സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
അംഗപരിമിതരുടെ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും ചിലിയും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
Posted On:
27 APR 2022 4:45PM by PIB Thiruvananthpuram
അംഗപരിമിതരുടെ മേഖലയിലെ സഹകരണത്തിനായി ഇന്ത്യയും ചിലിയും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിന് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഭിന്നശേഷി മേഖലകളിലെ സംയുക്ത സംരംഭങ്ങളിലൂടെ ഇന്ത്യാ ഗവണ്‍മെന്റിന്റെയും ചിലി ഗവണ്‍മെന്റിന്റേയും അംഗപരിമിതരെ ശാക്തീകരിക്കുന്ന വകുപ്പുകൾ തമ്മിലുള്ള സഹകരണം ഈ ഉഭയകക്ഷി ധാരണാപത്രം പ്രോത്സാഹിപ്പിക്കും. ഇന്ത്യയും ചിലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ഇത് ശക്തിപ്പെടുത്തും.
അംഗപരിമിതരുടെ മേഖലയില്‍ പ്രത്യേകിച്ച് ഇനിപ്പറയുന്ന രംഗങ്ങളില്‍ സഹകരണത്തിനുള്ള ഒരു താല്‍പര്യപത്രം ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വച്ചിരുന്നു :
1. അംഗപരിമിത നയം, സേവനങ്ങളുടെ വിതരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടല്‍.
2. വിവരങ്ങളുടെയും അറിവിന്റെയും കൈമാറ്റം.
3. സഹായ ഉപകരണ സാങ്കേതികവിദ്യയില്‍ സഹകരണം.
4. അംപരിമിതരുടെ മേഖലയില്‍ പരസ്പര താല്‍പ്പര്യമുള്ള പദ്ധതികളുടെ വികസനം.
5. പരിമിതികള്‍ നേരത്തെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും.
6. വിദഗ്ധര്‍, അക്കാദമികവിദഗ്ധന്മാര്‍, മറ്റ് ഭരണപരമായ ജീവനക്കാര്‍ എന്നിവരുടെ കൈമാറ്റം.
ഇതിന്റെ കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ വഹിക്കുന്നതിനുള്ള ധനസഹായത്തിനുള്ള സംവിധാനം ധാരണാപത്രം ലഭ്യമാക്കും. ഫണ്ടുകളുടെയും വിഭവങ്ങളുടെയും ലഭ്യതയ്ക്ക് വിധേയമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ ഓരോ കേസിന്റെ അടിസ്ഥാനത്തില്‍ ഇരു ഗവണ്‍മെന്റുകളും പരസ്പരം തീരുമാനിക്കും. സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള അന്താരാഷ്ട്ര യാത്ര/താമസത്തിനുള്ള ചെലവ് എന്നിവ സന്ദര്‍ശന രാജ്യം വഹിക്കും, അതേസമയം യോഗങ്ങള്‍ നടത്തുന്നതിനുള്ള ചെലവ് ആതിഥേയ രാജ്യമായിരിക്കും വഹിക്കുക.
വിവിധ വിഷയങ്ങളിലെ പൊതുവായ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യ ചിലി ബന്ധങ്ങള്‍ ഊഷ്മളവും സൗഹാര്‍ദ്ദപരവുമാണ്. 2019-20 ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വര്‍ഷം അടയാളപ്പെടുത്തിയിരുന്നു.. 2005 ലും 2009 ലും ബഹുമാനപ്പെട്ട ചിലി പ്രസിഡന്റിന്റെ രണ്ട് സന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന ഉന്നതതല സന്ദര്‍ശനങ്ങളുടെ കൈമാറ്റത്തിലൂടെ ഉഭയകക്ഷി ബന്ധം വര്‍ഷങ്ങളായി ദൃഢമായിട്ടുമുണ്ട്.
--ND--
(Release ID: 1820573)