സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

പ്രചോദനാത്മകമായ കഥകൾ പ്രമേയമായ ഹ്രസ്വ വീഡിയോ പരമ്പര 'ആസാദി കി അമൃത് കഹാനിയാം' കേന്ദ്രമന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ പുറത്തിറക്കി

Posted On: 26 APR 2022 4:18PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി, ഏപ്രിൽ 26, 2022

'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി സഹകരിച്ച് നിർമ്മിച്ച ഹ്രസ്വ വീഡിയോ പരമ്പരയായ ‘ആസാദി കി അമൃത് കഹാനിയാം’ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ഇന്ന് പുറത്തിറക്കി. ചടങ്ങിൽ സഹമന്ത്രി ഡോ എൽ മുരുകൻ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ അപൂർവ ചന്ദ്ര, നെറ്റ്ഫ്ലിക്സ് ഗ്ലോബൽ ടിവി മേധാവി ബേല ബജാരിയ എന്നിവരും പങ്കെടുത്തു.

കോസി നദിയെ പുനരുജ്ജീവിപ്പിക്കുന്നതിന് നൽകിയ സംഭാവനകൾക്ക് പേരുകേട്ട പിത്തോർഗഡിൽ നിന്നുള്ള പത്മ അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ ബസന്തി ദേവി; അഞ്ച് ദിവസത്തിനുള്ളിൽ രണ്ട് തവണ എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യത്തെ വനിത എന്ന നേട്ടം 2017-ൽ സ്വന്തമാക്കിയ പത്മശ്രീ ജേതാവ് അൻഷു ജംസെൻപ; ഇന്ത്യയിലെ ആദ്യ വനിതാ അഗ്നിശമനസേനാംഗമായ ഹർഷിണി കൻഹേക്കർ തുടങ്ങിയവരെ ചടങ്ങിൽ ശ്രീ അനുരാഗ് ഠാക്കൂർ ആദരിച്ചു.

ഇന്ത്യക്കാരുടെ പ്രചോദനാത്മകമായ കഥകൾ പുറത്തു കൊണ്ടുവരികയെന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഈ കഥകൾ കൂടുതൽ ആളുകളെ അവരുടെ ലക്ഷ്യപൂർത്തിയ്ക്കായി പ്രേരിപ്പിക്കുമെന്നും ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ സദസ്സിനെ അഭിസംബോധന ചെയ്യവെ വ്യക്തമാക്കി. വ്യത്യസ്‌ത പ്രമേയങ്ങളും വൈവിധ്യമാർന്ന കഥകളും എടുത്തു കാണിക്കുന്നതിനുള്ള ദീർഘകാല പങ്കാളിത്തമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീ ശാക്തീകരണം, പരിസ്ഥിതി, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളിൽ നെറ്റ്ഫ്ലിക്സ് ഇരുപത്തിയഞ്ച് വീഡിയോകൾ നിർമ്മിക്കും. മന്ത്രാലയത്തിനായി രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങൾ നെറ്റ്ഫ്ലിക്സ് നിർമ്മിക്കും. അവ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിൽ പങ്കിടുന്നതിനൊപ്പം ദൂരദർശൻ ശൃംഖലയിലും സംപ്രേക്ഷണം ചെയ്യുമെന്ന് ശ്രീ ഠാക്കൂർ വ്യക്തമാക്കി.

ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്നതിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ പ്രചോദനാത്മകമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ഇന്ത്യയിലെ ചലച്ചിത്ര നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി നെറ്റ്ഫ്ലിക്സും മന്ത്രാലയവും പരിശീലന ശിൽപശാലകളും മാസ്റ്റർ ക്ലാസുകളും സംഘടിപ്പിക്കുന്നത് തുടരുമെന്ന് ശ്രീ ഠാക്കൂർ അറിയിച്ചു.

വിപരീത പരിതസ്ഥിതികൾ അതിജീവിച്ചതിന്റെ അനുഭവങ്ങൾ പങ്കിടുന്ന രാജ്യത്തുടനീളമുള്ള ഏഴ് വനിതാ പരിവർത്തന സൃഷ്ടാക്കളുടെ കഥ പറയുന്ന വീഡിയോകളുടെ ആദ്യ സെറ്റ് നിർമ്മിക്കാൻ മന്ത്രാലയവും നെറ്റ്ഫ്ലിക്സും സഹകരിച്ചു പ്രവർത്തിച്ചു.

ഏഴ് വനിതാ പരിവർത്തന സൃഷ്ടാക്കളിൽ ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിൽ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് എല്ലാവർക്കും കോവിഡ് പ്രതിരോധകുത്തിവയ്‌പ്പ് ഉറപ്പാക്കിയ ആരോഗ്യ പ്രവർത്തക പൂനം നൗതിയാൽ; ഇന്ത്യൻ മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ആദ്യ വനിതാ ശാസ്ത്രജ്ഞയായ ഡോ. ടെസ്സി തോമസ്; ഇന്ത്യയിലെ ആദ്യത്തെ മത്സരാധിഷ്ഠിത വനിതാ സ്റ്റാൻഡ്-അപ്പ് പാഡിൽബോർഡർ തൻവി ജഗദീഷ്; ലൈറ്റ് സ്പോർട്ട് വിമാനത്തിൽ അറ്റ്ലാന്റിക് സമുദ്രവും പസഫിക് സമുദ്രവും ഒറ്റയ്ക്ക്  താണ്ടിയ ലോകത്തെ ആദ്യ വനിതാ പൈലറ്റും ഏറ്റവും പ്രായം കുറഞ്ഞ വനിതയും ആയ ആരോഹി പണ്ഡിറ്റ് തുടങ്ങിയവർ ഉൾപ്പെടുന്നു.

ബസന്തി ദേവി, അൻഷു, ഹർഷിണി എന്നിവരെ അവതരിപ്പിക്കുന്ന മൂന്ന് വീഡിയോകളും പരമ്പരയുടെ വിശദാംശങ്ങളിലേക്ക് ഒളിവീശുന്ന ട്രെയിലറും ഇന്ന് പുറത്തിറങ്ങി.

കോസി നദിയുടെ രക്ഷക ബസന്തി ദേവിയുടെ കഥ:
https://youtu.be/oKI56bD51OI

എവറസ്റ്റ് കീഴടക്കിയ അൻഷു ജംസെൻപയുടെ കഥ:
https://youtu.be/6FsxDZMXr3k 

ജീവിക്കാൻ അഗ്നിയോട് പോരാടുന്ന ധീരവനിത ഹർഷിണി കൻഹേക്കറിന്റെ കഥ:
https://youtu.be/kBD2Dfr4rek

'ആസാദി കി അമൃത് കഹാനിയാം' വീഡിയോകൾ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ ഉടൻ ലഭ്യമാകും. 'ആസാദി കി അമൃത് കഹാനിയാം' സമാരംഭ പരിപാടി ഇവിടെ ലഭ്യമാണ്:
https://youtu.be/MgfodJ5zmkk

 
RRTN/SKY

(Release ID: 1820153) Visitor Counter : 186