പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
പുനരുല്‍പ്പാദന ഊര്‍ജ്ജമേഖലയിലെ ഉല്‍പ്പാദനം; ഇന്ത്യക്ക് ലക്ഷ്യം നേടാനാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധം
Posted On:
10 OCT 2019 10:44AM by PIB Thiruvananthpuram
2022 ഓടെ പുനരുല്‍പ്പാദന ഊര്‍ജ്ജമേഖലയില്‍ നിന്ന് 1,75000 മെഗാവാട്ട് ഊര്‍ജ്ജോല്‍പ്പാദനമെന്ന നിശ്ചിതലക്ഷ്യം നേടാന്‍ ഇന്ത്യക്ക് സാധിക്കില്ലെന്ന് ക്രസില്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് കേന്ദ്ര നവ, പുനരുല്‍പ്പാദന ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി.
2019 സെപ്റ്റംബറിലെ ക്രസില്‍ റിപ്പോര്‍ട്ട് ആധാരമാക്കിയാണ് പുനരുല്‍പ്പാദന ഊര്‍ജ്ജമേഖലയില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളുമായും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുമായും പൊരുത്തപ്പെടുന്നതല്ല ഈ റിപ്പോര്‍ട്ടുകള്‍.
2019 സെപ്റ്റംബര്‍ അവസാനത്തോടെ ഇന്ത്യ പുനരുല്‍പ്പാദന ഊര്‍ജ്ജമേഖലയില്‍ 82,580 മെഗാവാട്ടിന്റെ അധിക ശേഷി സ്ഥാപിച്ചിട്ടുണ്ട്. 31,150 മെഗാവാട്ട് ശേഷിയുള്ള വിവിധ പദ്ധതികള്‍ നിര്‍വ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതു വഴി 2021 ന്റെ ആദ്യപാദത്തോടെതന്നെ ഇന്ത്യ 1,13000 മെഗാവാട്ടിന്റെ ശേഷി കൈവരിക്കും. ഇത് ലക്ഷ്യമിട്ട ശേഷിയുടെ 65% വരും. ഇതിനു പുറമെ, 39,000 മെഗാവാട്ട് പുനരുല്‍പ്പാദന ഊര്‍ജ്ജോല്‍പ്പാദന ശേഷിയുള്ള പദ്ധതികളുടെ ലേലനടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പദ്ധതികള്‍ 2021 സെപ്റ്റംബറോടെ പൂര്‍ണ്ണ പ്രവര്‍ത്തനക്ഷമമാകും. ഇതോടു കൂടി മൊത്തം ഉല്‍പ്പാദനം ലക്ഷ്യമിട്ടതിന്റെ 87 ശതമാനമാകും. 23,000 മെഗാവാട്ടിന്റെ പുനരുല്‍പ്പാദന ഊര്‍ജ്ജ ശേഷി മാത്രം ലേലം ചെയ്യാന്‍ അവശേഷിക്കുമ്പോള്‍, ലക്ഷ്യമിട്ടതിനെക്കാള്‍ അധികം ഊര്‍ജ്ജോല്‍പ്പാദനം പുനരുല്‍പ്പാദനമേഖലയില്‍നിന്ന് സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കേന്ദ്ര നവ, പുനരുല്‍പ്പാദന ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി.
AM/ND
(Release ID: 1587773)