പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാരിയപ്പ ഗ്രൗണ്ടില്‍ എന്‍സിസി റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍ അച്ചടക്കം വളര്‍ത്തുന്നതില്‍ എന്‍സിസിക്ക് പ്രധാന പങ്കുണ്ട് : പ്രധാനമന്ത്രി

പ്രതിരോധ ഉപകരണങ്ങളുടെ വൻകിട നിര്‍മ്മാതാവായി ഇന്ത്യ ഉയരും : പ്രധാനമന്ത്രി

അതിര്‍ത്തി, തീരപ്രദേശങ്ങളിലേക്കായി 1 ലക്ഷം കേഡറ്റുകള്‍ക്ക് കര- വ്യോമ- നാവികസേന പരിശീലനം നല്‍കുന്നു, മൂന്നിലൊന്ന് വനിതാ കേഡറ്റുകള്‍ : പ്രധാനമന്ത്രി

Posted On: 28 JAN 2021 3:27PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ കരിയപ്പ ഗ്രൗണ്ടില്‍ നടന്ന ദേശീയ കേഡറ്റ് കോറിന്റെ (എന്‍സിസി) റാലിയെ  അഭിസംബോധന ചെയ്തു. പ്രതിരോധമന്ത്രി, സംയുക്ത സേനാ തലവന്‍, മൂന്ന് സായുധ സേവന മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു, എന്‍സിസി അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്തു, ചടങ്ങിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടികളും പ്രധാനമന്ത്രി വീക്ഷിച്ചു.

സാമൂഹിക ജീവിതത്തില്‍ കർശന അച്ചടക്കമുള്ള രാജ്യങ്ങൾ  എല്ലാ മേഖലകളിലും അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍ ഈ അച്ചടക്കം വളര്‍ത്തുന്നതില്‍ എന്‍സിസിക്ക് വലിയ പങ്കുണ്ട്.  യൂണിഫോമിലുള്ള ഏറ്റവും വലിയ യുവജന സംഘടനയെന്ന നിലയില്‍ എന്‍സിസി അനുദിനം വളര്‍ച്ച നേടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശൌര്യവും സേവനവും എന്ന ഇന്ത്യന്‍ പാരമ്പര്യം  പ്രോത്സാഹിപ്പിക്കപ്പെടുന്നിടത്തും ഭരണഘടനയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നിടത്തും  എന്‍സിസി കേഡറ്റുകളുടെ സാന്നിധ്യം ഉണ്ട്. അതുപോലെ, പരിസ്ഥിതിയുടെയോ,  ജലത്തിന്റെയോ സംരക്ഷണവുമായി ബന്ധപ്പെട്ട്  ഏതൊരു പദ്ധതിയിലും എന്‍സിസി പങ്കാളിത്തമുണ്ട്. കൊറോണ പോലുള്ള വിപത്തുകളില്‍ എന്‍സിസി കേഡറ്റുകള്‍ നല്‍കിയ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിച്ചു.

നമ്മുടെ ഭരണഘടന വിവക്ഷിക്കുന്ന കടമകള്‍ നിറവേറ്റേണ്ടത് എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.  പൗരന്മാരും സിവില്‍ സമൂഹവും ഇത് പിന്തുടർന്നാൽ നിരവധി വെല്ലുവിളികളെ വിജയകരമായി നേരിടാനാകും. നമ്മുടെ രാജ്യത്തിന്റെ വലിയൊരു ഭാഗത്തെ ബാധിച്ചിരുന്ന നക്‌സലിസത്തിനെയും മാവോയിസത്തിനെയും തകര്‍ത്തത് സുരക്ഷാ സേനയുടെ ധീരതയും പൗരന്മാരുടെ കർത്തവ്യബോധവുമെന്ന് ശ്രീ മോദി പറഞ്ഞു. ഇപ്പോള്‍ നക്‌സൽ ഭീഷണി രാജ്യത്തെ ചുരുക്കം പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുകയും  നക്സലിസത്തിന്റെ പാതയിൽ ഉണ്ടായിരുന്ന യുവാക്കള്‍ വികസന മുഖ്യധാരയില്‍ ചേരാന്‍ അക്രമത്തിന്റെ പാത ഉപേക്ഷിക്കുകയും ചെയ്തു.

