രാജ്യരക്ഷാ മന്ത്രാലയം

DefExpo 2022 ന്റെ ഭാഗമായി നടന്ന ഇന്ത്യ-ആഫ്രിക്ക പ്രതിരോധ സംഭാഷണം

Posted On: 18 OCT 2022 3:48PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഒക്‌ടോബർ 18, 2022

DefExpo 2022 ന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ത്യ-ആഫ്രിക്ക പ്രതിരോധ സംഭാഷണം (India-Africa Defence Dialogue-IADD) 2022 ഇന്ന് (ഒക്ടോബർ 18 ന്) ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്നു. ''പ്രതിരോധവും സുരക്ഷാ സഹകരണവും സമന്വയിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള തന്ത്രങ്ങൾ സ്വീകരിക്കുക'' എന്ന IADD ആശയത്തിന്റെ വിവിധ വശങ്ങൾ  സംഭാഷണം വിജയകരമായി പ്രതിപാദിച്ചു .

കാര്യക്ഷമതാ നിർമ്മാണം, പരിശീലനം, സൈബർ സുരക്ഷ, സമുദ്ര സുരക്ഷ, ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ പ്രതിരോധ വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനും പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള ഇന്ത്യയുടെയും ആഫ്രിക്കൻ രാജ്യങ്ങളുടെയും അടിസ്ഥാന പ്രതിബദ്ധതയാണ് IADD യുടെ പ്രധാന പ്രമേയമെന്ന്  മുഖ്യപ്രഭാഷണം നടത്തിയ രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഭദ്രവും സുരക്ഷിതവുമായ സമുദ്രാന്തരീക്ഷം, പ്രത്യേകിച്ച് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ, ഉറപ്പാക്കുന്നതിൽ ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും പ്രധാന പങ്കാളികളാണെന്ന് അദ്ദേഹം പറഞ്ഞു.

സംഘർഷം, ഭീകരവാദം , അക്രമാസക്തമായ തീവ്രവാദം എന്നിവയുയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ആഫ്രിക്കയ്ക്ക് ഇന്ത്യയുടെ പിന്തുണ ശ്രീ രാജ്‌നാഥ് സിംഗ് ആവർത്തിച്ചു വാഗ്ദാനം ചെയ്തു. ‘സാഗർ’ (Security and Growth for All in the Region-മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും) എന്ന സഹകരണ തത്വത്തെ അടിസ്ഥാനമാക്കിയുള്ള ശക്തമായ പങ്കാളിത്തമാണ് ഇന്ത്യയും ആഫ്രിക്കയും പങ്കിടുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യൻ പ്രതിരോധ ഉപകരണങ്ങളെയും  സാങ്കേതിക വിദ്യകളെയും കുറിച്ച് മനസ്സിലാക്കാൻ ആഫ്രിക്കൻ രാജ്യങ്ങളെ ശ്രീ രാജ്‌നാഥ് സിംഗ് ക്ഷണിച്ചു. സമീപ വർഷങ്ങളിൽ ഇന്ത്യ ഒരു മുൻനിര പ്രതിരോധ കയറ്റുമതി രാജ്യമായി  ഉയർന്നുവന്നിട്ടുണ്ട്. ആഗോള യാഥാർത്ഥ്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന പരിവർത്തനങ്ങൾ പ്രതിഫലിപ്പിക്കുന്നവയാകണം ബഹുമുഖമായ ലോക സംഘടനകൾ എന്ന് പ്രസ്താവിച്ച അദ്ദേഹം, യുഎൻ രക്ഷാസമിതിയെ കൂടുതൽ പ്രാതിനിധ്യസ്വഭാവമുമുള്ളതാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു.

IADD 2022 ന്റെ ഫലപ്രാപ്തി രേഖയായി ഗാന്ധിനഗർ പ്രഖ്യാപനത്തെ അംഗീകരിച്ചു. പരസ്പര താൽപ്പര്യമുള്ള മേഖലകളിലും പരിശീലന മേഖലയിലും സഹകരണം വർദ്ധിപ്പിക്കാനും ആഫ്രിക്കൻ പ്രതിരോധ സേനയുടെ ശേഷി വർദ്ധിപ്പിക്കാനും സൈനികാഭ്യാസങ്ങളിൽ പങ്കാളികളാകാനും  പ്രകൃതി ദുരന്തങ്ങളിൽ മാനുഷിക സഹായം നൽകാനും രേഖ നിർദ്ദേശിക്കുന്നു. മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് മുഖേന ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർക്ക് ഇന്ത്യ ഫെലോഷിപ്പ് വാഗ്ദാനം ചെയ്തു.

അമ്പതോളം ആഫ്രിക്കൻ രാജ്യങ്ങൾ ചർച്ചയിൽ പങ്കെടുത്തു. IADD യുടെ ഭാഗമായി, രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗും സഹമന്ത്രി ശ്രീ അജയ് ഭട്ടും ഇന്ത്യയിലെത്തിയ ആഫ്രിക്കൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധവും ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ  ചർച്ചയായി.

 
RRTN/SKY
 
****


(Release ID: 1868891) Visitor Counter : 159


Read this release in: English , Urdu , Hindi , Marathi