രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

വിദ്യാഭ്യാസത്തിന് വിദ്യാർത്ഥിയുടെ ജീവിത നിലവാരവും അതുവഴി സമൂഹത്തിന്റെ നിലവാരവും ഉയർത്താൻ കഴിയും: രാഷ്ട്രപതി കോവിന്ദ്

Posted On: 21 DEC 2021 7:56PM by PIB Thiruvananthpuram

നാല് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്‌ട്രപതി ശ്രീ രാംനാഥ് കോവിന്ദ് കാസർകോട് കേരള കേന്ദ്ര സർവകലാശാലയുടെ പെരിയ കാമ്പസിൽ ഇന്ന് (ഡിസംബർ 21, 2021) നടന്ന അഞ്ചാമത് ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.

ശ്രീ നാരായണ ഗുരു നമ്മെ ഓർമ്മിപ്പിച്ചതുപോലെ, വിദ്യാഭ്യാസത്തിന് വിദ്യാർത്ഥിയുടെ ജീവിത നിലവാരവും അതുവഴി സമൂഹത്തിന്റെ നിലവാരവും ഉയർത്താൻ കഴിയുമെന്ന് രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് പറഞ്ഞു. ജ്ഞാനിയും, മഹാനായ സാമൂഹിക പരിഷ്കർത്താവും ആയ ഗുരുദേവൻ  'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന ഉദ്ബോധനത്തിലൂടെ ജനങ്ങളെ പ്രചോദിപ്പിച്ചു. വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധരാകുകയെന്നതാണ് ഗുരുവചനത്തിന്റെ അർത്ഥമെന്ന് രാഷ്ട്രപതി പറഞ്ഞു. സ്‌കൂളുകളും കോളേജുകളും വ്യക്തിപരവും സാമൂഹികവുമായ പരിവർത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളാണെന്ന ലളിതമായ സത്യം ഉയർത്തിക്കാട്ടുന്നതാണ് മഹത്തുക്കളായ സ്ത്രീപുരുഷന്മാരുടെ, പ്രത്യേകിച്ച് നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശിൽപശാലകളാണ് അവരുടെ ജീവിതം.

കേരള കേന്ദ്രസർവകലാശാലയുടെ മനോഹരമായ കാമ്പസ് പോലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ താൻ അനുഭവിക്കുന്ന ഉന്മേഷവും ഊർജവും സാമൂഹിക ശാക്തീകരണത്തിന്റെ സാധ്യതകളിൽ നിന്ന് ഉയിർക്കൊള്ളുന്നതാണെന്ന് രാഷ്ട്രപതി പറഞ്ഞു. ആശയങ്ങളെ പോഷിപ്പിക്കുകയും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രമാണിത്.  ഈ പ്രക്രിയയിലൂടെ, ചിന്തകളുടെ ചൈതന്യത്തിൽ നിന്ന് പുതിയ ആശയങ്ങൾക്ക് ജന്മം നൽകാൻ അന്തരീക്ഷത്തിന് ഊർജ്ജമേകുന്നു. സമൂഹത്തെയും രാഷ്ട്രത്തെയും ശാക്തീകരിക്കാൻ ഈ അഖണ്ഡ വിജ്ഞാന ചക്രം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം 2020 നെക്കുറിച്ച് സംസാരിക്കവെ, വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി, യുവ മനസ്സുകളിൽ സർഗ്ഗാത്മകത നിറയ്ക്കുന്നതിനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുകയാണ് സർക്കാരിന്റെ ചുമതലയെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ യുവതലമുറയുടെ കഴിവുകളെ പരിപോഷിപ്പിക്കുന്ന ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിന് നന്നായി ആസൂത്രണം ചെയ്ത ഒരു രൂപരേഖയാണ് NEP. നാളത്തെ ലോകത്തിനായി അവരെ സജ്ജരാക്കുക എന്നതിനൊപ്പം നമ്മുടെ മികച്ച പാരമ്പര്യങ്ങളാൽ അവരെ സജ്ജരാക്കുകയുമാണ് ഇത് ലക്ഷ്യമിടുന്നത്.

തന്റെ കാഴ്ചപ്പാടിൽ, എല്ലാവരെയും ഉൾക്കൊള്ളാനും മികവിനെ പ്രോത്സാഹിപ്പിക്കാനുമാണ് ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത്. നയത്തിന്റെ ഏറ്റവും പ്രധാന സവിശേഷതയും ഇതുതന്നെയാണ്. വൈവിധ്യമാർന്ന പാഠ്യപദ്ധതികളിലൂടെ ഉല്‍പതിഷ്‌ണുത്വവും പ്രൊഫഷണൽ വിദ്യാഭ്യാസവും സമന്വയിപ്പിക്കുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. സമസ്ത വിജ്ഞാന ധാരകൾക്കും സമൂഹത്തിലും രാഷ്ട്രനിർമ്മാണത്തിലും പങ്ക് വഹിക്കാനുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു.

ജനസംഖ്യാപരമായ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിനും അതിന്റെ നേട്ടം കൊയ്യുന്നതിനും ഇന്ത്യയ്ക്ക് പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) ഉപകരണമായി മാറും. വർധിച്ചുവരുന്ന ജനസംഖ്യ അടുത്ത തലമുറയിലെ പ്രതിഭകളെ പരിപോഷിപ്പിക്കേണ്ട ബാധ്യതയുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകത്ത് വിജയിക്കാൻ ആവശ്യമായ വൈദഗ്ധ്യവും അറിവും യുവതലമുറയ്ക്ക് പകരുമ്പോൾ അവർക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ വിജ്ഞാന നൂറ്റാണ്ട് എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. വിജ്ഞാന ശക്തിയാണ് ആഗോള സമൂഹത്തിൽ ഒരു രാജ്യത്തിന്റെ സ്ഥാനം നിർണ്ണയിക്കുന്നത്. ഇന്ത്യയിൽ, സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും നിർണായക മാനദണ്ഡങ്ങൾ പരിശോധിച്ചാൽ കേരളം ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ഒട്ടേറെ അളവുകോലുകളിൽ മികവ് പ്രദർശിപ്പിക്കുന്ന മുൻനിര സംസ്ഥാനമാകാൻ കേരളത്തെ ഇത് പ്രാപ്തമാക്കി.

 

ഇന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരത നിരക്കുള്ള കേരളത്തിൽ സാക്ഷരത വർദ്ധിപ്പിക്കുന്നതിന് പി എൻ പണിക്കർ അക്ഷീണം പ്രയത്നിച്ചിരുന്ന കാര്യം ഏവർക്കും അറിവുള്ളതാണെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. അന്തരിച്ച പി. എൻ. പണിക്കരുടെ പ്രതിമ വരുന്ന വ്യാഴാഴ്ച, ഡിസംബർ 23 ണ് താൻ അനാച്ഛാദനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധതയിൽ എല്ലാവരേയും, പ്രത്യേകിച്ച് യുവജനങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു ബിംബമാണ് പി. എൻ. പണിക്കരെന്ന് ശ്രീ കോവിന്ദ് വ്യക്തമാക്കി.

യുനെസ്‌കോയുടെ ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് ലേണിംഗിൽ ഇടം ലഭിക്കുന്നതിനായി രാജ്യത്തെ മൂന്ന് നഗരങ്ങളുടെ പേരുകൾ കേന്ദ്രസർക്കാർ ശുപാർശ ചെയ്തിട്ടുണ്ടെന്നു പറഞ്ഞ ശ്രീ കോവിന്ദ് ഇതിൽ രണ്ട് നഗരങ്ങൾ കേരളത്തിൽ നിന്നാണെന്ന് വ്യക്തമാക്കി. തൃശ്ശൂരും നിലമ്പൂരുമാണ് ഈ രണ്ട് നഗരങ്ങൾ.

ലിംഗസമത്വത്തെ സംബന്ധിച്ച് പരിശോധിക്കുമ്പോൾ, കേരളത്തിൽ ആരോഗ്യകരമായ ലിംഗാനുപാതമാണ് നിലനിൽക്കുന്നതെന്നും സ്ത്രീശാക്തീകരണത്തിൽ സംസ്ഥാനം മുൻപന്തിയിലാണെന്നും രാഷ്‌ട്രപതി പറഞ്ഞു.

കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെപ്പറ്റി സൂചിപ്പിക്കവെ, നൂറ്റാണ്ടുകളായി സമ്പന്നമായ കവിതകൾക്ക് ഇത് പ്രചോദനമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മഹാകവികളിലൊരാളായി ആദരിക്കപ്പെടുന്ന വള്ളത്തോൾ എഴുതിയ ജനപ്രീതി നേടിയ കവിതകളിൽ മാതൃവന്ദനവും ഉൾപ്പെടുന്നു. പ്രകൃതി മാതാവിനെക്കുറിച്ചുള്ള വിവരണത്താലും ദേശാഭിമാനത്താലും ഈ കവിത ശ്രദ്ധേയമാണെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി.

രണ്ട് തരത്തിലുള്ള വൈവിധ്യങ്ങളെക്കുറിച്ച് വിദഗ്ധർ സൂചിപ്പിക്കുന്നു. വംശങ്ങളുടെയും ഭാഷകളുടെയും വൈവിധ്യങ്ങളാണവ. ഈ രണ്ട് തരത്തിലുള്ള വൈവിധ്യങ്ങളും കൈകോർത്ത് പോകുന്ന കാസർകോടിൻറെ അഭിമാനാർഹമായ ഭാഷാ സൗഹാർദ്ദവും പ്രകൃതി സൗന്ദര്യവും പരസ്പര പൂരകങ്ങളാണെന്നും രാഷ്‌ട്രപതി പറഞ്ഞു.

കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശ സ്വയംഭരണ മന്ത്രി ശ്രീ എം. വി. ഗോവിന്ദൻ, ഒഫിഷ്യേറ്റിംഗ് വൈസ് ചാൻസലർ പ്രൊഫ കെ. സി. ബൈജു, രജിസ്ട്രാർ ഡോ. എൻ. സന്തോഷ് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

 



മുഴുവൻ  പ്രസംഗത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

 

***


(Release ID: 1784077)
Read this release in: English , Urdu , Hindi , Punjabi