ഷിപ്പിങ് മന്ത്രാലയം

ഇന്ത്യൻ തീരത്ത് റോ-റോ, റോ-പാക്‌സ് ഫെറി സർവീസ് നടത്തുന്നതിനുള്ള കരട് മാർഗ്ഗനിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങൾക്കായി പുറത്തിറക്കി

Posted On: 16 JUN 2022 12:20PM by PIB Thiruvananthpuram
തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം (MoPSW), അതിന്റെ സാഗർമാല പദ്ധതിക്ക്  കീഴിൽ, രാജ്യത്ത് റോ-റോ (റോൾ-ഓൺ, റോൾ-ഓഫ്) ഫെറിയും ജലപാത ഗതാഗതവും പ്രോത്സാഹിപ്പിക്കുന്നതിനായി അനുകൂല സാഹചര്യമൊരുക്കാൻ ലക്ഷ്യമിടുന്നു. ഫെറി സർവീസിന്റെ അപാരമായ സാധ്യതകളും നേട്ടങ്ങളും കണക്കിലെടുത്ത്, മൊത്തം 1900 കോടി രൂപ പദ്ധതിച്ചെലവുള്ള 45 പദ്ധതികൾക്ക് മന്ത്രാലയം സാമ്പത്തിക സഹായം നൽകുന്നു.

തല്പര കക്ഷികളിൽ  നിന്ന് ലഭിച്ച പ്രാഥമിക നിർദേശങ്ങൾ ഉൾപ്പെടുത്തി, ഇന്ത്യയുടെ തീരത്ത് റോ-റോ, റോ-പാക്‌സ് ഫെറി സർവീസ് എന്നിവ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ കരട് മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ  ഫെറി പ്രവർത്തനത്തിന്റെ രണ്ട് വശങ്ങൾ ഉൾക്കൊള്ളുന്നു; ടെർമിനൽ പ്രവർത്തനത്തിനുള്ള ഇളവുകളും റോ-പാക്സ് കപ്പലുകളുടെ പ്രവർത്തനത്തിനുള്ള ലൈസൻസും.

ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഫെറി സേവനങ്ങളുടെ വികസനവും പ്രവർത്തനങ്ങളും ഏകീകരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യും. അതോടൊപ്പം, അനാവശ്യ കാലതാമസങ്ങൾ ഒഴിവാക്കി, ഉപഭോക്തൃ തലത്തിൽ ഡിജിറ്റൽ ഇടപെടലുകൾ അവതരിപ്പിച്ചുകൊണ്ട് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നു. നടപടിക്രമങ്ങളുടെ ഏകീകരണം വഴി ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിന് സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ  സർക്കാരുകളെയും തുറമുഖ അതോറിറ്റികളെയും ഇത് സഹായിക്കും. കൂടാതെ, സ്വകാര്യ മേഖലയിലുള്ളവർക്കിടയിൽ ആത്മവിശ്വാസം വളർത്താൻ ഇത് സഹായിക്കും.

ഇന്ത്യയുടെ തീരത്ത് റോ-റോ, റോ-പാക്‌സ് ഫെറി സർവീസ് നടത്തുന്നതിനുള്ള കരട് മാർഗ്ഗനിർദ്ദേശങ്ങളിൽ എല്ലാ പങ്കാളികളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടാൻ മന്ത്രാലയം ഉദ്ദേശിക്കുന്നു.

https://shipmin.gov.in/https://sagarmala.gov.in/ എന്നീ ലിങ്കുകളിൽ നിന്നും യഥാക്രമം തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം,സാഗർമാല എന്നിവയുടെ വെബ്‌സൈറ്റുകളിലുള്ള കരട് നിർദ്ദേശങ്ങൾ കാണാനാകും . പ്രസിദ്ധീകരണ തീയതി മുതൽ 21 ദിവസത്തിനുള്ളിൽ മാർഗ്ഗനിർദ്ദേശങ്ങളുടെ അനെക്സർ I ആയി ചേർത്തിരിക്കുന്ന പ്രൊഫോമയിൽ sagar.mala@gov എന്ന വിലാസത്തിലേക്ക് അഭിപ്രായങ്ങൾ അയയ്‌ക്കാൻ കഴിയും.
***


(Release ID: 1834495) Visitor Counter : 170