ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

കേന്ദ്രമന്ത്രിയായതിനുശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക പര്യടനത്തിനായി രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെത്തും


കേരളത്തില്‍ നൈപുണ്യവര്‍ധന (സ്‌കില്‍ ഇന്ത്യ), സാങ്കേതിക സംരംഭകത്വം (ഡിജിറ്റല്‍ ഇന്ത്യ) എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സന്ദര്‍ശനത്തില്‍ യുവസംരംഭകരുമായും വിദ്യാര്‍ത്ഥികളുമായും കൂടിക്കാഴ്ച നടത്തും


ടെക് സ്റ്റാര്‍ട്ടപ്പുകള്‍, സംരംഭകര്‍, വ്യവസായ പ്രതിനിധികള്‍ എന്നിവരുമായി തിരുവനന്തപുരത്തെ സിഡിഎസി ടെക്നോപാര്‍ക്കില്‍ മന്ത്രി സംവദിക്കും


എറണാകുളത്തെ ജന്‍ ശിക്ഷാ സന്‍സ്ഥാനിലെയും വനിതകള്‍ക്കായുള്ള തിരുവനന്തപുരത്തെ ദേശീയ നൈപുണ്യ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിലെയും റിസോഴ്സ് പേഴ്‌സണ്‍മാരുമായും മുന്‍ ട്രെയിനികളുമായും മന്ത്രി സംവദിക്കും


Posted On: 10 NOV 2021 6:15PM by PIB Thiruvananthpuram

കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി ശ്രീ. രാജീവ് ചന്ദ്രശേഖര്‍ നവംബര്‍ 11, 12, 13 തീയതികളില്‍ കേരളം സന്ദര്‍ശിക്കും. നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെ ഭാഗമായതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ 75-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ('ആസാദി കാ അമൃത് മഹോത്സവ്') സ്മരണയ്ക്കായി നവംബര്‍ 11ന് കൊച്ചിയില്‍ ഡിആര്‍ഡിഒ നേവല്‍ ഫിസിക്കല്‍ & ഓഷ്യാനോഗ്രാഫിക് ലബോറട്ടറി രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിക്കും.

ലോകത്തെ ഏറ്റവും ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഇന്ത്യയില്‍ സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് പങ്കുവയ്ക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ സ്റ്റാര്‍ട്ടപ്പുകളുമായി ആശയവിനിമയം നടത്തും. 12ന് ഉച്ചയ്ക്ക് അദ്ദേഹം കൊച്ചിയിലെ കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ മേക്കേഴ്‌സ് വില്ലേജ് സന്ദര്‍ശിക്കുകയും സ്റ്റാര്‍ട്ടപ്പുകള്‍, സംരംഭകര്‍, മറ്റ് വ്യവസായ പ്രതിനിധികള്‍ എന്നിവരുമായി സംവദിക്കുകയും ചെയ്യും.


വൈകുന്നേരം സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന 'ആത്മനിര്‍ഭര്‍ ഭാരത് - ആത്മവിശ്വാസമുള്ള പുതിയ ഇന്ത്യക്കായുള്ള കാഴ്ചപ്പാട്' എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്ന അദ്ദേഹം നവംബര്‍ 13ന് തിരുവനന്തപുരത്തെ സിഡിഎസി ടെക്നോളജി പാര്‍ക്ക് സന്ദര്‍ശിക്കും. പുതിയ സൈബര്‍ ഫോറന്‍സിക്, സൈബര്‍ സുരക്ഷാ സംവിധാനം ഉദ്ഘാടനം ചെയ്യുകയും ഡിജിറ്റല്‍ ഫോറന്‍സിക് കിയോസ്‌കിനും അണ്ടര്‍വാട്ടര്‍ ഡ്രോണിനും തുടക്കം കുറിക്കുകയും ചെയ്യും.

എറണാകുളത്തെ ജന്‍ ശിക്ഷാ സന്‍സ്ഥാനും വനിതകള്‍ക്കായുള്ള തിരുവനന്തപുരത്തെ ദേശീയ നൈപുണ്യ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടും സന്ദര്‍ശിക്കുന്ന മന്ത്രി റിസോഴ്സ് പേഴ്സണ്‍മാരുമായും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ട്രെയിനികളുമായും സംവദിക്കും. രണ്ട് മന്ത്രാലയങ്ങളുടെയും പദ്ധതികളെയും പരിപാടികളെയും കുറിച്ചുള്ള ബോധവല്‍ക്കരണവും ഇതുമായി ബന്ധപ്പെട്ട പങ്കാളികളുമായി കൂടിയാലോചനകളും മന്ത്രിയുടെ പരിപാടികളുടെ ഭാഗമാണ്.

തൃശൂര്‍ ദേശമംഗലം കൊണ്ടയൂര്‍ സ്വദേശിയാണ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍. സാങ്കേതിക വിദഗ്ധനും സംരംഭകനുമായ അദ്ദേഹമാണ് കേരളത്തില്‍ മൊബൈല്‍ ഫോണ്‍ ശൃംഖലാ സംവിധാനം ആദ്യമായി കൊണ്ടുവന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കാനും മത്സ്യബന്ധനത്തിന് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് അനുയോജ്യമായ വിപണികളുമായി ബന്ധപ്പെടാനും മൊബൈല്‍ ഫോണുകള്‍ സഹായിച്ചു. മത്സ്യത്തൊഴിലാളി സമൂഹത്തില്‍ നിന്നുള്ള വരിക്കാരുടെ ജീവിതത്തില്‍ നല്ല മാറ്റമുണ്ടാക്കിക്കൊണ്ട്, മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യ അവരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുകയും വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

****



(Release ID: 1770718) Visitor Counter : 192


Read this release in: English , Urdu , Hindi , Tamil