സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

കര്‍ത്തവ്യ പാത' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ഇന്ത്യാ ഗേറ്റില്‍ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും അദ്ദേഹം അനാവരണം ചെയ്തു


"അടിമത്തത്തിന്റെ പ്രതീകമായ രാജവീഥി അഥവാ 'രാജ്പഥ്' ഇന്ന് മുതല്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു, അടിമത്തത്തിന്റെ ചരിത്രം എന്നെന്നേക്കുമായി മായ്ച്ചുകളയപ്പെട്ടിരിക്കുന്നു"

"നേതാജിയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഇന്ന് രാജ്യത്തെ നയിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. 'കര്‍ത്തവ്യ പാത'യിലെ നേതാജിയുടെ പ്രതിമ അതിനുള്ള അവസരമായി മാറും."

"നേതാജി സുഭാഷ് അഖണ്ഡ ഭാരതത്തിന്റെ ആദ്യ തലവനായിരുന്നു; അദ്ദേഹം 1947 ന് മുമ്പ് ആന്‍ഡമാനെ മോചിപ്പിക്കുകയും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയും ചെയ്തു."

"ഇന്ന്, ഇന്ത്യയുടെ ആദര്‍ശങ്ങളും മാനങ്ങളും സ്വയം ആര്‍ജ്ജിച്ചതും സൃഷ്ടിച്ചതുമാണ്. ഇന്ന്, ഇന്ത്യയുടെ ദൃഢനിശ്ചയം സ്വയം ആര്‍ജ്ജിച്ചതാണ്. അതിന്റെ ലക്ഷ്യങ്ങള്‍ അതിന്റേത് തന്നെയാണ്. ഇന്ന്, നമ്മുടെ പാതകള്‍ നമ്മുടേതാണ്, നമ്മുടെ ചിഹ്നങ്ങള്‍ നമ്മുടേതാണ്"

"ജനങ്ങളുടെ ചിന്തയും പെരുമാറ്റവും അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് മോചിതമാവുകയാണ്"

"രാജ്പഥിന്റെ വികാരവും ഘടനയും അടിമത്തത്തിന്റെ പ്രതീകങ്ങളായിരുന്നു, എന്നാല്‍ ഇന്ന് വാസ്തുവിദ്യയിലെ മാറ്റത്തോടെ, അതി

Posted On: 08 SEP 2022 10:43PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 'കര്‍ത്തവ്യ പാത' ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ പ്രതീകമായ പഴയ രാജ്പഥില്‍ നിന്ന്, പൊതു ഉടമസ്ഥതയുടെയും ശാക്തീകരണത്തിന്റെയും ഉദാഹരണമായ കര്‍ത്തവ്യ പാതയിലേക്കുള്ള മാറ്റത്തെ ഇത് സൂചിപ്പിക്കുന്നു. ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമയത്ത് രാജ്യത്തിന് ഇന്ന് ഒരു പുതിയ പ്രചോദനവും ഊര്‍ജ്ജവും അനുഭവപ്പെട്ടതായി സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. "ഇന്ന്, ഞങ്ങള്‍ ഭൂതകാലത്തെ ഉപേക്ഷിച്ച് പുതിയ നിറങ്ങള്‍ കൊണ്ട് നാളത്തെ ചിത്രം വരയ്ക്കുകയാണ്. ഇന്ന് ഈ പുതിയ പ്രഭാവലയം എല്ലായിടത്തും ദൃശ്യമാണ്, അത് പുതിയ ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പ്രഭാവലയമാണ്"- അദ്ദേഹം പറഞ്ഞു. "അടിമത്തത്തിന്റെ പ്രതീകമായ രാജ്പഥ്, രാജവീഥി ഇന്ന് മുതല്‍ ചരിത്രത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു, അത് എന്നെന്നേക്കുമായി മായ്ച്ചുകളയപ്പെട്ടിരിക്കുന്നു. ഇന്ന് 'കര്‍ത്തവ്യ പാത'യുടെ രൂപത്തില്‍ ഒരു പുതിയ ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തില്‍, അടിമത്തത്തിന്റെ മറ്റൊരു അധ്യായത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ എല്ലാ പൗരന്‍മാരേയും ഞാന്‍ അഭിനന്ദിക്കുന്നു."

