വാണിജ്യ വ്യവസായ മന്ത്രാലയം

എസ്‌സി‌ഒ അംഗരാജ്യങ്ങളുടെ വ്യാപാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് വിശ്വാസവും സുതാര്യതയും നിറഞ്ഞ ക്രിയാത്മക സഹകരണം പ്രധാനമാണ്: ശ്രീമതി അനുപ്രിയ പട്ടേൽ

Posted On: 29 SEP 2022 12:49PM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്‌റ്റംബർ 29, 2022

എസ്‌സിഒ അംഗരാജ്യങ്ങളുടെ വ്യാപാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് വിശ്വാസവും സുതാര്യതയും ചേർന്നുള്ള ക്രിയാത്മക സഹകരണമാണ് പ്രധാനമെന്ന് വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ പറഞ്ഞു. വിദേശ സമ്പദ്‌വ്യവസ്ഥയുടെയും വിദേശ വ്യാപാരത്തിന്റെയും ഉത്തരവാദിത്തമുള്ള മന്ത്രിമാരുടെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സി‌ഒ) 21-ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. വ്യാപാരത്തിലും വാണിജ്യത്തിലും സന്തുലിതവും തുല്യവുമായ വളർച്ചയ്ക്ക് എസ്‌സിഒ അംഗരാജ്യങ്ങൾ തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു.

പാവപ്പെട്ടവരുടെ ജീവിതം, ജീവനോപാധി, ഭക്ഷണം-പോഷകാഹാര സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനും കോവിഡ് -19 പോലുള്ള ഏത് മഹാമാരിയെയും ചെറുക്കുന്നതിനും മിതമായ നിരക്കിൽ മരുന്നുകൾ, ചികിത്സകൾ, വാക്സിനുകൾ, ആരോഗ്യ സംരക്ഷണം എന്നിവ ലഭ്യമാക്കുന്നതിന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ശ്രീമതി അനുപ്രിയ പട്ടേൽ ഊന്നിപ്പറഞ്ഞു.

സാങ്കേതിക വികസനം, വിഭവങ്ങളുടെ മിതമായ വിനിയോഗം-സുസ്ഥിര വിതരണം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ മികച്ച സമ്പ്രദായങ്ങൾ പങ്കിടേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറയുന്നു. അതുവഴി വർത്തമാന തലമുറയ്ക്കും ഭാവി തലമുറയ്ക്കും സന്തോഷകരമായ അന്തരീക്ഷത്തിൽ ജീവിക്കാൻ ആവശ്യമായ വിഭവങ്ങൾ ലഭ്യമാകും. വ്യാപാര, നിക്ഷേപ സഹകരണം നിയന്ത്രിക്കുന്ന നടപടികൾക്കായി ലോക ഫോറത്തിലെ കാലാവസ്ഥാ അജണ്ട ഉപയോഗിക്കരുതെന്ന് മന്ത്രി പറഞ്ഞു.

വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകളിൽ കാര്യമായ വിടവ് ഉണ്ടെന്നും ഡിജിറ്റൽ ശേഷി വർധിപ്പിച്ച് അത് നികത്തേണ്ടതുണ്ടെന്നും മന്ത്രി എടുത്തുപറഞ്ഞു.

2022-2023 കാലയളവിലെ ആദ്യത്തെ എസ്‌സി‌ഒ വിനോദസഞ്ചാര-സാംസ്‌കാരിക തലസ്ഥാനമായി വാരണാസി നഗരത്തെ നാമനിർദ്ദേശം ചെയ്ത എസ്‌സി‌ഒയുടെ സമീപകാല സംരംഭത്തെ അവർ അഭിനന്ദിച്ചു.  ഇത് വിനോദ സഞ്ചാരത്തെയും ജനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപാര-സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

വെർച്വൽ മീറ്റിംഗിൽ SCO സെക്രട്ടേറിയറ്റിന്റെ പ്രതിനിധിയും ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, പാകിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.

*****************************************************
RRTN



(Release ID: 1863397) Visitor Counter : 100


Read this release in: English , Urdu , Hindi , Tamil