ധനകാര്യ മന്ത്രാലയം

ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉത്പാദനം 2021-22 ൽ 315.7 ദശലക്ഷം ടൺ എന്ന റെക്കോർഡ് സൃഷ്‌ടിച്ചു

Posted On: 31 JAN 2023 1:20PM by PIB Thiruvananthpuram

കാലാവസ്ഥാ വ്യതിയാന വെല്ലുവിളികൾക്കിടയിലും 2021-22ൽ ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉത്പാദനം 315.7 ദശലക്ഷം ടണ്ണിലെത്തി റെക്കോർഡ് സൃഷ്‌ടിച്ചതായി 2022-23ലെ സാമ്പത്തിക സർവേ പറയുന്നു. കൂടാതെ, 2022-23 ലെ ആദ്യ മുൻകൂർ കണക്കുകൾ പ്രകാരം (ഖാരിഫ് മാത്രം), രാജ്യത്തെ മൊത്തം ഭക്ഷ്യധാന്യ ഉത്പാദനം 149.9 ദശലക്ഷം ടൺ ആയി കണക്കാക്കപ്പെടുന്നു. ഇത് അഞ്ച് മുൻ വർഷങ്ങളെ (2016-17 മുതൽ 2020-21 വരെ) അപേക്ഷിച്ച് കൂടുതലാണ്. പയറുവർഗങ്ങളുടെ ഉൽപ്പാദനം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ശരാശരി 23.8 ദശലക്ഷം ടണ്ണിലധികമായതായി സർവേ ചൂണ്ടിക്കാട്ടുന്നു.
 
മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോർട്ടികൾച്ചർ (MIDH)

മൂന്നാമത്തെ മുൻകൂർ കണക്കുകൾ പ്രകാരം (2021-22), 28.0 ദശലക്ഷം ഹെക്ടർ പ്രദേശത്ത് 342.3 ദശലക്ഷം ടൺ എന്ന റെക്കോർഡ് ഉൽപ്പാദനം കൈവരിച്ചു.

മൃഗസംരക്ഷണം, ക്ഷീരമേഖല, മത്സ്യബന്ധനം

കന്നുകാലി മേഖല 2014-15 മുതൽ 2020-21 വരെ (സ്ഥിര വിലയിൽ) 7.9 ശതമാനം CAGR ൽ വളർച്ച രേഖപ്പെടുത്തി. മൊത്തം കാർഷിക GVA യിലേക്കുള്ള അതിന്റെ സംഭാവന (സ്ഥിര വിലയിൽ) 2014-15 ലെ 24.3 ശതമാനത്തിൽ നിന്ന് 2020-21 ൽ 30.1 ശതമാനമായി ഉയർന്നു. മത്സ്യബന്ധന മേഖലയുടെ വാർഷിക ശരാശരി വളർച്ചാ നിരക്ക് 2016-17 മുതൽ ഏകദേശം 7 ശതമാനമാണ്. മൊത്തം കാർഷിക GVA യിൽ ഏകദേശം 6.7 ശതമാനം വിഹിതമുണ്ട്. എട്ട് കോടിയിലധികം കർഷകർക്ക് നേരിട്ട് തൊഴിൽ നൽകുന്ന ക്ഷീരമേഖല നിർണായകമാണ്. ലോകത്ത് പാൽ ഉത്പാദനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്തും മുട്ട ഉത്പാദനത്തിൽ മൂന്നാം സ്ഥാനത്തും മാംസ ഉൽപാദനത്തിൽ എട്ടാം സ്ഥാനത്തുമാണ് രാജ്യമെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു.

അനുബന്ധ മേഖലകളുടെ പ്രാധാന്യം മനസ്സിലാക്കി, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും രോഗനിയന്ത്രണത്തിനും ഗവണ്മെന്റ് ഒട്ടേറെ ഇടപെടലുകൾ നടത്തി.

ആനിമൽ ഹസ്ബൻഡറി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ടിന് കീഴിൽ, 3,731.4 കോടി രൂപ ചെലവിൽ 116 പദ്ധതികൾക്ക് അംഗീകാരം നൽകി.

