പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക്‌സഭയില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കു പ്രധാനമന്ത്രി നല്‍കിയ മറുപടി
Posted On:
06 FEB 2020 7:55PM by PIB Thiruvananthpuram
ബഹുമാന്യനായ സ്പീക്കര്‍ സര്‍,
രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയത്തിനുള്ള കടപ്പാട് അറിയിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. നവ ഇന്ത്യയെ കുറിച്ചുള്ള വീക്ഷണം രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ അവതരിപ്പിച്ചു. രാജ്യത്തെ കോടിക്കണക്കിനു പൗരന്‍മാരില്‍ ആത്മവിശ്വാസം ജനിപ്പിക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതും ഈ ദശാബ്ദത്തേക്കു നമുക്കെല്ലാം ദിശാബോധം പകരുന്നതുമാണ് 21ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തില്‍ ബഹുമാനപ്പെട്ട രാഷ്ട്രപതി നടത്തിയ പ്രസ്താവന.
ഈ ചര്‍ച്ചയില്‍ അനുഭവസമ്പന്നരായ ബഹുമാനപ്പെട്ട അംഗങ്ങള്‍ അവരവരുടെ വീക്ഷണങ്ങള്‍ ഫലപ്രദമായി അവതരിപ്പിച്ചു. ചര്‍ച്ച സമ്പുഷ്ടമാക്കാന്‍ ഓരോരുത്തരും അവരവരുടേതായ രീതിയില്‍ ശ്രമിച്ചു. ശ്രീമാന്‍ അധീര്‍ രഞ്ജന്‍ ചൗധരി, ഡോ. ശശി തരൂര്‍ ജി, ശ്രീമാന്‍ ഒവൈസി ജി, രാംപ്രതാപ് യാദവ് ജി, പ്രീതി ചൗധരി ജി, മിശ്ര ജി, അഖിലേഷ് യാദവ് ജി തുടങ്ങി ഏറെ പേരുണ്ട്. എല്ലാവരുടെയും പേരുകള്‍ പറയാന്‍ ഏറെ സമയം വേണ്ടിവരും. എല്ലാവരും അവരവരുടെ വീക്ഷണങ്ങള്‍ അവരവരുടേതായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നാണു ഞാന്‍ പറയുക. എന്നാല്‍, എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഗവണ്‍മെന്റിന് എന്താണ് ഇത്രയും തിടുക്കമെന്ന ചോദ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. എന്താണ് ഈ കാര്യങ്ങളെല്ലാം ഒരുമിച്ചു ചെയ്യാന്‍ കാരണം?
തുടക്കത്തില്‍ത്തന്നെ ശ്രീമാന്‍ സര്‍വേശ്വര്‍ ദയാല്‍ജിയുടെ ഒരു കവിത ഉയര്‍ത്തിക്കാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് ഒരുപക്ഷേ, നമ്മുടെ സംസ്‌കാരവും നമ്മുടെ ഗവണ്‍മെന്റിന്റെ പ്രകൃതവുമാണ്. അതേ പ്രചോദനത്താല്‍ നാം സ്ഥിരം പാത വിട്ട് വേഗത്തില്‍ മുന്നേറാന്‍ ശ്രമിക്കുകയുമാണ്. സര്‍വേശ്വര്‍ ദയാല്‍ ജി കവിതയില്‍ എഴുതിയിരിക്കുന്നത്
ലീക് പര്‍ വേ ചലേം ജിന്‍കേ
ചരണ്‍ ദുര്‍ബല്‍ ഔര്‍ ഹാരേ ഹേ,
ഹമേ തോ ജോ ഹമാരീ യാത്രാ സേ ബനേ
ഐസേ അനിര്‍മിത് പന്ഥ് ഹീ പ്യാരേ ഹേ!
ആദരണീയനായ സ്പീക്കര്‍, ഇപ്പോള്‍ ജനങ്ങള്‍ ഗവണ്‍മെന്റിനെ മാറ്റിയിരിക്കുന്നു എന്നു മാത്രമല്ല, അവരുടെ താല്‍പര്യങ്ങളും മാറിയിരിക്കുന്നു എന്നു വേണം കരുതാന്‍. പുതിയ വീക്ഷണവുമായി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം നിമിത്തം ഞങ്ങള്‍ക്ക് ഇവിടെ വരാനും സേവിക്കാനും അവസരം ലഭിച്ചു. ഞങ്ങള്‍ പഴയ പാത തന്നെ പിന്‍തുടരുകയും നിങ്ങള്‍ നടന്ന വഴി തന്നെ ഉപയോഗപ്പെടുത്തുകയും നിങ്ങളുടെ രീതി തന്നെ പിന്‍തുടരുകയും ചെയ്തിരുന്നുവെങ്കില്‍ 70 വര്‍ഷംകൊണ്ടും 370ാം വകുപ്പ് റദ്ദാക്കാന്‍ സാധിക്കുമായിരുന്നില്ല. പഴയ രീതിയില്‍ തന്നെ തുടരുകയായിരുന്നു എങ്കില്‍ മുസ്ലീം സ്ത്രീകളെ പേടിപ്പിക്കുന്ന മുത്തലാഖ് ഇപ്പോഴും നിലനില്‍ക്കുമായിരുന്നു. ഞങ്ങള്‍ നിങ്ങളുടെ പാത പിന്‍തുടര്‍ന്നിരുന്നു എങ്കില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ബലാല്‍സംഗത്തിന് ഇരയായാല്‍ പ്രതി വധശിക്ഷയ്ക്കു വിധേയനാകുന്ന നിയമം ഉണ്ടാകുമായിരുന്നില്ല. ഞങ്ങള്‍ നിങ്ങളുടെ ചിന്ത പിന്‍തുടര്‍ന്നിരുന്നു എങ്കില്‍ രാമജന്മഭൂമി ഇപ്പോഴും തര്‍ക്കവിഷയമായി തുടര്‍ന്നേനെ. നിങ്ങളുടെ സമീപനംവെച്ച് കര്‍ത്താര്‍പൂര്‍ ഇടനാഴി ഒരിക്കലും യാഥാര്‍ഥ്യമാകുമായിരുന്നില്ല.
നിങ്ങളുടെ സമീപനവും വഴികളും മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ത്യയ്ക്ക് ഒരിക്കലും ബംഗ്ലാദേശ് അതിര്‍ത്തിപ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമായിരുന്നില്ല.
ആദരണീയനായ സ്പീക്കര്‍,
ബഹുമാന്യനായ സ്പീക്കറെ കാണുകയും ശ്രദ്ധിക്കുകയും ചെയ്യുമ്പോള്‍ ആദ്യമായി കിരണ്‍ റിജിജു ജിയെ അഭിനന്ദിക്കുയാണ്. കാരണം, അദ്ദേഹം നടപ്പാക്കിയ ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തിലെത്താനുള്ള പ്രവര്‍ത്തനം മിടുക്കു നിറഞ്ഞതാണ്. അദ്ദേഹം പ്രസംഗിക്കുകയും ജിമ്മില്‍ വ്യായാമം ചെയ്യുകയും ചെയ്യുന്നു. ഇതു ഫിറ്റ് ഇന്ത്യക്കു പ്രോല്‍സാഹനമേകുന്നു എന്നതിനാല്‍ ഇതിനെ പ്രോല്‍സാഹിപ്പിക്കുന്ന അംഗങ്ങള്‍ക്കെല്ലാം നന്ദി അറിയിക്കുന്നു.
ആദരണീയനായ സ്പീക്കര്‍, വെല്ലുവിളികളെ നേരിടാന്‍ രാജ്യം ഓരോ നിമിഷവം ശ്രമിക്കുകയായിരുന്നു എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. വെല്ലുവിളികളെ ഗൗരവത്തോടെ രാജ്യം വീക്ഷിക്കാതിരുന്ന ശീലവും ഉണ്ടായിരുന്നു. വെല്ലുവിളികളെ തെരഞ്ഞെടുക്കാന്‍ സാധിക്കാത്തവരെയും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്നു ലോകം ഇന്ത്യയില്‍നിന്നു പ്രതീക്ഷിക്കുന്നത് എന്താണ്? നാം വെല്ലുവിളികള്‍ കാണാന്‍ തയ്യാറാകാതെവന്നാല്‍, നാം ധൈര്യം പുലര്‍ത്താതിരിക്കുകയും എല്ലാവരെയും കൂടെക്കൂട്ടാനുള്ള ശ്രമം വര്‍ധിപ്പിക്കാതെയും ഇരുന്നാല്‍, ഒട്ടേറെ പ്രശ്‌നങ്ങളെ രാജ്യം ഏറെക്കാലം നേരിടേണ്ടിവന്നേക്കും.
ആദരണീയനായ സ്പീക്കര്‍, ഇതിനുശേം കോണ്‍ഗ്രസ്സിന്റെ പാത നാം പിന്‍തുടരുകയാണെങ്കില്‍ വിദേശ സ്വത്തുക്കളെ സംബന്ധിച്ചു പോലുമുള്ള നിയമത്തിനു രാജ്യം 50 വര്‍ഷത്തിനപ്പുറവും കാത്തിരിക്കേണ്ടിവരും. 35 വര്‍ഷത്തിനു ശേഷവും രാജ്യത്തിനു പുതു തലമുറ പോര്‍വിമാനത്തിനായി കാത്തിരിക്കേണ്ടിവരും. 28 വര്‍ഷത്തിനു ശേഷവും ബിനാമി വസ്തു നിയമം പ്രാബല്യത്തില്‍ വരില്ല. 20 വര്‍ഷത്തിനുശേഷവും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് നിയമിക്കപ്പെടില്ല.
ആദരണീയ സ്പീക്കര്‍, പുതിയ വഴികളില്‍ വികല നയങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാനുള്ള ഉദ്ദേശലക്ഷ്യമാണ് ഞങ്ങളുടെ ഗവണ്‍മെന്റിന്റെ ഗതിവേഗത്തിനു പിന്നില്‍. സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷങ്ങള്‍ക്കു ശേഷവും ദീര്‍ഘകാലം കാത്തിരിക്കാന്‍ രാജ്യം തയ്യാറല്ല, കാത്തിരിക്കുകയുമില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നതാണ് കാരണം. അതുകൊണ്ട് വേഗതയും അളവുകോലും വലുതാക്കാതെ പറ്റില്ല. നിശ്ചയദാര്‍ഢ്യവും ദൃഢതയുമുണ്ട്. സംവേദനക്ഷമതയും പരിഹാരവുമുണ്ട്. ഞങ്ങള്‍ ദ്രുഗതതിയില്‍ പ്രവര്‍ത്തിക്കുന്നു. ഈ ഗതിവേഗത്തിന്റെ ഫലം രാജ്യത്തെ ജനങ്ങള്‍ അഞ്ചു വര്‍ഷം കാണുകയും അതേ വേഗത്തില്‍ കൂടുതല്‍ കരുത്തോടെ തുടരുന്നതിന് ഒരു അവസരം കൂടി തരികയും ചെയ്തു.
ഇത്ര വേഗത്തിലല്ല പോക്കെങ്കില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ 37 കോടി ആളുകള്‍ ബാങ്ക് അക്കൗണ്ട് തുറക്കുമായിരുന്നില്ല. ഇത്ര വേഗത്തില്‍ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ 11 കോടി ആളുകളുടെ വീടുകളില്‍ ശുചിമുറികള്‍ നിര്‍മിച്ചു തീരുമായിരുന്നില്ല; 13 കോടി കുടുംബങ്ങളില്‍ പാചകവാതക സ്റ്റൗ തെളിയുമായിരുന്നില്ല. ഇത്ര ഗതിവേഗമില്ലായിരുന്നെങ്കില്‍ പാവപ്പെട്ടവര്‍ക്ക് രണ്ടു കോടി പുതിയ വീടുകള്‍ നിര്‍മിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇത്ര വേഗത്തില്‍ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ 4 ദശലക്ഷത്തിലധികം ആളുകള്‍ ജീവിക്കുന്ന ഡല്‍ഹിയിലെ 1700ല്‍പ്പരം അനധികൃത കോളനികള്‍ ഇപ്പോഴും നിയമവിരുദ്ധമായിത്തന്നെ തുടരുമായിരുന്നു. ആ പ്രവൃത്തി തീര്‍ന്നിട്ടില്ല. ഇന്നിപ്പോള്‍ അവര്‍ക്കും സ്വന്തം വീടിനുമേല്‍ അവകാശമുണ്ട്.
ആദരണീയനായ അധ്യക്ഷന്‍, വടക്കുകിഴക്കന്‍ മേഖലയും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റാനുള്ള പ്രാപ്തിക്കു വേണ്ടി പല ദശാബ്ദങ്ങളായി വടക്കുകിഴക്കന്‍ മേഖല കാത്തിരിക്കുകയാണ്. രാഷ്ട്രീയ മാനദണ്ഡങ്ങളനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആ മേഖല എല്ലായ്‌പ്പോഴും പാര്‍ശ്വവല്‍കരിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം വടക്കുകിഴക്കന്‍ മേഖല വോട്ടിന്റെ അടിസ്ഥാനത്തില്‍ അളക്കേണ്ട ഒരു പ്രദേശമല്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമൊപ്പം നില്‍ക്കുന്ന ഈ വിദൂര മേഖലയുടെ സാധ്യതകള്‍ കൂടി രാജ്യത്തിന്റെ മികച്ച ഭാവിക്കും വികസനത്തിനും വേണ്ടി ശരിയായി വിനിയോഗിക്കണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അവിടെ ജീവിക്കുന്ന ഓരോ പൗരന്റെയും മഹത്തായ വിശ്വാസത്തിനൊപ്പം മുന്നേറാനുള്ള നമ്മുടെ അധ്വാനമാണ് ഇത്. അതുകൊണ്ട്, മുമ്പ് വളരെ ദൂരത്തിലായിരുന്ന ഡല്‍ഹി കഴിഞ്ഞ അഞ്ചു വര്‍ഷമായി അവരുടെ പടിവാതില്‍ക്കലാണ്. മന്ത്രി സ്ഥിരമായി ഓഫീസ് സന്ദര്‍ശിക്കുന്നു. ചെറുകിട പട്ടണങ്ങളില്‍ രാത്രി താമസിക്കുകയും ജനങ്ങളുമായി ആശയവിനിമയം നടത്തുകയും അവരുടെ വിശ്വാസം നേടുകയും ചെയ്യുന്നു. വൈദ്യുതിയും റെയില്‍പ്പാതയും വിമാനത്താവളവും മൊബൈല്‍ കണക്റ്റിവിറ്റിയും ഉള്‍പ്പെടെ 21-ാം നൂറ്റാണ്ടില്‍ ആവശ്യമായ എല്ലാ വികസനവും പൂര്‍ത്തീകരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
അവര്‍ ഏല്‍പ്പിച്ച വിശ്വാസത്തിന്റെ ഫലം എന്താണ് എന്ന് ഈ ഗവണ്‍മെന്റിന്റെ കാലത്തുതന്നെ കാണാന്‍ സാധിക്കും. ബോഡോകളുമായുള്ള ചര്‍ച്ച സാധ്യമായി. ഇതാദ്യമായാണ് ഇങ്ങനൊന്ന് ഉണ്ടാകുന്നത് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഞങ്ങള്‍ അങ്ങനെ പറയില്ല. പല പരീക്ഷണങ്ങളും നടന്നു, ഇപ്പോഴും നടക്കുന്നു. പക്ഷേ,..........എന്താണോ സംഭവിച്ചിട്ടുള്ളത്, അതെല്ലാമുണ്ടായത് രാഷ്ട്രീയ അളവുകോല്‍വച്ചാണ്. സംഭവിച്ചതൊക്കെ പാതി മനസ്സോടെയാണ്; സംഭവിച്ചതെല്ലാം കേവലം ഔപചാരികമായാണ്. അതുകൊണ്ട് കരാറുകള്‍ കടസാലുകളില്‍ മാത്രം ജീവിച്ചു. ഞങ്ങള്‍ കരാറുകള്‍ ആവര്‍ത്തിച്ചു പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. പക്ഷേ, ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു പരിശ്രമിക്കുന്നു.
എന്നാല്‍ ഇത്തവണ കരാറിന് ഒരു അസാധാരണത്വമുണ്ടായി. മുഴുവന്‍ സായുധ സംഘങ്ങളും യോജിച്ചു വന്നു, എല്ലാ ആയുധങ്ങളും അടിയറവയ്ക്കുകയും ഒളിവില്‍ കഴിഞ്ഞവര്‍ കീഴടങ്ങുകയും ചെയ്തു. സമാധാന ഉടമ്പടിയേക്കുറിച്ചു പറയാനുള്ള രണ്ടാമത്തെ കാര്യം, അതിനു ശേഷം ബോഡോ പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് ആരും അവകാശവാദം ഉന്നയിച്ചില്ല എന്നതാണ്. വടക്കുകിഴക്കന്‍ മേഖലയിലാണ് ആദ്യം സൂര്യന്‍ ഉദിക്കുന്നത്. പക്ഷേ, പ്രഭാതം വന്നെത്തിയില്ല. സൂര്യന്‍ വന്നിട്ടും ഇരുള്‍ നീങ്ങിയില്ല. ഇന്ന് എനിക്ക് പറയാന്‍ കഴിയും, പുതിയ ഒരു ഉദയം കൂടി വന്നെത്തിയിരിക്കുന്നു, പുതിയ ഒരു പ്രഭാതം കൂടി വന്നെത്തിയിരിക്കുന്നു, പുതിയ ഒരു വെളിച്ചവും വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കണ്ണടകള്‍ മാറ്റിവച്ചാല്‍ ആ വെളിച്ചം ദൃശ്യമാകും.
പ്രസംഗമധ്യേ നിങ്ങളെനിക്ക് ഒരു ഇടവേള തന്നതിന് നിങ്ങളോടു വളരെയധികം നന്ദിയുണ്ട്.
ഇന്നലെ സ്വാമി വിവേകാനന്ദന്റെ തോളുകളില്‍ നിന്ന് തോക്കുകള്‍ വെടിയുയര്‍ത്തിയിരുന്നു.എന്നാല്‍ ഞാന്‍ ഒരു പഴയ ചെറിയ കഥ ഓര്‍മ്മിപ്പിക്കാം. ഒരിക്കല്‍ കുറച്ച് ആളുകള്‍ പാളങ്ങളില്‍ യാത്രചെയ്യുകയായിരുന്നു. ട്രെയിനിന്റെ വേഗത വര്‍ദ്ധിപ്പിക്കുമ്പോള്‍ ട്രാക്കുകളില്‍ നിന്നും ശബ്ദം വരുന്നത് ട്രെയിനില്‍ യാത്രചെയ്യുന്ന എല്ലാവര്‍ക്കും അനുഭവമുള്ളതാണ്. അവിടെ ഇരുന്ന മഹാത്മാവായ ഒരു ഋഷിവര്യന്‍ പറഞ്ഞു, നോക്കു, എന്ത് ശബ്ദമാണ് പാളങ്ങളില്‍ നിന്നും വരുന്നത്, എന്നാല്‍ ജിവനില്ലാത്ത ഈ പാളങ്ങളും നമ്മളോട് പറയുന്നു '' പ്രഭു കര്‍ദേ ബെഡാ പാര്‍( ദൈവമേ നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിന് നമ്മെ സഹായിക്കണമേ).. എന്നാല്‍ മറ്റൊരു ഋഷിവര്യന്‍ പറഞ്ഞു ഇല്ല, ' പ്രഭു തേരി ലീലാ അപാരമ്പാര്‍'-(ദൈവമേ നിന്റെ് സൃഷ്ടി സമ്പൂര്‍ണ്ണമാണ്).....എന്നാണ് ഞാന്‍ കേട്ടതെന്ന്...... ഒരു പുരോഹിതനും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു എനിക്ക് മറ്റ് ചിലതാണ് കേള്‍ക്കാന്‍ കഴിയുന്നതെന്ന്. താങ്കള്‍ എന്താണ് കേട്ടതെന്ന് ഋഷിവര്യര്‍ ചോദിച്ചു. ഞാന്‍ കേള്‍ക്കുന്നു '' യാ അള്ളാ തേരി രഹ്മത്ത്'.... (ദൈവമേ, ഇത് നിന്റെ അനുകമ്പ) എന്നായിരുന്നു മറുപടി. ഒരു ഗുസ്തിക്കാരന്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു, 'ഖാ റബാഡി കര്‍ കസര്‍ത്ത്----' (റാബഡി കഴിക്കു കായികാഭ്യാസം ചെയ്യു) എന്ന് താന്‍ കേള്‍ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്നലെ, അത് വിവേകാനന്ദജിയുടെ പേരിലാണ് പറഞ്ഞത്, അതാണ് അവരുടെ പ്രസംഗത്തില്‍ പ്രതിഫലിച്ചത്...അതിനെകാണാന്‍ നിങ്ങള്‍ക്ക് വളരെ ദൂരെയൊന്നും നോക്കേണ്ടതില്ല, അത് ഇവിടെ അടുത്താണ്.
ആദരണീയനായ സ്പീക്കര്‍, കര്‍ഷകരെ സംബന്ധിച്ച്ഞാന്‍ ഒരു ചര്‍ച്ച നടത്തിയിരുന്നു. നിരവധി സുപ്രധാനമായ പ്രവര്‍ത്തികളും നിരവധി പുതിയ വഴികളും പുതിയ ചിന്തകളോടെ മുമ്പ് ചെയ്തു, ആദരണിയനായ രാഷ്ട്രപതി തന്റെ അഭിസംബോധനയിലും അത് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇവിടെ ചര്‍ച്ചചെയ്യാന്‍ നടത്തിയ ശ്രമത്തിന്റെ വഴി, ചില കാര്യങ്ങള്‍ ഇങ്ങനെയാണ്, അറിവുണ്ടെങ്കില്‍ പോലും നമ്മള്‍ മിക്കവാറും അത് ചെയ്യണമെന്നില്ല.
നമുക്കറിയാം ഒന്നരമണിക്കുര്‍ എന്നത് മറ്റൊരു വിഷയമാണ്. എത്രനേരം അത് കുടുങ്ങിപ്പോകും. അത് ഞങ്ങളുടെ കാലത്തായിരുന്നില്ല, എന്നാല്‍ അത് കര്‍ഷകരോടുള്ള ഞങ്ങളുടെ ഉത്തരവാദിതത്തമാണ്. ഞങ്ങള്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു. ജലസേചനപദ്ധതികള്‍ 20-20 വര്‍ഷങ്ങളായി കിടക്കുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തി. ആരും ചോദിക്കാനില്ല. അതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു, അത് ചെയ്തു. അത്തരത്തിലുള്ള 99 പദ്ധതികള്‍ നമ്മള്‍ക്ക് കൈമാറേണ്ടതായി വന്നു. അതിന് ഒരു ലക്ഷം കോടിയിലേറെ രൂപ മുടക്കി യുക്തിയാനുസൃതമായി അത് പൂര്‍ത്തിയാക്കുകയും ഇപ്പോള്‍ കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി വിള ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് കീഴിലാണ് ഈ ഒരുക്കങ്ങള്‍. ഇത് കര്‍ഷകരില്‍ തുടര്‍ച്ചയായി ആത്മവിശ്വാസം ഉണ്ടാക്കി. കര്‍ഷകരില്‍ നിന്ന് 13,000 കോടി രൂപയുടെ പ്രീമിയം ലഭിച്ചു. എന്നാല്‍ പ്രകൃതിക്ഷോഭം കൊണ്ട് വിളകള്‍ക്കുണ്ടായ നഷ്ടത്തിന് 56,000 കോടി രൂപ നഷ്ടപരിഹാരമായി ഇന്‍ഷ്വറന്‍സ് പദ്ധയില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിച്ചു. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിച്ചു, ഇതൊക്കെയാണ് ഞങ്ങളുടെ മുന്‍ഗണനകള്‍. മുന്‍ഗണനകള്‍ നിക്ഷേപ ചെലവ് കുറച്ചു. മുന്‍കാലങ്ങളില്‍ കുറഞ്ഞ താങ്ങുവിലയുടെ പേരില്‍ എന്താണ് നടന്നുകൊണ്ടിരുന്നത്? പയറുവര്‍ഗ്ഗങ്ങളും എണ്ണകുരുക്കളുടെയും സംഭരണം രാജ്യത്ത് 7 ലക്ഷം ടണ്ണായിരുന്നു. എന്നാല്‍ ഞങ്ങളുടെ കാലത്ത് അത് 100 ലക്ഷം ടണ്ണാണ്. ഇ-നാം പദ്ധതി ഇന്ന് ഒരു ഡിജിറ്റല്‍ ലോകമാണ്. നമ്മുടെ കര്‍ഷകര്‍ മൊബൈല്‍ ഫോണിലൂടെ ലോകത്തെ വിലകള്‍ അറിയുകയും മനസിലാക്കുകയുമാണ്. ഇ-നാം പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് അവരുടെ ചരക്കുകള്‍ വിപണിയില്‍ വില്‍ക്കാം. ഇന്നുവെ 1.75 കോടി കര്‍ഷകര്‍ ഈ പദ്ധതിയില്‍ ചേര്‍ന്നുവെന്നതില്‍ ഞാന്‍ ആഹ്‌ളാദവാനാണ്. ഇ-നാം പദ്ധതിയിലൂടെ കര്‍ഷകര്‍ ഒരു ലക്ഷം കോടിരൂപയുടെ വ്യാപാരവും നടത്തി. ഞങ്ങള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ജനകീയമാക്കുകയും അനുബന്ധ പ്രവര്‍ത്തനങ്ങളായ മൃഗസംരക്ഷണം, മത്സ്യകൃഷി, കോഴിവളര്‍ത്തല്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സൗരോര്‍ജ്ജത്തിലേക്ക് നീങ്ങുന്നതിനുള്ള പരിശ്രമവും നടത്തുന്നുണ്ട്. സൗരോര്‍ജ്ജ പമ്പുകളെക്കുറിച്ച് സംസാരിക്കുന്നു. അത്തരത്തിലുള്ള നിരവധിപുതിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട് ഇന്നത്തെ സാമ്പത്തിക സാഹച്യത്തില്‍ വലിയ ഒരു മാറ്റം വന്നിട്ടുണ്ട്.
