ഊര്‍ജ്ജ മന്ത്രാലയം

വടക്കു കിഴക്കൻ മേഖലാ ഊർജ്ജ സംവിധാന പരിഷ്കരണത്തിനുള്ള പുതുക്കിയ പദ്ധതിച്ചെലവിന് കേന്ദ്രമന്ത്രിസഭയുടെ അ‌ംഗീകാരം

Posted On: 16 DEC 2020 3:36PM by PIB Thiruvananthpuram

നോർത്ത് ഈസ്റ്റേൺ റീജ്യൺ പവർ സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോജക്റ്റിന്റെ (NERPSIP) പുതുക്കിയ പദ്ധതിച്ചെലവിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി  അ‌ംഗീകാരം നൽകി. 6,700 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അന്തർ സംസ്ഥാന പ്രസരണ വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നത് വടക്കുകിഴക്കൻ മേഖലയുടെ സാമ്പത്തിക വികസനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പായാണ് കണക്കാക്കുന്നത്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര എന്നിവയാണ് പദ്ധതി ഗുണഭോക്താക്കൾ. ഈ സംസ്ഥാനങ്ങളുമായി സഹകരിച്ച് വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ (പി‌എസ്‌യു) പവർഗ്രിഡാണ് പദ്ധതി നടപ്പിലാക്കുന്നത്. 2021 ഡിസംബറോടെ കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കമ്മീഷൻ ചെയ്ത ശേഷം, ബന്ധപ്പെട്ട നോർത്ത് ഈസ്റ്റേൺ സ്റ്റേറ്റ് യൂട്ടിലിറ്റികളുടെ ഉടമസ്ഥതയിലും പരിപാലനത്തിലും ആയിരിക്കും പദ്ധതി.

കരുത്തുറ്റ പവർഗ്രിഡ് സംവിധാനം നടപ്പാക്കുന്നതിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തലും അ‌തിലൂടെ സമഗ്രമേഖലയിലും ഉപഭോക്താക്കളിലേക്ക് പദ്ധതിയുടെ നേട്ടം എത്തിക്കലുമാണ് ലക്ഷ്യമിടുന്നത്.

പദ്ധതി ഈ സംസ്ഥാനങ്ങളുടെ ആളോഹരി വൈദ്യുതി ഉപഭോഗം വർദ്ധിപ്പിക്കുകയും വടക്കുകിഴക്കൻ മേഖലയുടെ സമഗ്ര സാമ്പത്തിക വികസനത്തിന് കാരണമാവുകയും ചെയ്യും. നിർമാണപ്രവർത്തനങ്ങൾ പ്രാദേശികമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. പദ്ധതി പൂർത്തിയായിക്കഴിഞ്ഞാലും ഇതുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

പശ്ചാത്തലം:

2014 ഡിസംബറിലാണ് ഊർജ്ജ മന്ത്രാലയത്തിന്റെ കേന്ദ്രമേഖല പദ്ധതിയായി ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.  ലോകബാങ്ക് ഫണ്ടും കേന്ദ്ര ഗവൺമെന്റ് ഫണ്ടും തുല്യമായി പദ്ധതിക്കായി വിനിയോഗിക്കും. എന്നാൽ കാര്യശേഷി വർധിപ്പിക്കുന്നതിനുള്ള ഘടകങ്ങൾക്കായുള്ള 89 കോടി രൂപ പൂർണമായും ചെലവഴിക്കുന്നത് ഇന്ത്യാ ഗവൺമെന്റാണ്.

 

***


(Release ID: 1681096) Visitor Counter : 234