പ്രധാൻ മന്ത്രി മത്സ്യ സമ്പദ  യോജനയുടെ (PMMSY) മൊത്തം അടങ്കൽ 20,050 കോടി രൂപയാണ്.

ഒരു സമർപ്പിത ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ടിന് (FIDF) കീഴിൽ, 2022 ഒക്ടോബർ 17 വരെ, മത്സ്യബന്ധനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും നേരിട്ടും അല്ലാതെയും 9.4 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകും വിധമുള്ള 4,923.9 കോടി രൂപയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചു.

ഭക്ഷ്യ സുരക്ഷ

2023 ജനുവരി 1 മുതൽ ഒരു വർഷത്തേക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം - 2013 (NFSA) പ്രകാരം ഏകദേശം 81.35 കോടി ഗുണഭോക്താക്കൾക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യാൻ  അടുത്തിടെ ഗവണ്മെന്റ് തീരുമാനമെടുത്തിട്ടുണ്ട്. NFSA യ്ക്കും മറ്റ് ക്ഷേമപദ്ധതികൾക്കും കീഴിൽ ഭക്ഷ്യ സബ്‌സിഡിക്കായി ഇക്കാലയളവിൽ 2 ലക്ഷം കോടി രൂപയിലധികം ചെലവഴിച്ചതായി സർവേ പറയുന്നു.
 
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിൽ, കോവിഡ്-19 മഹാമാരിക്കാലത്ത് പാവപ്പെട്ടവർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഏകദേശം 1,118 LMT ഭക്ഷ്യധാന്യങ്ങൾ അനുവദിച്ചു.

ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം

ഐക്യരാഷ്ട്ര പൊതുസഭ, 2021 മാർച്ചിൽ അതിന്റെ 75-ാമത് യോഗത്തിൽ, 2023 നെ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി (IYM) പ്രഖ്യാപിച്ചു. ഏഷ്യയിലെ 80 ശതമാനവും ആഗോള ഉത്പാദനത്തിന്റെ 20 ശതമാനവും വരുന്ന 50.9 ദശലക്ഷം ടണ്ണിലധികം ചെറുധാന്യങ്ങൾ (നാലാമത്തെ മുൻകൂർ കണക്ക് പ്രകാരം) ഇന്ത്യ ഉത്പാദിപ്പിക്കുന്നു.

ഭക്ഷ്യ സംസ്കരണ മേഖല

FY21 ൽ അവസാനിക്കുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഭക്ഷ്യ സംസ്കരണ വ്യവസായ മേഖല ശരാശരി 8.3 ശതമാനം വാർഷിക വളർച്ചാ നിരക്കിലാണ് മുന്നേറുന്നത്. സംസ്‌കരിച്ച ഭക്ഷ്യ കയറ്റുമതി ഉൾപ്പെടെയുള്ള കാർഷിക ഭക്ഷ്യ കയറ്റുമതി മൂല്യം, 2021-22 ലെ സർവേയിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 10.9 ശതമാനമായിരുന്നു.

അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF)

വിളവെടുപ്പിന് ശേഷമുള്ള മാനേജ്‌മെന്റ് അടിസ്ഥാന സൗകര്യവും സാമൂഹിക കൃഷിഭൂമി ആസ്തികളും സൃഷ്ടിക്കുന്നതിനായി 2020-21 മുതൽ 2032-33 വരെയുള്ള കാലയളവിൽ ലഭ്യമാക്കുന്ന ധനസഹായ പദ്ധതിയാണിത്. 18,133-ൽ അധികം പദ്ധതികൾ ഉൾക്കൊള്ളുന്ന കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിനായി 13,681 കോടി രൂപ അനുവദിച്ചു.

ദേശീയ കാർഷിക വിപണി (ഇ-നാം)

 

2022 ഡിസംബർ 31 വരെ, 1.7 കോടിയിലധികം കർഷകരും 2.3 ലക്ഷം വ്യാപാരികളും ഇ-നാം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
****


(Release ID: 1895206) Visitor Counter : 187