2014ല്‍ ഞങ്ങള്‍ വരുന്നതിന് മുമ്പ് കാര്‍ഷികമന്ത്രാലയത്തിന്റെ ബജറ്റ് 27,000 കോടിയുടേതായിരുന്നു. ഇപ്പോള്‍ അത് അഞ്ചിരട്ട് വര്‍ദ്ധിച്ചു.. 27,000 കോടിയില്‍ നിന്ന് നിന്ന് അഞ്ചിരട്ട് വര്‍ദ്ധിച്ച് ഏകദേശം ഒന്നരലക്ഷം കോടിയായി. പി.എം. കിസാന്‍ സമ്മാന്‍ യോജന നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. ഇതുവരെ ഏകദേശം 45,000 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റംചെയ്തിട്ടുണ്ട്. അവിടെ ഒരു ഇടത്തട്ടുകാരനുമില്ല. ഒരു ഫയല്‍ സംഘര്‍ഷവുമില്ല. ഒരു ക്ലിക്ക് പണം അയക്കുന്നു. എന്നാല്‍ ഇവിടെയിരിക്കുന്ന പല അംഗങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, നമ്മള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തണം...എനിക്കതറിയാം, എന്നാല്‍ കര്‍ഷകരുടെ താല്‍പര്യങ്ങളുടെ മേലാണോ നാം രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടത്? കര്‍ഷകരുടെ പേരില്‍ ഘോരഘോരം സംസാരിക്കുന്ന ബഹുമാന്യരായ അംഗങ്ങളോട് അവരുടെ സംസ്ഥാനത്തിലേക്ക് നോക്കാനാണ് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്....അവരുടെ നാട്ടിലുള്ള കര്‍ഷകര്‍ക്കെല്ലാം പി.എം. കിസാന്‍ സമ്മാന്‍ നിധി ലഭിക്കുന്നുണ്ടോയെന്ന് അവര്‍ ഒന്നിച്ചുനോക്കണം.
അതിന് വേണ്ടി എന്തുകൊണ്ടാണ് ആ ഗവണ്‍മെന്റുകള്‍ കര്‍ഷകരുടെ പട്ടിക നല്‍കാത്തത്, എന്തുകൊണ്ടാണ് അവര്‍ ഈ പദ്ധതിയില്‍ ചേരാത്തത്? ആരാണ് നഷ്ടങ്ങളില്‍ കഷ്ടപ്പെടുന്നത്?അത് അവരുടെ നാട്ടിലെ കര്‍ഷകരാണ്. പല ബഹുമാന്യരായ അംഗങ്ങള്‍ക്കും ഇവിടെ തുറന്ന് സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത്തരത്തില്‍ പലേടങ്ങളിലും പലതും നടക്കുന്നുണ്ടെന്ന് എനിക്കറിയാം. അവര്‍ക്കും അതേ രീതിയില്‍ തന്നെ അതൊക്കെ അറിയാം, എന്നോട് സംസാരിക്കുമ്പോള്‍ ആ ബഹുമാന്യരായ അംഗങ്ങള്‍ പലതും പറയാറുണ്ട്. കര്‍ഷകര്‍ക്ക് വലിയ വര്‍ത്തമാനങ്ങളിലൂടെ വാഗ്ദാനങ്ങള്‍ നല്‍കി, വോട്ടുകള്‍ ശേഖരിച്ച് അധികാരം നിലനിര്‍ത്തിയെങ്കിലും കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ല. സത്യപ്രതിജഞചെയ്യുന്നു, അധികാരം ഏറ്റെടുക്കുന്നു എന്നാല്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം മാത്രം സാക്ഷാത്കരിക്കുന്നില്ല, അത്തരം സംസ്ഥാനങ്ങളിലേക്ക് നോക്കൂ. അത്തരം സംസ്ഥാനങ്ങളുടെ പ്രതിനിധികളായി ഇവിടെ ഇരിക്കുന്ന ബഹുമാന്യരായ അംഗങ്ങളെങ്കിലും കുറഞ്ഞപക്ഷം കര്‍ഷകര്‍ക്ക് തങ്ങളുടെ അധികാരം നല്‍കുന്നതിന് ഒരു മടിയും കാട്ടരുതെന്ന് അത്തരം സംസ്ഥാനങ്ങളോട് പറയണം.
ബഹുമാനപ്പെട്ട സ്പീക്കര്‍, സര്‍വകക്ഷിയോഗം നടന്നപ്പോള്‍ ഞാന്‍ വളരെ വിശദമായ ഒരു അഭ്യര്‍ത്ഥന നടത്തുകയും എന്റെ വീക്ഷണം പ്രകടിപ്പിക്കുകയും ചെയ്തു. അതിന് ശേഷം പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് മാധ്യമങ്ങളുമായി സംസാരിച്ചപ്പോഴും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കായി നമ്മുടെ എല്ലാ ചര്‍ച്ചകളും അര്‍പ്പിക്കുമെന്നും ഞാന്‍ പറഞ്ഞു. രാജ്യത്തേയും അന്താരാഷ്ട്രതലത്തിലുമുള്ള സാമ്പത്തിക സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് നേട്ടമുണ്ടാകണമെങ്കില്‍ കൈക്കൊള്ളേണ്ട നടപടികളും ദിശകളും എന്തൊക്കെയാകണമെന്നതിനായി, ഈ സഭയ്ക്ക് മുന്നില്‍ ഞങ്ങളുടെ പരിപ്രേക്ഷ്യം, കഴിവ്, പ്രതിഭ എന്നിവയുടെയെല്ലാം ആകെ തുക ഈ സഭയ്ക്ക് മുന്നില്‍ ഞങ്ങള്‍ കൊണ്ടുവന്നു, ഈ സമ്മേളനം തുടരുന്നതുവരെയും അവധിക്ക് ശേഷം വീണ്ടും നമ്മള്‍ കണ്ടുമുട്ടുമ്പോഴും പുതിയ നിര്‍ദ്ദേശങ്ങളുള്‍പ്പെടെ നമ്മള്‍ സമഗ്രമായി സംസാരിക്കരണമെന്നാണ് എനിക്ക് എല്ലാ അംഗങ്ങളോടും പറയാനുള്ളത്, അങ്ങനെയാകുമ്പോള്‍ രാജ്യത്തിന് ലഭ്യമായ അവസരങ്ങളിലെ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് മുന്നോട്ടുപോകാനാകും. ഞാന്‍ നിങ്ങളെയെല്ലാം ക്ഷണിക്കുന്നു.
അതേ, വളരെപ്രധാനപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങളില്‍ കൂട്ടുത്തരവാദിത്വം ഞാന്‍ സമ്മതിക്കുന്നു. ഇന്ന് നാം എവിടെ നില്‍ക്കുന്നുവെന്ന് മനസിലാക്കുന്നതിനായി നമുക്ക് ഭൂതകാലം നമുക്ക് മറക്കാനാവില്ല, നമ്മള്‍ കഴിഞ്ഞകാലത്തില്‍ എവിടെയായിരുന്നുവെന്ന് മനസിലാക്കേണ്ടത് ആവശ്യമാണ്. ഇത് സത്യമാണ്, എന്നാല്‍ നമ്മുടെ ബഹുമാന്യരായ അംഗങ്ങള്‍ പറയും എന്തുകൊണ്ട് ഇത് സംഭവിച്ചില്ല, എപ്പോഴാണോ ഇത് സംഭവിക്കുന്നത്, എങ്ങനെ ഇത് സംഭവിച്ചു എങ്ങനെ ഇത് സംഭവിച്ചുവെന്നൊക്കെ ചോദിക്കും. നിങ്ങള്‍ വിമര്‍ശിക്കും, എന്നാല്‍ വിമര്‍ശിക്കുകയാണെന്ന് നിങ്ങള്‍ സമ്മതിക്കില്ല, എന്ന് ചില ആളുകള്‍ക്ക് തോന്നാറുണ്ട്.നിങ്ങള്‍ എന്നെ മനസിലാക്കിയെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്തെങ്കിലും സംഭവിക്കണമെങ്കില്‍ അയാള്‍ അത് ചെയ്യണമെന്ന് നിങ്ങള്‍ക്ക് വിശ്വാസമുണ്ട്.... അതുകൊണ്ട്, ഇതിനെയൊന്നും ഞാന്‍ ഒരുവിമര്‍ശനമായി എടുക്കുന്നില്ല.
മാര്‍ഗ്ഗനിര്‍ദ്ദേശം, പ്രചോദനം എന്നിവയിലാണ് ഞാന്‍ വിശ്വസിക്കുന്നത്, അതുകൊണ്ട് എല്ലാ നിര്‍ദ്ദേശങ്ങളേയും ഞാന്‍ സ്വാഗതം ചെയ്യുകയും സ്വീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അതുകൊണ്ട് നിങ്ങള്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടുവന്നാലും ഞാന്‍ പ്രത്യേകിച്ച് സ്വാഗതം ചെയ്യും. എന്തുകൊണ്ട് ഇത് സംഭവിച്ചില്ല, സംഭവിക്കുമ്പോള്‍ എങ്ങനെ ഇത് സംഭവിച്ചുവെന്നതൊക്കെ നല്ല പോയിന്റുകള്‍ തന്നെയാണ്. നമ്മളെല്ലാം രാജ്യത്തെക്കുറിച്ച് ചിന്തിക്കുന്നു. എന്നാല്‍ ഭൂതകാലത്തെ ഒഴിവാക്കികൊണ്ട് വര്‍ത്തമാനകാലത്തെ സമഗ്രമാക്കാനാവില്ല. ഭൂതകാലത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. വര്‍ത്തമാനപത്രങ്ങളുടെ തലക്കെട്ടുകള്‍ അഴിമതിയാണ് ആധിപത്യം സ്ഥാപിച്ചിരുന്നതും ഇത് സഭയിലും രോഷാകുലമായ വാദപ്രതിവാദത്തിന് വഴിവച്ചിരുന്നു. അന്ന് ചില കാര്യങ്ങള്‍ പറയാറുണ്ടായിരുന്നു. അണ്‍പ്രൊഫഷണല്‍ ബാങ്കിംഗിനെക്കുറിച്ച് ആര്‍ക്കാണ് മറക്കാന്‍ കഴിയുക? ദുര്‍ബലമായ അടിസ്ഥാനസൗകര്യ നയത്തെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? കുത്യമായ ദിശാബോധവും ദീര്‍ഘകാല ലക്ഷ്യവുമായി ആ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് അത്തരം അവസ്ഥകളില്‍ നിന്ന് പുറത്തുവരുന്നതിന് നമ്മള്‍ വളരെ മൂര്‍ത്തമായ പ്രയത്‌നം തന്നെ നടത്തി. ഇന്ന് ധനകമ്മി നിയന്ത്രിച്ചതും, നാണ്യപെരുപ്പത്തിന് കടിഞ്ഞാണിട്ടതും മാക്രാഎക്കണോമിക് സ്ഥിരതയുണ്ടായതും ആ പരിശ്രമങ്ങളുടെ ഫലമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നിങ്ങള്‍ നിങ്ങളുടെ വിശ്വാസം എന്നില്‍ ഉറപ്പിച്ചുവെന്നതില്‍ ഞാന്‍ നിങ്ങളോട് നന്ദിയുള്ളവനാണ്.നമ്മള്‍ ഇത് ചെയ്യും. എന്നാല്‍ ഞങ്ങള്‍ ചെയ്യാത്തതും ചെയ്യാന്‍ അനുവദിക്കാത്തതുമായ ഒരു കാര്യമുണ്ട, അത് ഞങ്ങള്‍ നിങ്ങളുടെ (പ്രതിപക്ഷത്തിന്റെ) തൊഴിലില്ലായ്മ അവസാനിപ്പിക്കില്ല.
ജി.എസ്.ടിയില്‍ ഞങ്ങള്‍ ഒരു സുപ്രധാനമായ തീരുമാനം എടുത്തു. സമ്പദ്ഘടനയ്ക്ക് ദീര്‍ഘകാല കരുത്ത് നല്‍കുന്നതിനായി - അത് കോര്‍പ്പറേറ്റ് നികുതി കുറയ്ക്കലാകട്ടെ, ഐ.ബി.സി നടപ്പാക്കലായിക്കോട്ടെ, നേരിട്ടുള്ള വിദേശനിക്ഷേപ ഭരണസംവിധാനത്തിന്റെ ഉദാരവല്‍ക്കരണമാകട്ടെ, അല്ലെങ്കില്‍ ബാങ്കുകളുടെ പുനര്‍മൂലധനവല്‍ക്കരണമാകട്ടെ അങ്ങനെ വേണ്ട എല്ലാ നടപടികളും നമ്മുടെ ഗവണ്‍മെന്റ് കൈക്കൊള്ളുന്നുണ്ട്, ഈ നടപടികളിലൂടെ കൈവരിച്ച നേട്ടങ്ങള്‍ നമുക്ക് കാണാം. നിങ്ങളുടെ ഗവണ്‍മെന്റിലെ വിദഗ്ധരും സാമ്പത്തികവിദഗ്ധരും വിശദമായി ചര്‍ച്ചചെയ്യുകയും എന്നാല്‍ ഒരിക്കലും നടപ്പാക്കാതിരിക്കുകയും ചെയ്ത എല്ലാ പരിഷ്‌ക്കാരങ്ങളും ഞങ്ങളുടെ ഗവണ്‍മെന്റ് നടപ്പാക്കുന്നുണ്ട്. നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും സമ്പദ്ഘടനയ്ക്ക് ശക്തിനല്‍കുന്നതിനുമായി ഞങ്ങള്‍ നിരവധി സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്.
