പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ആഗസ്റ്റ് ഇരുപത്തിയഞ്ചാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

മനസ്സ് പറയുന്നത് – 2.0 (മൂന്നാം ലക്കം)

Posted On: 25 AUG 2019 11:45AM by PIB Thiruvananthpuram

 

പ്രിയപ്പെട്ട ദേശവാസികള്‍ക്ക് നമസ്‌കാരം. നമ്മുടെ രാജ്യം ഒരുവശത്ത് മഴക്കാലത്തിന്റെ ആനന്ദം അനുഭവിക്കുമ്പോള്‍ മറുവശത്ത് ഭാരതത്തിന്റെ എല്ലാ കോണുകളിലും ഏതെങ്കിലും തരത്തിലുള്ള ഉത്സവമോ, മേളയോ ഒക്കെയാണ് നടക്കുന്നത്. ദീപാവലി വരെ ഇങ്ങനെയായിരിക്കും നടക്കുക. ഒരു പക്ഷേ, നമ്മുടെ പൂര്‍വ്വികര്‍ ഋതുചക്രവും സാമ്പത്തികനിലയും സാമൂഹ്യ ജീവിതത്തിന്റെ രൂപപ്പെടുത്തലും നിര്‍വ്വഹിച്ചിരിക്കുന്നത് ഏതു ചുറ്റുപാടിലും സമൂഹത്തില്‍ മടുപ്പ് ഉണ്ടാകാത്തവിധത്തിലായിരിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ നാം പല ഉത്സവങ്ങളും ആഘോഷിച്ചു. ഇക്കഴിഞ്ഞ ദിവസം ഭാരതത്തിലെങ്ങും ശ്രീകൃഷ്ണന്റെ ജന്മോത്സവം ആഘോഷിച്ചു. എല്ലാ ഉത്സവങ്ങളും പുതുമകളുമായി, പുതിയ പ്രേരണകളുമായി, പുതിയ ഊര്‍ജ്ജവുമായിട്ടാണ് എത്തുന്നത്. ഇപ്പോള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷവും ഏതൊരു വ്യക്തിക്കും ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കു സമാധാനമേകുന്ന, ഉദാഹരണമായി ഉദ്ധരിക്കാവുന്ന, പ്രേരണയേകുന്ന വ്യക്തിത്വമാണു കൃഷ്ണന്റേത്. എല്ലാവര്‍ക്കും ശ്രീകൃഷ്ണന്റെ ജീവിതത്തില്‍ നിന്ന് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താനാകുന്നു. ഇത്രയധികം കഴിവുണ്ടായിട്ടും, ചിലപ്പോള്‍ രാസലീലയില്‍ മുഴുകിപ്പോയിരുന്നു, ചിലപ്പോള്‍ ഗോക്കള്‍ക്കിടയിലെങ്കില്‍ മറ്റു ചിലപ്പോള്‍ ഗോപാലകരുടെ ഇടയില്‍, ചിലപ്പോള്‍ കളികളില്‍ മുഴുകി, ചിലപ്പോള്‍ ഓടക്കുഴലൂതി… എന്നുവേണ്ട വൈവിധ്യങ്ങള്‍ നിറഞ്ഞ ആ വ്യക്തിത്വം താരതമ്യമില്ലാത്ത കഴിവുകള്‍ നിറഞ്ഞതായിരുന്നു. എങ്കിലും സാമൂഹ്യശക്തിക്കായി സമര്‍പ്പിക്കപ്പെട്ട്, ജനങ്ങളെ ശക്തരാക്കാനായി സമര്‍പ്പിക്കപ്പെട്ട്, ജനങ്ങളെ ഒരുമിച്ചുചേര്‍ക്കുന്ന ശക്തിയായി പുതിയ കീര്‍ത്തിസ്തംഭങ്ങള്‍ സ്ഥാപിച്ച വ്യക്തിത്വം! മൈത്രി എങ്ങനെയാകണം എന്നു ചിന്തിച്ചാല്‍ സുദാമാവും കൃഷ്ണനും തമ്മിലുള്ള ബന്ധത്തെ എങ്ങനെ മറക്കാനാകും? ഇത്രയും മഹത്വങ്ങളെല്ലാമുണ്ടായിട്ടും യുദ്ധഭൂമിയില്‍ സാരഥിയുടെ ജോലി ഏറ്റെടുക്കുക! ചിലപ്പോള്‍ പര്‍വ്വതത്തെത്തന്നെ എടുത്തുയര്‍ത്തുക, ചിലപ്പോള്‍ ഭക്ഷണം കഴിച്ച ഇല പെറുക്കുക. അതായത് കൃഷ്ണന്റെ എല്ലാ കാര്യത്തിലും ഒരു പുതുമായാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് ഇന്ന് നിങ്ങളോടു സംസാരിക്കുമ്പോള്‍ രണ്ടു മോഹനന്‍മാരുടെ നേര്‍ക്കാണ് എന്റെ ശ്രദ്ധ പതിയുന്നത്. ഒന്ന് സുദര്‍ശനചക്രധാരിയായ മോഹനനും മറ്റൊന്ന് ചര്‍ക്കയുമായിരിക്കുന്ന മോഹനനും. സുദര്‍ശനചക്രധാരിയായ മോഹനന്‍ യമുനാതീരം വിട്ട് ഗുജറാത്തില്‍ സമുദ്രതീരത്ത് പോയി ദ്വാരകാ നഗരത്തില്‍ താമസമാക്കി. സമുദ്രതീരത്തു ജനിച്ച മോഹനന്‍ അവസാനകാലത്ത് യമുനയുടെ തീരത്തെ ദില്ലിയിലെത്തി. സുദര്‍ശനചക്രധാരിയായ മോഹനന്‍ അക്കാലത്തെ സ്ഥിതിയില്‍, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് യുദ്ധം ഒഴിവാക്കാന്‍ സംഘര്‍ഷമൊഴിവാക്കാന്‍ സ്വന്തം ബുദ്ധി, സ്വന്തം കര്‍ത്തവ്യം, സ്വന്തം സാമര്‍ത്ഥ്യം, സ്വന്തം ചിന്താശേഷി പരമാവധി ഉപയോഗിച്ചു. ചര്‍ക്കയുമായെത്തിയ മോഹനന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി അതുപോലൊരു മാര്‍ഗ്ഗമാണു തിരഞ്ഞെടുത്തത്. സ്വാതന്ത്ര്യത്തിനുവേണ്ടിയും, മാനവീയ മൂല്യങ്ങളുടെ നിലനില്‍പ്പിനും, വ്യക്തിത്വത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് ബലമേകുന്നതിനും സ്വാതന്ത്ര്യപ്പോരാട്ടത്തിന് ലോകത്തിനുമുഴുവന്‍ ആശ്ചര്യം പകര്‍ന്ന് ഇന്നും ആശ്ചര്യമായിരിക്കുന്ന ഒരു സ്വരൂപമാണ് നല്‍കിയത്. നിസ്വാര്‍ഥ സേവനത്തിന്റെ മഹത്വമായാലും അറിവിന്റെ മഹത്വമായാലും ജീവിതത്തിലെ എല്ലാ ഉയര്‍ച്ചതാഴ്ചകള്‍ക്കുമിടിയില്‍ പുഞ്ചിരിച്ചുകൊണ്ട് മുേന്നറുന്നതിന്റെ മഹത്വമായാലും ഒക്കെത്തന്നെ നമുക്ക് ഭഗവാന്‍ കൃഷ്ണന്റെ സന്ദേശത്തില്‍ നിന്ന് പഠിക്കാവുന്നതാണ്. അതുകൊണ്ടാണ് കൃഷ്ണന്‍ ജഗത്ഗുരു എന്നും അറിയപ്പെടുന്നതും നാം കൃഷ്ണം വന്ദേ ജഗത്ഗുരും എന്നു വണങ്ങുന്നതും.
