സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
വര്‍ഷാന്ത്യ അവലോകനം : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയം
Posted On:
30 DEC 2021 5:54PM by PIB Thiruvananthpuram
രാജ്യത്തിനകത്തും പുറത്തും തിളങ്ങി ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയം
ആത്മനിര്‍ഭര്‍ ഭാരത് മുതല്‍ വിദ്യാഭ്യാസവും ആശയ വിനിമയവും വരെ വ്യത്യസ്ത മേഖലകളിലായി വെന്നിക്കൊടി പാറിച്ച വര്‍ഷമാണ് ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയത്തിന് 2021. വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ച കാര്യങ്ങളുടെ പട്ടിക 21 ഇനങ്ങളുമായാണു മന്ത്രാലയം വര്‍ഷാന്ത്യത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ആദ്യത്തേത് ആത്മനിര്‍ഭര്‍ ഭാരത് തന്നെ.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറുകട, ഇടത്തരം സംരംഭങ്ങള്‍ക്കു കൈത്താങ്ങാകാനുള്ള പദ്ധതി 2020 ജൂണ്‍ 24നു പ്രഖ്യാപിച്ചു. 2022 മാര്‍ച്ച് 31 വരെ പദ്ധതിക്കാലം നീട്ടുകയും ചെയ്തു. 2021 ജനുവരി മുതല്‍ നവംബര്‍ വരെ 537 വായ്പക്കാര്‍ക്കു ജാമ്യം ഉറപ്പാക്കുകയും അതു വഴി 59.98 കോടി രൂപ ലഭ്യമാക്കുകയും ചെയ്തു.
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള ഫണ്ട് ഓഫ് ഫണ്ട്സ് പദ്ധതിയായ സ്വാശ്രയ ഇന്ത്യ ഫണ്ടാ(എസ്.ആര്‍.ഐ. ഫണ്ട്)ണു മറ്റൊന്ന്. സെബി റജിസ്ട്രേഷനോടുകൂടിയ മാതൃ/പുത്രി ഫണ്ട് ഘടനയോടുകൂടിയ കാറ്റഗറി- 2 ആള്‍ട്ടര്‍നേറ്റീവ് നിക്ഷേപക ഫണ്ടാണ് എസ്.ആര്‍.ഐ. ഫണ്ട്. മാതൃ ഫണ്ടിലേക്ക് കേന്ദ്ര ഗവണ്‍മെന്റ് ഘട്ടംഘട്ടമായി 10,000 കോടി രൂപ നല്‍കും. പദ്ധതിയില്‍ പുത്രി ഫണ്ടുകള്‍ വഴി 50,000 കോടിയോളം രൂപയുടെ നേട്ടമുണ്ടാവും. പുത്രി ഫണ്ടുകള്‍ വഴിയാണു രാജ്യത്താകമാനമുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു പണം വിതരണം ചെയ്യുക. മാതൃ ഫണ്ടിന്റെ നടത്തിപ്പിനായി കമ്പനീസ് ആക്റ്റ് 2013 പ്രകാരം ദേശീയ ചെറുകിട വ്യവസായ കോര്‍പറേഷനു കീഴില്‍ എന്‍.എസ്.ഐ.സി. വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ട് ലിമിറ്റഡ് രൂപീകരിച്ചു.
ഉദയം റജിസ്ട്രേഷന്‍ (യു.ആര്‍.) പോര്‍ട്ടലാണു ശ്രദ്ധേയമായ മറ്റൊരു പദ്ധതി. ഇതിലൂടെ വ്യക്തികള്‍ ഹാജരാകേണ്ടാത്തതും സമ്പൂര്‍ണമായും ഓണ്‍ലൈനായതും കടലാസില്‍ അപേക്ഷകളോ രേഖകളോ ഹാജരാക്കേണ്ടാത്തതുമായ ചെറുകിട, ഇടത്തരം റജിസ്ട്രേഷന്‍ സാധ്യമാകുന്നു. വരുമാന നികുതി, ജി.എസ്.ടി. തുടങ്ങിയവയുമായി ബന്ധിതമാണു പദ്ധതി. 2021 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ 38,78,748 ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഉദയം റജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
ജി.എസ്.ടി. സംബന്ധിച്ച വ്യവസ്ഥകളില്‍ വരുത്തിയ ഇളവും ചില്ലറ, മൊത്തക്കച്ചവടങ്ങള്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ പെടുത്തിയതും നഗരങ്ങളിലെ തെരുവു കച്ചവടക്കാരെ ചെറുകിട, ഇടത്തരം സംരംഭകരായി പ്രഖ്യാപിച്ചതും നാഴികക്കല്ലുകളായി. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു കേന്ദ്ര മന്ത്രാലയങ്ങളും മറ്റും നല്‍കാനുള്ള പണം നല്‍കുന്നതിനായി സമാധാന്‍ പോര്‍ട്ടല്‍ ആരംഭിച്ചു.