2019 ജനുവരി മുതല്‍ 2020 ജനുവരി വരെ ആറു തവണ ജി.എസ്.ടി വരുമാനം ഒരുലക്ഷം കോടി രൂപയിലധികമായി രേഖപ്പെടുത്തിയിട്ടുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുകയാണെങ്കില്‍ 2019 ഏപ്രിലിനും സെപ്റ്റംബറിനുമിടയില്‍ അത് 22 ബില്യണ്‍ ഡോളറാണ്. വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്തിലും സമ്പദ്ഘടനയിലുമുള്ള ആത്മവിശ്വാസം വര്‍ദ്ധിച്ചുവെന്നതിന്റെ സൂചനയാണിത്. സാമ്പത്തികരംഗത്ത് അതിരുകളില്ലാത്ത അവസരങ്ങളാണുള്ളത്.വിദേശ നിക്ഷേപകരുടെ വിശ്വാസമാണിത്, അതുകൊണ്ട് അവര്‍ ഇവിടെ നിക്ഷേപിക്കാന്‍ വരുന്നു. പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ പരക്കുമ്പോഴും അവര്‍ ഇവിടെ നിക്ഷേപിക്കാന്‍ വരുന്നുവെന്നത് വലിയ നേട്ടമാണ്.
വലിയ നിക്ഷേപം, മികച്ച അടിസ്ഥാനസൗകര്യം, വര്‍ദ്ധിച്ച മൂല്യവര്‍ദ്ധന, പരമാവധി തൊഴില്‍ സൃഷ്ടിക്കല്‍ എന്നിവയാണ് ഞങ്ങളുടെ വീക്ഷണം.
കര്‍ഷകരില്‍ നിന്നും ഞാന്‍ പലതും പഠിച്ചു. കൃഷി ചെയ്തശേഷമേ ഒരു കര്‍ഷകന്‍ കടുത്ത വേനലില്‍ തന്റെ പാടത്ത് കാലെടുത്തുവയ്ക്കുകയുള്ളു. അതുവരെ അവര്‍ വിത്ത് വിതയ്ക്കാറില്ല. അദ്ദേഹം കൃത്യസമയത്ത് മാത്രമേ വിത്ത് വിതയ്ക്കുകയുള്ളു. കഴിഞ്ഞ പത്തുമിനിട്ടായി എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാല്‍ ഞാന്‍ പാടത്ത് കൃഷിയിറക്കുകയാണ്. ഇപ്പോള്‍ നിങ്ങള്‍ തയാറാണ്, ഒന്നൊന്നായി ഞാന്‍ വിത്ത് വിതയ്ക്കും.
ബഹുമാന്യനായ സ്പീക്കര്‍, മുദ്രാ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ സ്വയം തൊഴിലിന് വളരെയധികം സഹായിച്ചിട്ടുണ്ട്. അതു മാത്രമല്ല, മുദ്രാ പദ്ധതി ഉപയോഗിച്ചുകൊണ്ട് കോടിക്കണക്കിന് ആളുകള്‍ സ്വയം സമ്പാദിക്കാന്‍ തുടങ്ങിയിട്ടുണ്ട്, അതോടൊപ്പം മറ്റുള്ള രണ്ടോ മൂന്നോ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിലും വിജയിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, മുദ്രാ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ബാങ്കുകളില്‍ നിന്ന് പണം ലഭിച്ചവരില്‍ 70%വും നമ്മുടെ അമ്മമാരും സഹോദരിമാരുമാണ്. സാമ്പത്തികമായി പ്രവര്‍ത്തനിരതമല്ലാതിരുന്ന ഇവരെല്ലാം ഇന്ന് നമ്മുടെ സമ്പദ്ഘടനയില്‍ അവരുടെ പങ്കും സംഭാവനയും നല്‍കുകയാണ്. 28,000 സ്റ്റാര്‍ട്ട് അപ്പുകള്‍ അംഗീകരിച്ചു, ഇതെല്ലാം ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലാണെന്നതാണ് എനിക്ക് സന്തോഷം നല്‍കുന്നത്. നമ്മുടെ രാജ്യത്തെ യുവജനത പുതിയ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുന്നുവെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. 22 കോടിയിലധികം വായ്പകള്‍ സ്വീകരിക്കുകയും കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
സംരംഭകത്വം സംബന്ധിച്ച ലോകബാങ്ക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. 2017 നവംബറിനും 2019 സെപ്റ്റംബറിനുമിടയില്‍ 1.49 കോടി പുതിയ വരിക്കാര്‍ ഇ.പി.എഫ്.ഒ. നെറ്റ് പേറോളില്‍ ചേര്‍ന്നിട്ടുണ്ട്. തൊഴിലില്ലാതെ അവരാരും പണം നിക്ഷേപിക്കില്ല. ഇന്നലെ, ഞാന്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം ശ്രദ്ധിച്ചിരുന്നു. ആറു മാസത്തിനകം മോദിയെ ജനങ്ങള്‍ വടികൊണ്ട് അടിയ്ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ബുദ്ധിമുട്ടേറിയതായതുകൊണ്ട് അതിന് ആറുമാസം വേണ്ടിവരുമെന്നത് സത്യമാണ്. ആറുമാസം നല്ലതാണ്. അടുത്ത ആറുമാസത്തേയ്ക്ക് ഞാന്‍ എന്റെ '' സൂര്യനമസ്‌ക്കാര''ത്തിനുള്ള സമയം വര്‍ദ്ധിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞാന്‍ ഈ അധിക്ഷേപങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നു, വടികളെ താങ്ങാന്‍ കഴിയുന്ന തരത്തില്‍ സൂര്യനമസ്‌ക്കാരത്തിലൂടെ ഞാന്‍ എന്റെ പുറംഭാഗം ശക്തിപ്പെടുത്തും. മുന്‍കൂട്ടിതന്നെ അത് പ്രഖ്യാപിച്ചതില്‍ ഞാന്‍ നന്ദിയുള്ളവനുമാണ്. അടുത്ത ആറുമാസം എന്റെ വ്യായാമ ദിനചര്യകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് എനിക്ക് ആവശ്യമായ സമയം ലഭിക്കും.
ബഹുമാനപ്പെട്ട സ്പീക്കര്‍, വ്യവസായം 4.0നും ഡിജിറ്റല്‍ സമ്പദ്ഘടനയ്ക്കും കോടിക്കണക്കിന് തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനുള്ള സാദ്ധ്യതകളുണ്ട്. പുതിയ വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി സൃഷ്ടിക്കുന്നതിനും തൊഴില്‍ പരിഷ്‌ക്കരണത്തിനുമായി ഞങ്ങള്‍ നൈപുണ്യവികസനത്തിനുള്ള ഒരു നിര്‍ദ്ദേശം സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് നിരവധി നിര്‍ദ്ദേശങ്ങള്‍ വേറെയുമുണ്ട്. രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് തടസമുണ്ടാകാതിരിക്കാനായി സഭ അത് പരിഗണിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരം മാറ്റങ്ങളില്‍ മാറിവരുന്ന സാഹചര്യത്തിനനുസരിച്ചുള്ള പുതിയ ചിന്താപ്രക്രിയയുമായാണ് നാം മുന്നോട്ടുവരേണ്ടത്. തൊഴില്‍ സൃഷ്ടിക്കുന്ന പുതിയ അവസരങ്ങള്‍ക്കായി ഈ സഭയിലെ എല്ലാ ബഹുമാന്യരായ അംഗങ്ങളും തൊഴില്‍ പരിഷ്‌ക്കരണത്തിന് സഹായിക്കണമെന്നാണ് എനിക്ക് അഭ്യത്ഥിക്കാനുള്ളത്. വ്യാപാരം എളുപ്പമാക്കലിലും ജീവിതം സുഗമമാക്കലിലും കൂടി നമുക്ക് ഇന്ത്യ സമ്പദ്ഘടനയെ 5 ട്രില്യണ്‍ ഡോളറിന്റേതാക്കി മാറ്റാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ബഹുമാനപ്പെട്ട സ്പീക്കര്‍, വരും ദിവസങ്ങളില്‍ 16 കോടി അടിസ്ഥാനസൗകര്യം എന്ന ഒരു ദൗത്യം നമുക്കുണ്ടെന്നത് വസ്തുതയാണ്. ഞങ്ങള്‍ അധികാരത്തിലുണ്ടായിരുന്ന കഴിഞ്ഞതവണ സമ്പദ്ഘടനയ്ക്ക് ഒരു ഊര്‍ജ്ജസ്വലത നല്‍കുന്നതിനായി അടിസ്ഥാനസൗകര്യം ഒരുസുപ്രധാനമായ പങ്കുവഹിച്ചത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. അടിസ്ഥാനസൗകര്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊന്നല്‍ സമ്പദ്ഘടനയെ മുന്നോട്ടു നയിക്കുന്നതിനും തൊഴില്‍ ലഭ്യമാക്കുന്നതിനും സഹായിച്ചിട്ടുണ്ട്. പുതിയ വ്യവസായങ്ങള്‍ക്കും ഇത് അവസരം വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ട്, അടിസ്ഥാനസൗകര്യത്തിന് ഒരു തള്ളല്‍ നല്‍കുന്നതിന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
മുമ്പ് അടിസ്ഥാനസൗകര്യം കോണ്‍ക്രീറ്റ് സിമന്റുമായി മാത്രമാണ് ബന്ധപ്പെട്ടിരുന്നത്. മുമ്പ് അടിസ്ഥാനസൗകര്യമെന്നാല്‍ ടെന്‍ഡര്‍ പ്രക്രിയ, ഇടത്തരക്കാരന്‍. അടിസ്ഥാനസൗകര്യത്തെക്കുറിച്ച് എന്തെങ്കിലും ചര്‍ച്ച നടന്നാല്‍ ജനങ്ങള്‍ ഒരു ചതിമണത്തിരുന്നു.
ഇന്ന് 21-ാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയ്ക്ക് വേണ്ടിയുള്ള അടിസ്ഥാനസൗകര്യം സൃഷ്ടിക്കുന്നതിനാണ് ഞങ്ങള്‍ ഉന്നല്‍ നല്‍കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അടിസ്ഥാനസൗകര്യം എന്നത് വെറും കോണ്‍ക്രീറ്റും സിമെന്റും മാത്രമല്ല. അടിസ്ഥാനസൗകര്യം അതിനൊപ്പം പുതിയ ഒരു ഭാവിയും കൊണ്ടുവരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാര്‍ഗില്‍ മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ കൊഹിമവരെയും ബന്ധിപ്പിക്കാന്‍ അടിസ്ഥാനസൗകര്യത്തിന് മാത്രമേ കഴിയൂ. അഭിലാഷങ്ങളും നേട്ടങ്ങളും ബലപ്പെടുത്തുന്നതിന് അടിസ്ഥാനസൗകര്യം സഹായിക്കുന്നു.
ജനങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാന്‍ കഴിയുന്ന ഒന്നുണ്ടെങ്കില്‍ അത് അടിസ്ഥാനസൗകര്യമാണ്. ജനങ്ങളുടെ സൃഷ്ടിപരതയെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നത് അടിസ്ഥാനസൗകര്യത്തിലൂടെ മാത്രമാണ്. ഒരു കുട്ടിയെ വിദ്യാലയവുമായി ബന്ധിപ്പിക്കുന്നത് പ്രത്യക്ഷത്തില്‍ ചെറുതായി തോന്നാം, എന്നാല്‍ അടിസ്ഥാനസൗകര്യമാണ് അതും ചെയ്യുന്നത്. വ്യാപാരികളെ അവരുടെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നത് അടിസ്ഥാനസൗകര്യമാണ്. ഗര്‍ഭിണിയായ ഒരു മാതാവിനെ ആശുപത്രിയുമായി ബന്ധിപ്പിക്കുന്നതും അടിസ്ഥാനസൗകര്യമാണ്. അതുകൊണ്ട് ജലസേചനം മുതല്‍ വ്യവസായം വരെ, സാമൂഹിക അടിസ്ഥാനസൗകര്യം മുതല്‍ ഗ്രാമീണ അടിസ്ഥാനസൗകര്യം വരെ, റോഡുകള്‍ മുതല്‍ തുറമുഖങ്ങള്‍ വരെ, വ്യോമയാനം മുതല്‍ ജലപാതവരെ നിരവധി മുന്‍കൈകള്‍ ഞങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ജനങ്ങള്‍ ഇതൊക്കെ കണ്ടതുകൊണ്ട് അവര്‍ ഞങ്ങളെ ഈ സ്ഥിതിയില്‍ എത്തുന്നതിന് സഹായിച്ചു. ഇതാണ് അടിസ്ഥാനസൗകര്യത്തിന്റെ ശക്തി.
