പ്രധാനമന്ത്രിയുടെ ഓഫീസ്
പിഎം-കിസാന്‍ പത്താം ഗഡു പ്രധാനമന്ത്രി വിതരണംചെയ്തു
ഗുണഭോക്താക്കളായ 10 കോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് 20,000 കോടിയിലധികം രൂപ കൈമാറി
ഏകദേശം 351 എഫ്പിഒകള്‍ക്കായി 14 കോടിയിലധികം രൂപയുടെ ഓഹരി ധനസഹായവും പ്രധാനമന്ത്രി വിതരണം ചെയ്തു; 1.24 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് ഇതു പ്രയോജനപ്രദമാകും
''നമ്മുടെ ചെറുകിട കര്‍ഷകരുടെ വളര്‍ച്ചയ്ക്ക് കൂട്ടായ രൂപം നല്‍കുന്നതില്‍ എഫ്പിഒകള്‍ പ്രധാന പങ്കുവഹിക്കുന്നു''
''രാജ്യത്തെ കര്‍ഷകന്റെ ആത്മവിശ്വാസമാണ് രാജ്യത്തിന്റെ മുഖ്യശക്തി''
''2021-ലെ നേട്ടങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നാം പുതിയ യാത്ര ആരംഭിക്കേണ്ടതുണ്ട്''
''രാഷ്ട്രം ആദ്യം എന്ന മനോഭാവത്തോടെ രാഷ്ട്രത്തിനു സമര്‍പ്പിക്കുക എന്നത് ഇന്ന് ഓരോ ഇന്ത്യക്കാരന്റെയും വികാരമായി മാറുകയാണ്. അതുകൊണ്ടാണ് ഇന്ന് നമ്മുടെ പരിശ്രമങ്ങളിലും തീരുമാനങ്ങളിലും ഐക്യം നിലനില്‍ക്കുന്നത്. ഇന്ന് നമ്മുടെ നയങ്ങളില്‍ സ്ഥിരതയും തീരുമാനങ്ങളില്‍ ദീര്‍ഘവീക്ഷണവുമുണ്ട്''
''ഇന്ത്യയിലെ കര്‍ഷകര്‍ക്കുള്ള വലിയ പിന്തുണയാണു പിഎം കിസാന്‍ സമ്മാന്‍ നിധി. ഇന്നു വിതരണം ചെയ്ത തുക കൂടി കണക്കിലെടുത്താല്‍, ഇതുവരെ 1.8 ലക്ഷം കോടിയിലധികം രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി''
प्रविष्टि तिथि:
01 JAN 2022 3:15PM by PIB Thiruvananthpuram
താഴേത്തട്ടിലുള്ള കര്‍ഷകരെ ശാക്തീകരിക്കാനുള്ള പ്രതിബദ്ധതയുടെയും ദൃഢനിശ്ചയത്തിന്റെയും ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിയുടെ പത്താം ഗഡു സാമ്പത്തിക ആനുകൂല്യം വിതരണം ചെയ്തു. ഗുണഭോക്താക്കളായ പത്തുകോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിലൂടെ 20,000 കോടിയിലേറെ രൂപ കൈമാറാനായി. പരിപാടിയില്‍ ഏകദേശം 351 കാര്‍ഷികോല്‍പ്പാദന സംഘടനകള്‍ക്കായി (എഫ്പിഒകള്‍) 14 കോടിയിലധികം രൂപയുടെ ഓഹരി ധനസഹായവും പ്രധാനമന്ത്രി വിതരണം ചെയ്തു. 1.24 ലക്ഷത്തിലധികം കര്‍ഷകര്‍ക്കാണ് ഇതു പ്രയോജനപ്പെടുന്നത്. ചടങ്ങിനിടെ പ്രധാനമന്ത്രി എഫ്പിഒകളുമായി സംവദിച്ചു. കേന്ദ്രമന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമറും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എല്‍ജിമാരും കൃഷിമന്ത്രിമാരും കര്‍ഷകരും പരിപാടിയില്‍ പങ്കെടുത്തു.
