വാണിജ്യ വ്യവസായ മന്ത്രാലയം

തായ്‌ലന്‍ഡില്‍ നടക്കുന്ന ആര്‍സിഇപി മന്ത്രിതല സമ്മേളനത്തില്‍  കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പങ്കെടുക്കും

Posted On: 10 OCT 2019 2:05PM by PIB Thiruvananthpuram

 

തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ ഈ മാസം 11,12 തീയതികളില്‍ നടക്കുന്ന ഒന്‍പതാമത് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര വാണിജ്യ, വ്യവസായ, റെയില്‍വേ മന്ത്രി ശ്രീ. പീയുഷ് ഗോയല്‍ സംബന്ധിക്കും. ബാങ്കോക്കില്‍ അടുത്തമാസം നാലിന് ചേരുന്ന മൂന്നാമത് നേതൃ ഉച്ചകോടിക്ക് മുന്നോടിയായുള്ള അവസാനവട്ട മന്ത്രിതല സമ്മേളനമാണിത്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉച്ചകോടിയില്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
    മേഖലാ സമഗ്ര പങ്കാളിത്തത്തിനുള്ള വിദഗ്ധതലത്തിലെ 28-ാമത് കൂടിയാലോചനകള്‍ കഴിഞ്ഞമാസം വിയറ്റ്‌നാമില്‍ നടക്കുകയുണ്ടായി. ചരക്കുകളുടെയും, സേവനങ്ങളുടെയും വ്യാപാരം, നിക്ഷേപം, ഉത്ഭവ രാജ്യം സംബന്ധിച്ച നിയമാവലി, ബൗദ്ധികസ്വത്ത് അവകാശം, ഇ-കോമേഴ്‌സ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. കരാറില്‍ ആകെയുള്ള 25 അധ്യായങ്ങളില്‍ 21 എണ്ണത്തിന് ധാരണയായി. നിക്ഷേപം, ഇ-കോമേഴ്‌സ്, ഉത്സഭവ രാജ്യം സംബന്ധിച്ച നിയമാവലി, വ്യാപാര തര്‍ക്ക പരിഹാരങ്ങള്‍ തുടങ്ങിയവ ഇനിയും തീര്‍പ്പാക്കേണ്ടതുണ്ട്.
    ഈ വിഷയങ്ങളെ കുറിച്ചുള്ള മന്ത്രിമാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ബാങ്കോക്ക് സമ്മേളനത്തില്‍ ആരായും. അടുത്ത മാസം ചേരാനിരിക്കുന്ന നേതാക്കളുടെ ഉച്ചകോടിയുടെ ഒരുക്കങ്ങളെ കുറിച്ചും ചര്‍ച്ച നടക്കും.
    ബാങ്കോക്ക് മന്ത്രിതല സമ്മേളനത്തിനിടെ ജപ്പാന്‍, സിംഗപ്പൂര്‍, ചൈന, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാര വാണിജ്യ മന്ത്രിമാരുമായി ശ്രീ. പീയുഷ് ഗോയല്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും.  ബാങ്കോക്ക് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രി രാജ്യത്തെ പ്രമുഖ വ്യവസായികളുമായി നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. ആര്‍സിഇപി രാജ്യങ്ങളില്‍ നിന്ന് പെട്ടെന്ന് ഉണ്ടാകാനിടയുള്ള ഇറക്കുമതി തള്ളിക്കയറ്റത്തില്‍ ആവശ്യമായ പരിരക്ഷകള്‍ ഉറപ്പാക്കുകയാ യിരുന്നു ശ്രീ. പീയുഷ് ഗോയല്‍ നടത്തിയ ചര്‍ച്ചകളുടെ കാതല്‍.
    2013 -ലാണ് ആര്‍സിഇപി കൂടിയാലോചനകള്‍ ആരംഭിച്ചത്. ആസിയാന്‍ അംഗരാഷ്ട്രങ്ങള്‍ക്കിടയിലും, അവരുടെ സ്വതന്ത്ര വ്യാപാര കരാര്‍ പങ്കാളികളുമായും ആധുനികവും, സമഗ്രവും ഉയര്‍ന്ന ഗുണനിലവാരമുള്ളതും, പരസ്പരം ഗുണപ്രദവുമായ ഒരു സാമ്പത്തിക പങ്കാളിത്ത കരാറിന് രൂപം കൊടുക്കുകയാണ് ലക്ഷ്യം.
ND



(Release ID: 1587775) Visitor Counter : 71