ഇന്ന് നമ്മുടെ ദേശീയ നായകന്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഒരു ബൃഹദ് പ്രതിമയും ഇന്ത്യാ ഗേറ്റിന് സമീപം സ്ഥാപിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. "അടിമത്തകാലത്ത് ബ്രിട്ടീഷ് രാജിന്റെ പ്രതിനിധിയുടെ പ്രതിമയുണ്ടായിരുന്നു. നേതാജിയുടെ പ്രതിമ അതേ സ്ഥലത്ത് സ്ഥാപിച്ചതിലൂടെ ഇന്ന് രാജ്യം ആധുനികവും ശക്തവുമായ ഒരു ഇന്ത്യയെ ജീവസ്സുറ്റതാക്കുകയും ചെയ്തു"- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  "സുഭാഷ് ചന്ദ്രബോസ് പദവിയുടെയും വിഭവങ്ങളുടെയും വെല്ലുവിളികള്‍ക്കതീതനായിരുന്നു. ലോകം മുഴുവന്‍ അദ്ദേഹത്തെ ഒരു നേതാവായി കണക്കാക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ സ്വീകാര്യത. അദ്ദേഹത്തിന് ധൈര്യവും ആത്മാഭിമാനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ആശയങ്ങളുണ്ടായിരുന്നു, ദര്‍ശനങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന് നേതൃപാടവവും നയങ്ങളും ഉണ്ടായിരുന്നു." നേതാജിയുടെ മഹത്വം അനുസ്മരിച്ച് പ്രധാനമന്ത്രി പറഞ്ഞു.

ഒരു രാജ്യവും അതിന്റെ മഹത്തായ ഭൂതകാലം മറക്കരുതെന്നും ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ മഹത്തായ ചരിത്രം ഓരോ ഇന്ത്യക്കാരന്റെയും രക്തത്തിലും പാരമ്പര്യത്തിലുമാണ്. നേതാജി ഇന്ത്യയുടെ പൈതൃകത്തില്‍ അഭിമാനിച്ചിരുന്നുവെന്നും അതോടൊപ്പം ഇന്ത്യയെ ആധുനികമാക്കാന്‍ ആഗ്രഹിച്ചിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. "സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യ സുഭാഷ് ചന്ദ്രബോസിന്റെ പാത പിന്തുടര്‍ന്നിരുന്നെങ്കില്‍ രാജ്യം ഇന്ന് എത്ര ഉയരങ്ങളില്‍ എത്തുമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, നമ്മുടെ ഈ മഹാനായ നായകന്‍ സ്വാതന്ത്ര്യാനന്തരം വിസ്മരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആശയങ്ങള്‍, അവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ പോലും അവഗണിക്കപ്പെട്ടു"- പ്രധാനമന്ത്രി പറഞ്ഞു. നേതാജിയുടെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കൊല്‍ക്കത്തയിലെ നേതാജിയുടെ വസതി സന്ദര്‍ശിച്ച അനുഭവവും അദ്ദേഹം പങ്കുവെച്ചു. "നേതാജിയുടെ കാഴ്ചപ്പാടുകളോടെ ഇന്ന് രാജ്യത്തെ നയിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. 'കര്‍ത്തവ്യ പാത'യിലെ നേതാജിയുടെ പ്രതിമ അതിനുള്ള അവസരമായി മാറും"- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിൽ നേതാജിയുടെ ആദര്‍ശങ്ങളും സ്വപ്നങ്ങളും കൊണ്ട് മുദ്രണം ചെയ്യപ്പെട്ട ഇത്തരം നിരവധി തീരുമാനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി നാം കൈക്കൊണ്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1947-നു മുമ്പ് ആന്‍ഡമാനെ മോചിപ്പിക്കുകയും ത്രിവര്‍ണ്ണപതാക ഉയര്‍ത്തുകയും ചെയ്ത അഖണ്ഡ ഭാരതത്തിന്റെ ആദ്യ തലവനായിരുന്നു നേതാജി സുഭാഷ്. ചുവപ്പുകോട്ടയില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുന്നത് എങ്ങനെയായിരിക്കുമെന്ന് ആ സമയത്ത് അദ്ദേഹം സങ്കല്‍പ്പിച്ചിരുന്നു. ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ 75-ാം വാര്‍ഷികവേളയില്‍ ചുവപ്പുകോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനുള്ള അവസരം ലഭിച്ചപ്പോള്‍ താന്‍ വ്യക്തിപരമായി ഈ വികാരം അനുഭവിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. നേതാജിക്കും ചുവപ്പുകോട്ടയിലെ ആസാദ് ഹിന്ദ് ഫൗസിനും സമര്‍പ്പിച്ച മ്യൂസിയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 2019 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ആസാദ് ഹിന്ദ് ഫൗസിന്റെ ഒരു സംഘം മാര്‍ച്ച് നടത്തിയതും അദ്ദേഹം അനുസ്മരിച്ചു. ഇത് വിമുക്തഭടന്മാര്‍ ഏറെക്കാലമായി കാത്തിരുന്ന ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു.