ഇന്ന് നാം ഉത്സവങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഭാരതം മറ്റൊരു മഹോത്സവത്തിനുകൂടിയുള്ള തയ്യാറെടുപ്പിലാണ്. ഭാരതത്തില്‍ മാത്രമല്ല, ലോകമെങ്ങും അതെക്കുറിച്ചു ചര്‍ച്ചയും നടക്കുകയാണ്. എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഞാന്‍ മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജയന്തിയെക്കുറിച്ചാണു പറയുന്നത്. 1869 ഒക്‌ടോബര്‍ 2 ന് പോര്‍ബന്ദറില്‍, സമുദ്രതീരത്ത് ഇന്ന് നാം കീര്‍ത്തി മന്ദിര്‍ എന്നു പറയുന്നിടത്ത്, ആ ചെറിയ വീട്ടില്‍ ഒരു വ്യക്തിയല്ല പിറന്നത്, ഒരു യുഗം പിറക്കുകയായിരുന്നു. മനുഷ്യചരിത്രത്തിന് പുതിയ വഴിത്തിരിവേകി, പുതിയ കീര്‍ത്തിസ്തംഭം സ്ഥാപിക്കപ്പെട്ടു. സേവനം, സേവന മനോഭാവം, സേവനത്തോടുള്ള കര്‍ത്തവ്യപരത എപ്പോഴും മഹാത്മാഗാന്ധിയോടു ചേര്‍ന്നു നില്‍ക്കുന്ന, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന കാര്യമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ നോക്കിയാല്‍ ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനം അനുഭവിക്കുകയായിരുന്ന ആ വിഭാഗത്തിലെ ആളുകളെ സേവിച്ചു. ആ കാലത്ത് അതൊരു ചെറിയ കാര്യമായിരുന്നില്ല. അദ്ദേഹം ചമ്പാരനില്‍ വിവേചനം അനുഭവിച്ചുപോന്ന ആ കര്‍ഷകരെ സേവിച്ചു, ഉചിതമായ കൂലി ലഭിക്കാതിരുന്ന മില്‍ തൊഴിലാളികളെ സേവിച്ചു, ദരിദ്രരും നിസ്സഹായരും, ദുര്‍ബ്ബലരും വിശന്നുവലഞ്ഞവരുമായവരെ സേവിച്ചു. അത് അദ്ദേഹം ജീവിതത്തിലെ ഏറ്റവും പരമമായ കര്‍ത്തവ്യമായി കണക്കാക്കി. കുഷ്ഠരോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ അദ്ദേഹം കുഷ്ഠരോഗികളെ സ്വയം ശുശ്രൂഷിച്ചു. സ്വന്തം ജീവിതത്തില്‍ സേവനത്തിന്റെ വഴിയിലൂടെ ഉദാഹരണം മുന്നോട്ടു വച്ചു. സേവനം അദ്ദേഹം വാക്കുകളിലൂടെയല്ല മറിച്ച് സ്വയം ചെയ്താണ് ലോകരെ പഠിപ്പിച്ചത്. സത്യത്തോട് ഗാന്ധിജിക്ക് എത്ര അഭേദ്യബന്ധമായിരുന്നു എതുപോലെതന്നെ സേവനത്തോടും ഗാന്ധിജിക്ക് അഭേദ്യമായ ബന്ധമാണ് ഉണ്ടായിരുന്നത്. ആര്‍ക്കും എപ്പോള്‍ എവിടെ ആവശ്യമുണ്ടായാലും മഹാത്മാഗാന്ധി സേവനത്തിനായി എപ്പോഴും മുന്നിലുണ്ടായിരുന്നു. അദ്ദേഹം സേവനത്തിനു പ്രാധാന്യം കൊടുത്തു എന്നു മാത്രമല്ല, അതോടുകൂടെയുള്ള ആത്മസുഖത്തിനും പ്രധാന്യം കൊടുത്തു. സേവനം എന്ന വാക്കിന്റെ സാര്‍ഥകത അത് ആനന്ദത്തോടുകൂടി നിര്‍വ്വഹിക്കുന്നതിലാണ്. സേവാ പരമോധര്‍മ്മഃ. എന്നാല്‍ ഉത്കൃഷ്ടമായ ആനന്ദവും, സ്വാന്തഃ സുഖായഃ എന്ന വിചാരം പകരുന്ന അനുഭൂതിയും സേവനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇത് നമുക്ക് ബാപ്പുവിന്റെ ജീവിതത്തില്‍ നിന്ന് നന്നായി മനസ്സിലാക്കാം. മഹാത്മാഗാന്ധി അസംഖ്യം ഭാരതീയരുടെ സ്വരമായി. എന്നാല്‍ മാനവമൂല്യത്തിനും മനുഷ്യന്റെ അഭിമാനത്തിനും വേണ്ടി ഒരു തരത്തില്‍ അദ്ദേഹം ലോകത്തിന്റെ തന്നെ സ്വരമായി മാറിയിരുന്നു. മഹാത്മാഗാന്ധിക്ക് വ്യക്തിയും സമൂഹവും, മനുഷ്യരും മനുഷ്യത്വവും – ഇതായിരുന്നു സര്‍വ്വതും. ആഫ്രിക്കയിലെ ഫീനിക്‌സ് ഫാമിലാണെങ്കിലും ടോള്‍സ്റ്റോയ് ഫാമിലാണെങ്കിലും, സബര്‍മതി ആശ്രമത്തിലാണെങ്കിലും വാര്‍ധയിലാണെങ്കിലും എല്ലായിടത്തും തന്റെതായ വേറിട്ട രീതിയില്‍ സാമൂഹികമായ ഒത്തു ചേരലിന് അദ്ദേഹം എന്നും പ്രാധാന്യം കൊടുത്തു. എനിക്ക് പൂജനീയ മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട പല മഹത്തായ ഇടങ്ങളിലും പോയി വണങ്ങാനുള്ള അവസരം ലഭിച്ചു എന്നത് എന്റെ സൗഭാഗ്യായി ഞാന്‍ കരുതുന്നു. ഗാന്ധി സേവനമനോഭാവത്തോടെ സംഘടനാബോധത്തിന് പ്രാധാന്യം കൊടുത്തിരുന്നു എെന്നനിക്കു പറയാനാകും. സാമൂഹിക സേവനം, സാമൂഹിക വളര്‍ച്ച, സാമൂഹിക സംഘടിക്കല്‍ തുടങ്ങിയവയുടെ വികാരം നമുക്ക് നമ്മുടെ പ്രായോഗിക ജീവിതത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. ശരിയായ അര്‍ഥത്തില്‍ ഇതാണ് മഹാത്മാഗാന്ധിക്കുള്ള ശ്രദ്ധാഞ്ജലി, യഥാര്‍ഥ കാര്യാഞ്ജലി എന്നു പറയാം. ഇതുപോലുള്ള അവസരം പലതും വരുമായിരിക്കും, നാം ഒത്തു കൂടുകയും ചെയ്യും. എന്നാല്‍ ഗാന്ധി 150 എന്താണ്? അത് വെറുതെ വന്ന് പോകാന്‍ വിടുന്നത് നമുക്ക് സമ്മതമാണോ? അല്ല പ്രിയപ്പെട്ടവരേ. നാം സ്വയം ചോദിക്കുക, ആലോചിച്ചുനോക്കൂക, ചിന്തിക്കുക, ഒത്തു ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തുക. സമൂഹത്തിലെ മറ്റ് ആളുകളോട് ചേര്‍ന്ന്, എല്ലാ വര്‍ഗ്ഗത്തിലും പെട്ടവരോടു ചേര്‍ന്ന്, എല്ലാ പ്രായത്തിലും പെട്ടവരോടു ചേര്‍ന്ന്, ഗ്രാമമാണെങ്കിലും നഗരമാണെങ്കിലും പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും എല്ലാവരോടും ചേര്‍ന്ന് സമൂഹത്തിനുവേണ്ടി എന്തു ചെയ്യാമെന്നാലോചിക്കുക. ഒരു വ്യക്തിയെന്ന നിലയില്‍ ഈ ശ്രമങ്ങളില്‍ എന്തു പങ്കുവഹിക്കാനാകുമെന്നാലോചിക്കുക? എന്ത് മൂല്യവര്‍ധനയാണ് തനിക്കേകാനാകുക എന്നു ചിന്തിക്കുക. കൂട്ടായ്മയ്ക്ക് അതിന്റേതായ ഒരു ശക്തിയുണ്ട്. ഗാന്ധി 150 എന്ന ഈ പരിപാടിയിലാകെ കൂട്ടായ്മയുമുണ്ടാകും, സേവനവുമുണ്ടാകും. നമുക്കൊരുമിച്ചു ചേര്‍ന്ന്, ഗ്രാമമോ തെരുവോ ഒന്നാകെ ഇറങ്ങി പുറപ്പെട്ടുകൂടേ. നമ്മുടെ ഫുട്‌ബോള്‍ ടീമുണ്ടെങ്കില്‍ ഫുട്‌ബോള്‍ കളിക്കുമല്ലോ, അതോടൊപ്പം ഗാന്ധിയുടെ ആദര്‍ശങ്ങള്‍ക്കു ചേര്‍ന്ന സേവനകാര്യം കൂടി ചെയ്യാം. ലേഡീസ് ക്ലബ്ബുണ്ട്. ആധുനിക കാലത്തെ ലേഡീസ് ക്ലബ്ബില്‍ നടക്കുന്ന കാര്യങ്ങള്‍ അവിടെ തുടരട്ടെ, എന്നാല്‍ ലേഡിസ് ക്ലബ്ബിലെ എല്ലാ അംഗങ്ങളും ഒത്തുചേര്‍ന്ന് എന്തെങ്കിലും സേവനകാര്യം ചെയ്തുകൂടേ. വളരെ കാര്യങ്ങള്‍ ചെയ്യാനാകും. പഴയ പുസ്തകങ്ങള്‍ സ്വരൂപിക്കുക, ദരിദ്രര്‍ക്ക് വിതരണം ചെയ്യുക, അറിവ് പകര്‍ന്നുകൊടുക്കുക. 130 കോടി ജനങ്ങളുടെ പക്കല്‍ 130 കോടി സങ്കല്പങ്ങളുണ്ടാകും, 130 കോടി ഉദ്യമങ്ങള്‍ക്ക് തുടക്കം കുറിക്കാനാകും. ഒരു പരിധിയുമില്ല. മനസ്സില്‍ വരുന്നതു ചെയ്യാം. സന്‍മനോഭാവം വേണം, നല്ല ഒരു കാരണം വേണം, നല്ലതു ചെയ്യണമെന്ന ആഗ്രഹം വേണം, പൂര്‍ണ്ണ സമര്‍പ്പണഭാവത്തോടെ സേവനത്തിനിറങ്ങണം, അതും സ്വാന്തഃ സുഖായഃ ആയിരിക്കണം. ആനന്ദാനുഭൂതിക്കുവേണ്ടിയായിരിക്കണം.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഞാന്‍ ഗുജറാത്തിലെ ദണ്ഡിയില്‍ പോയിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ദണ്ഡിയില്‍ നടന്ന ഉപ്പുസത്യാഗ്രഹം ഒരു മഹത്തായ വഴിത്തിരിവായിരുന്നു. ദാണ്ഡിയില്‍ ഞാന്‍ മഹാത്മാഗാന്ധിക്കു സമര്‍പ്പിക്കപ്പെട്ട ഒരു അത്യാധുനിക മ്യൂസിയം ഉദ്ഘാടനം ചെയ്തു. നിങ്ങളും വരുംകാലത്ത് മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്ഥലത്തേക്ക് യാത്ര പോകണം എന്നാണ് എനിക്ക് നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത്. അത് എവിടവുമാകാം – പോര്‍ബന്തറാകാം, സബര്‍മതി ആശ്രമമാകാം, ചമ്പാരനാകാം, വാര്‍ധയിലെ ആശ്രമമാകാം, ദില്ലിയില്‍ മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട ഇടമേതെങ്കിലുമാകാം. നിങ്ങള്‍ ഇതുപോലുള്ള സ്ഥലത്ത് പോകുമ്പോള്‍ നിങ്ങളുടെ ചിത്രം സാമൂഹിക മാധ്യമത്തില്‍ തീര്‍ച്ചയായും പങ്കു വയ്ക്കണം. മറ്റുള്ളവരും അതിലൂടെ പ്രേരണ ഉള്‍ക്കൊള്ളട്ടെ. ഫോട്ടോയ്‌ക്കൊപ്പം നിങ്ങളുടെ മനോവികാരം പ്രകടമാക്കിക്കൊണ്ട് രണ്ടു നാലു വാചകങ്ങളും തീര്‍ച്ചയായും എഴുതണം. നിങ്ങളുടെ മനസ്സിനുള്ളില്‍ നിന്നുയര്‍ന്നുവന്ന വികാരം, ഏതൊരു വലിയ സാഹിത്യരചനയേക്കാളും, അധികം ശക്തമാകും. ഇന്നത്തെ കാലത്ത് നിങ്ങളുടെ വീക്ഷണത്തില്‍ നിങ്ങളുടെ തൂലികയില്‍ നിന്ന് രൂപപ്പെട്ട ഗാന്ധിജിയുടെ രൂപം ഒരുപക്ഷേ കൂടുതല്‍ സാംഗത്യമുള്ളതാകാം. ഇനി വളരേയേറെ പരിപാടികള്‍, മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയൊക്കെ സംഘടിപ്പിക്കാനുള്ള പദ്ധതികള്‍ ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം വളരെ താത്പര്യം ജനിപ്പിക്കുന്നതാണ്. അതു ഞാന്‍ നിങ്ങളോടു പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. 
വെനീസ് ബിനാലെ എന്നു പേരുള്ള ഒരു പ്രസിദ്ധമായ കലാ പ്രദര്‍ശനമുണ്ട്. അവിടെ ലോകമെങ്ങും നിന്നുള്ള കാലാകാരന്‍മാര്‍ ഒത്തു ചേരുന്നു. ഇപ്രാവശ്യം വെനീസ് ബിനാലെയിലെ ഇന്ത്യന്‍ പവലിയനില്‍ ഗാന്ധിജിയുടെ ഓര്‍മ്മകളുമായി ബന്ധപ്പെട്ട വളരെയേറെ താത്പര്യം ജനിപ്പിക്കുന്ന പ്രദര്‍ശനങ്ങള്‍ വച്ചു. അതില്‍ ഹരിപുരാ പാനലുകള്‍ വിശേഷാല്‍ ആകര്‍ഷകങ്ങളായിരുന്നു. ഗുജറാത്തിലെ ഹരിപുരയില്‍ കോണ്‍ഗ്രസിന്റെ മഹാസമ്മേളനം നടന്നിരുന്നതും അവിടെ വച്ച് സുഭാഷ് ചന്ദ്രബോസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതുമായ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. ഈ കലാ പ്രദര്‍ശനികള്‍ക്ക് വളരെ സുന്ദരമായ ഒരു ഭൂതകാലമുണ്ട്. കോണ്‍ഗ്രസിന്റെ ഹരിപുരാ സമ്മേളനത്തിനു മുമ്പ് 1937-38 ല്‍ മഹാത്മാ ഗാന്ധി ശാന്തിനികേതന്‍ കലാ ഭവനിലെ അന്നത്തെ പ്രിന്‍സിപ്പാള്‍ നന്ദലാല്‍ ബോസിനെ ക്ഷണിച്ചിരുന്നു. അദ്ദേഹം ഭാരതത്തിലെ ജനങ്ങളുടെ ജീവിതശൈലി കലയിലൂടെ പ്രകടകമാക്കണമെന്നും അദ്ദേഹത്തിന്റെ ആ കലാകൃതിയുടെ പ്രദര്‍ശനം മഹാസമ്മേളനത്തില്‍ ഉണ്ടാകണമെന്നും ഗാന്ധിജി ആഗ്രഹിച്ചു. നമ്മുടെ ഭരണഘടനയുടെ ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്ന, ഭരണഘടനക്ക് ഒരു വേറിട്ട സ്വരൂപമേകുന്ന കലാകൃതി രചിച്ച അതേ നന്ദലാല്‍ ബോസ് ആണ് ഇത്. അദ്ദേഹത്തിന്റെ ഈ കലാസാധന ഭരണഘടനയോടൊപ്പം നന്ദലാല്‍ ബോസിനെയും ചിരഞ്ജീവിയാക്കി. നന്ദലാല്‍ ബോസ് ഹരിപുരയ്ക്കടുത്തുള്ള ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തുകയും അവസാനം ഗ്രാമീണ ഭാരതത്തിന്റെ ജീവിതം പ്രകടമാക്കുന്ന ചില ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. ഈ വിലമതിക്കാനാകാത്ത കലാസൃഷ്ടികള്‍ വെനീസില്‍ വലിയ ചര്‍ച്ചയായി. ഒരിക്കല്‍ കൂടി, ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്‍മവാര്‍ഷികത്തില്‍ ശുഭാശംസകള്‍ നേരുന്നതോടൊപ്പം എല്ലാ ഭാരതീയരോടും എന്തെങ്കിലുമൊരു ദൃഢനിശ്ചയമെടുക്കാന്‍ അഭ്യര്‍ഥിക്കുന്നു. രാജ്യത്തിനുവേണ്ടി, സമൂഹത്തിനുവേണ്ടി, മറ്റാര്‍ക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഇതായിരിക്കും ബാപ്പുവിനേകാനാകുന്ന നല്ല, യഥാര്‍ത്ഥമായ, സാര്‍ഥകമായ കാര്യാഞ്ജലി.
