ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ജി20 ഇന്ത്യ ആരോഗ്യപാത


തിരുവനന്തപുരത്തു നടക്കുന്ന ജി20 ആരോഗ്യപ്രവർത്തകസമിതിയുടെ ആദ്യ യോഗത്തിന്റെ ഭാഗമായ മെഡിക്കൽ വാല്യൂ ട്രാവൽ (എംവിടി) ഉദ്ഘാടനയോഗത്തെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ അഭിസംബോധന ചെയ്തു

ഇന്ത്യയുടെ അധ്യക്ഷപദത്തിനു കീഴിൽ, ആരോഗ്യപരിരക്ഷയ്ക്ക് ഏവരുടെയും തുല്യമായ പ്രവേശനത്തിനായി പരിശ്രമിക്കാനും, ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ ലഭ്യതയിലെ അസമത്വം കുറയ്ക്കാൻ കഴിയുന്ന ചട്ടക്കൂടൊരുക്കാൻ സഹായിക്കുന്നതിനും ഞങ്ങൾ പദ്ധതിയിടുന്നു: ഡോ. ഭാരതി പ്രവീൺ പവാർ

“മെഡിക്കൽ വാല്യൂ ട്രാവൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയത്തിന് ആക്കം കൂട്ടേണ്ടതുണ്ട്”

ഫലപ്രദമായ സഹകരണത്തിലൂടെ മെഡിക്കൽ വാല്യൂ ട്രാവല‌ിന്റെ ഭാവിക്കായി സവിശേഷമായ രൂപരേഖ തയ്യാറാക്കാൻ ബന്ധപ്പെട്ടവരോട് ഡോ. ഭാരതി പ്രവീൺ പവാർ ആഹ്വാനംചെയ്തു


Posted On: 19 JAN 2023 5:19PM by PIB Thiruvananthpuram

ഇന്ത്യ ജി20 അധ്യക്ഷപദത്തിനു കീഴിൽ, ആരോഗ്യപരിരക്ഷയ്ക്ക് ഏവരുടെയും  തുല്യമായ പ്രവേശനത്തിനായി പരിശ്രമിക്കാനും, ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ ലഭ്യതയിലെ അസമത്വം കുറയ്ക്കാൻ കഴിയുന്ന ചട്ടക്കൂടൊരുക്കാൻ സഹായിക്കുന്നതിനും ഞങ്ങൾ പദ്ധതിയിടുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ പറഞ്ഞു. "മികച്ച ആരോഗ്യമാണ് ഏറ്റവും വലിയ ഭാഗ്യം", "ആരോഗ്യമാണ് ലോകത്തിൽ സന്തോഷത്തിലേക്കുള്ള ഏക മാർഗം" എന്നർഥം വരുന്ന "ആരോഗ്യം പരം ഭാഗ്യം, സ്വാസ്ഥ്യം സർവാർഥ് സാധനം" എന്ന തത്വം ഉയർത്തിക്കാട്ടിയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. മൂല്യാധിഷ്ഠിത ആരോഗ്യ സംരക്ഷണം നടപ്പിലാക്കുന്നതിന്റെ വേഗത വർധിപ്പിക്കുന്നതിനും ലോകമെമ്പാടും സാർവത്രിക ആരോഗ്യ പരിരക്ഷ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമാണ് ഇന്ത്യ വിഭാവനം ചെയ്യുന്നത്. ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ആരോഗ്യ പ്രവർത്തകസമിതിയുടെ ആദ്യ യോഗത്തോടനുബന്ധിച്ച് നടന്ന മെഡിക്കൽ വാല്യൂ ട്രാവൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി കെ പോളും ചടങ്ങിൽ പങ്കെടുത്തു.
 
