പ്രധാനമന്ത്രിയുടെ ഓഫീസ്‌

എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

Posted On: 15 AUG 2019 4:28PM by PIB Thiruvananthpuram

 

 

1. എഴുപത്തിമൂന്നാമതു സ്വാതന്ത്ര്യദിനത്തിന്റെയും മംഗളകരമായ രക്ഷാബന്ധന്റെയും വേളയില്‍ രാജ്യത്തെ എല്ലാവര്‍ക്കും, എല്ലാ സഹോദരീ സഹോദരന്‍മാര്‍ക്കും ഞാന്‍ ഊഷ്മളമായ ആശംസകളും എല്ലാ നന്‍മകളും നേരുന്നു.
2. രാജ്യം സ്വാതന്ത്ര്യത്തിന്റെ ഉല്‍സവം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ പല ഭാഗത്തും ജനങ്ങള്‍ പ്രളയം മൂലം ദുരിതങ്ങളനുഭവിക്കുകയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും മറ്റു സംഘടനകളും സാധാരണ സ്ഥിതി വീണ്ടെടുക്കുന്നതിനായി കഠിനപ്രയത്നം നടത്തിവരികയാണ്. 
3. പുതിയ ഗവണ്‍മെന്റ് രൂപീകൃതമായി പത്താഴ്ചകള്‍ക്കകം ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കാന്‍ സാധിച്ചത് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്. കഴിഞ്ഞ 70 വര്‍ഷമായി ചെയ്യാന്‍ കഴിയാതിരുന്ന കാര്യമാണ് കഴിഞ്ഞ 70 ദിവസത്തിനകം ചെയ്തത്. 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയതു രാജ്യസഭയും ലോക്സഭയും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് പാസ്സാക്കിയത്. 

4. സതി സമ്പ്രദായം നിര്‍ത്തലാക്കാനും പെണ്‍ഭ്രൂണഹത്യ ഇല്ലാതാക്കാന്‍ കര്‍ശന നിയമം ഉണ്ടാക്കാനും ശൈശവ വിവാഹത്തിനും സ്ത്രീധനത്തിനും എതിരെ നടപടി കൈക്കൊള്ളാനും സാധിക്കുമെങ്കില്‍ നമുക്കു മുത്തലാഖിനെതിരെയും ശബ്ദമുയര്‍ത്താം. 
മുസ്ലീം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി മുത്തലാഖിനെതിരെ നിയമമുണ്ടാക്കി.
5. ഭീകരവാദത്തിനെതിരെയുള്ള നിയമങ്ങളില്‍ സമൂലമായ പരിഷ്‌കാരം വരുത്തുകയും അവ കൂടുതല്‍ കര്‍ശനവും ശക്തവും ആക്കുകയും ചെയ്തു.
6. ശ്രദ്ധേയമായ ചുവടായി, പി.എം. കിസാന്‍ സമ്മാന്‍ നിധി യോജന ഗുണഭോക്താക്കളായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 90,000 കോടി രൂപ മാറ്റുന്ന പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. 
7. കര്‍ഷകര്‍ക്കും ചെറുകിട സംരംഭകര്‍ക്കുമായി മുന്‍കാലങ്ങളില്‍ വിഭാവനം ചെയ്തിട്ടില്ലാത്തവിധമുള്ള പെന്‍ഷന്‍ പദ്ധതി നടപ്പാക്കി. 
8. ജല പ്രതിസന്ധി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായി പ്രത്യേക ജലശക്തി മന്ത്രാലയം രൂപീകരിക്കപ്പെട്ടു.
9. വരുംനാളുകളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ജല്‍-ജീവന്‍ ദൗത്യം കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകും. ഇതിനായി 3.5 ലക്ഷം കോടി രൂപയിലേറെ നീക്കിവെച്ചു. 
10. രാജ്യത്ത് ഡോക്ടര്‍മാരുടെയും ചികില്‍സാ സൗകര്യങ്ങളുടെയും സംവിധാനത്തിന്റെയും ആവശ്യകത ഏറെയാണ്. വൈദ്യപഠനം സുതാര്യമാക്കുന്നതിനായി പ്രധാന നിയമങ്ങള്‍ രൂപീകരിക്കപ്പെട്ടു. 
11. കുട്ടികളുടെ സംരക്ഷണത്തിനായി രാജ്യം ശക്തമായ നിയമങ്ങള്‍ നടപ്പാക്കി.
12. 2014-2019 കാലഘട്ടം ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന്റേതായിരുന്നെങ്കില്‍ 2019 നു ശേഷമുള്ള കാലം പ്രതീക്ഷകളും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാകുന്ന കാലമാണ്. 
13. ജമ്മു-കാശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെടുന്നു എന്നതും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ദളിതുകള്‍ അനുഭവിച്ചുവരുന്ന അവകാശങ്ങള്‍ അവിടത്തെ ദളിതുകള്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. അതുപോലെ, ഗുജ്ജര്‍, ബക്കര്‍വാള്‍, ഗഡ്ഡീ, സിപ്പീ, ബാല്‍ടി തുടങ്ങിയ സമുദമായങ്ങള്‍ക്കു രാഷ്ട്രീയ അവകാശങ്ങള്‍ ലഭിക്കണം. വിഭജനത്തെത്തുടര്‍ന്നു ജമ്മു-കശ്മീരില്‍നിന്നു നാടുവിടാന്‍ നിര്‍ബന്ധിതരാവുകയോ ജമ്മു-കശ്മീരില്‍ താമസിക്കുകയോ ചെയ്യുന്ന ലക്ഷക്കണക്കിനു പേര്‍ക്ക് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. 
14. ശാന്തിയുടെയും അഭിവൃദ്ധിയുടെയും മാതൃകകളായിത്തീരാനും ഇന്ത്യയുടെ വികസനത്തിനു നിര്‍ണായ സംഭാവനകള്‍ അര്‍പ്പിക്കാനും ജമ്മു-കാശ്മീരിനും ലഡാക്കിനും സാധിക്കും. ഇന്ത്യയുടെ വികസനത്തിനു മഹത്തായ സംഭാവനകള്‍ നല്‍കാന്‍ ഈ സംസ്ഥാനത്തിനു ശേഷിയുണ്ട്. ഇന്ന് ഓരോ ഇന്ത്യക്കാരനും 'ഒരു രാഷ്ട്രം, ഒരു ഭരണഘടന' എന്ന് അഭിമാനപൂര്‍വം പറയാന്‍ സാധിക്കും. 
15. ഒരു രാഷ്ട്രം, ഒരു നികുതി' എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ജി.എസ്.ടിയിലൂടെ സാധിച്ചു. ഊര്‍ജ്ജമേഖലയില്‍ 'ഒരു രാഷ്ട്രം, ഒരു ഗ്രിഡ്' എന്നതു നാം വിജയകരമായി നേടിയെടുത്തു. ഒരു രാഷ്ട്രം, ഒറ്റ മൊബിലിറ്റി കാര്‍ഡ്' എന്ന സമ്പ്രദായം നാം വികസിപ്പിച്ചെടുത്തു. ഇപ്പോള്‍ 'ഒരു രാഷ്ട്രം, ഒറ്റ തെരഞ്ഞെടുപ്പ്' എന്ന ചര്‍ച്ച രാജ്യത്തു നടന്നുവരികയാണ്. ജനാധിപത്യപരമായ രീതിയില്‍ വേണം അതു നടപ്പാക്കപ്പെടാന്‍. 
16. ജനസംഖ്യാവിസ്ഫോടനം പുതിയ പ്രശ്നങ്ങള്‍, വിശേഷിച്ച് ഭാവി തലമുറയ്ക്ക്, സൃഷ്ടിക്കാം. എന്നാല്‍ ഈ വെല്ലുവിളിയെക്കുറിച്ചു ബോധ്യമുള്ള ഒരു വിഭാഗം സമൂഹത്തില്‍ ഉണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും മുന്നില്‍ കണ്ടുകൊണ്ടുവേണം ഈ പ്രശ്നത്തെ നേരിടാന്‍. 
17. അഴിമതിയും സ്വജനപക്ഷപാതവും രാജ്യത്തിനു ചിന്തിക്കാവുന്നതിലധികം ദോഷം ചെയ്തിട്ടുണ്ട്. ഈ ശാപം ഇല്ലാതാക്കുന്നതിനായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പല നടപടികളും നാം കൈക്കൊണ്ടിട്ടുണ്ട്. 
