വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

പൊതു വൈഫൈ ശൃംഖലയിലൂടെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 09 DEC 2020 3:48PM by PIB Thiruvananthpuram

രാജ്യമെമ്പാടും പൊതു വൈഫൈ ശൃംഖലയിലൂടെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പ്രത്യേക ലൈസന്‍സ് നിരക്കുകള്‍  ഈടാക്കാതെ പബ്ലിക് ഡാറ്റാ ഓഫീസുകള്‍ (പി.ഡി.ഒ.കള്‍) വഴി പൊതു വൈ-ഫൈ സേവനം ഉറപ്പാക്കുന്നതിനായുള്ള ടെലികമ്യൂണിക്കേഷന്‍സ് വകുപ്പിന്റെ നിര്‍ദേശത്തിനാണ് അംഗീകാരം. ഇതിലൂടെ പൊതു വൈഫൈ ശൃംഖലകള്‍ ഒരുക്കുന്നതിന് പബ്ലിക് ഡാറ്റാ ഓഫീസ് അഗ്രഗേറ്റര്‍മാര്‍ക്ക് (പി.ഡി.ഒ.എ.) അനുമതിയാകും. ഇതു രാജ്യത്തെ പൊതു വൈ-ഫൈ ശൃംഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വരുമാനം, തൊഴില്‍, ജനങ്ങളുടെ ശാക്തീകരണം എന്നിവയ്ക്ക് സഹായകമാകുകയും ചെയ്യും.


പ്രധാന സവിശേഷതകള്‍:
ഈ പൊതു വൈഫൈ ശൃംഖല പിഎം-വാണി (PM-WANI) എന്നാകും അറിയപ്പെടുന്നത്. 


പബ്ലിക് ഡേറ്റ ഓഫീസുകള്‍ (പി.ഡി.ഒ.): വാണി വൈ-ഫൈ ആക്‌സസ് പോയിന്റുകള്‍ ഒരുക്കുകയും ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ വരിക്കാര്‍ക്ക് നല്‍കുകയും ചെയ്യും.

പബ്ലിക് ഡേറ്റാ ഓഫീസ് അഗ്രഗേറ്ററുകള്‍ (പി.ഡി.ഒ.എ.): അംഗീകാരവും അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കും.

ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നവര്‍: ഉപയോക്താക്കളുടെ രജിസ്‌ട്രേഷന്‍, പ്രദേശത്തെ വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തല്‍, ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകള്‍ സജ്ജമാക്കും.

കേന്ദ്ര രജിസ്ട്രി: ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നവര്‍, പി.ഡി.ഒ.എ, പി.ഡി.ഒ. എന്നിവയുടെ വിവരങ്ങള്‍ സൂക്ഷിക്കും. സി-ഡോട്ടാകും തുടക്കത്തില്‍ ഈ ചുമതല വഹിക്കുന്നത്.


ലക്ഷ്യങ്ങള്‍

പി.ഡി.ഒ.കള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല. പി.ഡി.ഒ.എ, ആപ്ലിക്കേഷന്‍ നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് ഫീസൊടുക്കാതെ ഡിഒടിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലായ സരള്‍സഞ്ചാറില്‍ (https://saralsanchar.gov.in) രജിസ്റ്റര്‍ ചെയ്യാം. 

4ജി മൊബൈല്‍ കവറേജുകള്‍ ഇല്ലാത്ത മേഖലകളിലും പൊതു വൈഫൈ സേവനങ്ങള്‍ മികച്ച വേഗതയുള്ള ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കും. ഇതു വ്യവസായങ്ങള്‍ക്കും കൂടുതല്‍ പ്രയോജനപ്രദമാകും. 

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ചെറുകിട, ഇടത്തരം സംരംഭകരുടെ കൈകളില്‍ പണമുറപ്പാക്കാനും ഇതിലൂടെ കഴിയും. രാജ്യത്തിന്റെ ജി.ഡി.പി. ഉയരാനും സഹായകമാകും. ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള ചുവടുവയ്പുകൂടിയാണ് ഈ പദ്ധതി. 

 

***


(Release ID: 1679429) Visitor Counter : 151