വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാള ഹൃസ്വ കഥാചിത്രത്തിനും , അനിമേഷൻ ചിത്രത്തിനും രജത പുരസ്ക്കാരം



Posted On: 04 JUN 2022 5:55PM by PIB Thiruvananthpuram

ഡോക്യുമെന്ററി , ഹ്രസ്വ, അനിമേഷൻ ചിത്രങ്ങൾക്കായുള്ള   2022 ലെ  മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (മിഫ്‌ 2022 )  സുധേഷ് ബാലൻ  സംവിധാനം ചെയ്ത ഹൃസ്വ  കഥാചിത്രമായ  'സാക്ഷാത്ക്കാരത്തിന്"  രജത  പുരസ്ക്കാരം ലഭിച്ചു. അനിമേഷൻ ചിത്ര വിഭാഗത്തിൽ  അദിതി കൃഷ്ണദാസിന്റെ "കണ്ടിട്ടുണ്ട്" രജത ശംഖ്  കരസ്ഥമാക്കി. 

സുധേഷ് ബാലൻ ഐഐടി ബോംബെയിലെ ഐഡിസി സ്കൂൾ ഓഫ് ഡിസൈനിലെ കമ്മ്യൂണിക്കേഷൻ ഡിസൈൻ ഫാക്കൽറ്റി അംഗമാണ്,  ഐഐടി ബോംബെയിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് അദ്ദേഹം. 

സാക്ഷാത്ക്കാരം " എന്ന  ഹ്രസ്വ കഥാചിത്രം , തന്റെ പ്രിയപ്പെട്ട ഭാര്യയുടെ മരണത്തിൽ വിലപിക്കുന്ന ഒരു പുരുഷന്റെ ആന്തരിക സംഘർഷങ്ങളിലേക്കും യാത്രകളിലേക്കും സിനിമാ പ്രേമികളെ കൊണ്ടുപോകുകയും, തന്റെ വീണ്ടെടുപ്പിനായുള്ള അന്വേഷണത്തിൽ പങ്കെടുക്കാനും പ്രചോദനം നൽകാനും അവരെ ക്ഷണിക്കുകായും ചെയ്യുന്നു.  മതപരമായ അതിർവരമ്പുകൾ ഭേദിച്ച് മാനവികതയെ ഊട്ടിയുറപ്പിക്കുന്ന വികാരനിർഭരമായ  കഥയാണ്  മികച്ച  രണ്ടാമത്തെ ഹ്രസ്വ-കഥാചിത്രമായി   തിരഞ്ഞെടുക്കപ്പെട്ട   ഈ ചിത്രത്തിനുള്ളത് . ഡെന്മാർക്കിലെ ഫറോ ദ്വീപിലെ ഫറോസ് ഭാഷയിലുള്ള "ബ്രദർ ടോൾ " എന്ന ചിത്രവുമായിട്ടാണ് ഈ ചിത്രം രജത പുരസ്ക്കാരം പങ്കിട്ടത്. രണ്ടര ലക്ഷം രൂപയും, രജത ശംഖും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ്  പുരസ്ക്കാരം. 

അലിയോണ വാൻ ഡെർ ഹോർസ്റ്റ് സംവിധാനം ചെയ്ത  ഡച്ച് ഡോക്യൂമെന്ററി ചിത്രമായ "ടേൺ യുവർ ബോഡി ടു ദി സണ്ണി"നാണ് സുവർണ്ണ പുരസ്ക്കാരം . രണ്ടാം ലോക മഹായുദ്ധ കാലത്തു്  നാസി ഭടന്മാരുടെ തടവിലാക്കപ്പെട്ട  ഒരു സോവിയറ്റ് യുദ്ധത്തടവുകാരന്റെ അവിശ്വസനീയമായ കഥയാണ് ഈ ചിത്രത്തിന്റേത് . ഇന്ത്യയ്ക്ക്  പുറമെ വിവിധ  രാജ്യങ്ങളിൽ നിന്നുള്ള  18 ഡോക്യൂമെന്ററികൾ  അന്താരാഷ്ട്രവിഭാഗത്തിൽ മത്സരത്തിനുണ്ടായിരുന്നു. 

പോളിഷ് ചിത്രമായ  ‘പ്രിൻസ് ഇൻ എ പേസ്ട്രി ഷോപ്പ്’ ആനിമേഷൻ വിഭാഗത്തിൽ  രജത പുരസ്ക്കാരം നേടി. 

മുംബയിലെ  നെഹ്‌റു സെന്ററിൽ ഇന്ന് വൈകിട്ട് നടന്ന  സമാപന ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ ശ്രീ ഭഗത് സിംഗ് കോഷിയാരി സമ്മാനദാനം നിർവ്വഹിച്ചു.  വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി  ഡോ. എൽ. മുരുഗൻ മുഖ്യാതിഥി ആയിരുന്നു. 10 ലക്ഷം രൂപയും , സുവർണ്ണ ശംഖും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് സുവർണ്ണ പുരസ്ക്കാരം.

 

-ND-


(Release ID: 1831155) Visitor Counter : 241


Read this release in: English , Urdu , Hindi , Marathi