സ്റ്റാന്‍ഡിങ് ഫിനാന്‍സ് കമ്മിറ്റികള്‍ വഴി എം.എസ്.എം.ഇ. ചാംപ്യന്‍സ് പദ്ധതി നടപ്പാക്കി. മുന്‍കാല സാങ്കേതിക വിദ്യ നവീകരണ പദ്ധതി(ടി.യു.എസ്.)യുടെ ആറു ഘടകങ്ങളുടെ ലയനത്തിലൂടെയാണ് ഇതു സാധ്യമാക്കിയത്. ചെറുകിട, ഇടത്തരം സംരംഭകത്വ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനായുള്ള സമഗ്ര സമീപനമാണു ലക്ഷ്യംവെക്കുന്നത്.
പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടിക്കല്‍ പദ്ധതി (പി.എം.ഇ.ജി.പി.) കാര്‍ഷികേതര മേഖലകളില്‍ ചെറുകിട സംരംഭങ്ങള്‍ സാധ്യമാക്കുക വഴി സ്വയംതൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യംവെക്കുന്നു. പരമ്പരാഗത കലാകാരന്‍മാര്‍ക്കും തൊഴില്‍ രഹിതരായ യുവാക്കള്‍ക്കുമാണു പദ്ധതിയുടെ ഗുണം ലഭിക്കുക. ദേശീയ തലത്തില്‍ പദ്ധതി നടപ്പാക്കാനുള്ള ചുമതല ഖാദി ആന്‍ഡ് വില്ലേജ് വ്യവസായ കമ്മിഷ(കെ.വി.ഐ.സി.)നാണ്. 2008-09ല്‍ തുടക്കമിട്ട പി.എം.ഇ.ജി.പി. വഴി 7.23 ലക്ഷം ചെറുകിട സംരംഭങ്ങള്‍ക്കു സഹായമേകി. 17,542 കോടി രൂപ സബ്സിഡിയായി നല്‍കി. 2021 നവംബര്‍ വരെ 59 ലക്ഷം പേര്‍ക്കു തൊഴില്‍ ലഭ്യമാക്കിയതായാണു കണക്ക്. സഹായം ലഭിച്ച യൂണിറ്റുകളില്‍ 80 ശതമാനത്തോളം ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവയാണ്. പദ്ധതികൊണ്ടു നേട്ടമുണ്ടായ യൂണിറ്റുകളില്‍ പകുതിയും പട്ടികജാതി, പട്ടികവര്‍ഗക്കാരും വനിതകളും നടത്തുന്നവയാണ്. 2021 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 85030 ചെറുകിട സംരംഭങ്ങള്‍ക്കു സഹായമേകി. 2512.95 കോടി രൂപയുടെ സബ്സിഡി ലഭ്യമാക്കി. 6.8 ലക്ഷം പേര്‍ക്കു തൊഴിലും ലഭ്യമാക്കി.
മന്ത്രാലയം അടുത്തിടെ ആരംഭിച്ച പദ്ധതികള്‍ പലതുണ്ട്. പി.എം.ഇ.ജി.പി. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പുതുക്കി. ഗുണഭോക്താക്കള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി സാങ്കേതിക വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംരംഭകത്വം വികസന പദ്ധതി (ഇ.ഡി.പി.) പരിശീലന പോര്‍ട്ടലിനു തുടക്കമിട്ടും. ഗുണഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പരിശീലനം നല്‍കിവരികയാണ്.
സംരംഭങ്ങളുടെ സാമ്പത്തിക വിജയം ഉറപ്പാക്കുന്നതിനായി നിര്‍മിക്കുന്ന ഉല്‍പന്നങ്ങളില്‍ വൈവിധ്യം അനുവദിച്ചു.
പദ്ധതിക്കു കീഴിലുള്ള സംരംഭങ്ങള്‍ക്കു ശ്രദ്ധ ലഭിക്കുന്നതിനായ ആഗോള ടാഗിങ് പോര്‍ട്ടല്‍ ആരംഭിച്ചു. സംരംഭങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ഇതുവഴി സാധിക്കും.
2021 ജനുവരിക്കും നവംബര്‍ 30നും ഇടയില്‍ 7,53,321 സംരംഭങ്ങള്‍ക്കു ജാമ്യം ഉറപ്പാക്കുക വഴി 43,474.28 കോടി രൂപയുടെ ഇടപാടുകള്‍ നടന്നു.
പലിശയിളവിനായി 2021 ജനുവരിക്കും നവംബറിനും ഇടയില്‍ 210.71 കോടി രൂപ വിതരണം ചെയ്തു. 92,517 വായ്പക്കാര്‍ക്ക് ഇതു ഗുണകരമായി.
2021ല്‍ 690.19 കോടി രൂപ പ്രതീക്ഷിത ചെലവും 431.93 കോടി രൂപയുടെ കേന്ദ്ര ഗവണ്‍മെന്റ് ഗ്രാന്റുമുള്ള 54 പുതിയ പദ്ധതികള്‍ക്ക് അന്തിമ അനുമതി നല്‍കി. ഇതില്‍ 23 പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ പൊതുവായസഹായകേന്ദ്ര (സി.എഫ്.സി.)ങ്ങള്‍ നിര്‍മിക്കുന്നതിനാണ്. കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗോവ, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മിക്കുക. ബാക്കിയുള്ള 31 പദ്ധതികള്‍ വ്യവസായ എസ്റ്റേറ്റുകളിലെയും ഫാക്റ്ററി കേന്ദ്രങ്ങളിലെയും അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയുള്ളതാണ്. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, അസം, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണു പദ്ധതി നടപ്പാക്കുക. ഇതില്‍ അഞ്ചു സി.എഫ്.സികളുടെ നിര്‍മാണ് 2021ല്‍ പൂര്‍ത്തിയാക്കി.
പരമ്പരാഗത വ്യവസായങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള എസ്.എഫ്.യു.ആര്‍.ടി.ഐ. പ്രകാരം 2015 മുതല്‍ 2021 നവംബര്‍ വരെ 434 ക്ലസ്റ്ററുകള്‍ക്ക് അംഗീകാരം നല്‍കി. രണ്ടര ലക്ഷം കലാകാരന്‍മാര്‍ക്കു ഗുണകരമാകുംവിധം കേന്ദ്ര ഗവണ്‍മെന്റ് 1106 കോടി രൂപയുടെ ഗ്രാന്റ് നല്‍കി. അംഗീകരിക്കപ്പെട്ട ക്ലസ്റ്ററുകളില്‍ 77 എണ്ണം വടക്കു കിഴക്കന്‍ മേഖലയിലാണ്. 434 ക്ലസ്റ്ററുകളില്‍ 152 എണ്ണം പ്രവര്‍ത്തിച്ചുതുടങ്ങി. ഇതില്‍ 96 എണ്ണം പ്രവര്‍ത്തന ക്ഷമമായത് 2020-21ലാണ്. 2021 ജനുവരി മുതല്‍ നവംബര്‍ വരെ പദ്ധതി പ്രകാരമുള്ള 103 ക്ലസ്റ്ററുകള്‍ക്കുള്ള നിര്‍ദേശം അംഗീകരിക്കപ്പെട്ടു.
