വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

"ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസിലെ (GeM) ഒത്തുകളികൾക്കും രഹസ്യധാരണകൾക്കുമെതിരെ ജാഗ്രത പുലർത്തുക" - ശ്രീ പീയൂഷ് ഗോയൽ

Posted On: 03 NOV 2021 3:33PM by PIB Thiruvananthpuram

 



ന്യൂഡൽഹി, നവംബർ 03, 2021

GeM-ലെ ഒത്തുകളികൾക്കും രഹസ്യധാരണകൾക്കുമെതിരെ ജാഗ്രത പുലർത്തണമെന്ന് ഇന്ന് ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസിന്റെ (GeM) പ്രവർത്തനം അവലോകനം ചെയ്യവേ, വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ പറഞ്ഞു. GeM-നെ കൂടുതൽ ചെലവ് കുറഞ്ഞ സംവിധാനമാക്കാനും ഇടപാടുകൾ വർദ്ധിപ്പിക്കാനും ശ്രീ പിയൂഷ് ഗോയൽ, ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

GeM സംവിധാനത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരണമെന്ന് മന്ത്രി നിർദ്ദേശിച്ചു.   GeM-മായി   ബന്ധപ്പെട്ട സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ സദാ ശക്തമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ പ്രവർത്തനങ്ങൾ പതിവായി ഓഡിറ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ്സ് സൗഹൃദ അന്തരീക്ഷം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്  GeM-നെ കൂടുതൽ ഉപയോക്തൃ-വാണിജ്യ സൗഹൃദമാക്കാൻ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൂടുതൽ വ്യാപാരികളെ GeM പോർട്ടലിലേക്ക് ആകർഷിക്കുന്നതിന്, ഇടപാടുമായി ബന്ധപ്പെട്ട നിരക്കുകൾ ഗണ്യമായി കുറയ്ക്കാനും പരിധി നിശ്ചയിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

നിർമ്മിതബുദ്ധി (AI) പ്രയോജനപ്പെടുത്തി സംവിധാനം കൂടുതൽ ലളിതമാക്കാനും GeM ടീമിനോട് മന്ത്രി ആവശ്യപ്പെട്ടു. വാങ്ങുന്നവരെയും വിൽപ്പനക്കാരെയും ഇടപാടുകൾക്കായി ഒരുമിച്ച് കൊണ്ടുവരാൻ നിർമ്മിതബുദ്ധി പ്രയോജനപ്പെടുത്താവുന്നതാണ്. നിർമ്മിതബുദ്ധിയുടെ ഉപയോഗം ബിസിനസ്സ് സംബന്ധമായ പിഴവുകൾക്കെതിരെ ജാഗരൂഗമായി പ്രവർത്തിക്കും.

GeM-നെ ഇന്ത്യൻ റെയിൽവേയുടെ ഇ-പ്രൊക്യുർമെന്റ് സിസ്റ്റവുമായി (IREPS) സംയോജിപ്പിക്കുന്നതിനുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി അടുത്ത മാസത്തോടെ ആരംഭിക്കും. GeM-നെ ഇന്ത്യ പോസ്റ്റും പഞ്ചായത്തി രാജ് മന്ത്രാലയവുമായി സംയോജിപ്പിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്.

കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് വേണ്ട സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനായി കേന്ദ്ര വാണിജ്യ വകുപ്പിന്റെ കീഴിൽ 100% സർക്കാർ ഉടമസ്ഥതയിൽ സജ്ജീകരിച്ച കമ്പനിയാണ് GeM.

2016 ആഗസ്ത് 9-ന് ആരംഭിച്ചതിനുശേഷം, GeM-വഴിയുള്ള ഓർഡറുകളുടെ മൂല്യം 90 മടങ്ങ് വർദ്ധിച്ചു - 2016-17 സാമ്പത്തിക വർഷത്തിൽ 422 കോടി രൂപയായിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 38,620 കോടി രൂപയായാണ് വർദ്ധിച്ചത്. മൊത്തം ഓർഡറിന്റെ 56.7% വിഹിതവും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടേതാണ് (MSME). വാങ്ങുന്നതിനായി 55,400-ലധികം പേരും വിൽപ്പനക്കായി 30,66,400 പേരും GeM-ൽ പ്രവേശിച്ചു.16,456 ഉത്പന്നങ്ങളിലും 206 സേവനങ്ങളും പോർട്ടൽ വഴി ഇപ്പോൾ ലഭ്യമാക്കുന്നു.

 

2021-ലെ CIPS എക്‌സലൻസ് ഇൻ പ്രൊക്യുർമെന്റ് അവാർഡിൽ "ഡിജിറ്റൽ സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗത്തിനുള്ള" വിഭാഗത്തിൽ GeM പോർട്ടലിനെ അടുത്തിടെ വിജയിയായി പ്രഖ്യാപിച്ചിരുന്നു.
 
 
RRTN/SKY

(Release ID: 1769243) Visitor Counter : 167


Read this release in: English , Hindi , Bengali , Urdu