ബഹുമാനപ്പെട്ട സ്പീക്കര്‍, അടിസ്ഥാനസൗകര്യ മേഖലയില്‍ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്നതിന്റെ ഒരു ഉദാഹരണം ഞാന്‍ നല്‍കാം. ഉദാഹരണത്തിന് ഡല്‍ഹി എടുക്കുക, ആയിരക്കണക്കിന് ട്രക്കുകള്‍ ഡല്‍ഹി വഴി പോകുന്നത് ഗതാഗതകുരുക്കിനും പാരിസ്ഥിതിക മലിനീകരണത്തിനും കാരണമാകുന്നു. ഡല്‍ഹി ചുറ്റിവരുന്ന എക്‌സ്പ്രസ്‌വേ 2009 ഓടെ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രമേയം യു.പി.എ എടുത്തു, 2014ല്‍ ഞങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍, അത് കടലാസില്‍ മാത്രമാണെന്ന് ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ ആ പദ്ധതി തുടങ്ങി, ഇന്ന് പ്രാന്തപ്രദേശ എക്‌സ്പ്രസ്‌വേ പൂര്‍ത്തിയായി. ഇന്ന് 40,000 ലധികം ട്രക്കുകള്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നില്ല, അവ ഡല്‍ഹിക്ക് പുറത്തുകൂടിയാണ് കടന്നുപോകുന്നത്. ഡല്‍ഹിയിലെ മലിനീകരണം തടയുന്നതിനുള്ള ഒരു മഹത്തായ നടപടികൂടിയാണിത്. എന്നാല്‍ എന്താണ് അടിസ്ഥാനസൗകര്യത്തിന്റെ പ്രാധാന്യം? 2009ല്‍ നടപ്പാക്കണമെന്ന് കരുതിയ സ്വപ്‌നം 2014 വരെ ഒരു കടലാസ് തുണ്ടില്‍ തന്നെ തുടര്‍ന്നിരുന്നു. ഇതാണ് വ്യത്യാസം. ഇത് മനസ്സിലാക്കാന്‍ കുറച്ച് സമയം എടുക്കും.
ബഹുമാനപ്പെട്ട സ്പീക്കര്‍, ചില വിഷയങ്ങളില്‍ വ്യക്തതവരുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. തരൂര്‍ജി ക്ഷമിക്കണം, കാലാകാലങ്ങളായി ഭരണഘടനയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ചില ആളുകള്‍ ഇവിടെ സംസാരിച്ചിരുന്നു. ഞാനും അതില്‍ വിശ്വസിക്കുന്നു, കോണ്‍ഗ്രസ് ദിവസവും 100 പ്രാവശ്യമെങ്കിലും ഭരണഘടന സംരക്ഷണത്തെക്കുറിച്ച് സംസാരിക്കണം. ഭരണഘടനാ സംരക്ഷണം കോണ്‍ഗ്രസിന് ഒരു മന്ത്രമാകുകയും ഭരണഘടനാ സംരക്ഷണം 100 തവണ പറയുകയും വേണം. ഭരണഘടനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് മനസിലായോ, ഭരണഘടനയുമായി ബന്ധപ്പെട്ട് എന്തൊക്കെയുണ്ടായെന്ന് നിങ്ങള്‍ക്ക് മനസിലായോ, ഭരണഘടനയുടെ പ്രാധാന്യം നിങ്ങള്‍ക്ക് മനസിലായോ, എന്നാല്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് ഉണ്ടായതൊന്നും നടക്കില്ലായിരുന്നു. അതുകൊണ്ട് ഭരണഘടനയെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ നിങ്ങള്‍ നിങ്ങളുടെ തെറ്റുകള്‍ മനസിലാക്കണം. അത് ഭരണഘടനയുടെ ശക്തി തിരിച്ചറിയുന്നതിനും നിങ്ങളെ സഹായിക്കും.
ബഹുമാനപ്പെട്ട സ്പീക്കര്‍, ഇതാണ് ശരിയായ സമയം. അടിയന്തിരാവസ്ഥകാലത്ത് എന്തുകൊണ്ടാണ് നിങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പരിഗണിക്കാതിരുന്നത്? അതേ ആളുകളാണ് ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെയും നിതിന്യായ അവലോകനത്തിന്റെയൂം അധികാരങ്ങള്‍ പിടച്ചെടുത്തവരാണ് ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നത്.
ജീവിക്കാനുള്ള അവകാശം പിടിച്ചെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നവര്‍, അവര്‍ ഭരണഘടന എന്ന് ആവര്‍ത്തിച്ചാല്‍ മാത്രം പോര, അത് വായിക്കുകകൂടി വേണം. ഭരണഘടന മാറ്റുന്നതിനായി പരമാവധി നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്ന ഈ ആളുകള്‍ക്ക് ഭരണഘടനയെക്കുറിച്ച് സംസാരിക്കാന്‍ ഒരു അവകാശവുമില്ല. ഒരു ഡസന്‍ തവണ സംസ്ഥാന ഗവണ്‍മെന്റുകളെ തള്ളിയിട്ടു. ജനങ്ങള്‍ തെരഞ്ഞെടുത്ത ഗവണ്‍മെന്റുകളെ പിരിച്ചുവിട്ടു.
മന്ത്രിസഭ ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. ജനാധിപത്യ, ഭരണഘടനാ മന്ത്രിസഭ ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. ആ പ്രമേയത്തെ പത്രസമ്മേളനത്തില്‍ വലിച്ചുകീറിയെറിഞ്ഞവര്‍ ഭരണഘടനയെ എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്ന് പഠിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് അത്തരം ആളുകള്‍ ഭരണഘടനാ സംരക്ഷണം എന്ന മന്ത്രം ജപിക്കേണ്ടതും അനിവാര്യമാണ്. പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും മുകളിലായി ദേശീയ വികസന കൗണ്‍സില്‍ ഉണ്ടാക്കി റിമോര്‍ട്ട് കണ്‍ട്രോളിലൂടെ ഗവണ്‍മെന്റിനെ നയിച്ചിരുന്നവര്‍ ഭരണഘടനയുടെ പ്രാധാന്യം മനസിലാക്കേണ്ടത് അനിവാര്യമാണ്.
ബഹുമാനപ്പെട്ട സ്പീക്കര്‍, ഭരണഘടനാ സംരക്ഷണത്തിന്റെ പേരില്‍ ഡല്‍ഹിയിലും രാജ്യത്താകമാനവും എന്താണ് നടക്കുന്നത്. രാജ്യം എല്ലാം കാണുകയും മനസിലാക്കുകയുംചെയ്യുന്നുണ്ട്. രാജ്യത്തിന്റെ നിശബ്ദത ഒരു ദിവസം അറിയും.
സുപ്രീംകോടതി ഭരണഘടനയുടെ ഒരു സുപ്രധാന ഭാഗമാണ്. ഒരു പ്രതിഷേധവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ഒരു പ്രക്ഷോഭവും അക്രമാസക്തമാകരുതെന്നും സുപ്രീംകോടതി ആവര്‍ത്തിച്ച് പറയുന്നു.
ഭരണഘടനയെ സംരക്ഷിക്കണമെന്ന് പറയുന്ന ഇതേ ആള്‍ക്കാര്‍, ഈ കമ്മ്യൂണിസ്റ്റുകള്‍, ഈ കോണ്‍ഗ്രസുകാര്‍, തങ്ങളുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി ജനങ്ങളെ ചീത്തപ്രവര്‍ത്തി ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്.
ബഹുമാനപ്പെട്ട സ്പീക്കര്‍, ഒരു കവി പറഞ്ഞിട്ടുണ്ട്, ഖൂബ് പര്‍ദ ഹേ, കി ചില്‍മന്‍ സെ ബൈത്തെ ഹേ. ഖൂബ് പര്‍ദ ഹേ കി സാഫ് ചുപ്തെ ഭീ നഹിന്‍ സാംനെ ആത്തെ ഭീ നഹിന്‍. ജനങ്ങള്‍ക്ക് എല്ലാം അറിയാം.
ബഹുമാനപ്പെട്ട സ്പീക്കര്‍, ഈ സഭയിലെ ചില നേതാക്കള്‍ നടത്തുന്ന പ്രസ്താവനയില്‍ ഉപയോഗിക്കുന്ന ഭാഷ അങ്ങേയറ്റം ഖേദജനകമാണ്. പശ്ചിമ ബംഗാളില്‍ പീഢിപ്പിക്കപ്പെട്ട നിരവധി ആളുകള്‍ ഇവിടെ ഇരിക്കുന്നുണ്ട്. ദാദാ അവിടെ നടക്കുന്ന കാര്യങ്ങള്‍ വിസ്തരിച്ചു പറഞ്ഞാല്‍ അങ്ങു തീര്‍ച്ചയായും വേദനിക്കും. നിരപരാധികള്‍ എങ്ങിനെയാണ് വധിക്കപ്പെടുന്നത് എന്ന് അവര്‍ക്ക് നന്നായി അറിയാം.
ബഹുമാനപ്പെട്ട സ്പീക്കര്‍, കോണ്‍ഗ്രസിന്റെ കാലത്തെ ഭരണഘടനയുടെ അവസ്ഥ എന്തായിരുന്നു എന്ന് അവരോടു ചോദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളുടെ അവകാശങ്ങളുടെ അവസ്ഥ എന്തായിരുന്നു? ഭരണഘടന അത്ര പ്രധാനപ്പെട്ടതാണ് എന്നു നാം ഏകാഭിപ്രായക്കാരാണ്, എങ്കില്‍ ജമ്മു കാഷ്മീരില്‍ ആ ഭരണഘടന നടപ്പാക്കുന്നതില്‍ നിന്ന് ആരാണ് നിങ്ങളെ തടഞ്ഞത്. ജമ്മു കാഷ്മീരിലെ എന്റെ സഹോദരീ സഹോദരന്മാര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ തടസപ്പെടുത്തി മഹാപാപം ചെയ്തത് ആരാണ്?
ശശിജി, നിങ്ങള്‍ ജമ്മു കാഷ്മിരിന്റെ മരുമകനാണ്. നിങ്ങള്‍ ഭരണഘടനയെ കുറിച്ചു പറയുന്നു. കാഷ്മീരിന്റെ പെണ്‍മക്കളെകുറിച്ച് നിങ്ങള്‍ക്കു ചിന്ത വേണം. അതിനാല്‍ ബഹുമാനപ്പെട്ട സ്പീക്കര്‍, ബഹുമാനപ്പെട്ട ഒരംഗം പറഞ്ഞത് ജമ്മു കാഷ്മീരിന് അതിന്റെ വ്യക്തിത്വം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്. മറ്റു ചിലര്‍ പറഞ്ഞത്, ജമ്മുകാഷ്മീര്‍ വെറും ഒരു തുണ്ടു ഭൂമി മാത്രമായിരുന്നില്ലേ എന്നാണ്. ബഹുമാനപ്പെട്ട സ്പീക്കര്‍ കാശ്മീരിനെ വെറും ഒരു തുണ്ടു ഭൂമിയായി കാണുന്നവര്‍ക്ക് ഈ രാജ്യത്തെ കുറിച്ച് ഒന്നും അറിയില്ല, അത് അവരുടെ ബൗദ്ധിക പാപ്പരത്വമാണ് വ്യക്തമാക്കുന്നത്. കാശ്മീര്‍ ഇന്ത്യയുടെ രത്നകിരീടമാണ്.
ബഹുമാനപ്പെട്ട സ്പീക്കര്‍,
കാഷ്മീരിന്റെ വ്യക്തിത്വത്തെ ബോംബും വിഘനവാദവും ആക്കി തീര്‍ത്തതാണ്.1990 ജനുവരി 19 ന്റെ ഇരുണ്ട രാത്രിയില്‍ കാഷ്മീരിന്റെ വ്യക്തിത്വത്തെ കുഴിച്ചു മൂടിയവരാണ് ഇപ്പോള്‍ കാശ്മീരിന്റെ വ്യക്തിത്വത്തെ കുറിച്ച് സംസാരിക്കുന്നത്. സൂഫി പാരമ്പര്യമാണ് കാശ്മീരിന്റെ വ്യക്തിത്വം. കാശ്മീരിന്റെ പ്രതിനിധികള്‍ മന്‍ ലാല്‍ദേഡ്, നന്ദഋഷി, സെയ്ദ് ബുള്‍ബുള്‍ ഷാ, മീര്‍ സയ്ദ് അലി ഹംദാനി ഇവരൊക്കയാണ്.ഇവരാണ് കാഷ്മീരിന്റെ വ്യക്തിത്വങ്ങള്‍.
