വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

അടുത്ത ആഗോള നിക്ഷേപക ഹോട്ട്സ്പോട്ട് ആയി ഇന്ത്യ മാറുമെന്ന് ശ്രീ. പിയൂഷ് ഗോയൽ  

Posted On: 16 NOV 2021 3:24PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി, നവംബർ 16, 2021
 

സിഐഐ (CII)-ഏർണസ്റ്റ് & യങ്ന്റെ പുതിയ റിപ്പോർട്ട് പ്രകാരം അടുത്ത ആഗോള നിക്ഷേപക ഹോട്ട്സ്പോട്ട് ആയി ഇന്ത്യ മാറുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയൽ പറഞ്ഞു. 2025-ഓടെ പ്രതിവർഷം 120 മുതൽ 160 ബില്യൺ അമേരിക്കൻ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനുള്ള സാഹചര്യങ്ങൾ ഇന്ത്യയിൽ ഉണ്ട്. കഴിഞ്ഞ ഏഴ് വർഷക്കാലമായി വലിയതോതിലുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ആണ് നമുക്ക് ലഭിക്കുന്നത്. ഈ ഏഴ് വർഷവും അതിന് മുമ്പുള്ള വർഷത്തെ റെക്കോർഡ് തിരുത്തുന്ന നേരിട്ടുള്ള വിദേശ നിക്ഷേപമാണ് രാജ്യത്ത് എത്തിയത് എന്നും അദ്ദേഹം പറഞ്ഞു. ബഹുരാഷ്ട്ര കമ്പനികളുമായി ബന്ധപ്പെട്ട CII-യുടെ രണ്ടാമത് ദേശീയ സമ്മേളനത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
 

2021 ഒക്ടോബറിൽ തൊഴിൽ മേഖലയിൽ മുൻ വർഷം ഇതേകാലയളവിനേക്കാൾ 43% പുരോഗതിയാണ് നൗകരീ ജോബ്സ്പീക് ഏകകം രേഖപ്പെടുത്തുന്നത്. രാജ്യത്തെ നിർമ്മാണമേഖലയിലെ PMI ഉയരെയാണ്. ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് സേവന മേഖലയിലെ PMI എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 
രാജ്യത്തെ നിക്ഷേപക സാഹചര്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് നിരവധി പ്രധാന നയങ്ങളും വ്യാപാര പരിഷ്കാരങ്ങളും ആണ് ഭരണകൂടം കൊണ്ടുവന്നതെന്ന് ശ്രീ ഗോയൽ ചൂണ്ടിക്കാട്ടി. നിക്ഷേപകർക്ക് ആവശ്യമായ അനുമതികൾ, തീർപാക്കലുകൾ എന്നിവയ്ക്കുള്ള ഒറ്റ ഇടം സജ്ജമാക്കുന്നത് ലക്ഷ്യമിട്ട് ദേശീയ ഏകജാലക സംവിധാനത്തിന് (National Single Window System - NSWS) തുടക്കം കുറിച്ചു. ബഹുരാഷ്ട്ര കമ്പനികൾക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ഇന്ത്യക്ക് ഉണ്ട് എന്ന് ഓർമ്മിപ്പിച്ച ശ്രീ. ഗോയൽ, ആഗോള തലത്തിൽ കൂടുതൽ മത്സരക്ഷമത കൈവരിക്കുന്നതിനു അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ രാജ്യത്തിന് കഴിയുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. വൈവിധ്യമേറിയ വ്യവസായ രംഗം, നിയമവാഴ്ച, സുതാര്യമായ സംവിധാനങ്ങൾ, നൈപുണ്യ ശേഷിയുള്ള തൊഴിലാളികൾ, കുറഞ്ഞ വേതന നിരക്ക്, നിര്‍ബന്ധിതമായ സാങ്കേതികവിദ്യ കൈമാറ്റം ഇല്ലാത്തത് തുടങ്ങിയവ ഇതിൽ ചിലതു മാത്രമാണ്

 

'ബ്രാൻഡ് ഇന്ത്യ' എന്നതിന് ആഗോളതലത്തിൽ പ്രചാരം നൽകാൻ ഇന്ത്യയിലെ അന്താരാഷ്ട്ര കമ്പനികൾക്ക് പ്രോത്സാഹനം നൽകിയ കേന്ദ്ര മന്ത്രി, ഭരണകൂടം, വ്യവസായരംഗം എന്നിവർ തമ്മിലുള്ള പങ്കാളിത്തത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു.
 
RRTN/SKY


(Release ID: 1772316) Visitor Counter : 135