ഉപരാഷ്ട്രപതിയുടെ കാര്യാലയം

ആഗോള ഉപയോഗത്തിനായി, തദ്ദേശീയ പ്രാദേശിക നാവിഗേഷൻ ഉപഗ്രഹ സംവിധാനത്തിന് (നാവിക്- NaVIC) ഊന്നൽ നൽകണമെന്ന് ഉപരാഷ്ട്രപതി, ഐഎസ്ആർഒ-യോട് ആവശ്യപ്പെട്ടു

Posted On: 17 NOV 2021 2:59PM by PIB Thiruvananthpuram
ആഗോള ഉപയോഗത്തിനായി, തദ്ദേശീയമായി വികസിപ്പിച്ച പ്രാദേശിക നാവിഗേഷൻ ഉപഗ്രഹ സംവിധാനമായ നാവിക്കിന് ഊന്നൽ നൽകണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഇന്ന് ഐഎസ്ആർഒ-യോട് നിർദ്ദേശിച്ചു.
 
യു ആർ റാവു സാറ്റലൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി, 'നാവിക്' സൃഷ്ടിച്ച് പ്രവർത്തനക്ഷമമാക്കിയതിന് ഐഎസ്ആർഒ-യെ അഭിനന്ദിക്കുകയും ഇത് ഒരു സുപ്രധാന നേട്ടമായി വിശേഷിപ്പിക്കുകയും ചെയ്തു. ദേശീയ ആവശ്യകതകൾ നിറവേറ്റുന്നതിനായി, ഈ സംവിധാനം വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ/മേഖലകൾ, അതിന്റെ ഫലപ്രദമായ വിനിയോഗം എന്നിവയുടെ അടിസ്ഥാനത്തിൽ നാവിക്കിന്റെ വിപുലീകരണം ഐഎസ്ആർഒ സജീവമായി പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
ബഹിരാകാശ മേഖലയിൽ ആഗോളതലത്തിൽ പ്രവർത്തനശേഷി വിപുലീകരിക്കാൻ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് അഭിപ്രായപ്പെട്ട ശ്രീ നായിഡു, ബഹിരാകാശ രംഗത്ത് ഇന്ത്യയെ പൂർണ്ണമായും സ്വയംപര്യാപ്തമാക്കുന്നതിനും ആഗോളതലത്തിൽ വലിയ രീതിയിൽ സംഭാവന നൽകാനും അടുത്തിടെ ആരംഭിച്ച ഇന്ത്യൻ സ്‌പേസ് അസോസിയേഷനോട് അഭ്യർത്ഥിച്ചു.
 
ബഹിരാകാശവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തരാക്കുന്നതിന് രാജ്യത്തെ  സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിൽ ഐഎസ്ആർഒയുടെ നേതൃത്വപരമായ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
 
ഉപഗ്രഹ അധിഷ്ഠിത റിമോട്ട് സെൻസിംഗ് സേവനങ്ങളുടെ മേഖലയിൽ ഇന്ത്യ ആഗോളതലത്തിൽ മുൻനിരയിൽ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, കാര്യക്ഷമത വർധിപ്പിക്കുന്നതിനും വികസന ആവശ്യങ്ങൾ നിറവേറ്റുന്നതിനും റിമോട്ട് സെൻസിംഗ് ഉപഗ്രഹ ഡാറ്റയും ചിത്രങ്ങളും ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായി മാറിയെന്ന് പറഞ്ഞു.
 
അടുത്ത-തലമുറ ഐആർഎൻഎസ്എസ് ഉപഗ്രഹങ്ങൾ, ചന്ദ്രയാൻ-3, അടുത്ത വർഷത്തോടെ സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ-എൽ1 എന്നീ ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യു ആർ റാവു സാറ്റലൈറ്റ് സെന്ററിന് അദ്ദേഹം അഭിനന്ദനം അറിയിച്ചു.

 

*** 



(Release ID: 1772629) Visitor Counter : 181