വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
മാധ്യമ സ്വാതന്ത്ര്യത്തിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധം: കേന്ദ്രമന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍
प्रविष्टि तिथि:
30 AUG 2019 2:16PM by PIB Thiruvananthpuram
പ്രകടനം, പരിഷ്‌ക്കരണം, പരിവര്‍ത്തനം എന്നീ മൂന്ന് സ്തംഭങ്ങളിലാണ് നവ ഇന്ത്യ എന്ന ദര്‍ശനം പടുത്തുയര്‍ത്തിയിരിക്കുന്നതെന്ന് കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കൊച്ചിയില്‍ മലയാള മനോരമ സംഘടിപ്പിച്ച ന്യൂസ് കോണ്‍ക്ലേവില്‍ 'നവ ഇന്ത്യ: ഗവണ്‍മെന്റും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗവണ്‍മെന്റ് വിഭാവനം ചെയ്യുന്ന നവ ഇന്ത്യ അഴിമതി, തീവ്രവാദം, ജാതി, വര്‍ഗ്ഗീയത, ദാരിദ്ര്യം തുടങ്ങിയവയില്‍ നിന്ന് മുക്തമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 'നമ്മുടേത് ഒരു വൈവിധ്യപൂര്‍ണ്ണമായ രാജ്യമാണ്. വൈവിധ്യം ഇന്ത്യയുടെ സത്തയാണ്. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് ഇന്ത്യന്‍ തത്വചിന്ത', അദ്ദേഹം പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ ഗവണ്‍മെന്റ് എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. എന്നാല്‍ ഒരു ജനാധിപത്യ, സിവില്‍ സമൂഹത്തില്‍ സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തമുള്ള സ്വാതന്ത്ര്യമായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഉത്തരവാദിത്ത സ്വാതന്ത്ര്യം നിയന്ത്രിത സ്വാതന്ത്ര്യമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാമൂഹിക മാധ്യമങ്ങളിലൂടെ പടരുന്ന അഭ്യൂഹങ്ങള്‍ വഴി രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകം പോലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. സാമൂഹിക മാധ്യമത്തില്‍ ഒരു സ്വയം നിയന്ത്രണ സംവിധാനമില്ലാത്തതാണ് ഇതിന് കാരണമാകുന്നതെന്നും ശ്രീ ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.
എല്ലാത്തരം വിമര്‍ശനങ്ങളെയും ഗവണ്‍മെന്റ് സ്വാഗതം ചെയ്യുന്നതായും അവ ഭരണത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ നല്‍കുന്നുണ്ടെന്നും ചോദ്യങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. 'സ്വതന്ത്ര സ്ഥാപനങ്ങളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു, കാരണം അവ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു'. കശ്മീരില്‍ ഉചിതമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ഘട്ടമുണ്ടായിരുന്നെന്നും എന്നാല്‍ അവ ഓരോ ദിവസവും ഒന്നൊന്നായി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി ന്യൂസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു.
IE/BSN
(रिलीज़ आईडी: 1583621)
आगंतुक पटल : 114