പ്രധാനമന്ത്രിയുടെ ഓഫീസ്
ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിച്ച് പ്രധാനമന്ത്രി
കോവിഡ് 19 മഹാമാരിക്കാലത്ത് പൊലീസിന്റെ 'മാനുഷികവശം' പുറത്തുവന്നു: പ്രധാനമന്ത്രി
Posted On:
04 SEP 2020 2:32PM by PIB Thiruvananthpuram
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ ഇന്ന് നടന്ന 'ദിക്ഷാന്ത് പരേഡ് പരിപാടി'യില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിച്ചു.
അക്കാദമിയില്‍ നിന്ന് പാസ്സായ യുവ ഐപിഎസ് ഉദ്യോഗസ്ഥരുമായി താന്‍ സംവദിക്കാറുണ്ടെന്നും എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവരെ കാണാന്‍ കഴിഞ്ഞില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ''എന്നാല്‍ എന്റെ അധികാര സമയത്തു ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരു ഘട്ടത്തില്‍ കണ്ടുമുട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ഐപിഎസ് പ്രൊബേഷണര്‍മാരെ പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു. യൂണിഫോം ധരിക്കുമ്പോള്‍ അതില്‍ അഭിമാനം കൊള്ളണമെന്നും അതു ദുരുപയോഗം ചെയ്യരുത് എന്നതു പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ''നിങ്ങളുടെ കാക്കി യൂണിഫോമിനോടുള്ള ബഹുമാനം ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഈ കോവിഡ് -19 കാലത്തു പോലീസ് നടത്തിയ നല്ല പ്രവര്‍ത്തനങ്ങള്‍ കാക്കിക്കുള്ളിലെ മനുഷ്യര്‍ക്ക് പൊതുജനങ്ങളുടെ മനസ്സില്‍ ഇടംനേടാന്‍ അവസരമൊരുക്കിയിട്ടുണ്ട്.'' അദ്ദേഹം പറഞ്ഞു.
കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ സമയത്ത് പോലീസിന്റെ 'മാനുഷികമുഖം' പുറത്തുവന്നതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
കുറ്റകൃത്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള പൊലീസ് സേനയുടെ സാമര്‍ത്ഥ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സാമാന്യയുക്തിയുടെ പ്രാധാന്യം മറക്കാതെതന്നെ സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കണമെന്ന് അദ്ദേഹം പ്രൊബേഷണര്‍മാരോട് അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍, ബിഗ് ഡേറ്റ, നിര്‍മ്മിതബുദ്ധി എന്നിവയ്ക്ക് പഞ്ഞമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ ലഭ്യമായ വിവരങ്ങള്‍
മുതല്‍ക്കൂട്ടാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ദുരന്തസമയത്ത് എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും നടത്തിയ പ്രവര്‍ത്തനങ്ങള്‍ പോലീസ് സേവനത്തിന് പുത്തന്‍ സ്വീകാര്യത നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതത് പ്രദേശങ്ങളില്‍ എന്‍ഡിആര്‍എഫ് ഗ്രൂപ്പുകള്‍ സംഘടിപ്പിക്കാനും പ്രകൃതിദുരന്തസമയത്ത് ആളുകളെ സഹായിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അവരുടെ പരിശീലനത്തെ ഒരിക്കലും കുറച്ചുകാണരുതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പരിശീലനം ശിക്ഷാ നിയമനമാണ് എന്ന മനോഭാവത്തില്‍ നിന്ന് പുറത്തുവരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
രണ്ട് ദിവസം മുമ്പാണ് മിഷന്‍ കര്‍മ്മയോഗി ആരംഭിച്ചതെന്ന് ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഏഴു പതിറ്റാണ്ടു പഴക്കമുള്ള നമ്മുടെ സിവില്‍ സര്‍വീസില്‍ ശേഷി വര്‍ധിപ്പിക്കല്‍, ജോലിയോടുള്ള സമീപനം എന്നിവയില്‍ ഏര്‍പ്പെടുത്തിയ ഏറ്റവും വലിയ പരിഷ്‌കാരമാണിത്. നിയമാധിഷ്ഠിതമായതില്‍ നിന്ന് കര്‍ത്തവ്യാധിഷ്ഠിതമായതിലേയ്ക്കുള്ള (റൂള്‍ ബേസ്ഡ് ടു റോള്‍ ബേസ്ഡ്) മാറ്റമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
''അപ്രതീക്ഷിതമായി എന്തും നേരിടേണ്ടി വരാം എന്ന തരത്തിലുളള ജോലിയാണ് നിങ്ങളുടേത്. നിങ്ങള്‍ എല്ലാവരും ജാഗ്രത പാലിക്കുകയും ഇതിന് തയ്യാറാകുകയും വേണം. ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദമുണ്ടാകും. അവിടെയാണ് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കുന്നതിന്റെ പ്രാധാന്യം. ഇടയ്ക്കിടെ, അതായത് അവധിദിവസങ്ങളിലോ മറ്റോ, ഒരു അധ്യാപകനെയോ, അതല്ലെങ്കില്‍ നിങ്ങള്‍ ബഹുമാനിക്കുന്ന, നിങ്ങള്‍ക്ക് ഉപദേശം തരാന്‍ കഴിവുള്ള ഒരാളെയോ സന്ദര്‍ശിക്കുക.''- പ്രധാനമന്ത്രി പറഞ്ഞു.
പൊലീസിങ്ങില്‍ ശാരീരികക്ഷമതയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
മഹത് വ്യക്തികൾ സ്ഥാപിച്ച ഉദാഹരണങ്ങള്‍ ജനങ്ങള്‍ പിന്തുടരുന്നു എന്ന ഗീത വചനങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു .
****
(Release ID: 1651360)
Visitor Counter : 244
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada