ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ (ജിഎംസി) സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ വിർച്യുലായി  പങ്കെടുത്തു

Posted On: 04 MAR 2023 7:48PM by PIB Thiruvananthpuram



190 ഐസിയു കിടക്കകൾ ഉൾപ്പെടെ 500 കിടക്കകളുള്ള ഏഴു നിലകളുള്ള  സംവിധാനം  കോഴിക്കോട് മാത്രമല്ല സമീപ ജില്ലകളിലും തൃതീയ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റും- കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി

"കേന്ദ്ര ഗവൺമെന്റ് നിരവധി സംരംഭങ്ങളിലൂടെ കേരള ഗവൺമെൻറുമായി ചേർന്ന് പ്രവർത്തിക്കുന്നു"-ഡോ. മൻസുഖ് മാണ്ഡവ്യ

ഇപ്പോൾ പുരോഗമിക്കുന്ന  ജൻ ഔഷധി ദിവസിൽ കേരളത്തിന്റെ വ്യാപകമായ പങ്കാളിത്തത്തെ അഭിനന്ദിക്കുന്നു; ഇത് പാവപ്പെട്ടവർക്ക് മാത്രമല്ല, ഇടത്തരക്കാർക്കും പ്രയോജനപ്പെടും: ഡോ. മൻസുഖ് മാണ്ഡവ്യ


ന്യൂഡൽഹി :  മാർച്ച് 04, 2023

 


“ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, എല്ലാവർക്കുമൊപ്പം,എല്ലാവരുടെയും വികസനം ,എല്ലാവരുടെയും വിശ്വാസം,എല്ലാവരുടെയും പരിശ്രമം എന്നീ മന്ത്രങ്ങളെ അടിസ്ഥാനമാക്കി കേരളത്തിന്റെ സമഗ്ര വികസനത്തിന് കേന്ദ്ര  ഗവൺമെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നു . കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ (PMSSY) മൂന്നാം ഘട്ടത്തിന്  കീഴിൽ സ്ഥാപിച്ച  സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പൂർത്തീകരണം കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഇടയിലുള്ള  ഊർജ്ജസ്വലമായ സഹകരണ ഫെഡറലിസത്തിന്റെ മികച്ച ഉദാഹരണമാണ്. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പുതിയ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ സാന്നിധ്യത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതിയുടെ പൂർത്തീകരണത്തിൽ എല്ലാവരെയും ഡോ. മാണ്ഡവ്യ അഭിനന്ദിച്ചു. “രാജ്യത്തുടനീളമുള്ള മെഡിക്കൽ അടിസ്ഥാന സൗകര്യം  ശക്തിപ്പെടുത്തുന്നതിന് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ചലനാത്മക സഹകരണം നിർണായകമാണ്. ഇവ  ആരോഗ്യ സുരക്ഷയുടെ നിർണായക സ്തംഭങ്ങളാണ്. രാജ്യത്ത് സാർവത്രിക ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള അടിത്തറയാണ് ഇത്," മന്ത്രി പറഞ്ഞു .