ഭാരതമാതാവിന്റെ പ്രിയസന്താനങ്ങളേ, കഴിഞ്ഞ ചില വര്‍ഷങ്ങളായി നാം ഒക്‌ടോബര്‍ 2 നു മുമ്പ് ഏകദേശം രണ്ടാഴ്ചയോളം രാജ്യമെങ്ങും മാലിന്യമുക്തിയാണ് സേവനം എന്ന ഒരു പരിപാടി നടത്തുന്നു. ഇപ്രാവശ്യം ഇത് സെപ്റ്റംബര്‍ 11 ന് ആരംഭിക്കും. ഈ സമയത്ത് നാം നമ്മുടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങി ശ്രമദാനത്തിലൂടെ മഹാത്മാഗാന്ധിക്ക് കാര്യാഞ്ജലി അര്‍പ്പിക്കും. വീടാണെങ്കിലും തെരുവാണെങ്കിലും നാല്‍ക്കവലയാണെങ്കിലും ഓടയാണെങ്കിലും സ്‌കൂളിലും കോളജിലും മുതല്‍ എല്ലാ പൊതു ഇടങ്ങളിലും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള പരിപാടികള്‍ നടത്തണം. ഇപ്രാവശ്യം പ്ലാസ്റ്റിക്കിന് വിശേഷാല്‍ പ്രാധാന്യം കൊടുക്കണം. എത്ര ഉത്സാഹത്തോടും ആവേശത്തോടും കൂടിയാണ് നൂറ്റിയിരുപത്തിയഞ്ചുകോടി ജനങ്ങള്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി ജനമുന്നേറ്റം സംഘടിപ്പിച്ചത് എന്ന് ആഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ നിന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുകയുണ്ടായി. വെളിയിടവിസര്‍ജ്ജനത്തില്‍ നിന്ന് മോചനത്തിനായി പ്രവര്‍ത്തിച്ചു. അതേ പോലെ നമുക്ക് ഒരുമിച്ചുചേര്‍ന്ന് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന (സിംഗിള്‍ യൂസ്) പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ടവര്‍ക്ക് വലിയ ഉത്സാഹമുണ്ട്. വ്യാപാരരംഗത്തുള്ള എന്റെ പല സഹോദരീ സഹോദരന്‍മാരും കടയുടെ മുന്നില്‍ ഒരു ബോര്‍ഡു വച്ചിട്ടുണ്ട് – അതില്‍ സാധനം വാങ്ങാന്‍ വരുന്നവര്‍ സഞ്ചി കൊണ്ടുവരണം എന്ന് എഴുതി വച്ചു. ഇതിലൂടെ പണവും ലാഭിക്കാം പരിസ്ഥിതിയുടെ രക്ഷയുടെ കാര്യത്തില്‍ അവരുടെ പങ്ക് നിര്‍വ്വഹിക്കുകയുമാകാം. ഇപ്രാവശ്യം ഒക്‌ടോബര്‍ രണ്ടിന് ബാപ്പുവിന്റെ നൂറ്റിയമ്പതാം ജയന്തി ആഘോഷിക്കുമ്പോള്‍ നാം അദ്ദേഹത്തിന് വെളിയിട വിസര്‍ജ്യമുക്തമായ ഭാരതം മാത്രമല്ല സമര്‍പ്പിക്കുന്നത്, മറിച്ച് രാജ്യമെങ്ങും പ്ലാസ്റ്റിക്കിനെതിരെ ഒരു പുതിയ ജനമുേറ്റത്തിന് അടിത്തറയിടുകയും ചെയ്യും. ഈ വര്‍ഷം ഗാന്ധിജയന്തി ഒരു തരത്തില്‍ നമ്മുടെ ഭാരതാംബയെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന്് മോചിപ്പിച്ചുകൊണ്ട് നമുക്കാഘോഷിക്കാമെന്ന് ഞാന്‍ ഭാരതത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട, എല്ലാ ഗ്രാമങ്ങളിലും, എല്ലാ നഗരങ്ങളിലുമുള്ള നിവാസികളോടും കൂപ്പുകൈകളോടെ അഭ്യര്‍ഥിക്കുന്നു. ഒക്‌ടോബര്‍ 2 വിശേഷ ദിവസമായി ആഘോഷിക്കാം. മഹാത്മാഗാന്ധിയുടെ ജയന്തിയുടെ ദിവസം വിശേഷാല്‍ ശ്രമദാനത്തിന്റെ ഉത്സവമായി മാറട്ടെ. രാജ്യത്തെ എല്ലാ മഹാനഗരപാലികകളിലും, നഗരപാലികകളിലും ജില്ലാ ഭരണകൂടങ്ങളിലും, ഗ്രാമപഞ്ചായത്തുകളിലും ഗവണ്‍മെന്റ്- ഗവണ്‍മെന്റ് ഇതര സ്ഥാപനങ്ങളിലും എല്ലാ സംഘടനകളിലും പെട്ട എല്ലാ പൗരന്‍മാരോടും എന്റെ അഭ്യര്‍ഥന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിക്കാനും സൂക്ഷിച്ചുവയ്ക്കാനും ഉചിതമായ ഏര്‍പ്പാടുണ്ടാക്കണേ എന്നാണ്. ഈ പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം ഒന്നിച്ചൂകൂടുമ്പോള്‍ അവ ഉചിതമായ രീതിയില്‍ ഇല്ലാതെയാക്കുന്നതിന് ഉചിതമായ ഏര്‍പ്പാടു ചെയ്യൂ എന്നാണ് കോര്‍പ്പറേറ്റ് മേഖലയോടും എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. ഇത് റീസൈക്കിള്‍ ചെയ്യാനാകും. ഇന്ധനമാക്കി മാറ്റാം. അങ്ങനെ ഈ ദീപാവലി ആകുമ്പോഴേക്കും നമുക്ക് ഈ പ്ലാസ്റ്റിക് മാലിന്യം സുരക്ഷിതമായ രീതിയില്‍ സംസ്‌കരിക്കുതിനുള്ള ഏര്‍പ്പാടും പൂര്‍ത്തിയാക്കാനാകും. ദൃഢനിശ്ചയം വേണമെന്നു മാത്രം. പ്രേരണയ്ക്കായി ചുറ്റുപാടും നോക്കേണ്ട കാര്യമില്ല. ഗാന്ധിജിയേക്കാള്‍ വലിയ പ്രേരണ എന്താണുള്ളത്?
