ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മാനവരാശി അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് ഏറ്റവും മികച്ച, നൂതനമായ പരിഹാരങ്ങളുമായി മുന്നോട്ടുവരണമെന്ന് രാജ്യത്തെ ശാസ്ത്രജ്ഞരോട് ഉപരാഷ്ട്രപതി

Posted On: 16 AUG 2021 2:13PM by PIB Thiruvananthpuram



ന്യൂഡൽഹി, ആഗസ്റ്റ് 16, 2021

കാലാവസ്ഥാ വ്യതിയാനം, കൃഷി, ആരോഗ്യ, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ
മാനവരാശി അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് ഏറ്റവും മികച്ച, നൂതനമായ പരിഹാരങ്ങളുമായി മുന്നോട്ടുവരണമെന്ന് രാജ്യത്തെ ശാസ്ത്രജ്ഞരോട് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു.

 ബംഗളൂരുവിലെ ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ് സയന്റിഫിക് റിസർച്ചിലെ (JNCASR) ശാസ്ത്രജ്ഞരെയും വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവിതം സുഖകരവും, സന്തോഷപ്രദവും, ആരോഗ്യദായകവും ആക്കി മാറ്റുക എന്നതാണ് ശാസ്ത്രത്തിന്റെ ലക്ഷ്യമെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. 

ശാസ്ത്രമേഖലയിലെ ഗവേഷണത്തിന് സമൂഹത്തിലുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടവേ, പ്രത്യേക പ്രശ്നങ്ങൾ പരിഹരിക്കുന്നത് ലക്ഷ്യമിട്ടുള്ള ഗവേഷണത്തിന് (translational research) ഇതിന്റെ പശ്ചാത്തലത്തിൽ അതീവ പ്രാധാന്യമുണ്ടെന്ന് ഉപരാഷ്ട്രപതി ഓർമിപ്പിച്ചു. 300-ലേറെ പേറ്റന്റുകൾ സ്വന്തമാക്കിയതിനും, തദ്ദേശീയമായ കണ്ടുപിടിത്തങ്ങൾ അടിസ്ഥാനം ആക്കിയുള്ള  സ്റ്റാർട്ടപ്പുകൾ യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ പ്രോത്സാഹനം നൽകിയതിനും അദ്ദേഹം JNCASR-നെ അഭിനന്ദിച്ചു.

സിന്തറ്റിക് ബയോളജി, കമ്പ്യൂട്ടേഷനൽ ബയോളജി, നിർമ്മിത ബുദ്ധി, ഹൈ പെർഫോമൻസ് എൻജിനീയറിങ് മെറ്റീരിയലുകൾ തുടങ്ങി വളർന്നു വരുന്ന മേഖലകളിൽ ഗവേഷണങ്ങൾ നടത്താൻ അദ്ദേഹം രാജ്യത്തെ ശാസ്ത്രജ്ഞരോടും ഗവേഷകരോടും അഭ്യർത്ഥിച്ചു. കൃഷിയെ രാജ്യത്തിന്റെ അടിസ്ഥാന സംസ്കാരം എന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, രാജ്യത്തെ കാർഷിക സമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ശാസ്ത്രജ്ഞർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

 

JNCASR ലെ വിദ്യാർഥികളിൽ 40 ശതമാനത്തിലേറെ പെൺകുട്ടികളാണ് എന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ച ഉപരാഷ്ട്രപതി, മറ്റ് ശാസ്ത്ര സ്ഥാപനങ്ങളിലും സമാനമായ സാഹചര്യം ഉണ്ടാവണമെന്ന ആഗ്രഹവും പങ്കുവച്ചു.
 
RRTN/SKY

(Release ID: 1746425) Visitor Counter : 288