ഭരണഘടനയിലെ 370-ാം വകുപ്പ് നീക്കം ചെയ്താല്‍ കാഷ്മീര്‍ കത്തും എന്ന ചില ആളുകള്‍ പറയുകയുണ്ടായി. ഇത് എന്തു തരം പ്രവചനമാണ്. 370-ാം വകുപ്പ് എടുത്തു കളഞ്ഞാല്‍ പിന്നാലെ കാശ്മീര്‍ കത്തും എന്നു പറഞ്ഞ ആളുകളോട് കുറെപ്പേര്‍ ജയിലില്‍ ഉണ്ട് എന്നാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.ഭരണഘടനയോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഈ സഭയില്‍, ഭരണഘടനയെ സംരക്ഷിക്കുന്ന ആദരണീയരായ അംഗങ്ങളുടെ ആത്മാവുകളെ ഒന്നു സ്പര്‍ശിക്കാന്‍ ഞാന്‍ പരിശ്രമിക്കുന്നു.
ബഹുമാനപ്പെട്ട സ്പീക്കര്‍, എന്താണ് ആഗസ്റ്റ് 5ന് മുഫ്തി മെഹബൂബ പറഞ്ഞത്. ഭരണഘടനയോട് പ്രതിബന്ധതയുള്ള ആളുകളോട് അഭ്യര്‍ത്ഥിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ദയവായി ഇതു ശ്രവിക്കുക. ഇന്ത്യ കാശ്മീരിനെ ചതിച്ചു എന്നാണ് മെഹബൂബ പറഞ്ഞത്. ഇതു വളരെ ഗുരുതരമാണ്. ഒപ്പം ജീവിച്ചുകൊള്ളാം എന്നു സമ്മതിച്ച ഒരു രാജ്യം നമ്മെ ചതിക്കുകയായിരുന്നു. അതായത് 1947 ല്‍ നാം എടുത്ത തീരുമാനം തെറ്റായിരുന്നു എന്നു തോന്നുന്നു. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്ന ആളുകള്‍ക്ക് ഇത്തരം ഭാഷ അംഗീകരിക്കാനാവുമോ. നിങ്ങള്‍ അവര്‍ക്കുവേണ്ടിയാണ് വാദിക്കുന്നത്? നിങ്ങള്‍ അവരെയാണ് പിന്തുണയ്ക്കുന്നത്. അതുപോലെ 370-ാം വകുപ്പ് പിന്‍വലിച്ചാല്‍ കാഷ്മീരില്‍ ഭൂകമ്പം ഉണ്ടാകും എന്നാണ്. അതോടെ കാഷ്മീര്‍ ഇന്ത്യയില്‍ നിന്ന് എന്നേയ്ക്കുമായി വേര്‍തിരിഞ്ഞു പോവുകയും ചെയ്യും എന്നാണ് ശ്രീ.ഉമര്‍ അബ്ദുള്ള പറഞ്ഞത്.
ബഹുമാനപ്പെട്ട സ്പീക്കര്‍, 370-ാം വകുപ്പിന്റെ റദ്ദാക്കലോടെ കാഷ്മീരിലെ ജനങ്ങള്‍ സ്വതന്ത്രരാവും എന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. 370-ാം വകുപ്പു റദ്ദാക്കി കഴിഞ്ഞാല്‍ ഇന്ത്യന്‍ പതാക പാറിക്കാന്‍ കാശ്മീരില്‍ ആരും അവശേഷിക്കില്ലത്രെ.ഭരണഘടനയോടു ആദരവു പുലര്‍ത്തുന്ന ആര്‍ക്കെങ്കിലും ഇത്തരം വിശ്വാസം പുലര്‍ത്തുന്നവരെ പിന്തുണയ്ക്കാന്‍ സാധിക്കുമോ. ആര്‍ക്കെങ്കിലും അതിനോടു യോജിക്കാന്‍ ആവുമോ?ഞാന്‍ സംസാരിക്കുന്നത് ആത്മാവുള്ള മനുഷ്യരെ കുറിച്ചാണ്.
ബഹുമാനപ്പെട്ട സ്പീക്കര്‍, കാഷ്മീര്‍ ജനതയെ വിശ്വാസം ഇല്ലാത്തവരാണ് ഇവര്‍. അതാണ് ഇത്തരം ഭാഷ പറയുന്നത്. ഞങ്ങള്‍ക്ക് കാഷ്മീര്‍ ജനതയില്‍ വിശ്വാസം ഉണ്ട്. കാഷ്മീര്‍ ജനതയില്‍ വിശ്വാസം ആര്‍പ്പിച്ചുകൊണ്ടാണ് ഞങ്ങള്‍ 370-ാം വകുപ്പ് നീക്കം ചെയ്തത്. ഇന്നു ഞങ്ങള്‍ അതിവേഗം വികസനം നടപ്പാക്കുകയാണ്.രാജ്യത്തിന്റെ ഒരു ഭാഗത്തും കാഷ്മീരാവട്ടെ കേരളമാകട്ടെ വടക്കു കിഴക്കന്‍ മേഖലയാകട്ടെ ഈ വികസനത്തെ പിന്നോട്ടടിക്കാന്‍ അനുവദിക്കാനാവില്ല. ആരെയും അനുവദിക്കില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി കേന്ദ്ര മന്ത്രിമാര്‍ തുടര്‍ച്ചയായി കാഷ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്. ആളുകളുമായി സംസാരിക്കുന്നുണ്ട്. അവരുമായി സംസാരിച്ച് പ്രശനങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.
ബഹുമാനപ്പെട്ട സ്പീക്കര്‍, ഈ സഭയുടെ വേദിയില്‍ നിന്നു കൊണ്ട് , ജമ്മുകാഷ്മീരിലെ ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും നിറവേറ്റുന്നതിനു വേണ്ടി , ജമ്മുകാഷ്മീരിന്റെ ശോഭനമായ ഭാവിക്കു വേണ്ടി, ജമ്മു കാഷ്മീരിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നു ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങള്‍ ഭരണഘടനയോടു പ്രതിബദ്ധതയുള്ളവരാണ്. അതേ സമയം ലഡാക്കിനെ കുറിച്ചു കൂടി എനിക്കു ചിലതു പറയാനുണ്ട്.
ബഹുമാനപ്പെട്ട സ്പീക്കര്‍, നമ്മുടെ രാജ്യത്ത് ജൈവ സംസ്ഥാനമായി മാറിയ പ്രദേശമാണ് സിക്കം. അതുവഴി വളരെ ചെറിയ സംസ്ഥാനമായ സിക്കിം രാജ്യത്തെ പല സംസ്ഥാനങ്ങള്‍ക്കും ഇന്നു പ്രചോദനമായിരിക്കുന്നു. സിക്കിമിലെ കൃഷിക്കാര്‍, സിക്കിമിലെ പൗരന്മാര്‍ പ്രശംസ അര്‍ഹിക്കുന്നു. ലഡാക്കിന്റെ ചിത്രം എന്റെ മനസില്‍ വളരെ വ്യക്തമാണ്. നമ്മുടെ തൊട്ട് അയല്‍ രാജ്യമായ ഭൂട്ടാന്‍ അതിന്റെ പരിസ്ഥിതി മൂലം കാര്‍ബണ്‍ ന്യൂട്രല്‍ എന്ന വിശേഷണത്തിലൂടെ ലോകത്തിനു മുന്നില്‍ തനതായ ഒരു വ്യക്തിത്വം സ്ഥാപിച്ചെടുത്തിട്ടുണ്ട്. ലഡാക്ക് ആ മാര്‍ഗ്ഗം സ്വീകരിക്കണം എന്നാണ് നാം ആഗ്രഹിക്കുന്നത്. ലഡാക്കിനെ ഒരു കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയാക്കി വികസിപ്പിക്കുന്നതിന് നാം പ്രതിജ്ഞയെടുക്കുന്നു. അത് നമ്മുടെ രാജ്യത്തിന്റെ മുദ്രയായി മാറും. അത് വരും തലമുറകള്‍ക്ക് ഒരു മാതൃകയാകും. ലഡാക്കില്‍ പോകുമ്പോള്‍ അവിടെ താമസിക്കുമ്പോള്‍ എന്റെ മനസില്‍ അതിനെ എങ്ങിനെ രൂപപ്പെടുത്തണം എന്ന ചിന്തയാണ്.
ബഹുമാനപ്പെട്ട സ്പീക്കര്‍, ഈ സഭ പാസാക്കിയ, ഇരു സഭകളും ചേര്‍ന്ന് പാസാക്കിയ അതിന്റെ ഭേദഗതി വിജ്ഞാപനവും പുറപ്പെടുവിച്ചു കഴിഞ്ഞ് അത് നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ ചോദിക്കുകയാണ് പൗരത്വ നിയമ ഭേദഗതി നിയമം നടപ്പിലാക്കാന്‍ എന്താണ് ഇത്ര തിടുക്കം എന്ന്. ചില അംഗങ്ങള്‍ പറഞ്ഞു ഗവണ്മെന്റ് വിവേചനം കാണിക്കുന്നു എന്ന്. ഗവണ്‍മെന്റ് ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും വേര്‍തിരിക്കുന്നു എന്ന്. ഞങ്ങള്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ് എന്നു മറ്റു ചിലര്‍.ധാരളം പറച്ചിലുകള്‍ ഉണ്ട്. ഇവിടെ നിന്നു തന്നെ പറയുന്നു ധാരാളം. പൂര്‍ണശക്തി സ്വരൂപിച്ച് സാങ്കല്പികമായ ഭീതി സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത്തരത്തില്‍ സംസാരിക്കുകയും രാജ്യത്തെ തകര്‍ക്കുന്നവരോടൊപ്പം ഫോട്ടോകള്‍ എടുക്കുകയും ചെയ്യുന്നവരാണ് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍. പതിറ്റാണ്ടുകളായി പാക്കിസ്ഥാന്‍ സംസാരിക്കുന്ന ഭാഷയും ശൈലിയുമാണ് ഇത്.
ഇന്ത്യയിലെ മുസ്ലിങ്ങളെ പ്രകോപിപ്പിക്കാന്‍ സര്‍വ മാര്‍ഗ്ഗങ്ങളും വഴി പാക്കിസ്ഥാന്‍ പരിശ്രമിക്കുന്നു. ഇന്ത്യയിലെ മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍, പാക്കിസ്ഥാന്‍ എല്ലാ കളികളും കളിക്കുന്നു, എല്ലാ നിറങ്ങളും പുറത്തെടുക്കുന്നു. ഈ രാജ്യത്തു നിന്ന് സ്വന്തം രാജ്യത്തേക്ക് ഹിന്ദുസ്ഥാന്‍ അയച്ച ജനങ്ങള്‍ ഈ രാജ്യത്തെ ജനത്തിനു സങ്കല്പിക്കാന്‍ പോലും സാധിക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നത് എന്നോര്‍ത്ത് ഞാന്‍ അമ്പരന്നു പോകാറുണ്ട്. നാം ഇന്നു ഉദ്ഘോഷിക്കുന്ന ജയ്ഹിന്ദ് എന്ന മുദ്രാവാക്യം മുസ്ലിങ്ങള്‍ നല്കിയതാണ്. കോണ്‍ഗ്രസിന്റെ കണ്ണില്‍ ഈ ജനങ്ങള്‍ എന്നും മുസ്ലിങ്ങള്‍ മാത്രം. അതാണ് പ്രശ്നം. നമ്മുടെ ദൃഷ്ടിയില്‍ ഇവര്‍ ഇന്ത്യക്കാരാണ്. ഹിന്ദുസ്ഥാനി. അത് ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, അഷ്ഫാഖുല്ല ഖാന്‍, ബീഗം ഹസ്രത് മഹല്‍, ധീര ശഹീദ് അബ്ദുമല്‍ കരീം, മുന്‍ പ്രസിഡന്റ് ശ്രീമാന്‍ എ.പി.ജെ അബ്ദുല്‍ കലാം എന്നിവര്‍ ആരെങ്കിലുമാകട്ടെ.
ആദരണീയനായ സ്പീക്കര്‍, കുട്ടിക്കാലത്ത് എനിക്ക് ഒരു വലിയ ഭാഗ്യം സിദ്ധിച്ചു.ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ജിയുടെ പാദങ്ങളില്‍ നമസ്‌കിരിക്കാന്‍ എനിക്ക് ഒരിക്കല്‍ അവസരം ലഭിച്ചു. അത് വലിയ അഭിമാനമായി ഞാന്‍ കരുതുന്നു.
ബഹുമാനപ്പെട്ട സ്പീക്കര്‍, ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ ആവട്ടെ, അഷ്ഫഖ് ഉള്ളാ ഖാന്‍ ബീഗം ഹസ്രത്ത് മഹല്‍ ആകട്ടെ, വീര്‍ ഷഹീദ് അബ്ദുമല്‍ കരിം ആകട്ടെ മുന്‍ പ്രസിഡന്റ് ശ്രീമാന്‍ എപിജെ അബ്ദുള്‍ കലാം ആകട്ടെ ഞങ്ങളുടെ കാഴ്ച്ചയില്‍ എല്ലാവരും ഇന്ത്യക്കാര്‍ മാത്രം.
