ഉപരാഷ്ട്രപതിയുടെ കാര്യാലയം

ബൃഹത്  സ്ഥാപനങ്ങളും ഗവൺമെന്റ്  സ്ഥാപനങ്ങളും പ്രവർത്തനങ്ങളിൽ സുസ്ഥിരമായ ഊർജ്ജ രീതികൾ സ്വീകരിക്കണമെന്ന് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു

Posted On: 12 SEP 2021 1:14PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: സെപ്തംബര് 12, 2021

 

പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം ഉപയോഗിച്ച് പ്രവർത്തന സുസ്ഥിരത കൈവരിക്കാൻ ശ്രമിക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഇന്ന് ബൃഹത് സ്ഥാപനങ്ങളോടും പൊതുമേഖലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. വ്യവസായങ്ങളിലും, സർവ്വകലാശാലകൾ, ഗവണ്മെന്റ് കെട്ടിടങ്ങൾ, ഗോഡൗണുകൾ തുടങ്ങിയ വലിയ സ്ഥാപനങ്ങളിലും പുരപ്പുറ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

 

ഇതോടനുബന്ധിച്ച് പുതിയ കെട്ടിടങ്ങൾക്ക് മാതൃകാ കെട്ടിട നിർമാണ ചട്ടങ്ങൾ സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും തദ്ദേശഭരണ സ്ഥാപനങ്ങളോടും ശ്രീ നായിഡു അഭ്യർത്ഥിച്ചു. ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും ഉറപ്പുവരുത്തുന്നതിനൊപ്പം വലിയ കെട്ടിടങ്ങൾക്കും ഗവൺമെന്റ് സ്ഥാപനങ്ങൾക്കും പുരപ്പുറ സൗരോർജ്ജ പ്ലാന്റുകൾ, സോളാർ വാട്ടർ ഹീറ്ററുകൾ, മഴവെള്ള സംഭരണ സംവിധാനം എന്നിവ നിർബന്ധമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

പുതുച്ചേരിയിലെ ജിപ്മെറിൽ 1.5 മെഗാവാട്ട് ശേഷിയുള്ള പുരപ്പുറ സൗരോർജ്ജ പ്ലാന്റ് ശ്രീ നായിഡു രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യ സമീപകാലത്ത്, 100 ജിഗാവാട്ട് പുനരുൽപ്പാദന ഊർജ്ജ സ്ഥാപിതശേഷി കൈവരിച്ചത് അദ്ദേഹം എടുത്തുപറഞ്ഞു.

 

സൗരോർജ്ജ ഉപയോഗം ജനകീയമാക്കുന്നതിനും, മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും കേന്ദ്ര, സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ ഗവൺമെന്റ്കൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. പുരപ്പുറ സൗരോർജ്ജ പാനൽ സ്ഥാപിക്കുന്നതിനു സബ്‌സിഡി ലഭിക്കുന്ന പദ്ധതികളെക്കുറിച്ചും അതിന്റെ ഫലമായുണ്ടാകുന്ന വൈദ്യുതി ലാഭത്തെക്കുറിച്ചും വൻ തോതിൽ പ്രചാരണം നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.

 

നല്ല ആരോഗ്യം നിലനിർത്തുന്നതിന് വാസ സ്ഥലത്തും ജോലിസ്ഥലത്തും ധാരാളം വായുസഞ്ചാരവും പ്രകൃതിദത്ത വെളിച്ചവും ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത, മഹാമാരി പകർന്നു തന്ന പാഠം പരാമർശിച്ചുകൊണ്ട് ശ്രീ വെങ്കയ്യ നായിഡു പറഞ്ഞു.

 

RRTN

 

 



(Release ID: 1754412) Visitor Counter : 134