ഉപരാഷ്ട്രപതിയുടെ കാര്യാലയം

ദാദാ സാഹെബ് ഫാൽക്കെ അവാർഡ് ജേതാവ് ശ്രീ രജനികാന്തിനെയും ദേശീയ അവാർഡുകൾ നേടിയ മറ്റുള്ളവരെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു

Posted On: 25 OCT 2021 3:04PM by PIB Thiruvananthpuram

 




ന്യൂഡൽഹി, ഒക്ടോബർ 25, 2021
 

സിനിമകളിൽ അക്രമം, കടുത്ത അശ്ലീലം, അസഭ്യം എന്നിവ ചിത്രീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് ചലച്ചിത്ര നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു.

പ്രശസ്ത നടൻ ശ്രീ രജനികാന്തിന് ദാദാ സാഹെബ് ഫാൽക്കെ അവാർഡും വിവിധ ഭാഷകളിലെ സിനിമാ നടന്മാർക്ക് ദേശീയ അവാർഡുകളും അദ്ദേഹം സമ്മാനിച്ചു. സാമൂഹികവും ധാർമ്മികവുമായ സന്ദേശത്തിന്റെ വാഹകരായിരിക്കണം സിനിമയെന്ന് അദ്ദേഹം പറഞ്ഞു

ജനങ്ങൾക്ക് ലഭ്യമാകുന്ന ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിനോദമാണ് സിനിമയെന്നും, ജനങ്ങളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിക്കായി അത് ഉപയോഗിക്കണമെന്നും ചലച്ചിത്രകാരന്മാരോടും കലാകാരന്മാരോടും ശ്രീ നായിഡു അഭ്യർഥിച്ചു.

ലോകത്തിലെ ഏറ്റവും വലിയ സിനിമ നിർമ്മാതാക്കളെന്ന നിലയിൽ ഇന്ത്യയുടെ സോഫ്റ്റ് പവറിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, നമ്മുടെ സിനിമകൾ ലോകമെമ്പാടും കാണുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. നമ്മുടെ സാംസ്‌കാരിക വിനിമയത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് സിനിമകളാണെന്നും ആഗോള ഇന്ത്യൻ സമൂഹത്തെ നാടുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കണ്ണിയായി അവ വർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷത്തെ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നേടിയതിന് ശ്രീ രജനികാന്തിനെ അഭിനന്ദിച്ച അദ്ദേഹം, ഐതിഹാസിക നടന്റെ സമാനതകളില്ലാത്ത ശൈലിയും അഭിനയ വൈദഗ്ധ്യവും ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് ഒരു പുതിയ മാനം നൽകിയിട്ടുണ്ടെന്ന് പറഞ്ഞു.

 

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ശ്രീ എസ് മുരുകൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
 
RRTN/SKY


(Release ID: 1766363) Visitor Counter : 200