ആദരണീയനായ സ്പീക്കര്‍, കോണ്‍ഗ്രസും അവരുടെ പാര്‍ട്ടികളും എന്നു മുതല്‍ ഇന്ത്യയെ ഇന്ത്യയുടെ കണ്ണുകളിലൂടെ കാണുവാന്‍ തുടങ്ങുന്നുവോ അന്ന് അവര്‍ക്ക് തെറ്റു മനസിലാകും. മനസിലാകും സര്‍.
എനിക്ക് കോണ്‍ഗ്രസിനോടും അവരുടെ വ്യവസ്ഥയോടും വളരെ നന്ദിയുണ്ട്. കാരണം പൗരത്വ ബില്ലില്‍ അവര്‍ കോലാഹലം ഉണ്ടാകികയല്ലോ.അല്ലായിരുന്നെങ്കില്‍ രാജ്യം അവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഗ്രഹിക്കുമായിരുന്നില്ല. ഞാന്‍ ആഗ്രഹിച്ചത് ജാബ് ചര്‍ച്ചാ നികല്‍ പഠി ഹെ, തോ ബാത് ദൂര്‍ തശ് ജായഗി. ചര്‍ച്ച ആരംഭിക്കുമ്പോള്‍ തന്നെ അത് ബഹുദൂരം പോകണം എന്നാണ്.
ബഹുമാനപ്പെട്ട സ്പീക്കര്‍,ആര്‍ക്കു വേണമെങ്കിലും പ്രധാനമന്ത്രി ആകാന്‍ ആഗ്രഹിക്കാം. അതില്‍ തെറ്റൊന്നു ഇല്ല.പക്ഷേ ചിലര്‍ക്ക് പ്രധാനമന്ത്രി ആകണമായിരുന്നു. അതിനായി ഹിന്ദുസ്ഥാന്റെ മുകളില്‍ കൂടി ഒരു രേഖ വരയ്ക്കപ്പെടുകയും രാജ്യം വിഭജിക്കപ്പെടുകയും ആയിരുന്നു. വിഭജനത്തിനു ശേഷം പാക്കിസ്ഥാന്‍, ഹിന്ദുക്കളുടെയും സിഖുകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും നേര്‍ക്ക് പീഢനങ്ങളുടെ കെട്ടഴിച്ചുവിട്ടു. അത് സങ്കല്പിക്കാന്‍ സാധിക്കാത്ത അത്ര ക്രൂരമായിരുന്നു. ഞാന്‍ എന്റെ കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഒന്നു ചോദിച്ചോട്ടെ, നിങ്ങള്‍ എന്നെങ്കിലും ഭൂപേന്ദര്‍ കുമാര്‍ ദത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതു പ്രധാനപ്പെട്ടതാണ്. കേട്ടിട്ടില്ലെങ്കില്‍ ഇനിയെങ്കിലും അതിനു ശ്രമിക്കണം.
ഒരിക്കല്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായിരുന്നു, ഭൂപേന്ദര്‍ കുമാര്‍. സ്വാതന്ത്ര്യ സമര കാലത്ത് 23 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചയാള്‍. ജയിലില്‍ 78 ദിവസം നിരാഹാരം അനുഷ്ഠിച്ചു, നീതിക്കുവേണ്ടി. അത് അദ്ദേഹത്തിന്റെ പേരിലുള്ള റെക്കോഡ് ആയിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം അദ്ദേഹം പാക്കിസ്ഥാനില്‍ തുടര്‍ന്നു. അവിടെ അസംബ്ലിയില്‍ അംഗമായിരുന്നു. ഭരണഘടന രൂപം കൊള്ളുന്ന സമയമായിരുന്നു. അന്ന് അദ്ദേഹം അസംബ്ലിയില്‍ പറഞ്ഞു, ഞങ്ങള്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഇത് അറിയണം, മനസിലാക്കണം. ഭൂപേന്ദര്‍ പറഞ്ഞു, പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷങ്ങള്‍ ഇല്ലാതായിരിക്കുന്നു. കിഴക്കന്‍ പാക്കിസ്ഥാനില്‍ ജീവിക്കുന്ന ഞങ്ങളെ പോലുള്ള കുറച്ച് ആളുകള്‍ പൂര്‍ണമായും നിരാശയുടെ വക്കിലാണ്. വിഭജനത്തിനു ശേഷം കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ ഭൂപേന്ദര്‍ പറഞ്ഞ വാക്കുകളാണ് ഇത്. ഇതായിരുന്നു അവസ്ഥ. സ്വാതന്ത്ര്യത്തിന്റെ തുടക്കം മുതല്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഇതായിരുന്നു. ഇതിനുശേഷം പാക്കിസ്ഥാനിലെ സ്ഥിതി വീണ്ടും വഷളായി.. ഭൂപേന്ദര്‍ ഇന്ത്യയിലെത്തി, ഒരു അഭയാര്‍ത്ഥിയായി. ഭാരത്തിന്റെ മണ്ണില്‍ മരിച്ചു വീണു.
ബഹുമാനപ്പെട്ട സ്പീക്കര്‍, മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി പാക്കിസ്ഥാനില്‍ താമസിച്ചു. ജൊഗിന്ദര്‍ നാഥ് മണ്ഡല്‍. അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനിലെ പ്രഥമ നിയമ മന്ത്രിയായി - 1950 ഒക്ടോബര്‍ 9 ന്. വിഭജനം കഴിഞ്ഞ മൂന്നു വര്‍ഷത്തിനു ശേഷം 1950 ഒക്ടോബര്‍ 9 ന് അദ്ദേഹം രാജി വച്ചു. അദ്ദേഹത്തിന്റെ രാജിക്കത്തില്‍ നിന്ന് ഒരു ഖണ്ഡിക ഉദ്ധരിക്കട്ടെ. അദ്ദേഹം എഴുതുന്നു - കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നു ഹിന്ദുക്കളെ പുറത്താക്കുന്ന നയം പൂര്‍ണമായും വിജയിച്ചിരിക്കുന്നു എന്നു ഞാന്‍ പറയട്ടെ. അത് കിഴക്കന്‍ പാക്കിസ്ഥാനില്‍ ഏതാണ്ടു പൂര്‍ണമായി കഴിഞ്ഞു.
മുസ്‌ലിം ലീഗിനു പാക്കിസ്ഥാന്‍പരിപൂര്‍ണതൃപ്തിയോ സുരക്ഷിതത്വ ബോധമോ നല്‍കിയില്ല- അദ്ദേഹം പറഞ്ഞു. ഏതുവിധവും പാക്കിസ്ഥാനിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ജീവിതത്തെ ഒരു വിധത്തിലും സ്വാധീനിക്കാനാകാത്ത വിധം ഹിന്ദു ബുദ്ധിജീവികളെ മാറ്റിനിര്‍ത്തണം എന്നതായി അവരുടെ അടുത്ത ആവശ്യം. തന്റെ രാജിക്കത്തില്‍ മണ്ഡല്‍ ജി ഇക്കാര്യം എഴുതിയിരുന്നു. അദ്ദേഹവും ഇന്ത്യയില്‍ എത്തുകയും ഭാരതാംബയുടെ മടിത്തട്ടില്‍ വച്ച് മരണമടയുകയും ചെയ്തു. പതിറ്റാണ്ടുകള്‍ക്കു ശേഷവും പാക്കിസ്ഥാന്റെ മനോഭാവത്തിനു യാതൊരു മാറ്റവുമില്ല. ഇന്നും ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. നങ്കണ സാഹേബില്‍ എന്താണ് സംഭവിച്ചതെന്ന് രാജ്യം മുഴുവനും ലോകവും കണ്ടതാണ്. ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും മാത്രമല്ല അത്തരം അനുഭവം, മറ്റു ന്യൂനപക്ഷങ്ങളും അതേ സ്ഥിതി അഭിമുഖീകരിക്കുന്നു. ക്രിസ്ത്യാനികളും ഇത് സഹിക്കുന്നു.
ഈ സഭയിലെ ചര്‍ച്ചക്കിടയില്‍ ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിക്കപ്പെട്ടിരുന്നു. പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തില്‍ ഗാന്ധിജിയുടെ മനോവികാരമല്ല ഗവണ്‍മെന്റ് പറയുന്നത് എന്നാണ് പറഞ്ഞത്.
ഏതായാലും കോണ്‍ഗ്രസിനെപ്പോലുള്ള പാര്‍ട്ടികള്‍ ഗാന്ധിജിയുടെ അധ്യാപനങ്ങള്‍ ദശാബ്ദങ്ങള്‍ക്കു മുമ്പേതന്നെ കുഴിച്ചുമൂടിയതാണല്ലോ. നിങ്ങള്‍ ഗാന്ധിജിയില്‍ നിന്ന് അകന്നുകൊണ്ടുതന്നെ ഞാനോ രാജ്യമോ നിങ്ങളില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, കോണ്‍ഗ്രസ് അതിജീവനത്തിന് ഉപയോഗിക്കുന്ന മാര്‍ഗ്ഗം അദ്ദേഹമായതുകൊണ്ട് ഞാന്‍ ഇന്ന് അദ്ദേഹത്തേക്കുറിച്ചു പറയാന്‍ ആഗ്രഹിക്കുന്നു.
1950ല്‍ ആണ് നെഹ്രു-ലിയാഖത് കരാര്‍ ഒപ്പുവച്ചത്. ഇന്ത്യയിലും പാക്കിസ്ഥാനിലും ജീവിക്കുന്ന ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സംബന്ധിച്ചായിരുന്നു ഈ കരാര്‍. പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ക്ക് വിവേചനം നേരിടേണ്ടി വരില്ല എന്നതായിരുന്നു കരാറിന്റെ അടിസ്ഥാനം. നമ്മളിപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന, പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളേക്കുറിച്ച് നെഹ്രുവും ലിയാഖത്തും തമ്മില്‍ ഒരു കരാറുണ്ടായിരുന്നു. നെഹ്രുവിനെപ്പോലെ മഹാനായ ഒരു മതേതരവാദി, നെഹ്രുവിനെപ്പോലെ മഹാനായ ഒരു ചിന്തകന്‍, നിങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാമായ വലിയ കാഴ്ചപ്പാടുന്ന ഒരാള്‍ചെയ്ത കാര്യത്തേക്കുറിച്ച് കോണ്‍ഗ്രസ് മറുപടി പറയണം. ന്യൂനപക്ഷങ്ങള്‍ എന്നു പറയുന്നതിനു പകരം 'എല്ലാ പൗരന്‍ാരും' എന്ന വാക്ക് ആ സമയത്ത് അദ്ദേഹം ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ടാണ്? അദ്ദേഹം അത്രയ്ക്ക് മഹാനും അഭിജാതനും ആയിരുന്നെങ്കില്‍ എന്തുകൊണ്ട് അതു ചെയ്തില്ല. നിശ്ചയമായും അതിനൊരു കാരണമുണ്ടാകും. പക്ഷേ, ഈ സത്യം എത്ര കാലം നിങ്ങള്‍ക്കു നിഷേധിക്കാനാകും?
സഹോദരീ സഹോദരന്‍മാരേ, ആദരണീയ സ്പീക്കര്‍, ബഹുമാനപ്പെട്ട അംഗങ്ങളേ, ആ കാലത്തെ ഒരു വിഷമാണ് ഇത്; ആ കാലത്തേക്കുറിച്ചാണ് ഞാന്‍ പറയുന്നത്. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍് നെഹ്രുവിന്റെ കരാറില്‍ എങ്ങനെ വന്നു. ഉറപ്പായും അതിനു ചില കാരണങ്ങളുണ്ട്. ഞങ്ങളിപ്പോള്‍ എന്താണോ പറയുന്നത്, അതുതന്നെയാണ് നെഹ്രു അന്ന് പറഞ്ഞത്.
ആദരണീയ സ്പീക്കര്‍, ന്യൂനപക്ഷം എന്ന വാക്ക് എന്തുകൊണ്ട് നെഹ്രു ഉപയോഗിച്ചു എന്ന് നിങ്ങള്‍ പറയാത്തത് നിങ്ങള്‍ക്കത് പ്രശ്‌നമാകും എന്നതുകൊണ്ടാണ്. പക്ഷേ, നെഹ്രുതന്നെ അതിന് ഉത്തരം നല്‍കിയിരുന്നു. നെഹ്രുവും ലിയാഖത്തും തമ്മിലുള്ള കരാറിന് ഒരു വര്‍ഷം മുമ്പ് അന്നത്തെ അസം മുഖ്യമന്ത്രി ശ്രീമാന്‍ ഗോപിനാഥ്ജിക്ക് നെഹ്രു ഒരു കത്ത് എഴുതിയിരുന്നു. അതില്‍ പറഞ്ഞിരുന്നത് ഞാന്‍ ഉദ്ധരിക്കാന്‍ ആഗ്രഹിക്കുന്നു.
