ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

രാജ്യത്തുടനീളമുള്ള 5.33 ലക്ഷം ന്യായവില കടകളിൽ, 4.98 ലക്ഷത്തിലേറെ എണ്ണത്തിൽ (93.5 ശതമാനം) ഇ-പോസ് സംവിധാനമുണ്ട്

Posted On: 03 DEC 2021 3:35PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 03, 2021

പൊതു വിതരണ സംവിധാന പരിഷ്കരണങ്ങൾക്ക് കീഴിൽ രാജ്യത്തുടനീളമുള്ള എല്ലാ ന്യായവില കടകളിലും ബയോമെട്രിക് സ്കാനറോട് കൂടിയ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ePoS) സംവിധാനങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 2014 നവംബറിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാക്കിയിരുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ള ഗുണഭോക്താക്കൾക്ക് സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങൾ, സുതാര്യവും, മെച്ചപ്പെട്ടതുമായ രീതിയിലും കൃത്യമായും ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഈ നടപടി.

ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി രാജ്യസഭയിൽ രേഖാമൂലം ഇന്ന് അറിയിച്ചതാണ് ഇക്കാര്യം. ഇതുവരെ രാജ്യത്തുടനീളമുള്ള 5.33 ലക്ഷം ന്യായവില കടകളിൽ 4.98 ലക്ഷത്തിലേറെ കടകളിൽ (93.5 ശതമാനം) ePoS സംവിധാനം ലഭ്യമായിട്ടുണ്ട്. ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ് (ONORC) പദ്ധതിക്കു കീഴിൽ റേഷൻകാർഡ് പോർട്ടബിലിറ്റി നടപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതാണ് ബയോമെട്രിക് തിരിച്ചറിയൽ സംവിധാനങ്ങളോടുകൂടിയ ഇവയുടെ ലഭ്യത.

സംസ്ഥാനങ്ങളിൽ, നെറ്റ്‌വർക്ക് പ്രശ്നങ്ങൾ നേരിടുന്ന ന്യായവില കേന്ദ്രങ്ങളിലെ ePoS സംവിധാനങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട്, ഇത്തരം ന്യായവില കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന് കൈമാറിയിട്ടുണ്ട്. ഒരു രാഷ്ടം ഒരു റേഷൻ കാർഡ് പദ്ധതി ഭൂരിഭാഗം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കുന്നതിലൂടെ ePoS സംവിധാനമുള്ള രാജ്യത്തെ ഏത് ന്യായവില കേന്ദ്രങ്ങളിൽ നിന്നും തങ്ങൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യ വിഹിതം സ്വന്തമാക്കാൻ ഗുണഭോക്താക്കൾക്ക് കഴിയും.

സാങ്കേതികവിദ്യ കേന്ദ്രീകൃത പൊതുവിതരണ സംവിധാനങ്ങളുടെ മെച്ചപ്പെട്ടതും സുഗമവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് FPS ഡീലർമാർ, സംസ്ഥാന/ജില്ലാതല ഉദ്യോഗസ്ഥർ, മറ്റ് ഫീൽഡ് തല പ്രവർത്തകർ എന്നിവർക്കായി കൃത്യമായ ഇടവേളകളിൽ പരിശീലനങ്ങൾ ലഭ്യമാക്കുന്നുണ്ട്. 
പൊതുവിതരണ പ്രവർത്തനങ്ങളിൽ 100% സുതാര്യത ഉറപ്പാക്കുന്നതിനായി, രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണുകളിൽ എസ് എം എസ് ആയി വിവരങ്ങൾ കൈമാറുന്നതിന് ഒപ്പം എല്ലാ ഗുണഭോക്താക്കൾക്കും ePoS-ൽ നിന്ന് ലഭിക്കുന്ന ഇടപാട് വിവരങ്ങളടങ്ങിയ രസീതുകൾ പ്രാദേശിക ഭാഷകളിൽ ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

 
 
RRTN/SKY
 
***********
 


(Release ID: 1777700) Visitor Counter : 125


Read this release in: English , Urdu , Tamil