സാങ്കേതിക വിദ്യാ കേന്ദ്രങ്ങളുടെയും പണിയായുധ കേന്ദ്രങ്ങളുടെയും കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതായി ചെറുകിട, ഇടത്തരം സംരഭക മന്ത്രാലയം അവകാശപ്പെടുന്നു. ഉല്‍പാദനം, കയറ്റുമതി തുടങ്ങിയ രംഗങ്ങളില്‍ നേട്ടമുണ്ടാക്കിയെന്നാണു ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കുന്നതിന് ഈ മേഖല നല്‍കിയ സംഭാവനകളില്‍ ചിലത് ഓര്‍മിപ്പിച്ചിട്ടുണ്ട്.
സാങ്കേതിക വിദ്യ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനായി ടെക്നോളജി സെന്റര്‍ സിസ്റ്റംസ് പ്രോഗ്രാമിനു തുടക്കമിട്ടു. 2200 കോടി രൂപ ചെലവില്‍ 15 പുതിയ സാങ്കേതിക വിദ്യാ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും നിലവിലുള്ള ഇത്തരം കേന്ദ്രങ്ങള്‍ നവീകരിക്കുകയും ചെയ്യും.
പുതിയ സാങ്കേതിക വിദ്യാ കേന്ദ്രങ്ങള്‍ അഥവാ എക്സ്റ്റെന്‍ഷന്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്നു പ്രധാനമന്ത്രി 2018 നവംബര്‍ രണ്ടിനു പ്രഖ്യാപിച്ചിരുന്നു. 20 ടെക്നോളജി കേന്ദ്രങ്ങളും 100 എക്സ്റ്റെന്‍ഷന്‍ കേന്ദ്രങ്ങളും ആരംഭിക്കാനാണു പദ്ധതി. 6000 കോടി രൂപയാണു പ്രതീക്ഷിത ചെലവ്. രാജ്യത്താകമാനം സാങ്കേതിക വിദ്യയുടെ നേട്ടം ഉറപ്പാക്കുകാണു ലക്ഷ്യം. ഇതുവരെ 24 എക്സ്റ്റെന്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു.
സംരംഭങ്ങള്‍ക്കായുള്ള പൊതു സംഭരണ നയത്തില്‍ 2018ല്‍ ഭേദഗതി വരുത്തിയിരുന്നു. ഭേദഗതി പ്രകാരം കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും ചേര്‍ന്ന് പ്രതിവര്‍ഷം 25% സംഭരണം നിര്‍ബന്ധിതമാക്കി.
ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസില്‍ 2021 ഡിസംബര്‍ 27 വരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 7,40,743 ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. ഈ പോര്‍ട്ടലിലെ ഓര്‍ഡറുകളില്‍ 55.96% മൂല്യവും ചെറുകിട, ഇടത്തരം സംരംഭകത്വ മേഖലയില്‍നിന്നാണ്.
രാജ്യത്താകമാനം സംരംഭകത്വ നൈപുണ്യ വികസന പദ്ധതി നടപ്പാക്കുന്നതിനായി 5.52 കോടി രൂപ ചെലവിട്ടു. 2021 ജനുവരി മുതല്‍ നവംബര്‍ വരെ 946 പദ്ധതികള്‍ നടപ്പാക്കുകയോ അനുമതി നല്‍കപ്പെടുകയോ ചെയ്തു. 43809 പേര്‍ പദ്ധതിയുടെ ഭാഗമായി.
വടക്കുകിഴക്കന്‍ മേഖലയിലും സിക്കിമിലും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനു ഗൗരവമേറിയ നീക്കങ്ങള്‍ നടത്തിവരുന്നു. 2020 ജനുവരി മുതല്‍ നവംബര്‍ വരെ 91.59 കോടി രൂപ ചെലവു വരുന്ന 14 പദ്ധതികള്‍ക്ക് അനുമതി നല്‍കി. ആകെ ചെലവില്‍ 67.59 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റാണു വഹിക്കുക.
ദേശീയ പട്ടികജാതി, പട്ടികവര്‍ഗ ഹബ്ബി(എന്‍.എസ്.എസ്.എച്ച്.)നു കീഴില്‍ ഗൗരവമേറിയ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 138 എസ്.സി.-എസ്.ടി. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി എന്‍.എസ്.എസ്.എച്ചിലെ സ്പെഷ്യല്‍ ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റല്‍ സബ്സിഡി സ്‌കീം പ്രകാരം 15.58 കോടി രൂപ വിതരണം ചെയ്തു.