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ സംസ്‌കൃത സുഭാഷിതങ്ങള്‍ ഒരു തരത്തില്‍ ജ്ഞാനരത്‌നങ്ങളാണ്. നമ്മുടെ ജീവിതത്തില്‍ വേണ്ടത് നമുക്ക് അതില്‍ നിന്ന് ലഭിക്കും. ഈയിടെ എനിക്ക് അവയുമായി ബന്ധം കുറഞ്ഞുപോയെങ്കിലും നേരത്തെ വളരെയുണ്ടായിരുന്നു. ഒരു സംസ്‌കൃത സുഭാഷിതത്തിലൂടെ ഞാന്‍ ഒരു വലിയ കാര്യം പറയാനാഗ്രഹിക്കുന്നു. ഇത് നൂറ്റാണ്ടുകള്‍ മുമ്പ് എഴുതിയ കാര്യമാണെങ്കിലും ഇന്നും വളരെ മഹത്വമുള്ളതാണ്. വളരെ നല്ല ഒരു സുഭാഷിതമാണ് – 
പൃഥിവ്യാം ത്രീണി രത്‌നാനി ജലമന്നം സുഭാഷിതം
മൂഢൈഃ പാഷാണഖണ്‌ഡേഷു രത്‌നസംജ്ഞാ പ്രദീയതേ
അതായത് ഭൂമിയില്‍ ജലം, അന്നം, സുഭാഷിതം എന്നിങ്ങനെ മൂന്നു രത്‌നങ്ങളുണ്ട്. വിഡ്ഢികളായ ആളുകള്‍ കല്ലിനെ രത്‌നമെന്നു പറയുന്നു. നമ്മുടെ സംസ്‌കാരത്തില്‍ അന്നത്തിന് വലിയ മഹിമയുണ്ടായിരുന്നു. നാം അന്നത്തെക്കുറിച്ചുള്ള അറിവുപോലും ശാസ്ത്രമാക്കി മാറ്റി. സന്തുലിതവും പോഷകമുള്ളതുമായ ഭക്ഷണം നമുക്കെല്ലാം ആവശ്യമാണ്. വിശേഷിച്ചും സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും. കാരണം ഇവരാണ് നമ്മുടെ സമൂഹത്തിന്റെ ഭാവിയുടെ അടിസ്ഥാനശിലകള്‍. പോഷകാഹാരത്തിന്റെ ആവശ്യത്തെക്കുറിച്ചുള്ള അവബോധം രാജ്യമെങ്ങും ആധുനിക ശാസ്ത്രീയ രീതികളിലൂടെ ജനമുന്നേറ്റമാക്കി മാറ്റുകയാണ്. ആളുകള്‍ പുതിയതും ആകര്‍ഷകങ്ങളുമായ രീതികളിലൂടെ പോഷകാഹാരക്കുറവിനെതിരെ പോരാടുന്നു. ഒരു കാര്യം എന്റെ ശ്രദ്ധയില്‍ പ്പെടുകയുണ്ടായി. നാസിക്കില്‍ ഒരു പിടി ധാന്യം എന്ന ഒരു വലിയ ജനമുേന്നറ്റപരിപാടി നടത്തുകയുണ്ടായി. ഇതിന്‍ പ്രകാരം വിളവെടുപ്പു നാളുകളില്‍ അംഗനവാടികളിലെ സേവികമാര്‍ ആളുകളില്‍ നിന്ന് ഓരോ പിടി ധാന്യം വീതം സംഭരിക്കുന്നു. ഈ ധാന്യം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ചൂടുള്ള ആഹാരം ഉണ്ടാക്കാനായി ഉപയോഗിക്കുന്നു. ഇതിന് അന്നം ദാനം ചെയ്യുന്ന വ്യക്തി ഒരു തരത്തില്‍ ജാഗരൂകനായ സാമൂഹ്യ സേവകനായ പൗരനായി മാറുന്നു. ഇതിനുശേഷം ആ വ്യക്തി ഈ ലക്ഷ്യത്തിനായി സ്വയം സമര്‍പ്പിതനാകുന്നു. ആ ജനമുേറ്റത്തിലെ പോരാളിയായി മാറുന്നു. നാമെല്ലാവരും കുടുംബങ്ങളില്‍ ഭാരതത്തിലെ എല്ലാ ഭാഗങ്ങളിലും അന്നപ്രാശം എന്ന ഒരു ചടങ്ങിനെക്കുറിച്ചു കേട്ടിട്ടുണ്ടാകും. ഇത് നടത്തുന്നത് കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി അരിയാഹാരം നല്കുന്ന അവസരത്തിലാണ്. ദ്രവഭക്ഷണമല്ല, കട്ടിയുള്ള ഭക്ഷണം. അന്നപ്രാശത്തിന്റെ അവസരത്തില്‍ കുട്ടികള്‍ക്ക് മറ്റൊരു ഭക്ഷണം കൂടി കൊടുക്കുന്ന പരിപാടി എന്തുകൊണ്ട് ആരംഭിച്ചുകൂടാ എന്ന് ഗുജറാത്ത് 2010 ല്‍ ചിന്തിച്ചു. അതുമൂലം ജനങ്ങളെ ബോധവത്കരിക്കാനായി. ഇത് മറ്റുള്ളിടത്തും അനുകരിക്കാവുന്ന ഒരു നല്ല കാര്യമാണ്. പലയിടത്തും ആളുകള്‍ അന്നദാനം എന്ന പരിപാടി നടത്തുന്നു. കുടുംബത്തില്‍ ജന്‍മദിനമോ, മംഗളചടങ്ങുകളോ, ഓര്‍മ്മദിവസമോ ഒക്കെ വരുമ്പോള്‍ കുടുംബത്തിലെ ആളുകള്‍ പോഷകാഹാരം, നല്ല രുചിയുള്ള ആഹാരങ്ങളുണ്ടാക്കി അംഗനവാടിയിലേക്കോ, സ്‌കൂളിലേക്കോ കൊണ്ടുപോകുകയും അതത് കുടുംബങ്ങളില്‍ നിന്നുള്ളവര്‍ കുട്ടികള്‍ക്ക് സ്വയം വിളമ്പി കൊടുക്കുകയും ചെയ്യുന്നു. തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുകയും മറ്റുള്ളവരെ പങ്കുകൊള്ളിക്കുകയും ചെയ്യുന്നു. സേവനമനോഭാവത്തിന്റെയും സന്തോഷത്തിന്റെയും ഒരു നല്ല സമന്വയമാണു നടക്കുന്നത്. സുഹൃത്തുക്കളേ, പോഷകാഹാരക്കുറവിനെതിരെ വിജയപ്രദമായ പോരാട്ടം നടത്തുവാന്‍ സാധിക്കുന്ന ഇതുപോലുള്ള അനേകം ചെറിയ ചെറിയ കാര്യങ്ങളുണ്ട്. ഇന്ന് പോഷകാഹാരത്തെക്കുറിച്ചുള്ള അറിവിന്റെ കുറവു കാരണവും, പോഷകക്കുറവുകാരണവും ദരിദ്രരും സമ്പരും ദുരിതം അനുഭവിക്കുന്നുണ്ട്. രാജ്യമെങ്ങും സെപ്റ്റംബര്‍ മാസം പോഷകാഹാരമാസമായി ആചരിക്കപ്പെടും. നിങ്ങളും തീര്‍ച്ചയായും ഇതിന്റെ ഭാഗമാകുക, പുതിയതായി എന്തെങ്കിലും കാര്യപരിപാടി ചേര്‍ക്കുക. നിങ്ങളുടെയും പങ്ക് ഇതിലുണ്ടാകട്ടെ. നിങ്ങള്‍ക്ക് ഒരാളെയെങ്കിലും പോഷകാഹാരക്കുറവില്‍ നിന്ന് രക്ഷിക്കാനാകുമെങ്കില്‍ നാം രാജ്യത്തെത്തന്നെ പോഷകാഹാരക്കുറവില്‍ നിന്ന് രക്ഷപ്പെടുത്തുന്നു എന്നാണ് അതിന്റെ അര്‍ഥം.
