വാണിജ്യ വ്യവസായ മന്ത്രാലയം

ഇന്ത്യ-മൗറീഷ്യസ് ഉന്നതാധികാര സംയുക്ത വ്യാപാര സമിതിയുടെ ആദ്യ യോഗം

Posted On: 04 AUG 2022 2:05PM by PIB Thiruvananthpuram


 

ന്യൂ ഡൽഹി: ഓഗസ്റ്റ് 04, 2022
 

ഇന്ത്യ-മൗറീഷ്യസ് ഉന്നതാധികാര സംയുക്ത വ്യാപാര സമിതിയുടെ ആദ്യ യോഗം 2022 ഓഗസ്റ്റ് 01 മുതൽ 3 വരെ തീയതികളിൽ ന്യൂ ഡൽഹിയിൽ നടന്നു. കേന്ദ്ര വാണിജ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീകർ കെ റെഡ്ഡി, മൗറീഷ്യസ് ഗവൺമെന്റിന്റെ ട്രേഡ് പോളിസി ഡയറക്ടർ ശ്രീ. നരൈന്ദത്ത് ബൂധൂ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട മുതിർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

2021 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യ-മൗറീഷ്യസ് സമഗ്ര സാമ്പത്തിക സഹകരണ-പങ്കാളിത്ത കരാറിന്റെ (CECPA) കീഴിൽ രൂപീകരിച്ച ഈ ഉന്നതാധികാരസമിതി, പ്രസ്തുത കരാറിന്റെ പ്രവർത്തനവും നിർവഹണവും അവലോകനം ചെയ്യുന്നു.

ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ചരക്ക് വ്യാപാര മേഖലയിലെ വളർച്ചയെ ഇരുപക്ഷവും അഭിനന്ദിച്ചു. ഇത് 2019-20 ലെ 690.02 ദശലക്ഷം US ഡോളറിൽ നിന്ന് 2021-22 ൽ 786.72 ദശലക്ഷം US ഡോളറായി ഉയർന്നിട്ടുണ്ട്. വ്യാപാരം കൂടുതൽ വ്യാപിപ്പിക്കുന്നതിന് ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.

സിഇസിപിഎ കരാറിൽ പൊതു സാമ്പത്തിക സഹകരണവും (ജിഇസി) ഓട്ടോമാറ്റിക് ട്രിഗർ സേഫ്ഗാർഡ് മെക്കാനിസവും (എടിഎസ്എം) ഉൾപ്പെടുത്താൻ ഇരുപക്ഷവും തീരുമാനിച്ചു. പൊതു സാമ്പത്തിക സഹകരണം, കയറ്റുമതി മത്സരക്ഷമതയും കൂടാതെ സഹകരണത്തിനുള്ള നിലവിലുള്ള സാധ്യതകളും വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.

കസ്റ്റംസ് മ്യൂച്വൽ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻസ് എഗ്രീമെൻറ്റിൽ (സിഎംഎംഎ) ഏർപ്പെടാനുള്ള സന്നദ്ധത ഇരുപക്ഷവും പ്രകടിപ്പിക്കുകയും കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ഉടൻ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു.

ഇന്ത്യ-മൗറീഷ്യസ് ഉന്നതാധികാര സംയുക്ത വ്യാപാര സമിതിയുടെ അടുത്ത സെഷൻ 2023 ൽ നടത്താനും തീരുമാനമായി.

 
RRTN/SKY
 
****


(Release ID: 1848376) Visitor Counter : 156


Read this release in: English , Urdu , Hindi , Tamil