ഖാദി പ്രചരിപ്പിക്കുന്നതിനും ഗ്രാമീണ വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്. ഖാദി പ്രചരിപ്പിക്കുന്നതിനുള്ള പദ്ധതിയാണു ഖാദി വികാസ് യോജന. പലിശയിളവു നല്‍കല്‍, അടിസ്ഥാന സൗകര്യ വികസനം, വിപണന സംവിധാനം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.
ഈ രംഗത്തു രാജ്യാന്തര സഹകരണത്തിനുള്ള സാധ്യതകള്‍ തേടുന്നുമുണ്ട്. രാജ്യാന്തര ചെറുകിട, ഇടത്തര സംരംഭകത്വ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി 2021 ജൂണ്‍ 28ന് മന്ത്രാലയം വിര്‍ച്വല്‍ സമ്മേളനം നടത്തി. വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി, സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി വ്യാപാര, വ്യവസായ മേഖലകളെ പ്രതിനിധാനം ചെയ്ത് ആയിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുത്തു. ഈ മേഖലയിലെ ഇ-കൊമേഴ്സ്, നൂതനാശയങ്ങളിലൂടെ മൂല്യവര്‍ധന സാധ്യമാക്കല്‍ തുടങ്ങിയ വിഷയങ്ങളെ അധികരിച്ചു പരിപാടികള്‍ നടത്തി.
2021 ജൂലൈ 22ന് ബ്രിക്സ് എം.എസ്.എം.ഇ. റൗണ്ട് ടേബിള്‍ 21ന് ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം ആതിഥ്യമരുളി. ബ്രിക്സ് രാജ്യങ്ങളിലെ മുതിര്‍ന്ന പ്രതിനിധികള്‍ പങ്കെടുത്തു.
2021 സെപ്റ്റംബര്‍ രണ്ടിനും മൂന്നിനുമായി ചെറുകിട, ഇടത്തരം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആറാമതു ഐ.ബി.എസ്.ഐ. ത്രിരാഷ്ട്ര വിര്‍ച്വല്‍ കോണ്‍ഫറന്‍സ് നടത്തി. ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായി ചേര്‍ന്നാണു പരിപാടി നടത്തിയത്. ഐ.ബി.എസ്.എ. രാജ്യങ്ങളില്‍നിന്നുള്ള മുതിര്‍ന്ന പ്രതിനിധികള്‍ പങ്കെടുത്തു.
രാജ്യാന്തര സഹകരണ പദ്ധതി മാര്‍ഗരേഖ 2021 ലക്ഷ്യംവെക്കുന്നതു ചെറുകിട, ഇടത്തരം സംരംഭങ്ങളെ കയറ്റുമതി വിപണിയിലേക്ക് എത്തിക്കലാണ്. ഇതിനു വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
'സംഭവ്' ഇ-ദേശീയതല ബോധവല്‍ക്കരണ പദ്ധതിക്കു മന്ത്രാലയം തുടക്കമിട്ടത് സംരംഭകത്വ സംസ്‌കാരം പ്രോല്‍സാഹിപ്പിക്കുന്നതിനും മന്ത്രാലയത്തിന്റെ പദ്ധതികളെ കുറിച്ചു വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അറിവു പകരുന്നതിനുമാണ്. ഓഡിയോ സന്ദേശങ്ങളിലൂടെയും വിഡിയോകളിലൂടെയുമാണ് ഇതു സാധ്യമാക്കുക. 2021 ഒക്ടോബര്‍ 27നാണു പദ്ധതിക്കു തുടക്കമിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോളജ് വിദ്യാര്‍ഥികളെ സംരംഭങ്ങള്‍ക്കു തുടക്കമിടാന്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. 2021 ഡിസംബര്‍ രണ്ടിലെ കണക്കു പ്രകാരം രാജ്യത്താകമാനം 61,481 വിദ്യാര്‍ഥികള്‍ 'സംഭവി'ല്‍ പങ്കെടുത്തിട്ടുണ്ട്.
ND MRD
*****
(Release ID: 1786525)
Visitor Counter : 242