ഹലോ സര്‍, എന്റെ പേര് സൃഷ്ടി വിദ്യാ എന്നാണ്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഞാന്‍ ആഗസ്റ്റ് 12 ന് ബയര്‍ ഗ്രില്‍സിനോടൊപ്പമുള്ള അങ്ങയുടെ പരിപാടി കണ്ടിരുന്നു. അതു കണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അങ്ങയ്ക്ക് നമ്മുടെ പ്രകൃതിയുടെയും വന്യജീവിതത്തിന്റെയും പരിസ്ഥിതിയുടെയും കാര്യത്തില്‍ എത്ര വേവലാതിയുണ്ട്, എത്ര കരുതലുണ്ട് എന്നതില്‍ വളരെ സന്തോഷം തോന്നി. അങ്ങയെ ഒരു സാഹസികനായി കണ്ടതും വളരെ ഇഷ്ടപ്പെട്ടു. അങ്ങയുടെ ഈ പരിപാടി അങ്ങയ്ക്ക് എങ്ങനെ അനുഭവപ്പെട്ടു എന്നറിയാനാഗ്രഹിക്കുന്നു. അവസാനമായി ഒരു കാര്യം കൂടി പറയട്ടെ. അങ്ങയുടെ ഫിറ്റ്‌നസ് ലവല്‍ കണ്ട് ഞങ്ങളെപ്പോലുള്ള യുവതലമുറയ്ക്ക് വളരെ മതിപ്പു തോന്നുകയും പ്രോത്സാഹനം തോന്നുകയും ചെയ്തു.
സൃഷ്ടിജീ, താങ്കളുടെ ഫോണ്‍കോളിന് നന്ദി. സൃഷ്ടിയെപ്പോലെതന്നെ ഹരിയാനയിലെ സോഹ്‌നയില്‍ നിന്ന് കെ.കെ.പാണ്‌ഡേയ് ജിയ്ക്കും സൂറത്തില്‍ നിന്ന് ഐശ്വര്യാ ശര്‍മ്മയ്ക്കുമൊപ്പം അനേകം പേര്‍ ഡിസ്‌ക്കവറി ചാനലില്‍ കാണിച്ച ‘Man vs. Wild’ എപ്പിസോഡിനെക്കുറിച്ച് അറിയാനാഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്രാവശ്യം മന്‍ കീ ബാത് നെക്കുറിച്ചു ഞാന്‍ ചിന്തിച്ചപ്പോള്‍ ഈ വിഷയത്തെക്കുറിച്ച് വളരെയേറെ ചോദ്യങ്ങള്‍ വന്നിട്ടുണ്ടാകുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചകളില്‍ ഞാന്‍ പോയിടത്തെല്ലാം, ആളുകളെ കണ്ടിടത്തെല്ലാം ‘Man vs. Wild’ episode നെക്കുറിച്ച് ചര്‍ച്ചയുണ്ടായി. ഈ ഒരേയൊരു എപ്പിസോഡിലൂടെ ഞാന്‍ ഭാരതത്തിലെ മാത്രമല്ല ലോകത്തെങ്ങുമുള്ള യുവാക്കളുമായി ബന്ധപ്പെട്ടിരിക്കയാണ്. യുവാക്കളുടെ മനസ്സില്‍ ഇങ്ങനെ ഇടം നേടുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. നമ്മുടെ രാജ്യത്തെ മാത്രമല്ല ലോകത്തെങ്ങുമുള്ള യുവാക്കള്‍ എത്ര വൈവിധ്യം നിറഞ്ഞ വിഷയങ്ങളിലേക്കാണ് ശ്രദ്ധ തിരിക്കുന്നതെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്നെങ്കിലും ലോകമെങ്ങുമുള്ള യുവാക്കളുടെ മനസ്സിനെ സ്പര്‍ശിക്കാനുള്ള അവസരം ജീവിതത്തിലുണ്ടാകുമെന്നും ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്താണ് സംഭവിക്കുന്നത്? കഴിഞ്ഞയാഴ്ച ഭൂട്ടാനില്‍ പോയിരുന്നു. പ്രാധാനമന്ത്രിയെന്ന നിലയില്‍ എനിക്ക് എന്നുമുതല്‍ എവിടെയെല്ലാം പോകാന്‍ അവസരം ലഭിച്ചോ അപ്പോള്‍ മുതല്‍, അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നതു കാരണം ആരുടെയെല്ലാം അടുക്കല്‍ ഇരിക്കാന്‍ അവസരമുണ്ടാകുന്നുവോ അപ്പോള്‍ മുതല്‍, ആരെങ്കിലുമൊക്കെ അഞ്ചാറുമിനിട്ട് എന്നോട് യോഗയെക്കുറിച്ച് എന്തെങ്കിലുമൊക്കെ ചോദിക്കുന്നുണ്ട്. എന്നോട് യോഗയെക്കുറിച്ച് ചര്‍ച്ച ചെയ്യാത്ത ഒരു വലിയ നേതാവും ലോകത്ത് ഉണ്ടാവുകയേ ഇല്ല. ലോകമെങ്ങും എന്റെ അനുഭവം ഇതാണ്. എന്നാല്‍ ഈയിടെയായി ഒരു പുതിയ അനുഭവമാണുണ്ടാകുന്നത്. ആരെക്കണ്ടാലും, എവിടെ സംസാരിക്കാന്‍ അവസരമുണ്ടായാലും അവര്‍ വന്യജീവിതത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നു, പരിസ്ഥിതിയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നു. കടുവ, സിംഹം, മറ്റു ജീവജാലങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ ആളുകള്‍ക്ക് എത്ര താത്പര്യമാണെന്നു കണ്ട് എനിക്ക് അദ്ഭുതമാണു തോന്നുന്നത്. ഡിസ്‌ക്കവറി ചാനല്‍ ഈ പരിപാടി 165 രാജ്യങ്ങളില്‍ അവിടത്തെ ഭാഷയില്‍ സംപ്രേഷണം ചെയ്യാന്‍ പദ്ധതിയിട്ടിരിക്കയാണ്. ഇപ്പോള്‍ പരിസ്ഥിതി, ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് ആഗോളതലത്തില്‍ ചര്‍ച്ചയുടെ സമയമാണ്. ഭാരതത്തിന്റെ സന്ദേശം, ഭാരതത്തിന്റെ പാരമ്പര്യം, ഭാരതത്തിന്റെ സാംസ്‌കാരിക യാത്രയില്‍ പ്രകൃതിയോടുള്ളള സഹാനുഭൂതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം ലോകത്തെ പരിചയപ്പെടുത്തുന്നതിന് ഡിസ്‌ക്കവറി ചാനലിന്റെ ഈ എപ്പിസോഡ് വളരെയധികം സഹായിക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. നമ്മുടെ ഭാരതത്തില്‍ കാലാവസ്ഥാ സംരക്ഷണം, നിര്‍മ്മലമായ പരിസ്ഥിതി എന്നിവയ്ക്കുവേണ്ടി എടുത്തിട്ടുള്ള ചുവടുവയ്പ്പുകളെക്കുറിച്ച് ഇന്ന് ആളുകള്‍ അറിയാനാഗ്രഹിക്കുന്നു. എന്നാല്‍ രസകരമായ ഒരു കാര്യം, ചിലര്‍ സങ്കോചത്തോടെയാണ് എന്നോട് ചോദിക്കുന്നത് ‘മോദിജീ, അങ്ങ് ഹിന്ദിയില്‍ സംസാരിച്ചു, ബയര്‍ ഗ്രില്‍സിന് ഹിന്ദി അറിയാത്ത സ്ഥിതിക്ക് ഇത്രയും വേഗത്തില്‍ നിങ്ങള്‍ തമ്മില്‍ സംഭാഷണം എങ്ങനെ നടന്നു? പിന്നീട് എഡിറ്റ് ചെയ്യപ്പെട്ടതാണോ? പല പ്രാവശ്യമായി ഷൂട്ടിംഗ് നടത്തിയതാണോ? എന്താണ് നടന്നത്?’ വളരെ ജിജ്ഞാസയോടെയാണ് ചോദിക്കുത്. നോക്കൂ, ഇതില്‍ രഹസ്യമൊുമില്ല. പലരുടെയും മനസ്സില്‍ ഈ ചോദ്യമുള്ളതുകൊണ്ട് ഞാന്‍ രഹസ്യം തുറന്നു പറയട്ടെ. അല്ലെങ്കിലും രഹസ്യമൊന്നുമല്ല. ബയര്‍ ഗ്രില്‍സുമായുള്ള സംഭാഷണത്തില്‍ സാങ്കേതികവിദ്യ സമര്‍ത്ഥമായി ഉപയോഗിക്കപ്പെട്ടു എന്നതാണ് സത്യം. ഞാന്‍ എന്തു പറഞ്ഞാലും അപ്പോള്‍ത്തന്നെ അതിന്റെ പരിഭാഷ ഇംഗ്ലീഷില്‍ നടന്നുകൊണ്ടിരുന്നു. ബയര്‍ ഗ്രില്‍സിന്റെ ചെവിയിലുണ്ടായിരുന്ന വയര്‍ ബന്ധമില്ലാത്ത ചെറിയ ഉപകരണത്തിലൂടെ അദ്ദേഹം കേള്‍ക്കുകയും ചെയ്തുകൊണ്ടിരുന്നു. അതായത് ഞാന്‍ സംസാരിച്ചത് ഹിന്ദിയിലായിരുന്നെങ്കിലും അദ്ദേഹം കേട്ടുകൊണ്ടിരുന്നത് ഇംഗ്ലീഷിലായിരുന്നു. അതുകൊണ്ട് സംസാരം എളുപ്പമായിരുന്നു, ഇതാണ് സാങ്കേതിക വിദ്യ കാട്ടുന്ന അദ്ഭുതം. ഈ ഷോയ്ക്കുശേഷം എന്നോട് പലരും ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിനെക്കുറിച്ച് സംസാരിക്കയുണ്ടായി. നിങ്ങളും പ്രകൃതിയും വന്യജീവിതവുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ തീര്‍ച്ചയായും പോകണം. ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്, വീണ്ടും പറയുന്നു. ഭാരതത്തിന്റെ വടക്കു കിഴക്കു ഭാഗത്തേക്കു പോകണം. എന്തൊരു പ്രകൃതിയാണവിടെ! നിങ്ങള്‍ ആശ്ചര്യപ്പെടും. നിങ്ങളുടെ ഉള്‍ക്കാഴ്ച വിശാലമാകും. ആഗസ്റ്റ് 15 ന് ചുവപ്പു കോട്ടയില്‍ നിന്ന് ഞാന്‍ നിങ്ങളേവരോടും അഭ്യര്‍ഥിച്ചത് അടുത്ത മൂന്നു വര്‍ഷങ്ങളില്‍ കുറഞ്ഞത് 15 സ്ഥലത്ത് 100 ശതമാനം വിനോദയാത്രയായി പോകണമെന്നും കാണണമെന്നും പഠിക്കണമെന്നുമാണ്. കുടുംബത്തോടൊപ്പം പോകണം. കുറച്ചു സമയം അവിടെ ചിലവാക്കണം. വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യം നിങ്ങള്‍ക്കു കാണാം. ഈ വൈവിധ്യങ്ങള്‍ നിങ്ങള്‍ക്ക് ഒരു ഗുരുവിനെപ്പോലെ, വൈവിധ്യമാര്‍ന്ന ഉള്‍ക്കാഴ്ച പ്രദാനം ചെയ്യും. നിങ്ങളുടെ ജീവിതംതന്നെ വിസ്തൃതമാകും. നിങ്ങളുടെ ചിന്താഗതി വിസ്തൃതമാകും. നിങ്ങള്‍ക്ക് പുതിയ ഉത്സാഹവും, പുതിയ ആവേശവും പുതിയ കുതിപ്പും പുതിയ പ്രേരണയും സമ്പാദിച്ച് പോരാനാകും എന്നു ഞാന്‍ പറയുന്നത് നിങ്ങള്‍ ഉറച്ചു വിശ്വസിക്കണം. ചിലയിടങ്ങളില്‍ വീണ്ടും വീണ്ടും പോകാനുള്ള മനസ്സ് നിങ്ങള്‍ക്കുണ്ടാകും, നിങ്ങളുടെ കുടുംബത്തിനുമുണ്ടാകും. 
പ്രിയപ്പെട്ട ജനങ്ങളേ, ഭാരതത്തില്‍ പരിസ്ഥിതിയെക്കുറിച്ചുള്ള കരുതലും വേവലാതിയും, അതായത് പ്രകൃതിയെ പരിരക്ഷിക്കാനുള്ള ചിന്ത സ്വാഭാവികമായും കാണാനാകുന്നതാണ്. കഴിഞ്ഞ മാസം എനിക്ക് രാജ്യത്തെ ടൈഗര്‍ സെന്‍സസ് പുറത്തിറക്കാനുള്ള അവസരം ലഭിച്ചു. ഭാരതത്തില്‍ എത്ര കടുവകളുണ്ടെന്നു നിങ്ങള്‍ക്കറിയാമോ? ഭാരതത്തില്‍ 2967 കടുവകളുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് കഷ്ടിച്ച് ഇതിന്റെ പകുതിയോളമേ ഉണ്ടായിരുുള്ളൂ. കടുവകളുടെ കാര്യത്തില്‍ 2010 ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ടൈഗര്‍ സമ്മിറ്റ്, കടുവകള്‍ക്കൊരു ഉച്ചകോടി നടക്കുകയുണ്ടായി. ലോകത്ത് കടുവകളുടെ എണ്ണം കുറയുന്നതില്‍ വേവലാതി പ്രകടിപ്പിച്ചുകൊണ്ട് അന്ന് ഒരു നിശ്ചയമെടുക്കുകയുണ്ടായി. 2022 ആകുന്നതോടെ ലോകത്തില്‍ കടുവകളുടെ എണ്ണം ഇരട്ടിയാക്കണം എന്നതായിരുന്നു നിശ്ചയം. പക്ഷേ, ഇതു പുതിയ ഇന്ത്യയാണ്. നാം വേഗം ലക്ഷ്യം സാധിക്കുന്നവരാണ്. നാം 2019 ല്‍ത്തന്നെ കടുവകളുടെ എണ്ണം ഇരട്ടിയാക്കി. ഭാരതത്തില്‍ കടുവകളുടെ എണ്ണം മാത്രമല്ല സംരക്ഷിത മേഖലകളുടെയും കമ്യൂണിറ്റി റിസര്‍വ്കളുടെയും എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. ഞാന്‍ കടുവകളെക്കുറിച്ചുള്ള എണ്ണം പുറത്തിറക്കിയപ്പോള്‍ എനിക്ക് ഗുജറാത്തിലെ സിംഹങ്ങളുടെ കാര്യം ഓര്‍മ്മവന്നു. അതെക്കുറിച്ചു പറയാം. ഞാന്‍ അവിടെ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കാടുകളില്‍ സിംഹങ്ങളുള്ള വനപ്രദേശം ചുരുങ്ങുകയായിരുന്നു. അവയുടെ എണ്ണവും കുറഞ്ഞുവന്നു. ഗിര്‍ വനത്തില്‍ ഒന്നിനുപിറകെ ഒന്നായി പല നടപടികളെടുത്തു. 2007 ല്‍ അവിടെ സ്ത്രീ കാവല്‍ക്കാരെ നിയമിക്കാന്‍ തീരുമാനമെടുത്തു. വിനോദയാത്ര പ്രോത്സാഹിപ്പിക്കാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. നാം പ്രകൃതിയെക്കുറിച്ചും വന്യജീവികളെക്കുറിച്ചും പറയുമ്പോള്‍ നാം സംരക്ഷണത്തെക്കുറിച്ചു പറയുന്നു. നാം സംരക്ഷണത്തിനപ്പുറം സഹാനുഭൂതിയെക്കുറിച്ചും ചിന്തിക്കണം. നമ്മുടെ ശാസ്ത്രങ്ങളില്‍ ഇക്കാര്യത്തില്‍ വളരെ നല്ല ഉപദേശം കാണാം. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നമ്മുടെശാസ്ത്രങ്ങളില്‍ പറയപ്പെട്ടിരിക്കുന്നതു കേള്‍ക്കൂ, 
നിര്‍വനോ വധ്യതേ വ്യാഘ്രോ, നിര്‍വ്യാഘ്രം ഛിദ്യതേ വനം
തസ്മാദ് വ്യാഘ്രോ വനം രക്ഷേത്, വനം വ്യാഘ്രം ന പാലയേത്..