നെഹ്രു എഴുതി: ഹിന്ദു അഭയാര്‍ത്ഥികളെയും മുസ്‌ലിം കുടിയേറ്റക്കാരെയും നിങ്ങള്‍ വ്യത്യസ്ഥമായി കാണണം. ഈ അഭയാര്‍ത്ഥികളുടെ ഉത്തരവാദിത്തം രാജ്യം ഏറ്റെടുക്കേണ്ടതുണ്ട്. ഈ കത്ത് അന്നത്തെ അസം മുഖ്യമന്ത്രിക്ക് ഭാരതത്തിന്റെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രു ജി എഴുതിയതാണ്. നെഹ്രു-ലിയാഖത് കരാറിനു മാസങ്ങള്‍ക്കു ശേഷം1950 നവംബര്‍ 5ന് ഇതേ പാര്‍ലമെന്റില്‍ നെഹ്രുജി സംസാരിച്ചു: 'പ്രശ്‌നബാധിതരായി ഇന്ത്യയിലേക്കു വന്ന് ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൗരത്വം നല്‍കണം എന്നതില്‍ ഒരു സംശയവുമില്ല. അതിന് നിയമം അനുകൂലമല്ലെങ്കില്‍ ആ നിയമം മാറ്റണം' എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതേ ലോക്‌സഭയില്‍ 1963ല്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം വന്നു. വിദേശകാര്യ വകുപ്പിന്റെ ചുമതല അന്ന് പ്രധാനമന്ത്രി നെഹ്‌റുവാണ് വഹിച്ചിരുന്നത്. വിദേശകാര്യ സഹമന്ത്രി ശ്രീമാന്‍ ദിനേശ് ജി പ്രമേയത്തിനു മറുപടി പറയുന്നതിനിടെ പ്രധാനമന്ത്രി നെഹ്രു ഇടപെട്ടു. അദ്ദേഹം പറഞ്ഞത് ഞാന്‍ ഉദ്ധരിക്കാം: '' കിഴക്കന്‍ പാക്കിസ്ഥാനിലെ ഭരണകൂടം ഹിന്ദുക്കള്‍ക്കു മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തുകയാണ്'' എന്നാണ് അദ്ദേഹം പറഞ്ഞത്. പാക്കിസ്ഥാനിലെ സാഹചര്യങ്ങളേക്കുറിച്ച് ഗാന്ധിജിയുടെ മാത്രമല്ല നെഹ്രുജിയുടെയും വികാരം ഇതായിരുന്നു. നിരവധി രേഖകളും കത്തുകളും സ്റ്റാന്റിംഗ് കമ്മിറ്റി റിപ്പോര്‍ട്ടുകളുമുണ്ട്. എല്ലാത്തിലെയും ഉപദേശം ഇതുപോലൊരു നിയമ നിര്‍മാണം വേണം എന്നാണ്.
ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിനോട് വ്യക്തമായി എനിക്കു ചോദിക്കാനുണ്ട്; അവര്‍ക്ക് എന്റെ ചോദ്യം മനസ്സിലാവുകയും ചെയ്യും. ഞാന്‍ ഈ പറഞ്ഞ കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത് നെഹ്രുജി വര്‍ഗ്ഗീയവാദിയാണ് എന്നാണോ? എനിക്കൊന്ന് അറിഞ്ഞാല്‍ കൊള്ളാം. ഹിന്ദുവും മുസ്‌ലിമും തമ്മില്‍ പണ്ഡിറ്റ് നെഹ്രുവിന് വിവേചനമുണ്ടായിരുന്നോ? ഒരു ഹിന്ദു രാഷ്ട്രം രൂപീകരിക്കാന്‍ പണ്ഡിറ്റ് നെഹ്രു ആഗ്രഹിച്ചിരുന്നോ?
ആദരണീയ സ്പീക്കര്‍, ഇതാണ് കോണ്‍ഗ്രസിന്റെ പ്രശ്്‌നം. അവര്‍ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നു, തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നു, വാഗ്ദാനങ്ങള്‍ പതിറ്റാണ്ടുകളോളം നീട്ടിക്കൊണ്ടുപോകുന്നു. നമ്മുടെ രാഷ്ട്രശില്‍പികളുടെ വികാരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നിപ്പോള്‍ ഈ ഗവണ്‍മെന്റ് തീരുമാനമെടുക്കുമ്പോള്‍ കോണ്‍ഗ്രസിന് അത് പ്രശ്‌നമാണ്. അങ്ങേയറ്റത്തെ ഉത്തരവാദിത്തത്തോടെയും ഭരണഘടനയെ ആദരപൂര്‍വം മനസ്സിലാക്കിക്കൊണ്ടും ഈ സഭയിലൂടെ രാജ്യത്തെ 130 കോടി ജനതയോട് എനിക്ക് ആവര്‍ത്തിച്ചു പറയാനുള്ളത്, പൗരത്വ നിയമ ഭേദഗതി ഹിന്ദുസ്ഥാനിലെ ഒരു പൗരനും, അവര്‍ ഹിന്ദുവാകട്ടെ മുസ്‌ലിമാകട്ടെ ക്രിസ്ത്യാനിയോ സിഖോ ആകട്ടെ, ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല എന്നാണ്. ഭരണഘടനയോടുള്ള പരിപൂര്‍ണ ആദരവോടെയാണ് ഞാനിത് പറയുന്നത്. ഈ ഭേദഗതി അവര്‍ക്കാര്‍ക്കും ഒരു പ്രത്യാഘാതവുമുണ്ടാക്കില്ല. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഈ നിയമഭേദഗതി ഹാനികരമാകില്ല. രാജ്യത്തെ ജനങ്ങളുടെ പേരില്‍ ഇത് തള്ളിക്കളയാന്‍ ശ്രമിക്കുന്നവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്.
ഒരു കാര്യം എനിക്ക് ചോദിക്കാനുണ്ട്. ന്യൂനപക്ഷങ്ങളുടെ പേരില്‍ കൂടുതല്‍ രാഷ്ട്രീയ കാര്യപരിപാടി തയ്യാറാക്കുന്ന കോണ്‍ഗ്രസിനോടാണ് എനിക്കു ചോദിക്കാനുള്ളത്. 1984ലെ ഡല്‍ഹി കലാപം കോണ്‍ഗ്രസ് ഓര്‍ക്കുന്നുണ്ടോ? അവര്‍ ന്യൂനപക്ഷങ്ങളായിരുന്നില്ലേ. ഞങ്ങളുടെ സിഖ് സഹോദരങ്ങളുടെ കഴുത്തിനു ചുറ്റും ടയറുകള്‍ വച്ച് നിങ്ങള്‍ ജീവനോടെ കത്തിച്ചു. അതു മാത്രമല്ല, സിഖുകാര്‍ക്കെതിരായ കലാപത്തിന്റെ പേരില്‍ പ്രതിസ്ഥാനത്തുള്ളവരെ നിങ്ങള്‍ മുഖ്യമന്ത്രിമാരാക്കി. സിഖ് വിരുദ്ധ കലാപത്തിലെ പ്രതികളെ ശിക്ഷിച്ച് നീതി നടപ്പാക്കാന്‍ വിധവകളായ ഞങ്ങളുടെ അമ്മമാര്‍ മൂന്നു പതിറ്റാണ്ടു കാത്തിരിക്കേണ്ടി വന്നു. അവര്‍ ന്യൂനപക്ഷങ്ങളല്ലേ? ന്യൂനപക്ഷങ്ങള്‍ക്ക് രണ്ട് അളവുകോലുണ്ടോ, ഇതാണോ നിങ്ങളുടെ വഴി?
ആദരണീയ സ്പീക്കര്‍, വര്‍ഷങ്ങളോളം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഇന്ന് ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷമായി പ്രവര്‍ത്തിക്കും എന്ന പ്രതീക്ഷ തെറ്റിച്ചുകൊണ്ട് നിര്‍ഭാഗ്യവശാല്‍ തെറ്റായ പാതയിലാണ് പോകുന്നത്. ഈ പാത നിങ്ങളെയും രാജ്യത്തെയും കുഴപ്പത്തിലാക്കുന്ന പാതയാണ്. ഈ രാജ്യത്തെക്കുറിച്ച് ഞങ്ങള്‍ക്കെല്ലാം ഉത്കണ്ഠയുള്ളതുകൊണ്ട് താക്കീതു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, രാജ്യത്തിന്റെ ശോഭനമായ ഭാവിയെക്കുറിച്ച് ചിന്തയുണ്ടായിരുന്നേ പറ്റൂ.
നിങ്ങള്‍ ചിന്തിച്ചു നോക്കൂ. നിങ്ങളുടെ ഗവണ്‍മെന്റ് ഭരിക്കുന്ന രാജസ്ഥാനില്‍ നിയമസഭ എന്തെങ്കിലും തീരുമാനമെടുക്കുകയും ആരും അത് അനുസരിക്കാന്‍ തയ്യാറാകാതെ പ്രകടനങ്ങളും അക്രമവും തീവയ്പും നടത്തിയാല്‍ എന്തായിരിക്കും സ്ഥിതി? മധ്യപ്രദേശിലും നിങ്ങളാണല്ലോ ഭരിക്കുന്നത്. നിയമസഭ ഒരു തീരുമാനമെടുക്കുകയും അതിനെതിരേ തെരുവില്‍ ഇറങ്ങുകയും ചെയ്താല്‍? രാജ്യത്തിന് ഇങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കുമോ?
തെറ്റായ പലതും നിങ്ങള്‍ ചെയ്തുകൂട്ടി. അതുകൊണ്ടാണ് നിങ്ങള്‍ അവിടെ ഇരിക്കുന്നത്. നിങ്ങളുടെ സ്വന്തം പരാക്രമങ്ങള്‍ കാരണം ജനം നിങ്ങളെ അവിട ഇരുത്തിയതാണ്; രാജ്യത്തെ മുഴുവനാളുകള്‍ക്കും ജനാധിപത്യപരമായ മാര്‍ഗത്തില്‍ സംസാരിക്കാന്‍ അവകാാശവുമുണ്ട്. പക്ഷേ, നുണകളും ഊഹങ്ങളും പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്തിനു വേണ്ടി നമുക്ക് നല്ലതൊന്നും ചെയ്യാന്‍ കഴിയില്ല.
അതുകൊണ്ടാണ് ഭരണഘടന കയ്യിലെടുക്കാന്‍ ഞാന്‍ ഇന്ന് പ്രത്യേകമായി ജനങ്ങളോട് ആവശ്യപ്പെടുന്നത്.
വരൂ- ഭരണഘടനയെ ബഹുമാനിക്കു.
വരൂ- നമുക്ക് ഒന്നിച്ചിരിക്കുകയും രാജ്യത്തെ മുന്നോട്ടു നയിക്കുകയും ചെയ്യാം.
നമുക്ക് രാജ്യത്തെ മുന്നോട്ടു നയിക്കാം. ട്രില്യണ്‍ ഡോളറിന്റെ സമ്പദ്ഘടനയിലേക്ക് രാജ്യത്തെ എത്തിക്കാനുള്ള ഇച്ഛാശക്തിയോടെ നമുക്കത് ചെയ്യാം.
വരൂ- ഇപ്പോഴും ശുദ്ധമായ കുടിവെള്ളം ലഭിക്കാത്ത രാജ്യത്തെ 15 കോടി കുടുംബങ്ങള്‍ക്ക് ശുദ്ധജലം നല്‍കാന്‍ പ്രതിജ്ഞയെടുക്കാം.
വരൂ- രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും നല്ല വീട് ലഭ്യമാക്കാന്‍ നമുക്ക് യോജിച്ചു പ്രവര്‍ത്തിക്കാം, അങ്ങനെ അവര്‍ക്ക് നല്ല വീടു കിട്ടട്ടെ.
വരൂ- രാജ്യത്തെ കര്‍ഷകരാകട്ടെ, മല്‍സ്യത്തൊഴിലാളികളാകട്ടെ, കാലി വളര്‍ത്തുന്നവരാകട്ടെ, അവര്‍ക്കൊക്കെ വിജയകരമായി വരുമാനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി നമുക്കു യോജിച്ചു പ്രവര്‍ത്തിക്കാം.
എല്ലാ പഞ്ചായത്തുകളിലും നമുക്ക് ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി നല്‍കാം.
വരൂ- ഏകഭാരതം, ശ്രേഷ്ഠഭാരതം എന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരു പ്രതിജ്ഞയോടെ നമുക്ക് മുന്നേറാം.
ആദരണീയ സ്പീക്കര്‍, രാജ്യത്തിന്റെ ശോഭന ഭാവിക്കു വേണ്ടി നമുക്ക് ഒന്നിച്ചിരിക്കാം എന്ന ഈ വികാരത്തോടെ മാത്രം ഞാന്‍ ആദരണീയ രാഷ്ട്രപതിക്ക് നന്ദി അറിയിക്കുന്നു. താങ്കള്‍ക്കും എന്റെ പ്രത്യേക കൃതജ്ഞത അറിയിക്കുന്നു.
***
(Release ID: 1605806)
Visitor Counter : 269
Read this release in:
Punjabi
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada