ഉപരാഷ്ട്രപതിയുടെ കാര്യാലയം
പ്രാപ്യവും താങ്ങാവുന്നതും സാധാരണക്കാർക്ക് മനസ്സിലാക്കാവുന്നതുമായി നീതിന്യായ വ്യവസ്ഥ മാറണം :ഉപരാഷ്ട്രപതി
Posted On:
27 FEB 2021 2:13PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി കാര്യാലയം
പൊതു പ്രവർത്തകർ ഉൾപ്പെടുന്ന ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക കോടതികൾ ആവശ്യം : ഉപരാഷ്ട്രപതി ശ്രീ നായിഡു
തിരഞ്ഞെടുപ്പ് തർക്കങ്ങളും അഴിമതികളും തീർപ്പാക്കാൻ പ്രത്യേക അതിവേഗ കോടതികൾ പരിഗണിക്കണം : ശ്രീ നായിഡു
നിയമസഭാ ചർച്ചകളുടെ നിലവാരം കുറഞ്ഞു വരുന്നതിൽ ശ്രീ നായിഡു ആശങ്ക പ്രകടിപ്പിച്ചു, ജനപ്രതിനിധികൾ ഉന്നതമായ ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന തരത്തിൽ പെരുമാറണം
നിയമനങ്ങൾ വേഗത്തിലാക്കിയും,മാറ്റിവയ്ക്കൽ പരിമിതപ്പെടുത്തിയും കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് പരിഹരിക്കാൻ കഴിയും: ഉപരാഷ്ട്രപതി
ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സിവില്‍ നിയമങ്ങൾ ശക്തിപ്പെടുത്തണം : ഉപരാഷ്ട്രപതി ശ്രീ നായിഡു
'തമിഴ്‌നാട് ഡോ.അംബേദ്കർ നിയമ സർവ്വകലാശാല' യുടെ പതിനൊന്നാമത് ബിരുദദാന സമ്മേളനത്തെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു.
ക്രമാതീതമായ കാലതാമസം, നിയമ പ്രക്രിയകളുടെ ചെലവ്, അപ്രാപ്യത എന്നിവ സാധാരണക്കാർക്ക് ഫലപ്രദമായി നീതി ലഭ്യമാക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു പറഞ്ഞു. നിയമ പാലകരുടെ ചിന്തകളിലും പ്രവർത്തികളിലും അവരുടെപ്രധാന പ്രേരണ “നീതി ലഭ്യമാകേണ്ട ദരിദ്രനായ മനുഷ്യൻ” ആകണം എന്ന ഗാന്ധി വാക്യം ശ്രീ നായിഡു പരാമർശിച്ചു.
നമ്മുടെ സംവിധാനങ്ങളിൽ പൊതുജനവിശ്വാസം പുന:സ്ഥാപിക്കുന്നതിന്റെ പ്രാധാന്യം അടിവരയിട്ട് സൂചിപ്പിച്ച ശ്രീ നായിഡു, പൊതു പ്രവർത്തകരുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ വേഗത്തിലും പക്ഷപാതരഹിതമായും വസ്തുനിഷ്ഠമായും തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് ഉപരാഷ്ട്രപതി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് കേസുകൾ പരിഹരിക്കുന്നതിനും തിരഞ്ഞെടുപ്പ് അഴിമതികൾ പരിഗണിക്കുന്നതിനും പ്രത്യേക അതിവേഗ കോടതികളും അദ്ദേഹം നിർദ്ദേശിച്ചു.നിയമസഭകളിലെ കൂറുമാറ്റം സംബന്ധിച്ച കേസുകൾ സമയബന്ധിതമായി വേഗത്തിൽ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിമാചൽ പ്രദേശ് ഉപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭകളിൽ അടുത്തിടെ നടന്ന സംഭവങ്ങളിൽ ശ്രീ നായിഡു ആശങ്ക വ്യക്തമാക്കി. എല്ലാ ജനാധിപത്യവേദികളിലും ഉന്നതമായ ധാർമ്മിക മാനദണ്ഡങ്ങളും മാതൃകാപരമായ പെരുമാറ്റവും കാഴ്ചവയ്ക്കാൻ അദ്ദേഹം ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. സഭാ നടപടികൾ പതിവായി തടസ്സപ്പെടുത്തുന്നതിരെ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ‘ചർച്ച , വാദപ്രതിവാദം, അതിൽ നിന്ന് തീരുമാനം എന്ന രീതി പിന്തുടരുക മാത്രമാണ് എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് മുന്നോട്ടു പോകാനുള്ള ഏക മാർഗമെന്നും, തടസ്സപ്പെടുത്തൽ പരിഹാരമല്ലെന്നും' ചൂണ്ടിക്കാട്ടി.
'തമിഴ്‌നാട് ഡോ.അംബേദ്കർ നിയമ സർവ്വകലാശാല' യുടെ പതിനൊന്നാമത് ബിരുദദാന സമ്മേളനത്തെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി ബിരുദധാരികളോട് തങ്ങളുടെ തൊഴിലിൽ മികവ് പുലർത്താൻ കഠിനമായി പരിശ്രമിക്കണമെന്നും, പ്രാപ്യവും താങ്ങാവുന്നതും സാധാരണക്കാർക്ക് മനസ്സിലാക്കാവുന്നതുമായി നീതിന്യായ വ്യവസ്ഥയെ മാറ്റണമെന്നും ആവശ്യപ്പെട്ടു. കൊളോണിയൽ ചിന്തഗതികളിൽ നിന്ന് മുക്തി നേടാൻ ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി, വിദ്യാഭ്യാസ സ്ഥാപനങ്ങളും കോടതികളും, സമ്മേളനങ്ങളിലും കോടതി നടപടികളിലും തദ്ദേശീയ വസ്ത്രധാരണരീതികൾ പിന്തുടരണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യൻ ധാർമ്മികതയിലൂന്നിയ നീതി ന്യായ വ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിച്ച ശ്രീ നായിഡു, 'നീതി നടപ്പാക്കാനുള്ള ദൃഢനിശ്ചയം' ഭരണഘടനയുടെ ആമുഖത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അടിവരയിട്ടു സൂചിപ്പിച്ചു. വസ്തുനിഷ്ഠമായ അന്വേഷണം, തെളിവുകളുടെ വിവേകപൂർണ്ണമായ വിശകലനം എന്നിവ അടിസ്ഥാനമാക്കി എല്ലാ പൗരന്മാർക്കും തുല്യ നീതി ഉറപ്പുവരുത്താൻ സാധിക്കുന്നതാണ് മികച്ച നീതി ന്യായ വ്യവസ്ഥയെന്നും, തിരുവള്ളുവറിനെ ഉദ്ധരിച്ച് ഉപരാഷ്ട്രപതി വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥയെ ‘നമ്മുടെ രാഷ്ട്രതന്ത്രത്തിന്റെ പ്രധാന സ്തംഭം’ എന്ന് വിശേഷിപ്പിച്ച ശ്രീ നായിഡു, നീതിന്യായ പ്രക്രിയ മെച്ചപ്പെടുത്തുന്നതിലൂടെ കാര്യക്ഷമതയും ഉന്നത നിലവാരത്തിലുള്ള ഫലപ്രാപ്തിയും കൈവരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും പറഞ്ഞു. നീതിയും നിയമവാഴ്ചയും ഉറപ്പാക്കുന്നതിന് നാം അടിമുടിയുള്ള മാറ്റത്തിനും നവീകരണത്തിനും വിധേയമാകേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
എല്ലാവർക്കും നീതി ലഭ്യമാക്കുന്നതിനുള്ള പ്രധാന തടസ്സങ്ങളിലൊന്ന് നിയമപ പ്രക്രിയകളിലെ ചെലവാണെന്ന്, പ്രാപ്യത സംബന്ധിച്ച പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് ശ്രീ നായിഡു പറഞ്ഞു.നിയമ സഹായം ലഭ്യമാക്കുന്നതിൽ മറഞ്ഞിരിക്കുന്ന ചെലവുകൾ ചൂണ്ടിക്കാട്ടിയ ശ്രീ നായിഡു, ലോക് അദാലത്ത്, മൊബൈൽ കോടതികൾ തുടങ്ങിയ പുതിയ സംവിധാനങ്ങൾ സാധ്യമാകുന്നിടത്തെല്ലാം പ്രയോജനപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു.ഇതിനൊപ്പം, സൗജന്യ നിയമ സഹായ സംവിധാനങ്ങൾ സുഗമമാക്കിയും വ്യവഹാരങ്ങളിലേർപ്പെടുന്ന പാവപ്പെട്ടവർക്കായി സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന അഭിഭാഷകരും ചേർന്ന് നിരാലംബരായവരുടെ ചെലവുകൾ കുറയ്ക്കാൻ സഹായിക്കണമെന്ന് അദ്ദേഹം പറഞ്ഞു.പ്രാദേശിക ഭാഷയിൽ കോടതി നടപടികൾ നടത്തിയും വിധിന്യായങ്ങൾ പുറപ്പെടുവിച്ചും നിയമ സംവിധാനത്തെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസുകളിൽ തീർപ്പുകൽപ്പിക്കുന്നതിലെ കാലതാമസം ഗുരുതരമായ ആശങ്കയാണെന്ന് ശ്രീ നായിഡു നിരീക്ഷിച്ചു. സമയബന്ധിതമായ നീതി ലഭ്യമാകേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം , രാജ്യത്ത് തീർപ്പുകൽപ്പിക്കാത്ത ഏകദേശം 4 കോടി കേസുകൾ വേഗത്തിൽ പരിഹരിക്കുന്നതിന് വ്യവസ്ഥാപരമായ പരിഹാരങ്ങൾ കണ്ടെത്താൻ നിർദ്ദേശിച്ചു.ആകെ തീർപ്പാക്കാത്ത കേസുകളിൽ 87 ശതമാനവും കീഴ്‌ക്കോടതികളിൽ കുടുങ്ങിക്കിടക്കുന്നു.
ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ട ചില നടപടികൾ ഉപരാഷ്ട്രപതി വിശദീകരിച്ചു. കേസുകൾ പതിവായി മാറ്റിവയ്ക്കുന്നത് ഒഴിവാക്കണമെന്നും അസാധാരണമായ സാഹചര്യങ്ങളിലൊഴികെ, ഒന്നോ രണ്ടോ തവണയായി മാറ്റിവയ്ക്കൽ പരിമിതപ്പെടുത്തുന്ന തരത്തിലുള്ള ഒരു സുസ്ഥാപിത നടപടിക്രമം വികസിപ്പിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ലോക് അദാലത്ത് പോലുള്ള ബദൽ തർക്ക പരിഹാര സംവിധാനങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി നിയമനങ്ങൾ ത്വരിതപ്പെടുത്തണമെന്നും ഒഴിവുകൾ സമയബന്ധിതമായി നികത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് കീഴ്‌ക്കോടതികളിൽ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ഈ നടപടികളിലൂടെ വേഗത്തിലുള്ള നീതിനിർവ്വഹണം സാധ്യമാകുമെന്ന് മാത്രമല്ല ദുരിതമനുഭവിക്കുന്നവർക്ക് സമയബന്ധിതമായി നീതി ലഭ്യമാകുകയും രാജ്യത്തെ ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുകയും ചെയ്യുമെന്നും ശ്രീ നായിഡു അഭിപ്രായപ്പെട്ടു. ഒരു പ്രധാന നിക്ഷേപ ലക്ഷ്യസ്ഥാനമായി ഇന്ത്യയെ ഉയർത്തിക്കാട്ടിയ അദ്ദേഹം, ബിസിനസ്സ് രംഗത്ത് നമ്മുടെ സ്ഥാനം ഉറപ്പിക്കാൻ, വ്യക്തമായ നയങ്ങൾക്കൊപ്പം , വ്യവഹാരങ്ങൾ സമയബന്ധിതമായി തീർപ്പാക്കാൻ കഴിയുന്ന പ്രശ്‌നരഹിതമായ നീതിന്യായ വ്യവസ്ഥയും ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചു.
