ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യയ്ക്ക് ഒരു വികസിത രാഷ്ട്രമായി മാറുന്നതിന് ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ  അന്തരീക്ഷം  അനിവാര്യമാണ് - ഉപരാഷ്ട്രപതി

Posted On: 13 SEP 2021 1:18PM by PIB Thiruvananthpuram

 



ന്യൂഡൽഹി , സെപ്റ്റംബർ 11,2021



  ഇന്ത്യയ്ക്ക് ഒരു വികസിത രാഷ്ട്രമായി മാറുന്നതിന് ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ  അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു   എടുത്തു പറഞ്ഞു.  ഇതിനായി, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ആരോഗ്യം, ദാരിദ്ര്യം തുടങ്ങിയ സമകാലിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന ഫല-അധിഷ്ഠിത ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്  വ്യവസായവുമായി കൂടുതൽ ബന്ധം സ്ഥാപിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

 ശാസ്ത്രം, സാങ്കേതികവിദ്യ, മറ്റ് മേഖലകൾ എന്നിവയിലെ നൂതന ഗവേഷണമാണ് വികസിത രാജ്യങ്ങളെ മറ്റുള്ളവയെക്കാൾ മുന്നിലെത്തിക്കുന്നതെന്ന് ഇന്ന് പുതുച്ചേരിയിൽ, പുതുച്ചേരി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു .  രാഷ്ട്ര ശാക്തീകരണത്തിനും, ജനങ്ങളുടെ ജീവിതത്തിൽ അഭിവൃദ്ധിയും സന്തോഷവും കൈവരിക്കുന്നതിനും സാമൂഹിക പ്രസക്തമായ ഗവേഷണം നടത്താനും നവ ആശയങ്ങൾ കൊണ്ടുവരാനും അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

 ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് അന്തരീക്ഷമായി മാറിയതിൽ സന്തോഷം പ്രകടിപ്പിച്ച ഉപരാഷ്ട്രപതി, ഇലക്ട്രോണിക് ഡിസൈൻ,  ഡ്രോൺ ടെക്നോളജി, ഉത്പാദനം തുടങ്ങിയ വിവിധ മേഖലകളിലെ 15 സ്റ്റാർട്ടപ്പുകൾ വിജയകരമായി നടപ്പാക്കുന്നതിന്  ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിച്ചിട്ടുള്ള അടൽ ഇൻകുബേഷൻ സെന്ററിനെ പ്രശംസിക്കുകയും ചെയ്തു.

യുവജനസംഖ്യയെ,നവ ഇന്ത്യയുടെ പ്രധാന ശക്തിയായി  വിശേഷിപ്പിച്ച അദ്ദേഹം,  നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും പരീക്ഷണത്തിന്റെയും മനോഭാവം  വിദ്യാർഥികളിൽ വളർത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രമിക്കണമെന്നും,  അതിലൂടെ രാഷ്ട്രത്തെ മുന്നോട്ട് നയിക്കാൻ അവർക്ക് കഴിയും എന്നും പറഞ്ഞു.

 സാമ്പത്തിക സഹായം നൽകൽ,  സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ മറ്റു സഹായം നൽകൽ എന്നിവയിലൂടെ  യുവ സംരംഭകരെ പിന്തുണയ്ക്കാൻ വ്യവസായങ്ങൾ മുന്നോട്ട് വരണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു

 
IE/SKY

(Release ID: 1754552) Visitor Counter : 243