാ ആസൂത്രണവും സംബന്ധിച്ച ചർച്ചകൾ, പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയുടെ സമഗ്ര സമീപനത്തോടെയുള്ള സ്വീകരണം സംബന്ധിച്ച പ്രദർശനം, സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളുടെ മികച്ച പ്രവർത്തനങ്ങളുടെ പ്രദർശനം, സേവനങ്ങളുടെയും ഉപകരണങ്ങളുടെയും വിന്യാസവുമായി ബന്ധപെട്ട വിവിധ ലോജിസ്റ്റിക്സ് ഘടകങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഏകീകൃത ലോജിസ്റ്റിക് ഇന്റർഫേസ് പ്ലാറ്റ്‌ഫോമിന്റെ (ULIP) അവതരണം എന്നിവ ശിൽപശാലയുടെ ഒന്നാം ദിനം സംഘടിപ്പിച്ചു .
സംസ്ഥാനങ്ങളുടെ അവതരണം എന്ന വിഭാഗത്തിൽ KSIDC, ADM, ശ്രീ രതീഷ് എസ്, KIIFB, കേരള പ്രോജക്ട് കൺസൾട്ടന്റ് ഡോ. ടോണി രാജൻ മാത്യു എന്നിവർ കേരളത്തിന്റെ മികച്ച സമ്പ്രദായങ്ങൾ പങ്കുവെച്ചു. ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് പദ്ധതി ദേശീയ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവർ വിശദമാക്കി.
സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളുമായി സഹകരിച്ചാണ് വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ശില്പശാലകൾ സംഘടിപ്പിക്കുന്നത്. പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ (NMP) പങ്കാളികളിൽ ഊർജസ്വലത നിറയ്ക്കാനും സമന്വയം സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നു. സമഗ്ര ആസൂത്രണത്തിനായി സ്റ്റേറ്റ് ടെക്നിക്കൽ സപ്പോർട്ട് യൂണിറ്റുകളുടെ (TSU) സ്ഥാപന സംവിധാനം ശക്തിപ്പെടുത്തുന്നതിലും പ്രാദേശിക ശിൽപശാലകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ സ്വീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള പൊതുവായ വെല്ലുവിളികളും പ്രശ്നങ്ങളും തിരിച്ചറിയുക, പ്രധാനമന്ത്രി ഗതിശക്തി സ്വീകരിക്കുന്നതിനുള്ള ജില്ലാതല ആസൂത്രണ രൂപരേഖ സംബന്ധിച്ച ചർച്ചകൾ എന്നിവയും ശ്രദ്ധാകേന്ദ്രങ്ങൾ ആണ്
പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ സമഗ്ര ആസൂത്രണത്തിനും പദ്ധതി നടത്തിപ്പിനുമായി 36 സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങളും എംപവേർഡ് ഗ്രൂപ്പ് ഓഫ് സെക്രട്ടറിമാർ (EGoS), നെറ്റ്‌വർക്ക് പ്ലാനിംഗ് ഗ്രൂപ്പ് (NPG), ടെക്‌നിക്കൽ സപ്പോർട്ട് യൂണിറ്റ് (TSU) എന്നിവ രൂപീകരിച്ചിട്ടുണ്ട്.
RRTN/SKY
****
(Release ID: 1905905)
Visitor Counter : 161