നീതി നിർവ്വഹണം മെച്ചപ്പെടുത്തുന്നതിനുള്ള പ്രേരകശക്തിയെന്ന നിലയിൽ സാങ്കേതികവിദ്യയുടെ പങ്ക് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, പ്രാപ്യത മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനും കേസുകൾ കെട്ടിക്കിടക്കുന്നത് കുറയ്ക്കുന്നതിനും സാങ്കേതികവിദ്യ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ ബിരുദധാരികളോടാവശ്യപ്പെട്ടു. വിവര സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തി നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡിന് കീഴിൽ കോടതി രേഖകൾ ത്വരിതഗതിയിൽ ഡിജിറ്റൈസ് ചെയ്യാനും അദ്ദേഹം അഭിഭാഷകരെയും കോടതികളെയും ഉപദേശിച്ചു.മഹാമാരിയുടെ കാലഘട്ടത്തിൽ ഓൺലൈൻ കോടതികൾ കൂടുതൽ പ്രയോജനപ്പെടുത്തിയതിനെക്കുറിച്ച്എം ഇ-ഫയലിംഗിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.കോടതികളുമായി ബന്ധപ്പെട്ട ചെലവുകൾ എങ്ങനെ കുറയ്ക്കാമെന്നും ബിസിനസ്സ് സൗഹൃദ അന്തരീക്ഷം എങ്ങനെ മെച്ചപ്പെടുത്താമെന്നും അദ്ദേഹം വിശദമാക്കി.
നമ്മുടെ രാജ്യത്ത് കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന് ശ്രീ നായിഡു പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്നതും അതിശയോക്തിപരവുമായ പരസ്യങ്ങൾ വളരെയധികം ആശങ്കാജനകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
പൊതുതാത്പര്യ ഹരജികളുടെ പ്രാധാന്യം അടിവരയിടുകയും അവയുടെ പ്രാധാന്യം നിലനിർത്തണമെന്ന് ഊന്നിപ്പറയുമ്പോൾ തന്നെ നിസ്സാര വിഷയങ്ങളിൽ പതിവായി പൊതുതാത്പര്യ ഹരജികൾ ഫയൽ ചെയ്യാൻ അനുവദിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. “പൊതു താൽപര്യ ഹർജിയെ സ്വകാര്യ താത്പര്യ വ്യവഹാരമാക്കി മാറ്റരുത്”, അദ്ദേഹം പറഞ്ഞു.
ദുർബല വിഭാഗങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ദ്രുതഗതിയിൽ നടപടി സ്വീകരിക്കണമെന്നും ശ്രീ നായിഡു ആവശ്യപ്പെട്ടു. കേവലമായ നിയമ നിർവ്വഹണത്തിലൂടെ പ്രശ്‌നങ്ങളെ പൂർണ്ണമായും അഭിസംബോധന ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ജനങ്ങളുടെ മാനസികാവസ്ഥയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും പറഞ്ഞു.
ഡോ. ബി. അംബേദ്കറിന് ഉപരാഷ്ട്രപതി ശ്രദ്ധാഞ്ജലി അർപ്പിച്ചു. നമ്മുടെ ഭരണഘടനയുടെ ഉന്നതമായ ആശയങ്ങൾ യഥാർത്ഥ അർത്ഥത്തിൽ നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലൂടെയും, അവ ഓരോ പൗരനിലും എത്തിച്ചേരുന്നതിലൂടെയും മാത്രമേ പരമാധികാര രാഷ്ട്രത്തെ സംബന്ധിച്ച അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകൂ എന്നും ഉപരാഷ്ട്രപതി പറഞ്ഞു.
തമിഴ്‌നാട് ഗവർണർ ശ്രീ ബൻവാരിലാൽ പുരോഹിത്, വൈസ് ചാൻസലർ പ്രൊഫ. ടി.എസ്.എൻ. ശാസ്ത്രി എന്നിവരെക്കൂടാതെ അദ്ധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
(Release ID: 1701618)
Visitor Counter : 284