18. അനായാസ ജീവിതം എന്നതു സ്വതന്ത്ര ഇന്ത്യയുടെ അനിവാര്യതയാണ്. നിത്യജീവിതത്തില്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍ താരതമ്യേന കുറവായ സാഹചര്യം നമുക്കു സൃഷ്ടിച്ചെടുക്കണം. 
19. ഘട്ടംഘട്ടമായുള്ള പുരോഗതിക്കു കാത്തിരിക്കുന്നതിനു പകരം രാഷ്ട്രത്തിന്റെ കുതിച്ചുചാട്ടത്തിനായുള്ള ശ്രമം ഉണ്ടാവണം. 
20. ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ കാലയളവിലേക്ക് 100 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതു വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധിക്കും. 
21. ഇന്ത്യ സ്വപ്നം കാണുന്നത് അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാണ്. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷംകൊണ്ട് രാജ്യത്തിന് രണ്ടു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായിത്തീരാന്‍ സാധിച്ചെങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നമുക്ക് മൂന്നു ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയായി വളരാന്‍ സാധിച്ചു. ഇതേ രീതിയിലുള്ള വളര്‍ച്ച തുടരുന്ന പക്ഷം അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി വളരാന്‍ നമുക്കു സാധിക്കും.
22. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിക്കണം, ഓരോ ദരിദ്രനും നല്ല വീടു ലഭിക്കണം, എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതി കണക്ഷന്‍ ലഭിക്കണം, എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക് ഫൈബര്‍ ശൃംഖലയും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയും ലഭിക്കണം, വിദൂരപഠന സൗകര്യങ്ങള്‍ ലഭ്യമാകണം. 
23. നീല സമ്പദ് വ്യവസ്ഥക്കു (സമുദ്ര വിഭവങ്ങള്‍)പ്രാധാന്യം നല്‍കാന്‍ നമുക്കു സാധിക്കണം. നമ്മുടെ കര്‍ഷകര്‍ കയറ്റുമതി നടത്തുന്നവരാവുകയും രാജ്യത്തെ ഓരോ ജില്ലയും കയറ്റുമതി കേന്ദ്രങ്ങളാവുകയും വേണം. ഓരോ ജില്ലയില്‍നിന്നും ഉള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ആഗോള വിപണികളില്‍ എത്തണം. 
24. ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ലോകാത്ഭുതമായി മാറാന്‍ ഇന്ത്യക്കു സാധിക്കും. കുറഞ്ഞ നിക്ഷേപത്തോടെ കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്നതിനാലും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാലും എല്ലാ ഇന്ത്യക്കാരും വിനോദസഞ്ചാരത്തെ പ്രോല്‍സാഹിപ്പിക്കണം. 
25. ഒരു ഉറച്ച ഗവണ്‍മെന്റ്, നയങ്ങളുടെ പ്രവചനാത്മകതയും സുസ്ഥിരമായ സംവിധാനം രാജ്യാന്തര വിശ്വാസവും സൃഷ്ടിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രീയസ്ഥിരതയെ ലോകം ആദരപൂര്‍വമാണു നിരീക്ഷിക്കുന്നത്. 
26. വിലക്കയറ്റം നിയന്ത്രണത്തില്‍ വരുത്തുകയും വലിയ തോതില്‍ വളര്‍ച്ച നേടുകയും ചെയ്യുന്നു എന്നത് ഇന്ത്യക്ക് അഭിമാനം പകരുന്ന വസ്തുതകളാണ്. 
27. നമ്മുടെ സമ്പദ്വ്യവസ്ഥയുടെ അടിത്തറ ഭദ്രമാണെന്നു മാത്രമല്ല, ജി.എസ്.ടിയും ഐ.ബി.സിയും പോലുള്ള പരിഷ്‌കാരങ്ങള്‍ നമ്മുടെ സംവിധാനത്തില്‍ പുതിയ വിശ്വാസം സൃഷ്ടിച്ചിട്ടുമുണ്ട്. നമ്മുടെ നിക്ഷേപകര്‍ കൂടുതല്‍ നിക്ഷേപം നടത്തുകയും കൂടുതല്‍ സമ്പാദ്യം നേടുകയും കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുകയും വേണം. രാജ്യത്തു സമ്പത്തു സൃഷ്ടിക്കുന്നവരെ സംശയത്തോടെ വീക്ഷിക്കുന്ന രീതി നാം ഉപേക്ഷിക്കണം. അവര്‍ ബഹുമാനം അര്‍ഹിക്കുന്നു. കൂടുതല്‍ ധനം സൃഷ്ടിക്കപ്പെടുന്നതു വര്‍ധിച്ച രീതിയില്‍ ധനം വിതരണം ചെയ്യുന്നതിനും ദരിദ്ര ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും സഹായകമാകും.
28. ഭീകരത പടര്‍ത്തുന്ന ശക്തികള്‍ക്കെതിരെ ഇന്ത്യ ശക്തമായി പൊരുതിക്കൊണ്ടിരിക്കുകയാണ്. ഭീകരവാദത്തിനു താവളമൊരുക്കുക, പ്രോല്‍സാഹനം നല്‍കുക, ഭീകരവാദം കയറ്റി അയയ്ക്കുക എന്നീ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ മറ്റു രാഷ്ട്രങ്ങളുമായി ചേര്‍ന്ന് ഇന്ത്യ തുറന്നുകാട്ടും. ഭീരകതയെന്ന ഭീഷണിയെ നേരിടുന്നതിനായി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചതിനു നമ്മുടെ സുരക്ഷാ സേനകളെയും ഏജന്‍സികളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. 
29. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഭീകരവാദം നിമിത്തം ദുരിതം അനുഭവിക്കുകയാണ്. നമ്മോടു നല്ല സൗഹൃദം പുലര്‍ത്തുന്ന അയല്‍രാഷ്ട്രമായ അഫ്ഗാനിസ്ഥാന്‍ നാലു ദിവസം കഴിയുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന അഫ്ഗാനിസ്ഥാന്‍ ജനതയ്ക്കു ചുവപ്പു കോട്ടയുടെ കൊത്തളത്തില്‍വെച്ചു ഞാന്‍ ആശംസകള്‍ നേരുകയാണ്. 
30. 2014ല്‍ ചവുപ്പുകോട്ടയുടെ കൊത്തളത്തില്‍വെച്ചാണു ഞാന്‍ സ്വച്ഛതയെന്ന വിഷയം അവതരിപ്പിച്ചത്. ഇനി ഏതാനും ആഴ്ചകള്‍ക്കകം ഒക്ടോബര്‍ രണ്ടിനു മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മദിനം ആഘോഷിക്കുമ്പോഴേക്കും ഇന്ത്യ തുറസ്സായ സ്ഥലത്തു മലവിസര്‍ജനം ഇല്ലാത്ത രാജ്യമായി മാറിയിരിക്കും. 
31. സായുധ സേനാ പരിഷ്‌കരണം എന്ന വിഷയത്തെക്കുറിച്ചു നമ്മുടെ രാഷ്ട്രം ഏറെക്കാലമായി ചര്‍ച്ച ചെയ്തുവരുന്നു എന്നു മാത്രമല്ല, അതേക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിഷ്‌കരണത്തിന്റെ ആവശ്യകതയ്ക്ക് അടിവരയിടുകയും ചെയ്യുന്നു. സേനകള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യക്ക് ഇനി പ്രതിരോധ സേനാ തലവന്‍- സി.ഡി.എസ്.ഉണ്ടായിരിക്കും. ഇതു സേനാവിഭാഗങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കും. 
32. ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തില്‍നിന്ന് ഇന്ത്യയെ ഒക്ടോബര്‍ രണ്ടിനകം മുക്തമാക്കാമെന്നു പ്രതിജ്ഞയെടുക്കാന്‍ സഹപൗരന്‍മാര്‍ തയ്യാറാകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനായി ഓരോ പൗരനും മുനിസിപ്പാലിറ്റിയും ഗ്രാമപഞ്ചായത്തും ഒരുമിക്കണം. 