'പഞ്ചപ്രാണ്‍' എന്ന രാഷ്ട്രത്തിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, "ഇന്ന്, ഇന്ത്യയുടെ ആദര്‍ശങ്ങളും മാനങ്ങളും സ്വയം ആര്‍ജ്ജിച്ചതും സൃഷ്ടിച്ചതുമാണ്. ഇന്ന്, ഇന്ത്യയുടെ ദൃഢനിശ്ചയം സ്വയം ആര്‍ജ്ജിച്ചതാണ്. അതിന്റെ ലക്ഷ്യങ്ങള്‍ അതിന്റേത് തന്നെയാണ്. ഇന്ന്, നമ്മുടെ പാതകള്‍ നമ്മുടേതാണ്, നമ്മുടെ ചിഹ്നങ്ങള്‍ നമ്മുടേതാണ്". "ഇന്ന് രാജ്പഥ് ഇല്ലാതാവുകയും കര്‍ത്തവ്യ പാതയായി മാറുകയും ചെയ്യുമ്പോൾ, ഇന്ന് നേതാജിയുടെ പ്രതിമ ജോര്‍ജ്ജ് അഞ്ചാമന്റെ പ്രതിമയുടെ അടയാളം മാറ്റിയപ്പോള്‍, അടിമത്ത മനോഭാവം ഉപേക്ഷിക്കുന്നതിന്റെ ആദ്യ ഉദാഹരണമല്ല ഇത്. ഇത് തുടക്കമോ ഒടുക്കമോ അല്ല. മനസ്സിന്റെയും ആത്മാവിന്റെയും സ്വാതന്ത്ര്യം എന്ന ലക്ഷ്യം കൈവരിക്കുന്നതുവരെ നിശ്ചയദാര്‍ഢ്യത്തിന്റെ തുടര്‍ച്ചയായ യാത്രയാണിത്." - അദ്ദേഹം പറഞ്ഞു. റേസ്‌കോഴ്‌സ് റോഡിന് പകരം പ്രധാനമന്ത്രിയുടെ വസതിയുടെ പേര് ലോക് കല്യാൺ മാര്‍ഗ് എന്നാക്കി മാറ്റിയത്, സ്വാതന്ത്ര്യദിന ചടങ്ങുകളിലെ ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍, ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ് തുടങ്ങിയ സുപ്രധാന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കൊളോണിയല്‍ രീതിയിൽ നിന്ന് ഛത്രപതി ശിവജിയുടെ ചിഹ്നത്തിലേക്ക് ഇന്ത്യന്‍ നാവികസേനയുടെ ചിഹ്നം മാറ്റിയതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അതുപോലെ, ദേശീയ യുദ്ധ സ്മാരകവും രാജ്യത്തിന്റെ മഹത്വത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാറ്റങ്ങള്‍ ചിഹ്നങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് രാജ്യത്തിന്റെ നയങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ബ്രിട്ടീഷ് കാലഘട്ടം മുതല്‍ നടന്നുവരുന്ന നൂറുകണക്കിന് നിയമങ്ങളില്‍ ഇന്ന് രാജ്യം മാറ്റം വരുത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളായി പിന്തുടര്‍ന്നിരുന്ന ഇന്ത്യന്‍ ബജറ്റിന്റെ സമയവും തീയതിയും മാറ്റിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ, ഇപ്പോള്‍ രാജ്യത്തെ യുവാക്കള്‍ വിദേശ ഭാഷയുടെ നിര്‍ബന്ധത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുകയാണ്,"- അദ്ദേഹം ചൂണ്ടിക്കാട്ടി. "അതിനര്‍ത്ഥം, രാജ്യത്തെ ജനങ്ങളുടെ ചിന്തയും പെരുമാറ്റവും അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് മോചിതമാണ് എന്നാണ്"- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ത്തവ്യ പാത കേവലം ഇഷ്ടികകളുടെയും കല്ലുകളുടെയും പാതയല്ലെന്നും മറിച്ച് ഇന്ത്യയുടെ ജനാധിപത്യ ഭൂതകാലത്തിന്റെയും എക്കാലത്തെയും ആദര്‍ശങ്ങളുടെയും ജീവിക്കുന്ന ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ ഇവിടെ വരുമ്പോള്‍ നേതാജിയുടെ പ്രതിമയും ദേശീയ യുദ്ധസ്മാരകവും വലിയ പ്രചോദനമാകുമെന്നും അത് അവരില്‍ കര്‍ത്തവ്യബോധം നിറയ്ക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നേരെമറിച്ച് ഇന്ത്യയിലെ ജനങ്ങളെ അടിമകളായി കണക്കാക്കിയിരുന്ന ബ്രിട്ടീഷ് രാജിന് വേണ്ടിയുള്ളതായിരുന്നു രാജ്പഥ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്പഥിന്റെ വികാരവും ഘടനയും അടിമത്തത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, എന്നാല്‍ ഇന്ന് വാസ്തുവിദ്യയിലെ മാറ്റത്തോടെ അതിന്റെ ആത്മാവും രൂപാന്തരപ്പെടുന്നു. ദേശീയ യുദ്ധസ്മാരകം മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ നീളുന്ന ഈ കര്‍ത്തവ്യ പാത കര്‍ത്തവ്യബോധത്തോടെ ഊര്‍ജ്ജസ്വലമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ത്തവ്യ പാതയുടെ പുനര്‍നിര്‍മാണത്തിന് സംഭാവനകള്‍ നല്‍കിയ തൊഴിലാളികള്‍ക്ക് പ്രധാനമന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തി. അവരുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, അവര്‍ ഹൃദയത്തില്‍ വഹിക്കുന്ന രാഷ്ട്രത്തിന്റെ മഹത്വമെന്ന സ്വപ്നത്തെ പ്രകീര്‍ത്തിച്ചു. അടുത്ത റിപ്പബ്ലിക് ദിന പരേഡില്‍ സെന്‍ട്രല്‍ വിസ്തയിലെ തൊഴിലാളികളും അവരുടെ കുടുംബങ്ങളും പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥികളായിരിക്കും. ഇന്ന് രാജ്യത്ത് ശ്രമിനോടും (തൊഴില്‍ ) ശ്രമജീവിയോടും (തൊഴിലാളികള്‍) ബഹുമാനം കാട്ടുന്ന  ഒരു പാരമ്പര്യമുണ്ടെന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.  നയങ്ങളില്‍ സംവേദനക്ഷമതയുണ്ടായാല്‍ തീരുമാനങ്ങളില്‍ സംവേദനക്ഷമതയുണ്ടാകുമെന്നും 'ശ്രമേവ് ജയതേ' രാജ്യത്തിന് ഒരു മന്ത്രമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. കാശി വിശ്വനാഥ ധാം, വിക്രാന്ത്, പ്രയാഗ് രാജ് കുംഭമേള എന്നിവിടങ്ങളിലെ തൊഴിലാളികളുമായി ആശയവിനിമയം നടത്തിയ കാര്യം അദ്ദേഹം അനുസ്മരിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ഗാലറികളിലൊന്നില്‍ മാന്യമായ സ്ഥാനം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഭൗതികവും ഗതാഗതപരവുമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം സാംസ്കാരിക അടിസ്ഥാനസൗകര്യങ്ങള്‍ക്കുവേണ്ടിയാണ് ഇന്നത്തെ ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പുതിയ എയിംസ്, മെഡിക്കല്‍ കോളജുകള്‍ , ഐഐടികള്‍ , കുടിവെള്ള കണക്ഷനുകള്‍ , അമൃത് സരോവര്‍ എന്നിവയുടെ ഉദാഹരണങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. ഗ്രാമീണ റോഡുകളും ആധുനിക എക്‌സ്പ്രസ് വേകളും റെയില്‍വേകളും മെട്രോ ശൃംഖലകളും പുതിയ വിമാനത്താവളങ്ങളും അഭൂതപൂര്‍വമായ രീതിയില്‍ ഗതാഗത അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ്. പഞ്ചായത്തുകളിലേക്കുള്ള ഒപ്റ്റിക്കല്‍ ഫൈബറും ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ റെക്കോര്‍ഡുകളും ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനം ആഗോള അംഗീകാരത്തിന്റെ വിഷയമാക്കി മാറ്റി. സാംസ്കാരിക അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, വിശ്വാസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ മാത്രമല്ല, മറിച്ച് നമ്മുടെ ചരിത്രം, നമ്മുടെ ദേശീയ നേതാക്കള്‍, നമ്മുടെ ദേശീയ പൈതൃകം എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞു. അത്തരം സ്ഥലങ്ങളുടെ വികസനവും തുല്യ പ്രാധാന്യത്താടെയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ദാര്‍ പട്ടേലിന്റെ ഏകതാപ്രതിമയായാലും ഗോത്ര സ്വാതന്ത്ര്യസമര സേനാനികള്‍ക്കായി സമര്‍പ്പിച്ച മ്യൂസിയമായാലും പ്രധാനമന്ത്രി മ്യൂസിയം ആയാലും ബാബാസാഹേബ് അംബേദ്കര്‍ സ്മാരകമായാലും ദേശീയ യുദ്ധസ്മാരകമായാലും ദേശീയ പോലീസ് സ്മാരകമായാലും, അവയെല്ലാം സാംസ്കാരിക അടിസ്ഥാനസൗകര്യങ്ങളുടെ ഉദാഹരണങ്ങളാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അവര്‍ നമ്മുടെ സംസ്കാരത്തെ ഒരു രാഷ്ട്രമായി നിര്‍വചിക്കുന്നുണ്ടെന്ന്  ശ്രീ മോദി വ്യക്തമാക്കി. നമ്മുടെ മൂല്യങ്ങള്‍ എന്താണെന്നും അവയെ നാം എങ്ങനെ സംരക്ഷിക്കുന്നുവെന്നും അത് നിര്‍വചിക്കുന്നു. സാമൂഹിക അടിസ്ഥാനസൗകര്യങ്ങള്‍, ഗതാഗത അടിസ്ഥാനസൗകര്യങ്ങള്‍ , ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍, സാംസ്കാരിക അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്ക് ഉത്തേജനം നല്‍കിക്കൊണ്ട് മാത്രമേ അഭിലാഷപൂര്‍ണമായ ഒരു ഇന്ത്യക്ക് ദ്രുതഗതിയിലുള്ള പുരോഗതി കൈവരിക്കാന്‍ കഴിയൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കര്‍ത്തവ്യ പാതയുടെ രൂപത്തില്‍ സാംസ്കാരിക അടിസ്ഥാനസൗകര്യങ്ങളുടെ മറ്റൊരു മഹത്തായ ഉദാഹരണം രാജ്യത്തിന് ഇന്ന് ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രസംഗം ഉപസംഹരിക്കവേ, പ്രധാനമന്ത്രി രാജ്യത്തെ ഓരോ പൗരനെയും പുതുതായി നിര്‍മിച്ച ഈ കര്‍ത്തവ്യ പാത അതിന്റെ എല്ലാ മഹത്വത്തിലും കാണാനായി ക്ഷണിച്ചു. "അതിന്റെ വികസനത്തില്‍, നിങ്ങള്‍ ഭാവിയിലെ ഇന്ത്യയെ കാണും. ഇവിടത്തെ ഊര്‍ജ്ജം നമ്മുടെ വിശാലമായ രാഷ്ട്രത്തിന് ഒരു പുതിയ കാഴ്ചപ്പാട്, ഒരു പുതിയ വിശ്വാസം എന്നിവ നല്‍കും"- പ്രധാനമന്ത്രി പറഞ്ഞു. നേതാജിയുടെ ജീവിതത്തെ ആസ്പദമാക്കി അടുത്ത മൂന്ന് ദിവസത്തേക്ക് നടക്കുന്ന ഡ്രോണ്‍ ഷോയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. #KartavyaPath എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന ചിത്രങ്ങള്‍ കാണാനും ഫോട്ടോ എടുക്കാനും പ്രധാനമന്ത്രി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. "ഈ പ്രദേശം മുഴുവന്‍ ഡല്‍ഹിയിലെ ജനങ്ങളുടെ ഹൃദയമിടിപ്പാണെന്ന് എനിക്കറിയാം, ധാരാളം പേർ വൈകുന്നേരം സമയം ചെലവഴിക്കാന്‍ കുടുംബത്തോടൊപ്പം വരുന്നു. ഇത് കണക്കിലെടുത്താണ് പാതയുടെ ആസൂത്രണം, രൂപകല്‍പ്പന, ലൈറ്റിംഗ് എന്നിവയും നടത്തിയത്"- അദ്ദേഹം പറഞ്ഞു.  "കര്‍ത്തവ്യ പാതയുടെ ഈ പ്രചോദനം രാജ്യത്ത് കര്‍ത്തവ്യത്തിന്റെ ഒരു ഒഴുക്ക് സൃഷ്ടിക്കുമെന്നും ഈ ഒഴുക്ക് പുതിയതും വികസിതവുമായ ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പൂര്‍ത്തീകരണത്തിലേക്ക് നമ്മെ നയിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു"-  പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി, കേന്ദ്ര ടൂറിസം മന്ത്രി ജി കിഷന്‍ റെഡ്ഡി, കേന്ദ്ര സാംസ്കാരിക സഹമന്ത്രിമാരായ അര്‍ജുന്‍ റാം മേഘ്വാള്‍, മീനാക്ഷി ലേഖി, കേന്ദ്ര ഭവന നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ത്തവ്യപഥ് ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ പ്രതിരൂപമായിരുന്ന പഴയ രാജ്പഥ‌ില്‍ നിന്ന് കര്‍ത്തവ്യ പഥിലേക്കുള്ള മാറ്റം പൊതു ഉടമസ്ഥതയുടെയും ശാക്തീകരണത്തിന്റെയും പ്രതീകമാണ്. ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. അമൃതകാലത്തെ നവ ഇന്ത്യക്കായുള്ള പ്രധാനമന്ത്രിയുടെ 'പഞ്ചപ്രാണി'ല്‍ രണ്ടാമത്തേതായ 'കോളനി വാഴ്ചയുടെ ചിന്താഗതിയിലെ ഏതെങ്കിലും അടയാളമുണ്ടെങ്കില്‍ നീക്കം ചെയ്യുക' എന്നതിന് അനുസൃതമാണ് ഈ നടപടികള്‍.

