വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

വര്‍ഷാന്ത്യ അവലോകനം 2021 - ഉന്നതവിദ്യാഭ്യാസവകുപ്പ്

Posted On: 31 DEC 2021 4:39PM by PIB Thiruvananthpuram

2020 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 2020ലെ ദേശീയ വിദ്യാഭ്യാസനയം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് നിരവധി സംരംഭങ്ങള്‍ക്കാണു വിദ്യാഭ്യാസവകുപ്പ് തുടക്കം കുറിച്ചത്. ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ സംയോജിപ്പിക്കുന്നതിനുള്ള നടപടികള്‍, ദേശീയ തൊഴില്‍ പരിശീലന പദ്ധതിയുടെ ദൈര്‍ഘ്യവും വ്യാപ്തിയും വര്‍ധിപ്പിക്കല്‍, സുസ്ഥിര നൈപുണ്യ ആവാസവ്യവസ്ഥ സൃഷ്ടിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ലഭ്യമാക്കുന്നതിനായുള്ള ഇന്റേണ്‍ഷിപ്പ് പോര്‍ട്ടല്‍, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ കോഴ്‌സുകളിലേയ്ക്കുള്ള നിരവധി എക്‌സിറ്റ് - എന്‍ട്രി കേന്ദ്രങ്ങള്‍, മൊത്തം പ്രവേശന അനുപാതം വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ തുടങ്ങി നിരവധി സംരംഭങ്ങള്‍ക്കാണു വകുപ്പ് തുടക്കം കുറിച്ചത്. ഇന്ത്യയുടെ വിജ്ഞാനസമ്പ്രദായം, കലകള്‍, സംസ്‌കാരം എന്നിവയുടെ പ്രചാരണത്തിനായി നോളജ് സെല്ലിനും രൂപംനല്‍കി.

'സ്വയം' എന്ന പേരില്‍ ആരംഭിച്ച പ്ലാറ്റ്‌ഫോമിലൂടെ ഇംഗ്ലീഷിനു പുറമെ പ്രാദേശിക ഭാഷകളിലും എന്‍ജിനിയറിങ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പിജി കോഴ്‌സുകള്‍ ഓണ്‍ലൈനായി പഠിക്കാന്‍ ഇ-പിജി പാഠശാല എന്ന സംവിധാനത്തിനും തുടക്കം കുറിച്ചു. അന്താരാഷ്ട്രതലത്തില്‍ നിന്നടക്കം ഇതിനകം 1.3 കോടിയിലധികം പേരാണ് ഈ-പിജിപാഠശാല സൈറ്റ് സന്ദര്‍ശിച്ചത്. ഈ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയ കോഴ്‌സുകള്‍ തുടക്കത്തില്‍ മലയാളമുള്‍പ്പെടെ എട്ടു പ്രാദേശിക ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ച് രാജ്യവ്യാപകമായി സെമിനാറുകള്‍ സംഘടിപ്പിച്ചു. ഇതുസംബന്ധിച്ച് നാഷണല്‍ ബുക്ക് ട്രസ്റ്റ് പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. 2022 ജനുവരിയില്‍ ഇന്നൊവേഷന്‍ ആവാസവ്യവസ്ഥ ആഘോഷിക്കാനും പദ്ധതിയുണ്ട്. ബൗദ്ധിക സ്വത്തവകാശ ബോധവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് 'കപില ക്യാമ്പയിനും' സജ്ജമാക്കുന്നുണ്ട്.

കേന്ദ്രസര്‍വകലാശാലകളിലേക്ക് പ്രവേശനത്തിനായി പൊതുപ്രവേശന പരീക്ഷ (സിയുഇടി) നടത്താന്‍ തീരുമാനിച്ചു. ഇതിനായി എന്‍ടിഎ സ്വയംഭരണാവകാശമുള്ള സ്ഥാപനമായി പ്രവര്‍ത്തിക്കും. 2022-23 അധ്യയനവര്‍ഷം മുതല്‍ പ്രവേശനപരീക്ഷ നടത്തും.

അധ്യയനം ലക്ഷ്യമിട്ട് ഏക ഭാരതം ശ്രേഷ്ഠഭാരതം പദ്ധതിക്കു കീഴില്‍ രണ്ടു മൊബൈല്‍ ആപ്ലിക്കേഷനുകളും പുറത്തിറക്കി. ഗ്രാമീണജില്ലകളില്‍ ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉന്നത് ഭാരത് അഭിയാന്‍ പദ്ധതി, കോളേജ്-സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായുള്ള കേന്ദ്ര സ്‌കോളര്‍ഷിപ്പ് പദ്ധതി, വിദ്യാഭ്യാസ വായ്പകള്‍ക്കായുള്ള സെന്‍ട്രല്‍ സെക്ടര്‍ ഇന്ററസ്റ്റ് സബ്‌സിഡി സ്‌കീം, ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് സ്‌കീം, ജമ്മു കശ്മീരിനായുള്ള പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതി എന്നിവയ്ക്കും തുടക്കം കുറിച്ചു. ലഡാക്കില്‍ സിന്ധു കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കുന്നതിനായി വിജ്ഞാപനം പുറത്തിറക്കി.

ഉന്നത വിദ്യാഭ്യാസ ധനകാര്യ ഏജന്‍സി വഴി നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി കോടിക്കണക്കിനു രൂപയുടെ ധനസഹായം ലഭ്യമാക്കി. തിരുപ്പതി, ബെര്‍ഹാംപുര്‍ ഐഐഎസ്ഇആറുകളുടെ സ്ഥിരം ക്യാമ്പസുകളുടെ നിര്‍മാണത്തിനായി യഥാക്രമം 1137.16 കോടി രൂപയും 1129.32  കോടി രൂപയും മൂലധനച്ചെലവായി അനുവദിച്ചിട്ടുണ്ട്.

വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളെ സര്‍വകലാശാലകളായി ഇക്കൊല്ലം അംഗീകരിച്ചു. ചില സ്ഥാപനങ്ങളില്‍ സര്‍വകലാശാലകളുടെ ഓഫ് ക്യാമ്പസ് സെന്ററിനും അംഗീകാരം നല്‍കി. വിവിധ സര്‍വകലാശാലകളിലും കോളേജുകളിലുമായി 159 വനിതാപഠനകേന്ദ്രങ്ങളും സ്ഥാപിച്ചു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ അന്താരാഷ്ട്ര സഹകരണവും ഉറപ്പാക്കി. 2021ല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.


(Release ID: 1786720) Visitor Counter : 203


Read this release in: English , Urdu , Hindi