പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
റൂഫ് ടോപ് സൗരോർജ്ജ പദ്ധതി സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ MNRE പുറത്തിറക്കി
Posted On:
09 DEC 2021 3:23PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 09, 2021
വീടുകളുടെ മേൽക്കൂരകളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് സൗരോർജ്ജം ഉത്പാദിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം (MNRE) ശൃംഖലാ-ബന്ധിത റൂഫ് ടോപ് സൗരോർജ്ജ പദ്ധതി (ഘട്ടം-2) നടപ്പാക്കിവരുന്നു. ആദ്യ 3 kW വരെയുള്ളവർക്ക് 40 ശതമാനവും, 3 kW മുതൽ 10 kW വരെയുള്ളവർക്ക് 20 ശതമാനവും സബ്സിഡിയാണ് പദ്ധതിക്ക് കീഴിൽ മന്ത്രാലയം നൽകിവരുന്നത്. പ്രാദേശിക വൈദ്യുത വിതരണ കമ്പനികളാണ് (DISCOMs) അതാത് സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കുന്നത്.
എന്നാൽ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുള്ളവരാണ് തങ്ങൾ എന്ന പേരിൽ ചില റൂഫ് ടോപ്പ് സോളാർ കമ്പനികളും, വ്യാപാരികളും ചിലയിടങ്ങളിൽ റൂഫ് ടോപ് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനായി മന്ത്രാലയം ഒരു വ്യാപാരിയെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് അറിയിക്കുന്നു. DISCOM കളുടെ നേതൃത്വത്തിൽ മാത്രമാണ് സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കുന്നത്. ലേലനടപടികളിലൂടെ ഓരോ സംസ്ഥാനത്തെയും വൈദ്യുത വിതരണ കമ്പനികൾ പദ്ധതി നടത്തിപ്പിനായി ചില വ്യാപാരികളെ തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ മേൽക്കൂരകളിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനാവശ്യമായ നിരക്കുകൾ DISCOM-കൾ തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഒട്ടുമിക്ക വൈദ്യുത വിതരണ കമ്പനികളും ഓൺലൈൻ നടപടികൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. MNRE പദ്ധതിയുടെ കീഴിൽ തങ്ങളുടെ മേൽക്കൂരകളിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാൻ താൽപര്യപ്പെടുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഓൺലൈനായി അപേക്ഷിച്ച്, അംഗീകാരമുള്ള വ്യാപാരികൾ വഴി തങ്ങളുടെ വീടുകളിൽ പലാന്റുകൾ സ്ഥാപിക്കാവുന്നതാണ്. മന്ത്രാലയം നൽകുന്ന സബ്സിഡി തുക കുറച്ച് ശേഷിക്കുന്ന തുകയാണ് സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ആവശ്യക്കാർ നൽകേണ്ടത്. വൈദ്യുത വിതരണ കമ്പനികൾ വഴി സബ്സിഡി തുക, വ്യാപാരികൾക്ക് മന്ത്രാലയം വിതരണം ചെയ്യും.
മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ള സൗരോർജ്ജ പാനലുകളും അനുബന്ധ ഉപകരണങ്ങളുമാണ് സ്ഥാപിക്കേണ്ടത്. കൂടാതെ അഞ്ചു വർഷക്കാലത്തേക്ക് ഇവയുടെ പരിപാലനവും വ്യാപാരിയുടെ ചുമതലയാണ്.
അതാത് വൈദ്യുത വിതരണ കമ്പനികൾ നിശ്ചയിച്ചിട്ടുള്ള തുകയിൽ നിന്നും കൂടുതലായി ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് ചില വ്യാപാരികൾ ഈടാക്കുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വൈദ്യുത വിതരണ കമ്പനികൾ നിശ്ചയിച്ചിട്ടുള്ള തുക മാത്രമേ വ്യാപാരികൾക്ക് നൽകാവൂ എന്ന് ഉപഭോക്താക്കളെ അറിയിക്കുകയാണ്. ഇത്തരത്തിൽ തുകയിൽ കൃത്രിമത്വം നടത്തുന്ന വ്യാപാരികളെ തിരിച്ചറിയാനും ശിക്ഷാ നടപടികൾ സ്വീകരിക്കാനും വൈദ്യുത വിതരണ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട വൈദ്യുത വിതരണ കമ്പനികളെ സമീപിക്കുകയോ, MNRE യുടെ ടോൾ ഫ്രീ നമ്പറായ 1800-180-3333 ൽ ബന്ധപ്പെടുകയോ ചെയ്യുക.
വൈദ്യുത വിതരണ കമ്പനികളുടെ ഓൺലൈൻ പോർട്ടൽ സംബന്ധിച്ച വിവരങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
RRTN/SKY
(Release ID: 1779773)
Visitor Counter : 183