കൊറോണ കാലഘട്ടം വെല്ലുവിളി നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു, എന്നാല്‍ ഇത് രാജ്യത്തിന് അസാധാരണമായ പ്രവര്‍ത്തനത്തിനുള്ള അവസരങ്ങള്‍ കൊണ്ടുവന്നു, രാജ്യത്തിന്റെ കഴിവുകള്‍ മെച്ചപ്പെടുത്തുക, അത് സ്വയം പര്യാപ്തിയിലെത്തിക്കുക, സാധാരണയില്‍ നിന്ന് മികച്ചതിലേക്ക് പോകുക. ഇതില്‍ യുവാക്കള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതിര്‍ത്തിയിലും തീരപ്രദേശങ്ങളിലും എന്‍സിസി വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍  വിവരിച്ച പ്രധാനമന്ത്രി അത്തരം 175 ജില്ലകളിൽ എൻ സി സി ക്ക് പുതിയ പങ്ക് പ്രഖ്യാപിച്ച ഓഗസ്റ്റ് 15 ലെ തന്റെ പ്രസംഗം അനുസ്മരിച്ചു.  ഇതിനായി ഒരു ലക്ഷത്തോളം കേഡറ്റുകള്‍ക്ക് കര- വ്യോമ-നാവികസേനകൾ പരിശീലനം നല്‍കി വരികയാണെന്ന് അദ്ദേഹം അറിയിച്ചു. അവരില്‍ മൂന്നിലൊന്ന് വനിതാ കേഡറ്റുകളാണ്. എന്‍സിസിയുടെ പരിശീലന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. നേരത്തെയുണ്ടായിരുന്ന ഒരു ഫയറിംഗ് സിമുലേറ്ററിന്റെ സ്ഥാനത്ത് ഇപ്പോൾ 98 എണ്ണം സ്ഥാപിച്ചു വരുന്നു . മൈക്രോ ഫ്‌ളൈറ്റ് സിമുലേറ്ററുകളുടെ എണ്ണം 5 ല്‍ നിന്ന് 44 ആയും റോവിംഗ് സിമുലേറ്ററുകളുടെ എണ്ണം  11 ല്‍ നിന്ന് 60 ആയും വർദ്ധിപ്പിച്ചിട്ടുണ്ട്.

ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയ്ക്ക് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുകയും ഇന്നത്തെ വേദി അദ്ദേഹത്തിന്റെ പേരിലാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. സായുധ സേനയില്‍ വനിതാ കേഡറ്റുകള്‍ക്ക് പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സമീപകാലത്ത് എന്‍സിസിയില്‍ വനിതാ കേഡറ്റുകളുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധനയുണ്ടായതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.  1971 ലെ ബംഗ്ലാദേശ് യുദ്ധത്തിലെ വിജയത്തിന്റെ 50 -വാര്‍ഷികത്തിൽ  പ്രധാനമന്ത്രി സായുധ സേനകൾക്ക് പ്രണാമം അര്‍പ്പിച്ചു. 
കേഡറ്റുകളോട് ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ട  പ്രധാനമന്ത്രി  നവീകരിച്ച ഗാലന്ററി അവാര്‍ഡ് പോര്‍ട്ടലുമായി ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചു. ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള വേദിയായി എന്‍സിസി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അതിവേഗം അതിവേഗം ഉയര്‍ന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. 
ഈ വര്‍ഷം ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലേക്കും, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തിലേക്കും കടക്കുകയാണ്. നേതാജിയുടെ മഹത്തായ ഉദാഹരണത്തിൽ നിന്ന് പ്രചോദനം നേടാന്‍ അദ്ദേഹം കേഡറ്റുകളോട് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിലേക്ക് ഇന്ത്യയെത്തുന്ന അടുത്ത 25 - 26 വര്‍ഷങ്ങളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കണമെന്നും പ്രധാനമന്ത്രി കേഡറ്റുകളോട് പറഞ്ഞു.

വൈറസ് വെല്ലുവിളികളും , പ്രതിരോധ വെല്ലുവിളികളും നേരിടാനുള്ള ഇന്ത്യയുടെ കഴിവുകളെ കുറിച്ച് വിശദീകരിക്കവെ ലോകത്തിലെ തന്നെ  ഏറ്റവും മികച്ച യുദ്ധ യന്ത്രങ്ങളിലൊന്നാണ് രാജ്യത്തിനുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുഎഇ, സൗദി അറേബ്യ, ഗ്രീസ് എന്നിവയുടെ സഹായത്തോടെ പുതിയ റാഫേല്‍ വിമാനങ്ങൾക്ക്  ആകാശത്തില്‍ തന്നെ ഇന്ധനം നിറയ്ക്കാനായത് ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെട്ടതിന്റെ പ്രതിഫലനം ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നൂറിലധികം ഉപകരണങ്ങള്‍ രാജ്യത്ത് നിര്‍മ്മിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇതും വ്യോമസേനയുടെ 80 തേജസ് യുദ്ധവിമാനങ്ങൾക്കുള്ള ഓർഡറും, നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട യുദ്ധതന്ത്രങ്ങൾക്കുള്ള കൂടുതല്‍  ഊന്നലും ഇന്ത്യയെ പ്രതിരോധ ഉപകരണങ്ങളുടെ ഒരു വിപണി എന്നതിന് പകരം പ്രതിരോധ ഉപകരണങ്ങളുടെ പ്രധാന നിര്‍മ്മാതാവ്  എന്ന നിലയിൽ ഇന്ത്യ ഉയര്‍ന്നുവരുന്നുവെന്ന് ഉറപ്പാക്കും.

തദ്ദേശീയ ഉല്പന്നങ്ങൾക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ പ്രധാനമന്ത്രി കേഡറ്റുകളെ ഉദ്ബോധിപ്പിച്ചു. യുവാക്കള്‍ക്കിടയില്‍ ഒരു ബ്രാന്‍ഡായി മാറിയ ഖാദിയുടെ രൂപാന്തരം, ഫാഷന്‍, വിവാഹങ്ങള്‍, ഉത്സവം, മറ്റ് മേഖലകള്‍ എന്നിവയ്ക്ക് തദ്ദേശീയതയ്ക്ക് പ്രാധാന്യം നല്‍കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വയംപര്യാപ്ത ഇന്ത്യയ്ക്ക് ആത്മവിശ്വാസമുള്ള യുവാക്കള്‍ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി ഫിറ്റ്‌നസ്, വിദ്യാഭ്യാസം, നൈപുണ്യം എന്നീ മേഖലകളില്‍ ഗവൺമെന്റ് പ്രവര്‍ത്തിക്കുന്നു. അടല്‍ ടിങ്കറിംഗ് ലാബുകള്‍ മുതല്‍ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നൈപുണ്യ ഇന്ത്യ, മുദ്രാ പദ്ധതികള്‍ വരെ ഇക്കാര്യത്തില്‍ പുതിയ ആക്കം കാണാം. ഫിറ്റ്‌നസ്, സ്‌പോര്‍ട്‌സ് എന്നിവയ്ക്ക് ഫിറ്റ്-ഇന്ത്യ, ഖേലോ ഇന്ത്യ പ്രസ്ഥാനങ്ങളിലൂടെ  മുമ്പില്ലാത്തവിധത്തിലുള്ള    അഭൂതപൂര്‍വമായ മുന്നേറ്റം ദൃശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആവശ്യങ്ങള്‍ക്കും താല്‍പ്പര്യത്തിനും അനുസൃതമായി വിഷയം തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് പുതിയ ദേശീയ വിദ്യാഭ്യാസ നയം മുഴുവന്‍ സംവിധാനത്തെയും വിദ്യാര്‍ത്ഥി  കേന്ദ്രീകൃതമാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിഷ്‌കാരങ്ങള്‍ നല്‍കുന്ന അവസരങ്ങള്‍ യുവാക്കള്‍ പ്രയോജനപ്പെടുത്തുന്നതോടെ രാജ്യം പുരോഗമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
*****(Release ID: 1692957) Visitor Counter : 29