ഉത്തരാഖണ്ഡില്‍ നിന്നുള്ള എഫ്പിഒയുമായി സംവദിച്ച പ്രധാനമന്ത്രി, അവര്‍ ജൈവകൃഷി തെരഞ്ഞെടുത്തതിനെക്കുറിച്ചും ജൈവ ഉല്‍പ്പന്നങ്ങളുടെ സര്‍ട്ടിഫിക്കേഷന്റെ വഴികളെക്കുറിച്ചും ആരാഞ്ഞു. എഫ്പിഒയുടെ ജൈവ ഉല്‍പന്ന വിപണനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ജൈവവളങ്ങള്‍ എങ്ങനെ ക്രമീകരിക്കുന്നുവെന്നും എഫ്പിഒ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. രാസവളം ആശ്രയിക്കുന്നത് കുറയ്ക്കുകയും കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ പ്രകൃതിദത്ത-ജൈവക്കൃഷി വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്‍മെന്റ് ശ്രമം നടത്തുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
ധാന്യാവശിഷ്ടങ്ങള്‍ കത്തിക്കാതെ നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പഞ്ചാബില്‍ നിന്നുള്ള എഫ്പിഒ പ്രധാനമന്ത്രിയെ അറിയിച്ചു. സൂപ്പര്‍സീഡറെക്കുറിച്ചും ഗവണ്‍മെന്റ് ഏജന്‍സികളില്‍ നിന്നുള്ള സഹായത്തെക്കുറിച്ചും അവര്‍ സംസാരിച്ചു. ധാന്യാവശിഷ്ടങ്ങള്‍ സംസ്‌കാരിക്കുന്നതിലെ അവരുടെ അനുഭവം ഏവരും മാതൃകയാക്കട്ടെയെന്നു പ്രധാനമന്ത്രി ആശംസിച്ചു.
തേന്‍ ഉല്‍പാദനത്തെക്കുറിച്ചാണു രാജസ്ഥാനില്‍ നിന്നുള്ള എഫ്പിഒ സംസാരിച്ചത്. നാഫെഡിന്റെ സഹായത്തോടെ എഫ്പിഒ എന്ന ആശയം തങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
കര്‍ഷകരുടെ സമൃദ്ധിയുടെ അടിത്തറയായി എഫ്പിഒകളെ സൃഷ്ടിച്ചതിന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള എഫ്പിഒ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. വിത്ത്, ജൈവ വളങ്ങള്‍, വിവിധതരം ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ അംഗങ്ങളെ സഹായിക്കുന്ന പ്രക്രിയയെക്കുറിച്ച് അവര്‍ സംസാരിച്ചു. ഗവണ്‍മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കര്‍ഷകരെ സഹായിക്കുന്നതിനെക്കുറിച്ചും അവര്‍ സംസാരിച്ചു. ഇ-നാം സൗകര്യങ്ങളുടെ ഗുണഫലങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് നിറവേറ്റുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. രാജ്യത്തെ കര്‍ഷകന്റെ ആത്മവിശ്വാസമാണ് രാജ്യത്തിന്റെ പ്രധാനശക്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തമിഴ്നാട്ടില്‍ നിന്നുള്ള എഫ്പിഒ, നബാര്‍ഡ് പിന്തുണയോടെ, മെച്ചപ്പെട്ട വില ലഭിക്കുന്നതിനായി അവര്‍ എഫ്പിഒ രൂപീകരിച്ചുവെന്നും എഫ്പിഒ പൂര്‍ണ്ണമായും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതും സ്ത്രീകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും ആണെന്നും അറിയിച്ചു. പ്രദേശത്തെ കാലാവസ്ഥാപ്രത്യേകതകള്‍ കണക്കിലെടുത്താണ് ചോളം ഉല്‍പാദിപ്പിക്കുന്നതെന്ന് അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. നാരീശക്തിയുടെ വിജയം അവരുടെ അജയ്യമായ ഇച്ഛാശക്തിയുടെ സൂചനയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചോളക്കൃഷി പ്രയോജനപ്പെടുത്തണമെന്നു കര്‍ഷകരോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഗുജറാത്തില്‍ നിന്നുള്ള എഫ്പിഒ പ്രകൃതിദത്ത കൃഷിയെക്കുറിച്ചും പശുവിനെ അടിസ്ഥാനമാക്കിയുള്ള കൃഷിക്ക് എങ്ങനെ മണ്ണിന്റെ ചെലവും സമ്മര്‍ദ്ദവും കുറയ്ക്കാമെന്നും സംസാരിച്ചു. മേഖലയിലെ ഗിരിവര്‍ഗ സമൂഹങ്ങളും ഈ ആശയത്തിന്റെ പ്രയോജനം നേടുന്നുണ്ട്.
