ആഭ്യന്തരകാര്യ മന്ത്രാലയം

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളം-മഹാരാഷ്ട്ര ഗവണ്മെന്റുകള്‍ സ്വീകരിച്ച നടപടികള്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അവലോകനം ചെയ്തു

Posted On: 26 AUG 2021 7:57PM by PIB Thiruvananthpuram

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെയും മഹാരാഷ്ട്രയിലെയും സംസ്ഥാന ഗവണ്മെന്റുകള്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു യോഗം.

കേരളത്തിലെയും മഹാരാഷ്ട്രയിലെയും കോവിഡ് -19 സാഹചര്യങ്ങള്‍ മൊത്തത്തില്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാന ഗവണ്‍മെന്റുകള്‍ നടത്തുന്ന ശ്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അവലോകനം ചെയ്യുകയും വൈറസ് വ്യാപനം തടയുന്നതിന് കൂടുതല്‍ പരിശ്രമം ആവശ്യമാണെന്ന് നിരീക്ഷിക്കുകയും ചെയ്തു. സമ്പര്‍ക്കം കണ്ടെത്തല്‍, വാക്‌സിനേഷന്‍ ഡ്രൈവുകള്‍, കോവിഡ് അനുസൃത ശീലങ്ങള്‍ തുടങ്ങിയ നടപടികളിലൂടെ വൈറസ് വ്യാപനം കൂടിയ പ്രദേശങ്ങളില്‍ മതിയായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത സംസ്ഥാന ഗവണ്‍മെന്റുകള്‍ തേടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സംസ്ഥാന ഗവണ്‍മെന്റുകള്‍ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി തുടരണമെന്നു നിര്‍ദേശിച്ചു. വാക്‌സിനുകള്‍ ഇനിയും ആവശ്യമാണെങ്കില്‍, സാധ്യമായ തോതില്‍ എത്തിക്കുമെന്നും അറിയിച്ചു. ലഭ്യമായ വാക്‌സിന്‍ ഡോസുകള്‍ പരമാവധി ഉപയോഗിക്കണം. പ്രതിരോധ കുത്തിവയ്പ്പിനൊപ്പം കോവിഡ് അനുസൃത ശീലങ്ങളും പ്രോത്സാഹിപ്പിക്കണം. വരാനിരിക്കുന്ന ഉത്സവസീസണില്‍ ജനങ്ങള്‍ ഒത്തുചേരാന്‍ സാധ്യതയുള്ള സംഭവങ്ങള്‍ ഒഴിവാക്കണമെന്നും ഊന്നിപ്പറഞ്ഞു. രണ്ടുസംസ്ഥാനങ്ങളിലും സ്ഥിരീകരണ നിരക്ക് ഉയര്‍ന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു. വരുന്ന കുറച്ചു മാസങ്ങളില്‍ വൈറസ് വ്യാപനത്തോത് കുറയ്ക്കുന്ന തിനുള്ള നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അങ്ങനെയെങ്കില്‍ വ്യാപനശൃംഖല കൂടുതല്‍ ഫലപ്രദമായി നിയന്ത്രിക്കാനാകും.

യോഗത്തില്‍ നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ.വി.കെ. പോള്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറി, നാഷണല്‍ സെന്റര്‍ ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് (എന്‍സിഡിസി) ഡയറക്ടര്‍, കേരളത്തിലെയും മഹാരാഷ്ട്രയിലെയും ചീഫ് സെക്രട്ടറിമാര്‍, ഡിജിപിമാര്‍ എന്നിവര്‍ പങ്കെടുത്തു.

******



(Release ID: 1749386) Visitor Counter : 223