ഉപരാഷ്ട്രപതിയുടെ കാര്യാലയം

എല്ലാ മേഖലകളിലും ഇന്ത്യയെ സ്വയംപര്യാപ്തമാക്കാന്‍ ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി: ഉപരാഷ്ട്രപതി NPOL സന്ദര്‍ശിച്ചു

Posted On: 02 JAN 2022 6:52PM by PIB Thiruvananthpuram

തന്ത്രപ്രധാന മേഖലകള്‍ അടക്കം എല്ലാ മേഖലകളിലും ഇന്ത്യയെ പൂര്‍ണ്ണമായും സ്വയം പര്യാപ്തം ആക്കാന്‍ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു ആഹ്വാനം ചെയ്തു. കൊച്ചിയിലുള്ള നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രഫിക്ക് ലബോറട്ടറിയിലെ (NPOL) ശാസ്ത്രജ്ഞരെയും ജീവനക്കാരെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

 

തദ്ദേശീയമായ ഉത്പന്നങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി പ്രതിരോധ മേഖലയിലെ ഇറക്കുമതി കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയും ഓര്‍മിപ്പിച്ചു. ഗവേഷണ-വികസന മേഖലകളില്‍ വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി കൃത്യമായ ഗുണമേന്മ ഉറപ്പാക്കിക്കൊണ്ട് തന്നെ സാധ്യമായ ഇടങ്ങളില്‍ സ്വകാര്യപങ്കാളിത്തം അനുവദിക്കേണ്ടത് ഉണ്ടെന്നും അഭിപ്രായപ്പെട്ടു. 

 

വരും ദശാബ്ദങ്ങളില്‍ ഒരു ആഗോള സൂപ്പര്‍ പവര്‍ ആയി മാറാനുള്ള കരുത്തുറ്റ യാത്രയിലാണ് ഇന്ത്യ എന്ന് വ്യക്തമാക്കിയ ഉപരാഷ്ട്രപതി ഇന്ത്യയുടെ സുരക്ഷാ ശക്തിപ്പെടുത്തുന്നതിനായി ബഹിരാകാശം, പ്രതിരോധം അടക്കമുള്ള മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.

 

പ്രതിരോധ ഉത്പന്നങ്ങള്‍ ഏറ്റവും കൂടുതലായി ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്ന വസ്തുത ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, ഇത്തരമൊരു പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന NPOL പോലെയുള്ള ഒരു ചെറിയ പരീക്ഷണശാലയുടെ സംഭാവന അഭിനന്ദനാര്‍ഹം ആകുന്നത് എന്ന് വിലയിരുത്തി. 

നമ്മുടെ അയല്‍പക്കങ്ങളിലെ ഭൗമ- രാഷ്ട്രീയസാഹചര്യങ്ങള്‍ കണക്കിലെടുത്ത്, ദേശീയ സുരക്ഷയില്‍ NPOL വഹിക്കുന്ന പങ്ക് നിസ്തുലമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നാവിക സേനയിലെ എല്ലാ അന്തര്‍വാഹിനികളും, പടകപ്പലുകളും NPOL നിര്‍മ്മിച്ച സോണാറുകള്‍ ആണ് ഉപയോഗപ്പെടുത്തുന്നത് എന്ന് ഉപ രാഷ്ട്രപതി ഓര്‍മിപ്പിച്ചു. ഈ മേഖലയിലെ ഇറക്കുമതി കുറച്ചത് വഴി നല്‍കിയ സാമൂഹിക-സാമ്പത്തിക മെച്ചങ്ങള്‍ക്കപ്പുറം, സങ്കീര്‍ണവും അതീവപ്രാധാന്യം ഉള്ളതുമായ ഒരു സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടിയതിലൂടെ അന്തര്‍വാഹിനി തല പോര്‍ മുഖങ്ങളില്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കാന്‍ NPOL സഹായിച്ചതായി ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. 

സമുദ്രാന്തര്‍ നിരീക്ഷണ സംവിധാനങ്ങളുടെ മേഖലയിലെ ഒരു മുന്‍നിര ഗവേഷണ-വികസന സ്ഥാപനമായി വളര്‍ന്ന പരീക്ഷണശാലയെ അഭിനന്ദിച്ച ഉപരാഷ്ട്രപതി രാജ്യത്തിന്റെ നിരവധി പരീക്ഷണ പദ്ധതികളിലും, സാങ്കേതികവിദ്യാ പ്രദര്‍ശന പരിപാടികളിലും NPOL പ്രവര്‍ത്തിച്ചു വരുന്നതായി അറിയിച്ചു. വരുന്ന പതിനഞ്ച് വര്‍ഷക്കാലത്തെയ്ക്ക് ഇന്ത്യന്‍ നാവികസേനയുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം ആകുന്ന വിധത്തില്‍ ഒരു സംയോജിത സമുദ്ര നിരീക്ഷണ സംവിധാനമായ INTEGRATED MARITIME SURVEILLANCE (INMARS) ന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഒപ്പമാണ് ഇത്.

വ്യവസായ മേഖലയുമായി ശക്തമായ ഒരു ശൃംഖല സ്ഥാപിച്ചതില്‍ NPOL നെ അഭിനന്ദിച്ച ഉപരാഷ്ട്രപതി ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളുടെ പരിഹാരം ലക്ഷ്യമിട്ടുള്ള പുത്തന്‍തലമുറ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന്  സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ നൂറോളം പ്രാദേശിക വ്യവസായ സംരംഭങ്ങളെ, NPOL വളര്‍ത്തിക്കൊണ്ടു വരുന്നതും ചൂണ്ടിക്കാട്ടി. 

ലബോറട്ടറിയുടെ മുന്‍പിലായി ഡോക്ടര്‍ എ പി ജെ അബ്ദുല്‍ കലാം സ്മാരകവും ഉപരാഷ്ട്രപതി സമര്‍പ്പിച്ചു.

കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍, ഡയറക്ടര്‍ ജനറല്‍ (നേവല്‍ സിസ്റ്റംസ് & മെറ്റീരിയല്‍സ്), ഡോ. സമീര്‍ വി. കാമത്, നേവല്‍ ഫിസിക്കല്‍ ആന്‍ഡ്  ഓഷ്യനൊഗ്രഫിക് ലബോററ്ററി ഡയറക്ടര്‍ ശ്രീ എസ് വിജയന്‍ പിള്ള, ദക്ഷിണ നാവിക കമാന്‍ഡ് ചീഫ് സ്റ്റാഫ്‌ ഓഫീസർ (പരിശീലനം ) റിയർ അഡ്മിറൽ ടി വി എൻ പ്രസന്ന അടക്കമുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

 

 



(Release ID: 1786963) Visitor Counter : 197