ചടങ്ങില്‍ സംസാരിക്കവെ, മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവര്‍ക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്കുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് ലഫ്. ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹയുമായി സംസാരിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
നാം പുതുവര്‍ഷത്തിലേക്ക് കടക്കുന്ന ഈ വേളയില്‍, കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയൊരു യാത്ര ആരംഭിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിക്കെതിരെ പോരാടുന്നതിലും പ്രതിരോധ കുത്തിവയ്പ്പിലും ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കായി ക്രമീകരണം ഏര്‍പ്പെടുത്തുന്നതിലും രാഷ്ട്രം നടത്തിയ ശ്രമങ്ങള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് റേഷന്‍ ലഭ്യമാക്കുന്നതിന് 2,60,000 കോടി രൂപയാണ് രാജ്യം ചെലവഴിക്കുന്നത്. ചികിത്സാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് അക്ഷീണം പ്രയത്‌നിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍, പുതിയ മെഡിക്കല്‍ കോളേജുകള്‍, ക്ഷേമകേന്ദ്രങ്ങള്‍, ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യദൗത്യം, ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ആരോഗ്യ ദൗത്യം തുടങ്ങി ചികിത്സാ അടിസ്ഥാനസൗകര്യങ്ങള്‍ നവീകരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചു.
ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, കൂട്ടായ പ്രയത്‌നം എന്നീ സന്ദേശങ്ങളുമായി രാജ്യം മുന്നോട്ടുപോകുകയാണ്. പലരും രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുന്നു. അവര്‍ രാജ്യം കെട്ടിപ്പടുക്കുന്നു. നേരത്തെയും ഇവര്‍ ഈ ജോലി ചെയ്തിരുന്നതായും എന്നാല്‍ ഇപ്പോള്‍ ജോലിക്ക് അംഗീകാരം ലഭിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ''ഈ വര്‍ഷം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. രാജ്യത്തിന്റെ ദൃഢനിശ്ചയങ്ങളുടെ ഊര്‍ജ്ജസ്വലമായ ഒരു പുതിയ യാത്ര ആരംഭിക്കാനുള്ള സമയമാണിത്. നവോന്മേഷത്തോടെ മുന്നോട്ട് പോകുക'', അദ്ദേഹം പറഞ്ഞു. 130 കോടി ഇന്ത്യക്കാര്‍ ഓരോ ചുവടുവയ്ക്കുമ്പോള്‍ അത് ഒരു ചുവടുമാത്രമല്ല, 130 കോടി ചുവടുവയ്പ്പാണ് എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സമ്പദ്വ്യവസ്ഥയെക്കുറിച്ച് സംസാരിക്കവെ, പല മാനദണ്ഡങ്ങളിലും, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കോവിഡിന് മുമ്പുള്ള കാലത്തേക്കാള്‍ മികച്ചതായി കാണപ്പെടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ന് നമ്മുടെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് 8 ശതമാനത്തില്‍ കൂടുതലാണെ''ന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റെക്കോര്‍ഡ് വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്ക് വന്നത്. നമ്മുടെ ഫോറെക്‌സ് കരുതല്‍ ശേഖരം റെക്കോര്‍ഡ് നിലവാരത്തിലെത്തി. ജിഎസ്ടി ശേഖരണത്തിലും പഴയ റെക്കോര്‍ഡുകള്‍ മറികടന്നു. കയറ്റുമതിയുടെ കാര്യത്തിലും, പ്രത്യേകിച്ച് കാര്‍ഷിക മേഖലയില്‍, നാം പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. 2021ല്‍ യുപിഐ വഴി 70 ലക്ഷം കോടിയിലേറെ രൂപയുടെ ഇടപാട് നടന്നതായി അദ്ദേഹം പറഞ്ഞു. 50,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 10,000 എണ്ണം കഴിഞ്ഞ ആറ് മാസത്തിനിടെ രൂപംകൊണ്ടതാണ്.