Image

Image

പുതിയ സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിനെക്കുറിച്ച് സംസാരിക്കവേ  ഡോ. മാണ്ഡവ്യ പറഞ്ഞു, "കോഴിക്കോടിന്റെ മാത്രമല്ല, സമീപ ജില്ലകളുടേയും തൃതീയ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്ക് ഈ ബ്ലോക്ക് സൗകര്യം നൽകും." 2.57 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം കോളേജ് കാമ്പസിന്റെ 273 ഏക്കറിനുള്ളിൽ 195.93,കോടി രൂപ ചെലവിൽ ആണ് സ്ഥാപിച്ചത് .  ഇതിൽ  കേന്ദ്ര വിഹിതം  120 കോടിയും സംസ്ഥാന വിഹിതം  75.93 കോടിയുമാണ്  .ഏഴ് നിലകളുള്ള ആശുപത്രിയിൽ 500 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത് . അതിൽ 190 ഐസിയു കിടക്കകളും പത്തൊൻപത് മോഡുലാർ ഓപ്പറേഷൻ  തിയേറ്ററുകളും  C-Arm, MRI, CT സ്കാൻ, CSSD, മൾട്ടി ഓർഗൻ ട്രാൻസ്പ്ലാൻറ് സൗകര്യങ്ങൾ തുടങ്ങിയ ഉപകരണങ്ങളും ഉൾപ്പെടുന്നു.ഇവ അഞ്ച് സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, എമർജൻസി മെഡിസിൻ, അനസ്തേഷ്യോളജി എന്നിവയ്ക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) രാജ്യത്തെ പിന്നാക്ക  പ്രദേശങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, ക്ലിനിക്കൽ പരിചരണം എന്നിവയിൽ തൃതീയ ആരോഗ്യ സംരക്ഷണ സംവിധാനം സൃഷ്ടിക്കാൻ വിഭാവനം ചെയ്യുന്നു. താങ്ങാനാവുന്ന/വിശ്വസനീയമായ തൃതീയ ആരോഗ്യ പരിരക്ഷാ സേവനങ്ങളുടെ ലഭ്യതയിലെ പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാനും  രാജ്യത്ത് ഗുണനിലവാരമുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കൽ,
നിലവിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളുടെ/സ്ഥാപനങ്ങളുടെ (ജിഎംസിഐ) അപ്-ഗ്രേഡേഷൻ എന്നിങ്ങനെ പദ്ധതിയ്ക്ക്  രണ്ട് വിശാലമായ ഘടകങ്ങളുണ്ട്:


ഇതുവരെ പദ്ധതിക്ക് കീഴിൽ വിവിധ ഘട്ടങ്ങളിലായി  22 പുതിയ എയിംസ് സ്ഥാപിക്കുന്നതിനും ജിഎംസിഐകളുടെ നവീകരണത്തിന്റെ 75 പദ്ധതികൾക്കും   അംഗീകാരം നൽകിയിട്ടുണ്ട്. PMSSY-യുടെ കീഴിലുള്ള GMCI-കളുടെ നവീകരണത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് (SSB) കൂടാതെ/അല്ലെങ്കിൽ ട്രോമ സെന്റർ/അല്ലെങ്കിൽ മറ്റ് സൗകര്യങ്ങൾ, കൂടാതെ/അല്ലെങ്കിൽ മെഡിക്കൽ ഉപകരണങ്ങളുടെ സംഭരണം എന്നിവ ഉൾപ്പെടുന്നു. , “ഇതുവരെ കേരളത്തിൽ, ജിഎംസിഐകളുടെ നാല് നവീകരണ പദ്ധതികൾക്ക്  അംഗീകാരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, തിരുവനന്തപുരം (ഘട്ടം-ഒന്ന് ); ടിഡി മെഡിക്കൽ കോളേജ്, ആലപ്പുഴ (ഘട്ടം-III); കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് (ഘട്ടം-III), SCTIMST, തിരുവനന്തപുരം [ഘട്ടം-V(A)].”എന്നും മന്ത്രി പറഞ്ഞു .


