പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിവിധ വ്യവസായ മേഖലകളിൽ നിന്നുള്ള കമ്പനികളുടെ സിഇഒമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി


അടുത്ത ബജറ്റിന് മുന്നോടിയായി വ്യവസായ പ്രതിനിധികളുമായി പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ ആശയവിനിമയം


രാജ്യം ഒളിമ്പിക്‌സിൽ ഒരു പോഡിയം ഫിനിഷിനായി ആഗ്രഹിക്കുന്നതുപോലെ, എല്ലാ മേഖലയിലും ലോകത്തിലെ മികച്ച അഞ്ച് വ്യവസായങ്ങളിൽ നമ്മുടെ വ്യവസായങ്ങളെ കാണാൻ രാജ്യം ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി


രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ഉയർത്താൻ മുൻകൈയെടുക്കുന്നതിന് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി


സ്വകാര്യമേഖലയിൽ വിശ്വാസമർപ്പിച്ചതിന് വ്യവസായ പ്രമുഖർ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു; പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് എന്ന കാഴ്ചപ്പാടിനോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു

Posted On: 20 DEC 2021 8:49PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക് കല്യാൺ മാർഗിൽ  വിവിധ വ്യവസായ മേഖലകളിൽ നിന്നുള്ള കമ്പനികളുടെ സിഇഒമാരുമായി സംവദിച്ചു. അടുത്ത കേന്ദ്ര ബജറ്റിന് മുന്നോടിയായി വ്യവസായ പ്രതിനിധികളുമായി പ്രധാനമന്ത്രി നടത്തുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ ആശയവിനിമയമാണിത്.

കോവിഡിനെതിരായ പോരാട്ടത്തിൽ പ്രകടമായ രാജ്യത്തിന്റെ അന്തർലീനമായ ശക്തിയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. വ്യവസായ പ്രമുഖർക്ക് അവരുടെ അഭിപ്രായങ്ങൾക്കും  നിർദ്ദേശങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു, കൂടാതെ ഉല്പാദന ബന്ധിത ആനുകൂല്യം  പോലുള്ള നയങ്ങൾ  പൂർണ്ണമായി ഉപയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒളിമ്പിക്‌സിൽ രാജ്യം ഒരു പോഡിയം ഫിനിഷിനായി ആഗ്രഹിക്കുന്നതുപോലെ, എല്ലാ മേഖലയിലും ലോകത്തെ മികച്ച അഞ്ച് വ്യവസായങ്ങളിൽ നമ്മുടെ വ്യവസായങ്ങൾ ഇടംപിടിക്കാൻ രാജ്യവും ആഗ്രഹിക്കുന്നു, ഇതിനായി നാം കൂട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷി, ഭക്ഷ്യ സംസ്കരണം തുടങ്ങിയ രംഗങ്ങളിൽ  കോർപ്പറേറ്റ് മേഖല കൂടുതൽ നിക്ഷേപം നടത്തണമെന്നും ജൈവ  കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഗവൺമെന്റിന്റെ നയപരമായ സ്ഥിരതയ്ക്ക് അടിവരയിട്ട അദ്ദേഹം, രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഉത്തേജനം നൽകുന്ന മുൻകൈകൾ സ്വീകരിക്കാൻ ഗവണ്മെന്റ്  പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു. പാലിക്കൽ ഭാരം കുറയ്ക്കുന്നതിലെ ഗവൺമെന്റിന്റെ ശ്രദ്ധയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, കൂടാതെ അനാവശ്യമായ പാലിക്കലുകൾ നീക്കം ചെയ്യേണ്ട മേഖലകളിൽ നിർദ്ദേശങ്ങൾ തേടുകയും ചെയ്തു.

വ്യവസായ പ്രതിനിധികൾ പ്രധാനമന്ത്രിയെ  തങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ചു.  സ്വകാര്യമേഖലയിൽ വിശ്വാസമർപ്പിച്ചതിന് അവർ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ ഫലമായി, അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലുകളിലൂടെയും പരിവർത്തനാത്മക പരിഷ്‌കാരങ്ങളിലൂടെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കോവിഡിന് ശേഷം വീണ്ടെടുക്കലിന്റെ പാതയിൽ മുന്നേറുകയാണെന്ന് അവർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് ദർശനത്തിന് സംഭാവന നൽകുന്നതിനുള്ള പ്രതിബദ്ധത അവർ പ്രകടിപ്പിക്കുകയും പിഎം ഗതിശക്തി, ഐബിസി തുടങ്ങിയ ഗവണ്മെന്റ്  സ്വീകരിച്ച നിരവധി നടപടികളെ പ്രശംസിക്കുകയും ചെയ്തു. രാജ്യത്ത് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് അവർ സംസാരിച്ചു. സി ഓ പി 26 ലെ ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ചും നിശ്ചയിച്ചിട്ടുള്ള  ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വ്യവസായത്തിന് എങ്ങനെ സംഭാവന നൽകാമെന്നും അവർ സംസാരിച്ചു.

ഗവണ്മെന്റിന്റെ  സമയോചിതമായ പ്രതികരണമാണ് കോവിഡിന് ശേഷം വി ആകൃതിയിലുള്ള വീണ്ടെടുക്കലിലേക്ക് നയിച്ചതെന്ന് ശ്രീ ടി വി നരേന്ദ്രൻ പറഞ്ഞു. ഭക്ഷ്യ സംസ്കരണ വ്യവസായത്തെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ശ്രീ. സഞ്ജീവ് പുരി നൽകി. സ്വച്ഛ് ഭാരത്, സ്റ്റാർട്ട് അപ്പ് ഇന്ത്യ തുടങ്ങിയ ലളിതവും എന്നാൽ മനോഹരവുമായ പരിഷ്‌കാരങ്ങളിലൂടെ പ്രധാനമന്ത്രി നിർണായകമായ  മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് ഉദയ് കൊട്ടക് പറഞ്ഞു. സ്ക്രാപ്പേജ് നയം എങ്ങനെ കൂടുതൽ സമഗ്രമാക്കാം എന്നതിനെക്കുറിച്ച് ശ്രീ ശേഷഗിരി റാവു സംസാരിച്ചു. ഇന്ത്യയെ ഉൽപ്പാദന രംഗത്തെ ഭീമാകാരമാക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ കെനിച്ചി അയുകാവ പ്രതിബദ്ധത പ്രകടിപ്പിച്ചു. സി ഓ പി 26-ൽ പ്രധാനമന്ത്രിയുടെ പഞ്ചാമൃത പ്രതിബദ്ധതയെക്കുറിച്ച് വിനീത് മിത്തൽ സംസാരിച്ചു. ഗ്ലാസ്‌ഗോയിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ ആഗോള സമൂഹത്തിലെ  അംഗങ്ങൾ വളരെയധികം അഭിനന്ദിച്ചുവെന്ന് സുമന്ത് സിൻഹ പറഞ്ഞു. ആരോഗ്യരംഗത്ത് മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ശ്രീമതി പ്രീത റെഡ്ഡി സംസാരിച്ചു. നിർമ്മിത ബുദ്ധി , മെഷീൻ ലേണിംഗ് തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശ്രീ റിതേഷ് അഗർവാൾ സംസാരിച്ചു.

*****



(Release ID: 1783681) Visitor Counter : 170