രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

ജനറൽ അനിൽ ചൗഹാൻ സംയുക്ത സൈനിക മേധാവിയായി ആയി ചുമതലയേറ്റു

Posted On: 30 SEP 2022 3:36PM by PIB Thiruvananthpuram

ന്യൂ ഡൽഹി: സെപ്തംബർ 30, 2022

ജനറൽ അനിൽ ചൗഹാൻ ഇന്ന് (2022 സെപ്തംബർ 30-ന്) സംയുക്ത സൈനിക മേധാവിയായി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് - CDS) ചുമതലയേറ്റു. മൂന്നു സൈനിക വിഭാഗങ്ങളുടെയും കാര്യങ്ങളിൽ  രാജ്യ രക്ഷാ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായും, സൈനിക കാര്യ വകുപ്പ് മേധാവിയെന്ന നിലയിൽ സെക്രട്ടറി പദവിയിലും,  ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (COSC) സ്ഥിരം ചെയർമാനായും അദ്ദേഹം പ്രവർത്തിക്കും.

ചുമതലയേൽക്കുന്നതിന് മുമ്പ് മാധ്യമങ്ങളുമായുള്ള ഹ്രസ്വ ആശയവിനിമയത്തിൽ, സംയുക്ത സൈനിക മേധാവിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്തിൽ അഭിമാനമുണ്ടെന്ന് ജനറൽ ചൗഹാൻ പറഞ്ഞു. പുതിയ സംയുക്ത സൈനിക മേധാവിയിൽ മൂന്ന് സൈനിക വിഭാഗങ്ങൾക്കും സർക്കാരിനും പൗരന്മാർക്കും വിശ്വാസവും പ്രതീക്ഷയും ഉണ്ട്. തന്റെ കഴിവിന്റെ പരമാവധി വിനിയോഗിച്ച് ചുമതല നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ സൈന്യം സംയുക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് വീരമൃത്യു വരിച്ച സൈനികർക്ക് ജനറൽ ചൗഹാൻ ആദരാഞ്ജലി അർപ്പിച്ചു. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ വൈസ് ചീഫ് വൈസ് അഡ്മിറൽ എസ്എൻ ഘോർമഡെ സായുധ സേനയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സൗത്ത് ബ്ലോക്ക് പുൽത്തകിടിയിൽ മൂന്ന് സൈനിക വിഭാഗങ്ങളുടെയും ഗാർഡ് ഓഫ് ഓണറും അദ്ദേഹം പരിശോധിച്ചു.

**********************************************
RRTN(Release ID: 1863782) Visitor Counter : 358