33. 'മെയ്ഡ് ഇന്‍ ഇന്ത്യ' ഉല്‍പന്നത്തിനായിരിക്കണം നമ്മുടെ മുന്‍ഗണന. നല്ല നാളേക്കായി നമ്മുടെ നാട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെടുന്നഉല്‍പന്നം ഉപയോഗിക്കുന്നതിനും അതുവഴി ഗ്രാമീണ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനും അതുവഴി എം.എസ്.എം.ഇ. മേഖലയുടെ വികസനത്തിനും നമുക്കു ശ്രമിച്ചുകൂടേ?
34. നമ്മുടെ ഡിജിറ്റല്‍ പണമിടപാടു മേഖല ശക്തമായി വരികയാണ്. നമ്മുടെ ഗ്രാമീണ കടകളിലും ചെറിയ വില്‍പന കേന്ദ്രങ്ങളിലും ചെറിയ സിറ്റി മാളുകളിലും ഡിജിറ്റല്‍ പണമിടപാടു സാധ്യമാക്കുന്നതിന് ഊന്നല്‍ നല്‍കണം.
35. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചു നാം മണ്ണിന്റെ ആരോഗ്യം നഷ്ടപ്പെടുത്തുകയാണ്. ഗാന്ധിജി കാണിച്ചുതന്ന മാര്‍ഗം പിന്‍തുടര്‍ന്ന്, രാസവളത്തിന്റെ ഉപയോഗം 10 ശതമാനമോ 20 ശതമാനമോ 25 ശതമാനമോ കുറച്ചുകൂടേ? എന്റെ ആഗ്രഹം നമ്മുടെ കര്‍ഷകര്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് എനിക്ക് ഉറപ്പാണ്. 
36. ഇന്ത്യയില്‍നിന്നുള്ള വിദഗ്ധര്‍ക്ക് ആഗോള അംഗീകാരമുണ്ട്. ചന്ദ്രനില്‍ മനുഷ്യന്‍ ഇതുവരെ എത്തിയിട്ടില്ലാത്ത ഇടത്ത് എത്തിച്ചേരുക വഴി ചന്ദ്രയാനിലൂടെ നമ്മുടെ ശാസ്ത്രജ്ഞര്‍ അവരുടെ കഴിവു പ്രകടിപ്പിച്ചു. 
37. വരുംനാളുകളില്‍ ഗ്രാമങ്ങളില്‍ ഒന്നര ലക്ഷം വെല്‍നസ് സെന്ററുകള്‍ സ്ഥാപിക്കപ്പെടും. മൂന്നു ലോക്സഭാ മണ്ഡലങ്ങള്‍ക്കിടയില്‍ ഓരോ മെഡിക്കല്‍ കോളജുകള്‍, രണ്ടു കോടി ദരിദ്രര്‍ക്കു ഭവനനിര്‍മാണം, 15 കോടി ഗ്രാമീണ ഭവനങ്ങള്‍ക്കു കുടിവെള്ളം ലഭ്യമാക്കല്‍, ഗ്രാമീണ പ്രദേശങ്ങളില്‍ 1.25 ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മാണം, എല്ലാ ഗ്രാമങ്ങളെയും ബ്രോഡ്ബാന്‍ഡും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയും വഴി ബന്ധിപ്പിക്കല്‍ എന്നിവ നടപ്പാക്കാനുള്ള ചില ലക്ഷ്യങ്ങളാണ്. അന്‍പതിനായിരത്തിലേറെ പുതിയ സ്റ്റാര്‍ട്ടപ്പുകളും ആസൂത്രണം ചെയ്തുവരുന്നു. 
38. ഇന്ത്യന്‍ ഭരണഘടന 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ബാബാ സാഹേബ് അംബേദ്കറുടെ സ്വപ്നങ്ങള്‍ പ്രധാനമാണ്. ഗുരു നാനാക് ദേവ് ജിയുടെ 550-ാമതു ജന്‍മവാര്‍ഷികമെന്ന പ്രത്യേകതയും ഈ വര്‍ഷത്തിനുണ്ട്. നമുക്കു ബാബാ സാഹേബും ഗുരു നാനാക്ക് ദേവും പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മെച്ചപ്പെട്ട സമൂഹത്തിനും രാഷ്ട്രത്തിനുമായി മുന്നേറാം.
AKA  /AM / ND MRD(Release ID: 1582317) Visitor Counter : 58