2021, ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ ശക്തിപ്പെടുത്തുന്ന വര്‍ഷം കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശി വിശ്വനാഥധാമിന്റെയും കേദാര്‍നാഥ് ധാമിന്റെയും സൗന്ദര്യവത്കരണവും വികസനവും, ആദിശങ്കരാചാര്യ സമാധി പുനരുദ്ധാരണം, മോഷണം പോയ അന്നപൂര്‍ണ ദേവിയുടെ വിഗ്രഹം പുനഃസ്ഥാപിക്കല്‍, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കല്‍, ധോലവീര-ദുര്‍ഗാപൂജ ഉത്സവങ്ങള്‍ക്ക് ലോക പൈതൃക പദവി നേടല്‍ തുടങ്ങിയ സംരംഭങ്ങള്‍ ഇന്ത്യയുടെ പൈതൃകത്തിനു കരുത്തേകുന്നു. വിനോദസഞ്ചാര- തീര്‍ത്ഥാടന സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
'മാത്ര-ശക്തി'ക്കും 2021 ശുഭാപ്തിവിശ്വാസത്തിന്റെ വര്‍ഷമായിരുന്നു. ദേശീയ പ്രതിരോധ അക്കാദമിയുടെ വാതിലുകള്‍ക്കൊപ്പം സൈനിക വിദ്യാലയങ്ങളും പെണ്‍കുട്ടികള്‍ക്കായി തുറന്നു. കഴിഞ്ഞ വര്‍ഷം, പെണ്‍കുട്ടികളുടെ വിവാഹപ്രായം ആണ്‍കുട്ടികള്‍ക്ക് തുല്യമായി 21 ആക്കി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇന്ത്യന്‍ കായിക താരങ്ങളും 2021ല്‍ രാജ്യത്തിന് നേട്ടം കൊണ്ടുവന്നു. രാജ്യത്തിന്റെ കായിക അടിസ്ഥാന സൗകര്യങ്ങളില്‍ ഇന്ത്യ അഭൂതപൂര്‍വമായ നിക്ഷേപം നടത്തുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
കാലാവസ്ഥാവ്യതിയാനത്തിനെതിരെ ലോകത്തെ നയിക്കുന്ന ഇന്ത്യ, 2070-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കുക എന്ന ലക്ഷ്യവും ലോകത്തിനുമുന്നില്‍ വച്ചിട്ടുണ്ട്. ലക്ഷ്യമിട്ട സമയത്തിനു മുമ്പുതന്നെ, പുനരുപയോഗ ഊര്‍ജത്തിന്റെ നിരവധി റെക്കോര്‍ഡുകള്‍ ഇന്ത്യ കൈവരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഇന്ത്യ ഹൈഡ്രജന്‍ ദൗത്യത്തിന്റെ കാര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതവാഹനങ്ങളുടെ കാര്യത്തിലും നേതൃത്വം എടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ രാജ്യത്തെ അടിസ്ഥാനസൗകര്യ നിര്‍മാണത്തിന്റെ വേഗത്തിന് പുതിയ വഴിത്തിരിവ് നല്‍കുമെന്ന് പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. ''മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കിക്കൊണ്ട്, ചിപ്പ് നിര്‍മ്മാണം, അര്‍ദ്ധചാലകം തുടങ്ങിയ പുതിയ മേഖലകള്‍ക്കായി രാജ്യം നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഇന്നത്തെ മനോഭാവത്തെ കുറിച്ചുകൊണ്ട്, ''രാഷ്ട്രം ആദ്യം'' എന്ന ചിന്തയോടെ രാഷ്ട്രത്തിന് സമര്‍പ്പിക്കുക എന്നത് ഇന്ന് ഓരോ ഇന്ത്യക്കാരന്റെയും വികാരമായി മാറുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഇന്ന് നമ്മുടെ പ്രയത്‌നങ്ങളിലും തീരുമാനങ്ങളിലും ഐക്യം നിലനില്‍ക്കുന്നത്. നേട്ടത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു. ഇന്ന് നമ്മുടെ നയങ്ങളില്‍ സ്ഥിരതയും തീരുമാനങ്ങളില്‍ ദീര്‍ഘവീക്ഷണവുമുണ്ട്.
