രാജ്യരക്ഷാ മന്ത്രാലയം
സ്പർശ് സംരംഭത്തിന്റെ വ്യാപനം ലക്ഷ്യമിട്ട് പ്രതിരോധ മന്ത്രാലയം ബാങ്ക് ഓഫ് ബറോഡയുമായും എച്ച്ഡിഎഫ്സി ബാങ്കുമായും ധാരണാപത്രം ഒപ്പുവച്ചു
Posted On:
21 SEP 2022 4:37PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്തംബർ 21, 2022
ഇന്ത്യയിലുടനീളമുള്ള 14,000-ലധികം ശാഖകൾ സ്പർശ് സംരംഭത്തിന് കീഴിലുള്ള (സിസ്റ്റം ഫോർ പെൻഷൻ അഡ്മിനിസ്ട്രേഷൻ - രക്ഷാ) സേവന കേന്ദ്രങ്ങൾ കൂടിയായി പ്രവർത്തിക്കുന്നതിന് ബാങ്ക് ഓഫ് ബറോഡയുമായും എച്ച്ഡിഎഫ്സി ബാങ്കുമായും ഡിഫൻസ് അക്കൗണ്ട്സ് വകുപ്പ് (DAD) ധാരണാപത്രം ഒപ്പുവച്ചു.
ധാരണാപത്രം നിലവിൽ വന്നതോടെ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവരും, സ്പർശിലേക്ക് ലോഗിൻ ചെയ്യാൻ (https://sparsh.defencepension.gov.in/) സാങ്കേതിക സൗകര്യങ്ങൾ ലഭ്യമല്ലാത്തവരും ആയ പെൻഷൻകാരിലെ അവസാനത്തെ വ്യക്തിയിലേക്കും എത്തും വിധമുള്ള സേവന കേന്ദ്രങ്ങളായി, ബാങ്ക് ഓഫ് ബറോഡയുടെ 7900-ലധികം ശാഖകളും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 6300 ശാഖകളും മാറും.
സ്പർശിന്റെ സമ്പർക്ക വിഭാഗമായി പ്രവർത്തിക്കുന്ന സേവന കേന്ദ്രങ്ങൾ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുന്നതിനും, പരാതികൾ രജിസ്റ്റർ ചെയ്ത് പരിഹാരം തേടുന്നതിനും, ഡിജിറ്റൽ വാർഷിക ഐഡന്റിഫിക്കേഷൻ നടത്തുന്നതിനും, പെൻഷനർ ഡാറ്റ വെരിഫിക്കേഷനും, പ്രതിമാസ പെൻഷനെ സംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും പെൻഷൻകാർക്കുള്ള ഫലപ്രദമായ ഒരു മാധ്യമമായി വർത്തിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് ശാഖകൾ, കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ 14 ശാഖകൾ എന്നിവ ഉൾപ്പെടുന്ന 800-ഓളം സേവന കേന്ദ്രങ്ങളുടെയും 161-ലധികം DAD ഓഫീസുകളുടെയും നിലവിലുള്ള ശൃംഖലയെ ഈ കേന്ദ്രങ്ങൾ കൂടുതൽ വിപുലമാക്കും. 4.5 ലക്ഷത്തിലധികം ഗ്രാമതല സംരംഭകർ (Village Level Entrepreneurs -VLEs) കോമൺ സർവീസ് സെന്ററുകളുടെ (CSC) ശൃംഖലയുടെ ഭാഗമായി പ്രതിരോധ പെൻഷൻകാരെ സഹായിക്കും. പെൻഷൻകാർക്ക് ഈ സേവന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. നാമമാത്രമായ സേവന നിരക്കുകൾ വകുപ്പ് വഹിക്കും.
2020-21 സാമ്പത്തിക വർഷത്തിൽ വെറും 57 കോടിയോളം രൂപയിൽ നിന്ന് 2021-22 സാമ്പത്തിക വർഷത്തിൽ 11,600 കോടി രൂപ വിതരണം ചെയ്യും വിധം സ്പർശ് ഗണ്യമായി വളർന്നു. സ്പർശിലെ ഗുണഭോക്താക്കളായ മൊത്തം പെൻഷൻകാരുടെ എണ്ണം 11 ലക്ഷം കടന്നു. ഇത് ഇന്ത്യയിലെ മൊത്തം പ്രതിരോധ പെൻഷൻകാരുടെ 33% വരും.
2022 സെപ്തംബർ അവസാനത്തോടെ 32 ലക്ഷം പ്രതിരോധ പെൻഷൻകാരിൽ 17 ലക്ഷം പെൻഷൻകാരെ സ്പർശിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്നും, ശേഷിക്കുന്ന പെൻഷൻകാരെ എത്രയും വേഗം സ്പർശിന്റെ ഭാഗമാക്കുമെന്നും പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ പറഞ്ഞു. പെൻഷൻ തീർപ്പാക്കുന്നതിനുള്ള ശരാശരി സമയം ഏകദേശം 16 ദിവസമായി കുറഞ്ഞ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
**************************************************
(Release ID: 1861455)
Visitor Counter : 242