ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
വിവര സുരക്ഷാ സമ്പ്രദായങ്ങൾ, നടപടിക്രമങ്ങൾ, നിവാരണം, പ്രതികരണം, സൈബർ സംഭവങ്ങളുടെ റിപ്പോർട്ടിംഗ് എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ CERT-In പുറപ്പെടുവിച്ചു
Posted On:
28 APR 2022 2:14PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 28 , 2022
2000-ലെ വിവര സാങ്കേതിക നിയമം, വകുപ്പ് 70B-ലെ വ്യവസ്ഥകൾ പ്രകാരം ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) രാജ്യത്തെ സൈബർ സുരക്ഷാ മേഖലയിൽ വിവിധ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിനുള്ള ദേശീയ ഏജൻസിയായി നിലകൊള്ളുന്നു.
സൈബർ ഭീഷണികൾ തുടർച്ചയായി വിശകലനം ചെയ്യുക, സൈബർ സംഭവങ്ങൾ നിരീക്ഷിക്കുക, റിപ്പോർട്ടു ചെയ്യുക തുടങ്ങിയ ചുമതലകൾ CERT-In നിർവ്വഹിക്കുന്നു. സംഘടനകൾക്കും ഉപയോക്താക്കൾക്കും അവരുടെ ഡാറ്റ/വിവരങ്ങൾ, ICT അടിസ്ഥാനസൗകര്യങ്ങൾ എന്നിവ പരിരക്ഷിക്കാൻ CERT-In പതിവായി ഉപദേശങ്ങൾ നൽകുന്നു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രതികരണ പ്രവർത്തനങ്ങളും അടിയന്തര നടപടികളും ഏകോപിപ്പിക്കുന്നതിന്, സേവന ദാതാക്കൾ, ഇടനിലക്കാർ (intermediaries), ഡാറ്റാ സെന്ററുകൾ, കമ്പനികൾ തുടങ്ങിയവയിൽ നിന്നുള്ള വിവരങ്ങൾ CERT-In ആവശ്യപ്പെടുന്നു.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രതികരണ നടപടികൾ സുഗമമാക്കുന്നതിന്, 2000-ലെ വിവര സാങ്കേതിക നിയമം, വകുപ്പ് 70B ഉപവകുപ്പ് (6) -ലെ വ്യവസ്ഥകൾ പ്രകാരമുള്ള വിവര സുരക്ഷാ രീതികൾ, നടപടിക്രമങ്ങൾ, നിവാരണം, പ്രതികരണം, സൈബർ സംഭവങ്ങളുടെ റിപ്പോർട്ടിംഗ് എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ CERT-In പുറപ്പെടുവിച്ചു. നിർദ്ദേശങ്ങൾ 60 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും.
നിർദ്ദേശങ്ങളിൽ ഐസിടി സിസ്റ്റം ക്ലോക്കുകളുടെ സമന്വയവുമായി ബന്ധപ്പെട്ട വശങ്ങൾ; സൈബർ സംഭവങ്ങളുടെ CERT-In-ലെ നിർബന്ധിത റിപ്പോർട്ടിംഗ്; ഐസിടി സിസ്റ്റം ലോഗ് പരിപാലനം; ഡാറ്റാ സെന്ററുകൾ, വെർച്വൽ പ്രൈവറ്റ് സെർവർ (VPS) ദാതാക്കൾ, VPN സേവന ദാതാക്കൾ, ക്ലൗഡ് സേവന ദാതാക്കൾ തുടങ്ങിയവയുടെ വരിക്കാരുടെ/ഉപഭോക്തൃ രജിസ്ട്രേഷൻ വിശദാംശങ്ങൾ; വെർച്വൽ അസറ്റ് സേവന ദാതാക്കൾ, വെർച്വൽ അസറ്റ് എക്സ്ചേഞ്ച് ദാതാക്കൾ, കസ്റ്റോഡിയൻ വോലെറ്റ് ദാതാക്കൾ എന്നിവരുടെ KYC മാനദണ്ഡങ്ങളും സമ്പ്രദായങ്ങളും എന്നിവ ഉൾക്കൊള്ളുന്നു. ഈ നിർദ്ദേശങ്ങൾ രാജ്യത്ത് സമഗ്രമായ സൈബർ സുരക്ഷയ്ക്കും, സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനും സഹായകമാകും.
CERT-In പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ https://www.cert-in.org.in/Directions70B.jsp എന്ന ലിങ്കിൽ ലഭ്യമാണ്.
RRTN/SKY
(Release ID: 1820991)
Visitor Counter : 282