"നൂറ്റാണ്ടുകളായി, ലോകമെമ്പാടുമുള്ള സമൂഹങ്ങളിൽ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ പരമ്പരാഗത വൈദ്യശാസ്ത്രം ഒരു സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മാത്രമല്ല ഇത് വ്യക്തികൾക്കുള്ള ആദ്യത്തെ ആശ്രയവും നിർണായക വിഭവവുമായി തുടരുന്നു"- മെഡിക്കൽ വാല്യൂ ട്രാവലിന്റെ പ്രാധാന്യം അടിവരയിട്ടു ഡോ. പവാർ പറഞ്ഞു. പരമ്പരാഗത വൈദ്യശാസ്ത്രത്തിനുള്ള വ്യാപകമായ സ്വീകാര്യതയും അവർ ചൂണ്ടിക്കാട്ടി. "പാരമ്പര്യവൈദ്യം വേദന കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ ഉപായമായി ലോകമെമ്പാടും അംഗീകാരം നേടുകയാണ്. കൂടാതെ ആന്റിബയോട്ടിക് പ്രതിരോധത്തിനെതിരെയും ഫലപ്രദമാണ്. ലോകാരോഗ്യ സംഘടനയുടെ 194 അംഗരാജ്യങ്ങളിൽ  170ലും പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഉപയോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്."

സമഗ്രമായ ആരോഗ്യത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി സവിശേഷമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഡോ. പവാർ അഭിനന്ദിച്ചു. "ആധുനികവും പരമ്പരാഗതവുമായ വൈദ്യശാസ്ത്രവും സൗഖ്യചികിത്സകളും സംയോജിപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. കൂടാതെ, ഞങ്ങളുടെ ആരോഗ്യ സംവിധാനം ഗുണനിലവാരമുള്ള ചികിത്സ വാഗ്ദാനം ചെയ്യുന്നു. ഇതിനു വ്യാപകമായ ലഭ്യതയുണ്ട്. ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ ഒന്നാണിത്."

മൂല്യാധിഷ്ഠിത ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് ബന്ധപ്പെട്ടവർക്കു പ്രചോദനമേകിയ ഡോ. പവാർ, ലോകമെമ്പാടുമുള്ള മൂല്യാധിഷ്ഠിത ആരോഗ്യ പരിരക്ഷാ സേവനങ്ങളിലേക്കുള്ള തുല്യമായ പ്രവേശനത്തെക്കുറി‌ച്ചു ചർച്ച ചെയ്യാനും  അതു പ്രാപ്തമാക്കാനും ആവശ്യപ്പെട്ടു. മെഡിക്കൽ വാല്യു ട്രാവൽ പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്രമായ നയ ചട്ടക്കൂടിന്റെ ആവശ്യകതയുണ്ടെന്നും അവർ പറഞ്ഞു. “മിക്ക രാജ്യങ്ങളിലെയും മെഡിക്കൽ വാല്യൂ ട്രാവൽ സ്വകാര്യ മേഖലയാണ് നയിക്കുന്നത്. ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറമുള്ള നിർധനരായ രോഗികൾക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു. അതിനാൽ, മെഡിക്കൽ വാല്യൂ ട്രാവൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയത്തിന് ആക്കം കൂട്ടേണ്ടതുണ്ട്”- മന്ത്രി പറഞ്ഞു.

"ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനുകീഴിൽ, രാജ്യങ്ങൾക്കിടയിൽ ബഹുമുഖ സഹകരണം സൃഷ്ടിക്കുന്നതിനുള്ള അവസരമാണു ഞങ്ങൾക്കു കൈവന്നിരിക്കുന്നത്. അറിവുകൾ പങ്കിടുന്നതിലൂടെ,  ലോകമെമ്പാടുമുള്ള പൗരന്മാർക്ക് പ്രാപ്യമാകുന്നതും താങ്ങാനാകുന്നതും ഗുണമേന്മയുള്ളതുമായ, ആരോഗ്യ പരിരക്ഷയ്ക്കു സഹായകമാകുന്ന,  ഫലപ്രദമായ നയങ്ങൾ രൂപീകരിക്കാനും കഴിയും." - ഡോ. പവാർ പറഞ്ഞു.  "ഫലപ്രദമായ സഹകരണത്തിലൂടെ മെഡിക്കൽ വാല്യു ട്രാവലിന്റെ ഭാവിക്കായി ജി 20 രാജ്യങ്ങൾ സവിശേഷ രൂപരേഖയൊരുക്കു"മെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഡോ. പവാറും മറ്റ് വിശിഷ്ട വ്യക്തികളും വെൽനസ്, മെഡിക്കൽ വാല്യൂ ട്രാവൽ സ്റ്റാളുകൾ സന്ദർശിച്ചു.