അതായത് വനമില്ലെങ്കില്‍ കടുവകള്‍ മനുഷ്യരുടെ ഇടയിലേക്ക് വരാന്‍ നിര്‍ബന്ധിതരാവുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. കാട്ടില്‍ കടുവകളില്ലെങ്കില്‍ മനുഷ്യന്‍ കാടുവെട്ടി ഇല്ലാതെയാക്കുന്നു. അതുകൊണ്ട് കടുവ വനത്തെയാണ് കാക്കുന്നത് അല്ലാതെ വനം കടുവകളെയല്ല. അതുകൊണ്ട് നമുക്ക് നമ്മുടെ വനങ്ങളെയും സസ്യലതാദികളെയും കാക്കേണ്ടത് ആവശ്യമാണെു മാത്രമല്ല, അത് ശരിയായ രീതിയില്‍ പൂത്തുകായ്ക്കാനുള്ള അന്തരീക്ഷവും രൂപപ്പെടുത്തേണ്ടതുണ്ട്. 
പ്രിയപ്പെട്ട ജനങ്ങളേ, 1893 സെപ്റ്റംബര്‍ 11 ന് സ്വാമി വിവേകാനന്ദന്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം ആര്‍ക്കാണു മറക്കാനാകുക. മുഴുവന്‍ ലോകത്തിലെയും മനുഷ്യവംശത്തെ പിടിച്ചുകുലുക്കിയ ഈ ഭാരതീയ യുവ സംന്യാസി ലോകത്ത് ഭാരതത്തിന്റെ തിളക്കമാര്‍ന്ന വ്യക്തിത്വം സ്ഥാപിച്ചിട്ടു വന്നു. ഏതൊരു അടിമഭാരതത്തിന്റെ നേരെയാണോ ലോകം പുച്ഛത്തോടെ നോക്കിയിരുന്നത്, 1893 സെപ്റ്റംബര്‍ 11 ന് സ്വാമി വിവേകാനന്ദനെപ്പോലുള്ള മഹാപുരുഷന്റെ വാക്കുകള്‍ ഭാരതത്തോടുള്ള കാഴ്ചപ്പാടു മാറ്റാന്‍ ലോകത്തെ ബാധ്യസ്ഥമാക്കി. വരൂ, സ്വാമി വിവേകാനന്ദന്‍ കണ്ട ഭാരതത്തിന്റെ രൂപം, സ്വാമി വിവേകാനന്ദന്‍ കണ്ട ഭാരതത്തിന്റെ യഥാര്‍ത്ഥ ശക്തിക്കൊത്ത് ജീവിക്കാന്‍ നമുക്കു ശ്രമിക്കാം. നമ്മുടെ ഉള്ളില്‍ എല്ലാമുണ്ട്. നമുക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാം.
പ്രിയപ്പെട്ട ജനങ്ങളേ, ആഗസ്റ്റ് 29 ന് രാജ്യം ദേശീയ സ്‌പോര്‍ട്‌സ് ദിനമായി ആഘോഷിക്കുന്നത് നിങ്ങള്‍ക്കേവര്‍ക്കും ഓര്‍മ്മയുണ്ടാകും. ഈ അവസരത്തില്‍ നാം രാജ്യത്ത് ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റ് ആരംഭിക്കാന്‍ പോകയാണ്. സ്വയം ആരോഗ്യം സൂക്ഷിക്കണം. രാജ്യത്തെ ആരോഗ്യമുള്ളതാക്കണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും, യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം വളരെ താത്പര്യമുള്ളതായിരിക്കും ഈ പരിപാടി. നിങ്ങളുടെ സ്വന്തം പരിപാടിയാകും ഇത്. എന്നാല്‍ അതിന്റെ വിശദാംശങ്ങളിലേക്ക് ഞാനിപ്പോള്‍ കടക്കുന്നില്ല. ആഗസ്റ്റ് 29 വരെ കാത്തിരിക്കൂ. ഞാന്‍ സ്വയം അന്ന് എല്ലാം വിശദമായി പറയും, നിങ്ങളെക്കൂടെ അതിന്റെ ഭാഗമാക്കാതിരിക്കയുമില്ല. കാരണം നിങ്ങളെ ആരോഗ്യത്തോടെ കാണാന്‍ ഞാനാഗ്രഹിക്കുന്നു. ആരോഗ്യകാര്യത്തില്‍ നിങ്ങളില്‍ ഉണര്‍വ്വുണ്ടാക്കാനാഗ്രഹിക്കുന്നു. ആരോഗ്യമുള്ള ഭാരതത്തിന് നാം ഒരുമിച്ചുചേര്‍ന്ന് ചില ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനും പോകുകയാണ്.
പ്രിയപ്പെട്ട ജനങ്ങളേ, ആഗസ്റ്റ് 29 ന് ആരോഗ്യഭാരത പരിപാടിയില്‍ ഞാന്‍ നിങ്ങളെ പ്രതീക്ഷിക്കും. സെപ്റ്റംബര്‍ മാസത്തിലെ പോഷകാഹാര പരിപാടിയിലും. സെപ്റ്റംബര്‍ 11 മുതല്‍ ഒക്‌ടോബര്‍ 2 വരെയുള്ള സ്വച്ഛതാ അഭിയാനെന്ന മാലിന്യനിര്‍മ്മാര്‍ജ്ജന പരിപാടിയില്‍ വിശേഷിച്ചും. ഒക്‌ടോബര്‍ രണ്ടിന് പ്ലാസ്റ്റിക് മുക്തിയുടെ പരിപാടിയില്‍. പ്ലാസ്റ്റിക്കില്‍ നിന്ന് മോചനം നേടാന്‍ നാമെല്ലാം വീട്ടിലും പുറത്തും എല്ലായിടത്തും മുഴുവന്‍ ശക്തിയോടും പ്രയത്‌നിക്കും. ഈ മുന്നേറ്റം സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുമെന്നും എനിക്കു വിശ്വാസമുണ്ട്. വരൂ, ഒരു പുതിയ ഉത്സാഹത്തോടെ, പുതിയ ദൃഢനിശ്ചയത്തോടെ, പുതിയ ശക്തിയുമായി മുന്നേറാം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് മന്‍ കീ ബാത്ല്‍ ഇത്രയേ ഉള്ളൂ. വീണ്ടും കാണാം. ഞാന്‍ നിങ്ങള്‍ പറയുന്നതു കേള്‍ക്കാന്‍, നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കും. വരൂ. നമുക്കേവര്‍ക്കും ഒത്തുചേര്‍ന്ന്, സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്നങ്ങളിലെ ഭാരതമുണ്ടാക്കാന്‍, ഗാന്ധിജിയുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ മുന്നോട്ടുനീങ്ങാം – സ്വാന്തഃ സുഖായഃ. ഉള്ളിലെ ആനന്ദത്തെ സേവനമനോഭാവത്തോടെ പ്രകടമാക്കിക്കൊണ്ട് നമുക്കു മുന്നേറാം.
വളരെ വളരെ നന്ദി. 

***


(Release ID: 1582960) Visitor Counter : 344