വര്‍ഷങ്ങളായി, സെന്‍ട്രല്‍ വിസ്ത അവന്യൂവിലെ രാജ്പഥും സമീപ പ്രദേശങ്ങളും സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിക്കുന്നതിന്റെ സമ്മർദത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇത് അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ സമ്മര്‍ദവും ചെലുത്തുന്നു. പൊതുകക്കൂസുകൾ, കുടിവെള്ളം, തെരുവ് ഫര്‍ണിച്ചറുകള്‍, മതിയായ പാര്‍ക്കിംഗ് സ്ഥലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇവിടെ അനുഭവപ്പെടുന്നുണ്ട്. അതുകൂടാതെ, അപര്യാപ്തമായ സൈനേജുകള്‍, ജലസംഭരണികളുടെ മോശം അറ്റകുറ്റപ്പണികള്‍, ക്രമരഹിതമായ പാര്‍ക്കിംഗ് എന്നിവയും ഇവിടെ പ്രകടമാണ്. മാത്രമല്ല, പൊതു സഞ്ചാരത്തിന് ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങളോടെ തടസമില്ലാത്ത രീതിയില്‍ റിപ്പബ്ലിക് ദിന പരേഡും മറ്റ് ദേശീയ പരിപാടികളും സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അനുഭവപ്പെടുന്നു. വാസ്തുവിദ്യാ സ്വഭാവത്തിന്റെ സമഗ്രതയും തുടര്‍ച്ചയും ഉറപ്പുവരുത്തുമ്പോഴും ഈ ആശങ്കകള്‍ മനസ്സില്‍ വച്ചാണ് പുനര്‍വികസനം നടത്തിയിരിക്കുന്നത്.