Image
 
ഇന്നത്തെ ആഗോളവൽകൃതലോകത്ത് മെഡിക്കൽ വാല്യൂ ട്രാവലിന്റെ  പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ സംസാരിച്ചു. ആരോഗ്യ സംരക്ഷണം  ഒരു സേവനമായി (സേവ) കാണുന്ന പുരാതന ഭാരതീയ തത്ത്വചിന്തയെക്കുറിച്ച് 'സർവേ സന്തു നിരാമയ' (ലോകത്തിലെ എല്ലാവരും ആരോഗ്യത്തോടെയിരിക്കട്ടെ) എന്ന സംസ്‌കൃതം ചൊല്ലിലൂടെ വ്യക്തമാക്ക‌ിയ അദ്ദേഹം, എല്ലാവർക്കും "നല്ല ആരോഗ്യവും ക്ഷേമവും", "സാർവത്രിക ആരോഗ്യ പരിരക്ഷയും" എന്ന സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാനുള്ള പൊതു ലക്ഷ്യത്തിലേക്കുള്ള തങ്ങളുടെ ശ്രമങ്ങളെ സമന്വയിപ്പിക്കാൻ ഏവരോടും അഭ്യർത്ഥിച്ചു. 

ആയുഷ് സെക്രട്ടറി ശ്രീ രാജേഷ് കൊടേച്ച, ഡിഎച്ച്ആർ സെക്രട്ടറി ഡോ. രാജീവ് ബഹൽ,  എംഒഎച്ച്എഫ്ഡബ്ല്യു അഡീഷണൽ സെക്രട്ടറി ശ്രീ ലവ് അഗർവാൾ എന്നിവരും കേന്ദ്ര ഗവണ്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.


അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഇന്തോനേഷ്യ, ജപ്പാൻ, മെക്സിക്കോ, റിപ്പബ്ലിക് ഓഫ് കൊറിയ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള അംഗരാജ്യങ്ങളിൽ നിന്നുള്ള ജി20 പ്രതിനിധികളും യൂറോപ്യൻ യൂണിയൻ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നൈജീരിയ, സിംഗപ്പൂർ, സ്പെയിൻ, സുൽത്താനേറ്റ് ഓഫ് ഒമാൻ, നെതർലാൻഡ്‌സ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളി‌ൽ നിന്നുള്ള  പ്രത്യേക ക്ഷണിതാക്കളും പങ്കാളികളായി. ഏഷ്യൻ വികസന ബാങ്ക്, ആഫ്രിക്കൻ യൂണിയൻ, അസിയൻ, ബിഎംജിഎഫ്, സിഇപിഐ, കോമൺ‌വെൽത്ത്, എഫ്എഒ, ജി20 ഇന്നൊവേഷൻ ഹബ്, ജിഎവിഐ, ഗ്ലോബൽ എഎംആർ ആർ&ഡി ഹബ്,  ഒഇസിഡി, റോക്ക്ഫെല്ലർ ഫൗണ്ടേഷൻ,  സ്റ്റോപ്പ് ടിബി -പാർട്‌ണർഷിപ്പ്, ലോക സാമ്പത്തികവേദി, വെൽകം ട്രസ്റ്റ്, ലോകാരോഗ്യ സംഘടന, ലോകബാങ്ക്, യുനിസെഫ്, യുഎൻഇപി തുടങ്ങിയവയുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.


മെഡിക്കൽ വാല്യൂ ട്രാവലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കുക: https://www.youtube.com/watch?v=9ZHK7GK0ly8&feature=youtu.be

 

-NS-


(Release ID: 1892279) Visitor Counter : 149