കഴിഞ്ഞ ഒമ്പത് വർഷമായി ആരോഗ്യമേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ശുഭകരമായ  മാറ്റങ്ങൾ ചൂണ്ടിക്കാട്ടി ഡോ. മാണ്ഡവ്യ പറഞ്ഞു, "ജനങ്ങൾക്കിടയിൽ സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ, ഗവൺമെൻറ്  വിവിധ സംരംഭങ്ങൾ ആരംഭിച്ചു. ദ്വിതീയവും തൃതീയവുമായ ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന,  ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് അത്തരത്തിലൊന്നാണ്. ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളിലൂടെ (AB-HWCs) പൗരന്മാരുടെ പ്രാഥമിക ആരോഗ്യ സംരക്ഷണത്തിൽ  കേന്ദ്രം , കേരള സംസ്ഥാന ഗവൺമെന്റുമായി   ചേർന്ന് പ്രവർത്തിക്കുന്നു. രാജ്യത്തിന്റെ സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തിക്കൊണ്ട് , ആരോഗ്യ സേവനങ്ങൾ , രേഖകൾ , എന്നിവയുടെ  ദേശീയ പോർട്ടബിലിറ്റി പ്രാപ്തമാക്കുന്നതിലൂടെ തുല്യവും  എല്ലാവർക്കും ലഭ്യമായതുമായ  ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ഗവൺമെൻറ്  ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. "തൽഫലമായി, 2023 മാർച്ച് 2 വരെ, കേരളത്തിൽ 71.33 ലക്ഷം വ്യക്തികളെ വെരിഫൈ ചെയ്തു  . ആകെ 48.4 ലക്ഷം ആശുപത്രി കിടത്തി ചികിത്സയ്ക്കായി കേരളത്തിൽ 4,580 കോടി അനുവദിച്ചിട്ടുണ്ട് എന്നും   ഡോ. മാണ്ഡവ്യ പറഞ്ഞു.  ഈ പദ്ധതിക്ക് കീഴിൽ കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളിലൊന്നായി ഇത് കേരളത്തെ മാറ്റിയതായും , അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരന്മാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും തുടർ പരിചരണം ഉറപ്പാക്കാനുള്ള ഗവണ്മെന്റിന്റെ  കാഴ്ചപ്പാട്  അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. അത്തരത്തിലുള്ള ഒരു  നടപടിയായ , ജൻ ഔഷധി ജൻ ചേതന  അഭിയാന്റെ നടന്നുകൊണ്ടിരിക്കുന്ന ആഘോഷങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു .താങ്ങാനാവുന്ന വിലയ്ക്ക്  ഗുണനിലവാരമുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക  എന്നതാണ് ഗവൺമെന്റിന്റെ കാഴ്ചപ്പാടെന്ന് ഡോ. മാണ്ഡവ്യ  പറഞ്ഞു, "ഇത് ഇപ്പോൾ രാജ്യത്തുടനീളമുള്ള 9,100-ലധികം ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ സാധ്യമാകുന്നു ". ജൻ ഔഷധി ദിവസിൽ കേരള സർക്കാരിന്റെ വ്യാപകമായ പങ്കാളിത്തത്തെ അഭിനന്ദിച്ച അദ്ദേഹം ഈ പദ്ധതി  പാവപ്പെട്ടവർക്ക് മാത്രമല്ല, ഇടത്തരക്കാർക്കും പ്രയോജനപ്പെടുമെന്നും പറഞ്ഞു.

" സമഗ്ര സമൂഹത്തിനായി  സമഗ്ര ഗവണ്മെന്റ് എന്ന സമീപനത്തോടെയാണ് കേന്ദ്ര ഗവൺമെൻറ്  പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചുപറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് പരമാവധി പ്രയോജനം  ലഭിക്കുന്നതിന് ആവശ്യമായ മെഡിക്കൽ സ്റ്റാഫുകളെ ഈ സൂപ്പർ സ്പെഷ്യാലിറ്റി  സൗകര്യത്തിൽ നിയമിക്കണമെന്ന് ഡോ. മാണ്ഡവ്യ സംസ്ഥാന ഗവണ്മെന്റിനോട് അഭ്യർത്ഥിച്ചു.

. കേരള   ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണ  ജോർജ്, പാർലമെന്റ് അംഗങ്ങളായ  ശ്രീ എം കെ രാഘവൻ,  ശ്രീ കെ മുരളീധരൻ,  ശ്രീ എളമരം കരീം, സംസ്ഥാന മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ് , ശ്രീ എ കെ ശശീന്ദ്രൻ , ശ്രീ അഹമ്മദ് ദേവർകോവിൽ , എം.എൽ.എമാർ  എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസംഗം ഇവിടെ കാണാം

https://www.youtube.com/watch?v=FW4fvBHnt0I

 
 
SKY
 


(Release ID: 1904268) Visitor Counter : 202


Read this release in: English , Urdu , Hindi , Marathi