മനോഹരമായ ഭൂപ്രകൃതിയും, പുല്‍ത്തകിടികളുള്ള നടപ്പാതകളും, കൂട്ടിച്ചേര്‍ത്ത ഹരിത ഇടങ്ങളും, നവീകരിച്ച കനാലുകളും, പൊതുസൗകര്യത്തിനുള്ള പുതിയ ബ്ലോക്കുകളും, മെച്ചപ്പെട്ട സൈനേജുകളും, വ്യാപാര (വെന്‍ഡിംഗ്) കിയോസ്കുകളുമൊക്കെ കര്‍ത്തവ്യ പഥിലുണ്ടാകും. കൂടാതെ, കാല്‍നടയാത്രയ്ക്കുള്ള പുതിയ അടിപ്പാതകള്‍, മെച്ചപ്പെട്ട പാര്‍ക്കിംഗ് സ്ഥലങ്ങള്‍, പുതിയ എക്സിബിഷന്‍ പാനലുകള്‍, നവീകരിച്ച നിശാ ലൈറ്റിംഗ് എന്നിവ പൊതു അനുഭവം മെച്ചപ്പെടുത്തുന്ന മറ്റ് ചില സവിശേഷതകളുമാണ്. ഖരമാലിന്യ സംസ്‌കരണം, മഞ്ഞുമഴ പരിപാലനം, ഉപയോഗിച്ച ജലത്തിന്റെ പുനര്‍ ചാക്രീകരണം, മഴവെള്ള സംഭരണം, ജലസംരക്ഷണം, ഊര്‍ജകാര്യക്ഷമമായ ലൈറ്റിംഗ് സംവിധാനങ്ങള്‍ തുടങ്ങി നിരവധി സുസ്ഥിര സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഈ വര്‍ഷം ആദ്യം പരാക്രം ദിവസില്‍ (ജനുവരി 23) നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്ത അതേ സ്ഥലത്താണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചത്. കരിങ്കല്ലില്‍ നിര്‍മ്മിച്ച ഈ പ്രതിമ, നമ്മുടെ സ്വാതന്ത്ര്യ സമരത്തിന് നേതാജി നല്‍കിയ അപാരമായ സംഭാവനകള്‍ക്കുള്ള ഉചിതമായ ശ്രദ്ധാഞ്ജലിയും, ഒപ്പം അദ്ദേഹത്തോടുള്ള രാജ്യത്തിന്റെ കടപ്പാടിന്റെ പ്രതീകവുമാണ്. ശ്രീ അരുണ്‍ യോഗിരാജാണ്  പ്രധാന ശില്‍പി. 28 അടി ഉയരമുള്ള ഈ പ്രതിമ ഒരൊറ്റ  കരിങ്കല്ലില്‍ കൊത്തിയെടുത്തതാണ്, ഇതിന് 65 മെട്രിക് ടണ്‍ ഭാരവുമുണ്ട്.

--ND--


(Release ID: 1857914) Visitor Counter : 235


Read this release in: English , Urdu , Hindi , Gujarati