പിഎം കിസാന്‍ സമ്മാന്‍ നിധി ഇന്ത്യയിലെ കര്‍ഷകര്‍ക്ക് വലിയ പിന്തുണയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നു വിതരണം ചെയ്ത തുക കൂടി കണക്കിലെടുത്താല്‍, ഇതുവരെ 1.8 ലക്ഷം കോടിയിലധികം രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഫ്പിഒയിലൂടെ ചെറുകിട കര്‍ഷകര്‍ക്ക് കൂട്ടായ്മയുടെ ശക്തി അനുഭവപ്പെടുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്ക് എഫ്പിഒ വഴി ലഭിക്കുന്ന അഞ്ച് നേട്ടങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ദ്ധിച്ച വിലപേശല്‍ ശക്തി, അളവുകോല്‍, നവീകരണം, റിസ്‌ക് മാനേജ്‌മെന്റ്, വിപണി സാഹചര്യങ്ങളുമായി പൊരുത്തപ്പെടല്‍ എന്നിവയാണ് ഈ നേട്ടങ്ങള്‍. എഫ്പിഒയുടെ നേട്ടങ്ങള്‍ മനസ്സില്‍വച്ചുകൊണ്ട് ഗവണ്‍മെന്റ് എല്ലാ തലത്തിലും അവരെ പ്രോത്സാഹിപ്പിക്കുന്നു. ഈ എഫ്പിഒകള്‍ക്ക് 15 ലക്ഷം രൂപ വരെ സഹായം ലഭിക്കുന്നുണ്ട്. തല്‍ഫലമായി, ജൈവ എഫ്പിഒകള്‍, എണ്ണക്കുരു എഫ്പിഒകള്‍, മുള ക്ലസ്റ്ററുകള്‍, തേന്‍ എഫ്പിഒകള്‍ തുടങ്ങിയ എഫ്പിഒകള്‍ രാജ്യത്തുടനീളം ആരംഭിക്കുന്നു. ''ഇന്ന് നമ്മുടെ കര്‍ഷകര്‍ 'ഒരു ജില്ല ഒരുല്‍പ്പന്നം' പോലുള്ള പദ്ധതികളില്‍ നിന്ന് പ്രയോജനം നേടുകയും ദേശീയ-അന്തര്‍ദേശീയ വിപണികള്‍ അവര്‍ക്കായി തുറക്കപ്പെടുകയും ചെയ്യുന്നു,'' പ്രധാനമന്ത്രി പറഞ്ഞു. 11,000 കോടി രൂപയുടെ ദേശീയ പാം ഓയില്‍ മിഷന്‍ പോലുള്ള പദ്ധതികള്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖലയില്‍ കൈവരിച്ച നാഴികക്കല്ലുകളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഭക്ഷ്യധാന്യ ഉല്‍പ്പാദനം 300 ദശലക്ഷം ടണ്ണിലെത്തി. അതുപോലെ ഹോര്‍ട്ടികള്‍ച്ചര്‍, പുഷ്പകൃഷി എന്നിവയുടെ ഉത്പാദനം 330 ദശലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ 6-7 വര്‍ഷത്തിനിടെ പാലുല്‍പ്പാദനവും ഏകദേശം 45 ശതമാനം വര്‍ദ്ധിച്ചു. ഏകദേശം 60 ലക്ഷം ഹെക്ടര്‍ ഭൂമി മൈക്രോ ഇറിഗേഷന്റെ കീഴില്‍ കൊണ്ടുവന്നു. പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയ്ക്ക് കീഴില്‍ ഒരു ലക്ഷം കോടിയിലധികം നഷ്ടപരിഹാരം നല്‍കിയപ്പോള്‍ പ്രീമിയമായി ലഭിച്ചത് വെറും 21 ആയിരം കോടിയാണ്. എഥനോള്‍ ഉല്‍പ്പാദനം 40 കോടി ലിറ്ററില്‍ നിന്ന് 340 കോടി ലിറ്ററായി വര്‍ധിച്ചത് വെറും ഏഴു വര്‍ഷം കൊണ്ടാണ്. ബയോഗ്യാസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗോബര്‍ധന്‍ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ചാണകത്തിന് മൂല്യമുണ്ടെങ്കില്‍, കറക്കാന്‍ കഴിയാത്ത മൃഗങ്ങള്‍ കര്‍ഷകര്‍ക്ക് ഭാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് കാമധേനു കമ്മീഷന്‍ സ്ഥാപിക്കുകയും ക്ഷീരമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഒരിക്കല്‍ കൂടി ഊന്നല്‍ നല്‍കി. മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ് രാസരഹിത കൃഷിയെന്നും അദ്ദേഹം പറഞ്ഞു. ഈ ദിശയിലുള്ള സുപ്രധാന ചുവടുവയ്പാണ് പ്രകൃതിദത്തകൃഷിയെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദത്തകൃഷിയുടെ പ്രക്രിയകളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും ഓരോ കര്‍ഷകനെയും ബോധവാന്മാരാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൃഷിയില്‍ പുതിയ രീതികള്‍ തുടരാനും ശുചിത്വം പോലെയുള്ള നീക്കങ്ങളെ പിന്തുണയ്ക്കാനും കര്‍ഷകരോട് ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി അവസാനിപ്പിച്ചത്.
(रिलीज़ आईडी: 1786827)
आगंतुक पटल : 324
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada