രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

പാനെക്സ്-21

Posted On: 21 DEC 2021 2:11PM by PIB Thiruvananthpuram


ന്യൂ ഡൽഹി, ഡിസംബർ 21, 2021
 
ബിംസ്‌റ്റെക് അംഗരാജ്യങ്ങൾക്കായി മാനുഷിക സഹായവും ദുരന്തനിവാരണ സഹായവും (HADR) എത്തിക്കുന്നതിന്റെ ഭാഗമായി 2021 ഡിസംബർ 21-ന് മഹാരാഷ്ട്രയിലെ പൂനെ കോളേജ് ഓഫ് മിലിട്ടറി എഞ്ചിനീയറിംഗിൽ സംഘടിപ്പിച്ച പാനെക്സ്-21 ന്റെ (PANEX-21) രണ്ടാം ദിവസം രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് വിവിധ ഏജൻസികളുടെ അഭ്യാസപ്രകടനം നിരീക്ഷിക്കുകയും ഉപകരണ പ്രദർശണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ഒരു പ്രദേശത്തു എന്തെങ്കിലും പ്രകൃതിദുരന്തം ഉണ്ടായാൽ വേഗത്തിലും ഏകോപിപ്പിച്ചതുമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഇന്ത്യൻ സായുധ സേനയുടെ കഴിവുകളുടെ പ്രകടനത്തിന് രക്ഷാ മന്ത്രി സാക്ഷ്യം വഹിച്ചു.

FICCI യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഉപകരണങ്ങളുടെ പ്രദർശനം, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഇന്ത്യൻ വ്യവസായ മേഖലയുടെ കഴിവുകളും ശേഷികളും പ്രദർശിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഉൽപന്നങ്ങളുടെ സംഗ്രഹവും ചടങ്ങിൽ ശ്രീ രാജ്‌നാഥ് സിംഗ് പ്രകാശനം ചെയ്തു.

മേഖലയിലെ മാനുഷിക - ദുരന്തനിവാരണ സഹായ വെല്ലുവിളികൾ നേരിടുന്നതിനുള്ള കൂടുതൽ യോജിച്ച സംവിധാനം സൃഷ്ടിക്കുന്നതിന് പാനെക്സ്-21 ഒരു പുതിയ പ്രചോദനം നൽകിയെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവിഷ്കരിച്ച സാഗർ (മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും - SAGAR) എന്ന ആശയത്തെ അടിസ്ഥാനമാക്കി ഇന്ത്യൻ മഹാസമുദ്ര മേഖലയെ സംബന്ധിച്ച രാജ്യത്തിന്റെ കാഴ്ചപ്പാടും അദ്ദേഹം ആവർത്തിച്ചു.

കടൽത്തീരങ്ങളോട് ബന്ധപ്പെട്ട സാമ്പത്തിക, സുരക്ഷാ സഹകരണം വർധിപ്പിക്കൽ; കര, സമുദ്ര പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കൽ; സുസ്ഥിരമായ പ്രാദേശിക വികസനത്തിനായുള്ള പ്രവർത്തനങ്ങൾ; നീല സമ്പദ്‌വ്യവസ്ഥ; പ്രകൃതിദുരന്തങ്ങൾ, കടൽക്കൊള്ള, തീവ്രവാദം തുടങ്ങിയ പാരമ്പര്യേതര ഭീഷണികളെ നേരിടാൻ കൂട്ടായ പ്രവർത്തനം പ്രോത്സാഹിപ്പിക്കൽ എന്നിവയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.

ഭാവിയിലെ ദുരന്തങ്ങളോട് പ്രതികരിക്കുന്നതിന് എല്ലാ ബിംസ്‌റ്റെക് പങ്കാളികളെയും ഉൾപ്പെടുത്തി പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ അടിത്തറ പാനെക്സ്-21 സൃഷ്ടിക്കുമെന്ന് രക്ഷാ മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

 
കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ, പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2021 ഡിസംബർ 20-22 തീയതികളിലാണ് പാനെക്സ് നടക്കുന്നത്.
 
RRTN/SKY
 
*********

(Release ID: 1783902) Visitor Counter : 174